Thursday, October 05, 2017

ഭഗവാന് ഷഡ്ഗുണങ്ങളാണ് വിധിച്ചിരിക്കുന്നത്. ഉല്‍പ്പത്തി, വിപത്തി, ആഗതി, ഗതി, വിദ്യ, അവിദ്യ ഇവ ആറും അറിയുന്നവന്‍ ഭഗവാന്‍. ഇവ കൂടാതെ പതിനാറുതരം കലാവിശേഷങ്ങളുണ്ടെന്ന് ഭാരതീയാധ്യാത്മിക ശാസ്ത്രം പറയുന്നു.
കാഴ്ച, കേള്‍വി, മണം, സ്വാദ്, സ്പര്‍ശനം എന്നീ അഞ്ചുകലകള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ. മനസ്സ്, ഹൃദയം, ബുദ്ധി, അന്തര്‍ദര്‍ശിത എന്നീ നാലെണ്ണം മനുഷ്യര്‍ക്കു മാത്രമാണുള്ളത്.
ബാക്കി ഏഴെണ്ണം അവതാരത്തിനു മാത്രം അവകാശപ്പെട്ടതത്രെ.
1) ദിവ്യകാരുണ്യം
പ്രവൃത്തികള്‍ക്ക് ഫലമുണ്ടാവലാണ് ആദ്ധ്യാത്മികതയിലെ ദിവ്യകാരുണ്യം. ഭഗവാന്റെ ഒരു നോക്കോ വാക്കോ പാഴായി പോകുന്നില്ല. ഓരോ മൃദുചലനംപോലും അര്‍ത്ഥപൂര്‍ണമായിരിക്കും.
2) അനുഗ്രഹശക്തി
ലഭിക്കുന്ന വ്യക്തി യോഗ്യനോ അയോഗ്യനോ ആവട്ടെ, അനുഗ്രഹം നല്‍കാനുള്ള കഴിവാണിത്. മിടുക്കനോ മണ്ടനോ ആയി ആരും ജനിക്കുന്നില്ല. ശ്രദ്ധയും ഭക്തിയും തന്മയത്വവുമാണ് ഒരുവനെ ഉയര്‍ത്തുന്നത്.
3) മാര്‍ഗ്ഗസൃഷ്ടി
പുതിയ പുതിയ വഴികള്‍ വെട്ടിത്തെളിക്കുവാന്‍ അവതാരത്തിനു കഴിയുന്നു. ഭക്തിജ്ഞാനകര്‍മ്മയോഗങ്ങള്‍ക്കുള്ള രാജപാതകള്‍. ഇതത്രെ മാര്‍ഗ്ഗസൃഷ്ടി.
4) വിവേകിത
വ്യക്തികളുടെ മനസ്സില്‍ വിവേകബോധം ഉളവാക്കാനുള്ള കഴിവാണ് വിവേകിത. വിവേകോദയം ഉണ്ടായാല്‍ പിന്നീട് അധര്‍മ്മചാരിയാവാതിരിക്കണം.
5) ധര്‍മ്മത്രാണനം
സര്‍വ്വാശ്ലേഷിയായ നന്മയെ വളര്‍ത്തലാണ് ഈ കല. വാചികമായും കായികമായും അധര്‍മ്മത്തെ ഇല്ലാതാക്കി ധര്‍മ്മരക്ഷകനാവാനുള്ള ശ്രേഷ്ഠത.
6) അധര്‍മ്മനാശനം
ധര്‍മ്മത്രാണനം മാത്രം പോരാ, അധര്‍മ്മത്തെ നശിപ്പിക്കുകയും വേണം.
7) ദിവ്യസാന്നിദ്ധ്യം
നാമരൂപങ്ങള്‍ മനസ്സിലോര്‍ത്താല്‍ ആത്മീയ/ദേഹസാന്നിദ്ധ്യം നല്‍കാനുള്ള കഴിവ്.
ഭഗവാന്റെ പതിനാറു കലകള്‍ തിരിച്ചറിയുന്ന ഒരുവന്റെ ജീവിതം ഒരു മഹായജ്ഞമായിരിക്കും. ഈ കലകള്‍ ഭഗവാനുവേണ്ടിയല്ല, ഭക്തനുവേണ്ടി മാത്രം.
ആനന്ദം എന്ന അവസ്ഥയില്‍ മാത്രമേ ഈ കലകള്‍ തിരിച്ചറിയുകയുള്ളൂ. തൈത്തരീയോപനിഷത്തില്‍ ബ്രഹ്മാന്വേഷണതല്‍പ്പരനായി ചെല്ലുന്ന പുത്രനായ ഭൃഗുവിനോട് പിതാവായ വരുണന്‍ ഇങ്ങനെ പറഞ്ഞു: ”ആനന്ദത്തില്‍നിന്നാണ് എല്ലാം ഉണ്ടാവുന്നത്. നിലനില്‍ക്കുന്നതും ആനന്ദത്തില്‍ത്തന്നെ. ലയിക്കുന്നതും ആനന്ദത്തില്‍.” അതിനാല്‍, ഈ വിദഗ്ദ്ധ കലാകാരനുവേണ്ടി നാം ആനന്ദസ്വരൂപികളാവുക.


ജന്മഭൂമി: http://www.janmabhumidaily.com/news715553#ixzz4ug9oKkcO

No comments:

Post a Comment