Monday, October 23, 2017

നമ്മളില്‍നിന്നു പുറപ്പെടുന്ന ഏതു കര്‍മ്മവും പ്രതികരണരൂപത്തില്‍ നമ്മിലേയ്ക്കുതന്നെ തിരിച്ചുവരുന്നതുപോലെ, നമ്മുടെ കര്‍മ്മങ്ങള്‍ അന്യന്മാരുടെമേലും അവരുടെ കര്‍മ്മങ്ങള്‍ നമ്മുടെമേലും, പ്രവര്‍ത്തിക്കാവുന്നതാണ്. ദുഷ്ര്പവൃത്തികള്‍ ചെയ്യുമ്പോള്‍ ആളുകള്‍ അധികമധികം ദുഷ്ടരായിവരുന്നതും സദ്പ്രവൃത്തികള്‍ ചെയ്തു തുടങ്ങുമ്പോള്‍ അവര്‍ക്ക് വാസനാബലം വര്‍ദ്ധിച്ച്, എല്ലായ്‌പോഴും നന്മ പ്രവര്‍ത്തിക്കാന്‍ താല്പര്യം ജനിക്കുന്നതും പക്ഷേ നിങ്ങളെല്ലാം നിരീക്ഷിച്ചിട്ടുണ്ടാവും. കര്‍മ്മപ്രഭാവത്തിന്റെ ഈ ദൃഢീകരണം, നമ്മുടെ കര്‍മ്മങ്ങള്‍ നമ്മെ അന്യോന്യം ബാധിക്കുന്നുണ്ട് എന്നുള്ള വസ്തുത കൊണ്ടല്ലാതെ വ്യാഖ്യാനിക്കാന്‍ നിവൃത്തിയില്ല. പ്രകൃതി ശാസ്ത്രത്തില്‍നിന്ന് ഒരുദാഹരണം എടുക്കാം. ഞാന്‍ വല്ല കര്‍മ്മവും ചെയ്യുമ്പോള്‍, എന്റെ മനസ്സ് ഒരുതരം സ്പന്ദനാവസ്ഥയിലിരിക്കയാണെന്നു പറയാം; അതേ സ്പന്ദനാവസ്ഥയിലിരിക്കുന്ന മറ്റെല്ലാമനസ്സുകളും എന്റെ മനസ്സിനാല്‍ ബാധിക്കപ്പെട്ടേക്കാം. ഒരേവിധത്തില്‍ കമ്പി മുറുക്കിയ പലതരം സംഗീതോപകരണങ്ങള്‍ ഒരു മുറിയില്‍ വെച്ചിരിക്കുന്നു; അതിലൊന്നിനെ മീട്ടിയാല്‍ മറ്റുള്ളവയില്‍നിന്നും അതേ സ്വരം പുറപ്പെടാനിടയുള്ളതു നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം. അതുപോലെ ഒരു വിചാരം ഒരേ മുറുക്കത്തില്‍ – എന്നു പറയട്ടെ – ഇരിക്കുന്ന എല്ലാ മനസ്സുകളേയും തുല്യനിലയില്‍ ബാധിക്കും. വിചാരത്തിനു മനസ്സിന്‌മേലുള്ള ഈ പ്രവര്‍ത്തനശക്തി ദൂരം ആദിയായ കാരണങ്ങളനുസരിച്ച് ഏറിയോ കുറഞ്ഞോ ഇരിക്കുമെന്നുള്ളതു സ്വാഭാവികം. എന്നാല്‍ മനസ്സ് സദാ ആ ശക്തിയുടെ ബാധയ്ക്കു വിധേയമായി വര്‍ത്തിക്കുന്നു. ഞാന്‍ ഒരു ചീത്ത പ്രവൃത്തി ചെയ്യുന്നു എന്നു വിചാരിക്കുക; എന്റെ മനസ്സ് അപ്പോള്‍ ഒരുതരം സ്പന്ദനാവസ്ഥയില്‍ ഇരിക്കുന്നു; അതേ അവസ്ഥയിലിരിക്കുന്ന ഈ ജഗത്തിലെ എല്ലാ മനസ്സുകളും എന്റെ മാനസികസ്പന്ദനങ്ങളാല്‍ ബാധിക്കപ്പെട്ടേയ്ക്കാം. ഞാന്‍ ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ എന്റെ മനസ്സ് വേറൊരു സ്പന്ദനാവസ്ഥയിലായിരിക്കും; അവിടേയും ആ അവസ്ഥയിലിരിക്കുന്ന എല്ലാ മനസ്സുകളേയും എന്റെ മനസ്സു ബാധിച്ചേക്കാം. മനസ്സിനു മനസ്സിന്‌മേലുള്ള ഈ പ്രഭാവം അതിന്റെ മുറുക്കത്തിന്റെ ശക്തിക്കനുസരിച്ച് കൂടിയോ കുറഞ്ഞോ ഇരിക്കും.
ഈ ഉപമയെ കുറച്ചുകൂടി നീട്ടിക്കൊണ്ടുപോകുന്നപക്ഷം, പ്രകാശതരംഗങ്ങള്‍ ലക്ഷോപലക്ഷം സംവത്‌സരങ്ങള്‍ സഞ്ചരിച്ചതിനുശേഷം ഒരു വസ്തുവിന്‌മേല്‍ വന്നുപതിക്കുന്നതുപോലെ, വിചാരതരംഗങ്ങളും തങ്ങള്‍ക്കനുരൂപമായി സ്പന്ദിക്കുന്ന ഒരു വസ്തുവിനെ കണ്ടെത്തുന്നതിനുമുമ്പായി അനേകശതാബ്ദകാലം സഞ്ചരിച്ചു എന്നു വരാം. അതിനാല്‍ നമ്മുടെ ഈ അന്തരീക്ഷം അത്തരം നല്ലതും ചീത്തയുമായ വിചാരതരംഗങ്ങളാല്‍ നിബിഡമായിരിക്കാന്‍ തികച്ചും സാധ്യതയുണ്ട്. ഓരോ മസ്തിഷ്‌കത്തില്‍നിന്നും പുറപ്പെടുന്ന ഓരോ വിചാരതരംഗവും അതിനെ സ്വീകരിക്കാന്‍ പറ്റിയ ഒരു വസ്തുവിനെ കണ്ടെത്തും വരെ സ്പന്ദിച്ചുകൊണ്ടിരിക്കും. ഈ വിചാരതരംഗങ്ങളില്‍ ചിലതിനെ ഗ്രഹിക്കാന്‍ അനുകൂലമായ സ്പന്ദനത്തോടുകൂടിയ മനസ്സ് അവയെ ഉടനടി സ്വീകരിക്കും. ഒരാള്‍ ചീത്തപ്രവൃത്തി ചെയ്യുമ്പോള്‍ അയാള്‍ മനസ്സിനെ ഒരു പ്രത്യേക സ്പന്ദനാവസ്ഥയില്‍ കൊണ്ടുവരുന്നു. ആ സ്പന്ദനാവസ്ഥയ്ക്കു സദൃശമായി അന്തരീക്ഷത്തില്‍ മുന്‍കൂട്ടി ഉണ്ടായിരിക്കാവുന്ന എല്ലാ (വിചാര) തരംഗങ്ങളും അയാളുടെ മനസ്സില്‍ തള്ളിക്കടക്കാന്‍ ശ്രമിക്കും. അതുകൊണ്ടാണ് തിന്മ ചെയ്യുന്നവന്‍ സാധാരണയായി കൂടുതല്‍ കൂടുതല്‍ തിന്മകള്‍ ചെയ്യുന്നതായി കാണുന്നത്. അയാളുടെ കര്‍മ്മങ്ങള്‍ ദൃഢതരമായിത്തീരുന്നു. നന്മ ചെയ്യുന്നവന്റെ കാര്യവും ഇതുപോലെതന്നെ. അയാളുടെ മനസ്സ് അന്തരീക്ഷത്തിലുള്ള എല്ലാ നല്ല തരംഗങ്ങളേയും ഗ്രഹിക്കുവാന്‍ തുറന്നിരിക്കും. അങ്ങനെ അയാളുടെ സത്പ്രവൃത്തികളും ദൃഢതരമാകും. അതിനാല്‍, തിന്മ പ്രവര്‍ത്തിക്കുമ്പോള്‍ നാം രണ്ടുവിധത്തില്‍ അപകടം വരുത്തിക്കൂട്ടുന്നുണ്ട്. ഒന്നാമത്, നമ്മെ വലയം ചെയ്യുന്ന സകല ദുഷ്‌പ്രേരണാശക്തികള്‍ക്കും നമ്മിലേയ്ക്കു പ്രവേശിക്കാന്‍ നാം വാതില്‍ തുറന്നുവെയ്ക്കുന്നു. രണ്ടാമത്, നാം മറ്റുള്ളവരെ – പക്ഷേ അനേകശതം വത്‌സരങ്ങള്‍ക്കു ശേഷമായിരിക്കാം – ദുഷിപ്പിക്കുന്ന തിന്മ സൃഷ്ടിക്കുന്നു. തിന്മ ചെയ്യുമ്പോള്‍, നാം നമുക്കു മാത്രമല്ല അന്യര്‍ക്കും ദ്രോഹം ചെയ്യുന്നു; നന്മ ചെയ്യുമ്പോള്‍ നമുക്കെന്നതുപോലെ, അന്യര്‍ക്കും നന്മ ചെയ്യുന്നു. മനുഷ്യനിലുള്ള മറ്റെല്ലാ ശക്തികളേയുംപോലെ, നന്മതിന്മകളാകുന്ന ഈ ശക്തികളും പുറമേനിന്നു പുഷ്ടി നേടുന്നു.
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I കര്‍മ്മയോഗം. അദ്ധ്യായം 6. പേജ് 83-84]

No comments:

Post a Comment