Sunday, October 08, 2017

*ഭാഗവത വിചാരം*
 കലുഷിതമായ മനസ്സാകുന്ന പാലഴിയിൽ, ബുദ്ധിയാകുന്ന മന്ദരപർവ്വതത്തെ കടകോലാക്കി വാസനകളാകുന്ന വാസുകിയെ കയറാക്കിക്കൊണ്ട്, രജോഗുണവും തമോഗുണവുമാകുന്ന സുരാസുരന്മാരാൽ മഥനം ചെയ്യപ്പെടുമ്പോൾ അതിൽ നിന്ന് ആദ്യം പുറത്തേക്ക് വരുന്ന വസ്തുവാണ് *ഹാലാഹലവിഷം* എന്ന നമ്മുടെ ഉള്ളിലുള്ള ദുഷിച്ച ചിന്തകൾ. നമ്മെ വഴിതെറ്റിക്കുന്നതും, നമ്മുടെ സർവ്വനാശത്തിനും തന്ന പലപ്പോഴും കാരണമായി ഭവിക്കുന്നതും നമ്മളിലുള്ള ദുഷിച്ച ചിന്തകൾ തന്നെയാണ്. അത് തന്നെയാണ് മഥനം ചെയ്യുന്ന സമയത്ത് ആദ്യമായി പുറത്തു വരുന്നതും. ഇങ്ങിനെയുള്ള ദുഷ്ചിന്തകളെ മറ്റാർക്കും ഉപദ്രവമില്ലാത്ത വിധത്തിൽ പുറത്തെടുത്ത് മനസ്സിന്റെ ശുദ്ധീകരണ പ്രക്രിയയിൽ നമ്മെ സഹായിക്കാൻ ഒരു ഗുരു അനിവാര്യമാണ്.
ഇവിടെ ഗുരുവായി വരുന്നത് സക്ഷാത് ദേവാദിദേവനായ സ്വയം മഹാദേവനാണ്. മഹാദേവൻ വിഷത്തെ ഭുജിച്ച് തന്റെ കണ്ഠത്തിൽ നിർത്തി എന്ന് പറയുന്നത് കൊണ്ട് മനസ്സിലാക്കേണ്ടത് ഇന്ദ്രിയ നിഗ്രഹം സ്വായത്ത മാക്കിയാൽ ഈ വിഷയചിന്തകളെയെല്ലാം നിരോധം ചെയ്യാനുള്ള മനഃശക്തി സാധകന് ലഭിക്കുന്നു എന്നർത്ഥം. ഇപ്പോൾ ഇന്ദ്രിയങൾ പോകുന്ന വഴിക്ക് നമ്മുടെ മനസ്സും അതിന്റെ പിന്നിൽ ബുദ്ധിയുമാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ശമദമാദികളിലൂടെ ഇതിനെ ഒരു സാധകൻ, ഗുരുവിന്റെ സഹായത്തോടെ, നിയന്ത്രിച്ചെടുക്കണം. അപ്പൊൾ ബുദ്ധി പറയുന്ന വഴിക്ക് മനസ്സും, മനസ്സ് തെളിക്കുന്ന വഴിക്ക് ഇന്ദ്രിയങളും പോകാൻ തുടങും. അതായത് മനോനിഗ്രഹണവും ഇന്ദ്രിയ സംയമനവും ഉണ്ടാകും എന്നർത്ഥം.
ഇവിടെ ഇത് സാധ്യമാണ് എന്നുള്ളതിനെ ഗുരുവായി വരുന്ന മഹാദേവന്റെ വിഷപാനത്തിലൂടെ നമുക്ക് കാണിച്ചു തരുന്നു.

No comments:

Post a Comment