Wednesday, October 25, 2017

പഞ്ചകോശങ്ങള്‍

പ്രിന്റ്‌ എഡിഷന്‍  ·  October 26, 2017
ആര്‍ഷപരിമളം - 10
മനുഷ്യശരീരം പഞ്ചകോശങ്ങളാകുന്ന ഗുഹയെന്ന് ഭാരതീയാധ്യാത്മികശാസ്ത്രം. ഈ ഗുഹയില്‍ ആത്മസ്വരൂപം മറഞ്ഞിരിക്കുന്നുവത്രെ. അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിവയാണ് പഞ്ചമഹാകോശങ്ങള്‍. പഞ്ചകോശങ്ങളുടെ ധര്‍മ്മം ആരറിയുന്നുവോ ആ അറിവുതന്നെയാണ് ആര്‍ഷസാഹിതിയിലെ ആത്മാവ്. എല്ലാം ആത്മാവിനു വിഷയമാണ്. പക്ഷേ ആത്മാവ് ഒന്നിനും വിഷയമല്ല. പഞ്ചകോശങ്ങളുടെ വൃത്തികള്‍ ഏതൊരു ചൈതന്യത്താല്‍ വിളങ്ങുന്നുവോ ആ ചൈതന്യം അഥവാ വിജ്ഞാനം തന്നെയാണ് ആത്മാവ്.
1. അന്നമയകോശം
പുറമേ കാണുന്ന സ്ഥൂലശരീരം തന്നെയാണ് അന്നമയകോശം. അന്നത്തിന്റെ വീര്യത്തില്‍ നിന്നുണ്ടാവുന്നതും അന്നരസംകൊണ്ടുമാത്രം നിലനില്‍ക്കുന്നതും അന്നമില്ലെങ്കില്‍ നശിക്കുന്നതുമാണ് സ്ഥൂലശരീരം. അതിനാല്‍ അന്നമെന്ന കാരണത്തിന്റെ കാര്യമാണ് നമ്മുടെ ശരീരം.
സ്ഥൂല ശരീരത്തിനുള്ളിലാണ് ഇതരകോശങ്ങളെന്നതിനാല്‍ ഏവര്‍ക്കും ദേഹാഭിമാനമുണ്ടാവണം. രോഗബാധ ഏറെയും ശരീരത്തിനാകയാല്‍ ശുദ്ധിയും വൃത്തിയുമുള്ള അന്നവിചാരം അത്യാവശ്യം. ഏതു മൃതപദാര്‍ത്ഥവും സംസ്‌കരിക്കപ്പെടുന്ന ശ്മശാനഭൂമിയാക്കി ദഹനേന്ദ്രിയ വ്യവസ്ഥയെ മാറ്റരുതാരും ബോധപൂര്‍വ്വം. അഭക്ഷ്യങ്ങളെ ഭക്ഷിക്കാതിരിക്കാനുള്ള വിവേകിത ഉണ്ടാവണം.
2. പ്രാണമയകോശം
അന്നമയകോശത്തില്‍ ഒരുപോലെ വ്യാപിച്ച് സ്ഥൂലദേഹത്തിന് ബലം നല്‍കി കര്‍മ്മജ്ഞാനേന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന വായുവിനെയാണ് പ്രാണമയ കോശമെന്ന് പറയുന്നത്. സ്ഥൂലശരീരാന്തര്‍ഗതമാണിത്. സദാപി ചലനാത്മകമായ പ്രാണമയകോശം ചേതനാത്മകമല്ല.
ശരീരത്തിലെ പ്രാണവായുക്കള്‍ അഞ്ചെന്ന് ശാര്‍ങ്ഗധരവും ഹഠയോഗവും. ശ്വാസകോശങ്ങളെ ശുദ്ധീകരിക്കുമ്പോള്‍ ശ്വസനം എളുപ്പമാകുന്നതിനാല്‍ പ്രാണന്‍ എന്നുപേര്. മലമൂത്രവിസര്‍ജ്ജനത്തിനു സഹായിക്കുന്ന വായു അപാനന്‍, ആമാശയത്തിലെ ദഹനക്രിയയെ സഹായിക്കുന്നതിനാല്‍ സമാനന്‍ എന്ന വായു. മസ്തിഷ്‌കത്തെ പ്രബുദ്ധമാക്കാന്‍ സഹായിക്കുന്നത് ഉദാനന്‍. ശരീരത്തിലെ രക്തപ്രവാഹം സുഗമമാക്കുന്നത് വ്യാനന്‍.
3. മനോമയകോശം
പഞ്ചഭൂതങ്ങളുടെ സത്വഗുണം കൊണ്ടുണ്ടായതും ജ്ഞാനേന്ദ്രിയങ്ങളോടുകൂടിയതും സന്ദേഹാത്മകവുമായ മനസ്സ്. ഞാനെന്നും എന്റേതെന്നുമുള്ള അഭിമാനം ഏതൊന്നു കാരണമായിട്ടുണ്ടാകുന്നുവോ അതുതന്നെ മനസ്സ്, മനോമയകോശം.
‘ചഞ്ചലം ഹി മനഃകൃഷ്ണഃ’ എന്ന് എത്രവട്ടം അര്‍ജ്ജുനന്‍ പരിദേവനം നടത്തി. കാമവും ക്രോധവുമാണ് മനസ്സിനെ ചഞ്ചലമാക്കുന്നതെന്ന് കൃഷ്‌ണോപദേശം. നരകത്തിലേക്ക് തുറക്കുന്ന വാതായനങ്ങളാണ് ഇവ രണ്ടും. ദുഃഖ സുഖങ്ങളും വിണ്‍നരകങ്ങളുമൊക്കെ മനസ്സിന്റെ സൃഷ്ടി തന്നെ. മനോമൂലമിദം ജഗത്ത് എന്നു പ്രമാണം. നമ്മുടെ ലോകം സൃഷ്ടിക്കുന്നത് നമ്മുടെ മനസ്സ്. സ്വപ്നം കാണുന്ന അതേ മനസ്സിലേക്കുതന്നെയാണ് സ്വപ്നദൃശ്യങ്ങള്‍ വിലയിരുത്തുന്നതും.
4. വിജ്ഞാനമയകോശം
ജ്ഞാനേന്ദ്രിയങ്ങളോടുകൂടിയതും നിശ്ചിത സ്വരൂപവുമായ ബുദ്ധിയാണ് നാലാമത്തെ ശരീരാവരണമായ വിജ്ഞാനമയകോശം. സുഷുപ്തിയില്‍ ലയിക്കുകയും ജാഗ്രദവസ്ഥയില്‍ വ്യാപിക്കുകയും ചെയ്യുന്ന ചിദാഭാസചൈതന്യത്തിന് ഉപാധിയാവുന്നത് ബുദ്ധി.
മനസ്സും ബുദ്ധിയും തമ്മില്‍ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് രണ്ടു കോശങ്ങളായി വ്യവഹരിക്കുന്നത്. മനസ്സ് കരണവും ബുദ്ധി കര്‍ത്താവുമാണ്. ബുദ്ധിയെ അപേക്ഷിച്ച് മനസ്സ് ബാഹ്യവും മനസ്സിനെ അപേക്ഷിച്ച് ബുദ്ധി ആന്തരവുമാണ്.
5. ആനന്ദമയകോശം
വിജ്ഞാനമയ കോശത്തില്‍ സ്ഥിതിചെയ്യുന്ന കാരണദേഹമായ ബുദ്ധിവൃത്തിയെയാണ് ആനന്ദമയകോശമെന്ന് വിളിക്കുന്നത്. ആനന്ദസ്വരൂപനാണ് മനുഷ്യന്‍. ആനന്ദത്തില്‍ പിറന്ന് ആനന്ദത്താല്‍ വളര്‍ന്ന് ആനന്ദത്തോടെ അവസാനിക്കേണ്ടതത്രെ മര്‍ത്ത്യജന്മം.
ആനന്ദം ആത്മാവിന്റെ സ്വഭാവമാണെന്ന് ഉപനിഷത്ത്. ചിലപ്പോള്‍ മാത്രം അനുഭവപ്പെടുന്നതും എപ്പോഴുമില്ലാത്തതുമായ ആവരണമാണ് ആനന്ദമയകോശം. ജാതിവര്‍ണ്ണങ്ങള്‍ക്കതീതമാണ് ആനന്ദം എന്നതിനാല്‍ നമ്മുടെ സന്യാസി സമൂഹത്തിന്റെ നാമങ്ങള്‍ ‘ആനന്ദ’ ശബ്ദത്തിലവസാനിക്കുന്നു. സന്യാസിയുടെ സ്ഥായിമുദ്ര ആനന്ദമാവണം.
പഞ്ചകോശോപാധികളില്‍ പ്രതിഫലിക്കുന്ന ബ്രഹ്മത്തെത്തന്നെയാണ് ജീവന്‍ എന്നുപറയുന്നത്. ഒരേ ആള്‍ തന്നെ പുത്രനും പിതാവും പൗത്രന് പിതാമഹനും ആവും പോലെയാണ് ഒരേ ബ്രഹ്മം തന്നെ ജീവനും ഈശ്വരനുമായി ഒരേ സമയം പ്രകാശിക്കുന്നത്.


ജന്മഭൂമി: http://www.janmabhumidaily.com/news726778#ixzz4wZCCDp9w

No comments:

Post a Comment