Sunday, October 15, 2017

വാനപ്രസ്ഥത്തെ പിന്തുടര്‍ന്നുള്ള സംന്യാസാശ്രമം കൂടുതല്‍ അന്ത:സ്പൃക്കും ആത്മദൃഷ്ടിജനകവും ആകുന്നതു സ്വാഭാവികമാണ്. ആവശ്യത്തിനൊത്ത അച്ചടക്കത്തിനും നിയന്ത്രണങ്ങള്‍ക്കും പുറമെ, ആത്മ സ്പന്ദകവും വിജ്ഞാനപ്രദവുമായ കേന്ദ്രീയതയും അതില്‍ക്കാണാം. എല്ലാംതന്നെ മനുഷ്യനെ കൂടുതല്‍ ആത്മാഭിമുഖനാക്കാനുള്ളതാണ്.
ആത്മസന്തുഷ്ടിയ്ക്കും അന്ത:സുഖത്തിനും ഉറ്റുനോക്കുന്നവനു ബാഹ്യാഡംബരങ്ങളില്‍ വൈമുഖ്യം തോന്നുന്നതു സംഗതംതന്നെ. ഇതു കണക്കിലെടുത്തുകൊണ്ടാണ് ഗുഹ്യപ്രദേശം മറയ്ക്കാനുള്ള കൗപീനംമാത്രമേ സംന്യാസി ധരിയ്ക്കാവൂ എന്നു പറയുന്നത്. വന്യമൃഗങ്ങളെ കണക്കിലെടുത്തുകൊണ്ടാണ് ദണ്ഡ് കയ്യില്‍ വെയ്ക്കുന്നത്. ദൂരം നടക്കേണ്ടിവരുമ്പോള്‍ ജലപാനത്തിനു കരുതണമല്ലോ. അതിനാണ് കമണ്ഡലു.
ഒറ്റയ്ക്കുവേണം യതി സഞ്ചരിയ്ക്കാന്‍. അപ്പോള്‍ ഒരുമനസ്സിനെമാത്രമേ ശ്രദ്ധിച്ചുമെരുക്കിയെടുക്കേണ്ടിവരൂ. അവനവന്റെ മനസ്സിനെ ഒരുവനു പവിത്രമാക്കാം. ഇനിയൊരാളുടെ അങ്ങനെ ചെയ്യുക എളുപ്പമല്ല.
ഏകാന്തസഞ്ചാരത്തില്‍ രണ്ടുകാര്യം ശ്രദ്ധിയ്ക്കാനുണ്ട്. ഒന്നു സര്‍വഭൂതസൗഹൃദമാണ്. എല്ലാ ഭൂതജാലങ്ങളോടും ഒരേപോലെ സ്‌നേഹവും അംഗീകാരവും തോന്നണം. ഭൂമിയില്‍ എന്തിനുമുണ്ട് നമുക്കുള്ളതുപോലെയുള്ള സ്ഥാനം. അതിനാല്‍ ആരോടും അസഹിഷ്ണുതയോ വെറുപ്പോ തോന്നുന്നതു ശരിയല്ല.
ചെറിയ ദേഹത്തോടെ, വിവിധ പരിമിതികളുമായി, വിശാലലോകത്തു സഞ്ചരിക്കുമ്പോള്‍ ഇടുക്കങ്ങള്‍ പലതും മനസ്സില്‍ പൊന്തിവരാം. അതൊക്കെ കവച്ചുവെച്ചു മുന്നോട്ടുപോകാനുള്ള വഴി നാരായണപരനായിരിക്കയാണ്.
ലോകത്തെ നേരിടുകയെന്നുവെച്ചാല്‍ ലോകം രചിച്ച പരമകല്യാണനിധിയായ നാരായണനാല്‍ ചുറ്റപ്പെട്ടിരിക്കുകയെന്നാണര്‍ഥം. കരുണാമയനായ നാരായണന്‍തന്നെ ഏവരിലും പരിലസിയ്ക്കുന്നത്. ഈ വീക്ഷണം മനുഷ്യന്റെ മനസ്സിനും ബുദ്ധിക്കുംമാത്രമേ വളര്‍ത്തിയെടുക്കാനാകൂ. പക്ഷേ ഇതു ചെയ്യേണ്ട കൃത്യം സ്വന്തം ഉള്ളിനാണ്.
പലതരം തത്ത്വവിചാരങ്ങളിലൂടെ ഇങ്ങനെയൊരു വീക്ഷണവും വിശ്വാസവും, അതില്‍ അധിഷ്ഠിതമായ നിഷ്ഠയും ഉറച്ചുകിട്ടാന്‍ ബുദ്ധിതന്നെ വേണം യത്‌നിയ്ക്കാന്‍. മറ്റാരും കൂട്ടില്ലാതെ, മാനഭയങ്ങളെല്ലാം വിട്ട് ഈശ്വരസൃഷ്ടമായ ലോകത്തിലുള്ള തുറന്ന സഞ്ചാരതപസ്സ് സംന്യാസിയെ ഇതിനു മേല്ക്കുമേല്‍ സഹായിയ്ക്കുന്നു. ഇത് അന്വര്‍ഥമാക്കേണ്ടതു സംന്യാസനിഷ്ഠയുടെ ദൗത്യമത്രെ.
നാരായണന്‍ സര്‍വാശ്രയമാകുന്നതെപ്പോള്‍
നാരായണന്‍മാത്രമാണ് പരമാശ്രയമെന്നു വരാന്‍കൂടിയാണ് ഏകാകിസഞ്ചാരനിഷ്ഠയെന്നു പറയാം. വിശപ്പും ദാഹവുമുണ്ടാകുമ്പോള്‍ അതു
തീര്‍ക്കാന്‍ ആഹാരവും വെള്ളവും തുടര്‍ച്ചയായി ലഭിക്കണം. ഹോട്ടലുകളില്ല, ഉണ്ടെങ്കില്‍ത്തന്നെ അവിടെ സംന്യാസിമാര്‍ പോകയുമില്ല, കയ്യില്‍ പണവുമില്ല.
ആരോഗ്യം നന്നേ തുണയ്ക്കണം. രോഗങ്ങള്‍ പിടിപെടരുത്. എങ്ങാനും പിടിപ്പെട്ടാല്‍ അവ തീര്‍ന്നുകിട്ടണം. മരുന്നുകള്‍ വാങ്ങിക്കഴിയ്ക്കാന്‍ കഴിഞ്ഞെന്നുവരില്ല. അതിനാല്‍ അവ ശീലിയ്ക്കാതെ വേണം രോഗങ്ങള്‍ നീങ്ങിക്കിട്ടാന്‍. യാദൃച്ഛികസംഭവങ്ങള്‍തന്നെയാണ് എല്ലാറ്റിനും ഉത്തരം നല്കി യാത്രാമംഗളങ്ങള്‍ നേരാനും മുമ്പോട്ടുനയിയ്ക്കാനും.
ഭൂമി മൂകമാണ്. വായുവും വെള്ളവും സൂര്യകിരണങ്ങളും അതുപോലെ തന്നെ. മനുഷ്യനാകട്ടെ ഉണര്‍വും ഇച്ഛാശക്തിയുമുള്ളവനും. ജഡവസ്തുക്കളുമായുള്ള സമ്പര്‍ക്കത്തില്‍ അമൂര്‍ത്തമായ ചേതനാവിശേഷമേ ഉള്ളു തക്കസമയത്തു വേണ്ടതു തോന്നിയ്ക്കാനും, സംശയങ്ങള്‍ തീര്‍ത്ത് ആശയത്തെളിച്ചവുമായി മുന്നോട്ടുപോകാനും.
അനിശ്ചിതത്വം വലയംചെയ്തുനില്ക്കുന്ന യാത്രയില്‍ ആദിനാരായണന്‍ മാത്രമാണ് തൊട്ടതിനൊക്കെ ആശ്രയവും അഭയകേന്ദ്രവും. ഒന്നുതീര്‍ച്ച, തനിയ്ക്കായിട്ടൊന്നുമില്ല; എന്നാല്‍ താന്‍മാത്രം എവിടേയും എന്തിനും. ഒരു കൂട്ടുള്ളത് അദൃശ്യമായ നാരായണസാന്നിധ്യംമാത്രം.
പടത്തിന്റേയോ വിഗ്രഹത്തിന്റേയോ മുമ്പില്‍ ചെന്നു ഭക്തന്‍ പ്രാര്‍ഥിയ്ക്കുന്നതും, പറഞ്ഞു സമാധാനിയ്ക്കുന്നതുമൊന്ന്. സഞ്ചാരസംന്യാസി യ്ക്കു കേന്ദ്രമോ ചട്ടക്കുടോ ഇല്ല, ഉണ്ടാകയും അരുത്. സംന്യാസി മനനശീലനാണ്, വിചാരസാധകനാണ്. അതിനനുസരിച്ച തത്ത്വഭാവനകള്‍മാത്രമേ സംന്യാസിഹൃദയത്തില്‍ ഉദിയ്ക്കു. അവയ്ക്കു പവിത്രതയും പ്രഭാവവും കൂടുതലാകും.
അന്തമറ്റ് അതിസൂക്ഷ്മമായ ആകാശത്താല്‍ വലയംചെയ്യപ്പെട്ട ഭൂമിയും മറ്റു ഗോളങ്ങളുമടങ്ങുന്ന ദൃശ്യപ്രപഞ്ചം, തത്ത്വചിന്തകന്റെ മുമ്പില്‍ ഒരുതരം ആഭാസംമാത്രമാണ്. ഇതില്‍ സത്തെന്നു പറയാന്‍ ഒന്നും കാണില്ല; എന്നാല്‍ അസത്തെന്നു പറഞ്ഞ് ഒന്നിനേയും തള്ളിക്കളയാനും സാധ്യമല്ല. ഉണ്ടെന്നുള്ളതിനാലാണല്ലോ കാര്യകാരണചിന്തതന്നെ ഉദ്ഭവിയ്ക്കുന്നത്.
ദൃശ്യമിഥ്യ നിലനില്ക്കുന്നത് ദ്രഷ്ടൃസത്യത്തില്‍ സ്വപ്‌നദൃശ്യം മനസ്സിലേതെന്നതുപോലെ, ദൃശ്യവസ്തുക്കളെല്ലാം കാരണകാര്യാതീതമായ പരമാത്മാവിലെ പ്രതിഭാസമാണ്. പരമാത്മാവുതന്നെ അതില്‍ ഏത് അണുവിലും മഹത്തിലും പ്രകാശിയ്ക്കുന്നത്.
ഒന്നാണെല്ലാം, എല്ലാം ഒന്നുതന്നെ. ഇങ്ങനെ സഞ്ചാരസംന്യാസനിഷ്ഠന്‍ ദൃശ്യത്തില്‍ ദൃഗ് വൈഭവവും, ദൃക്കില്‍ ദൃശ്യവിലാസവും സദാ കാണുന്നു. അസംഖ്യം ദൃശ്യങ്ങളെ നോക്കി, അവയെല്ലാറ്റേയും തള്ളിമാറ്റി ദൃക്കു മാത്രമാക്കാനുള്ള അടിസ്ഥാനമെന്തെന്നു ചോദിയ്ക്കാം. അതിനുത്തരവും സമ്യഗ്ദര്‍ശിയായ സംന്യാസിയില്‍ ഉണ്ടാകണം.
ദൃശ്യത്തെ ദര്‍ശിപ്പിയ്ക്കുന്നതു മനുഷ്യന്റെ ഉണര്‍വാണ,് ദൃശ്യമല്ല ഒരുവനെ ഉണര്‍ത്തുന്നത്. സ്വയം ഉണര്‍ന്നശേഷമാണ് ആര്‍ക്കും ദൃശ്യം വെളിപ്പെടുന്നത്. ദൃശ്യമെന്നു പറയുമ്പോഴും, അത് ഉണര്‍വില്‍ത്തന്നെ കാണുന്ന രേഖകളും പ്രതിരേഖകളുമത്രെ. ഉണര്‍വില്‍നിന്നന്യമായ ദൃശ്യസത്തയില്ല.
ദൃശ്യത്തെ പ്രതിഭാസിപ്പിയ്ക്കുന്ന ജാഗ്രത്പ്രജ്ഞ, ഉണര്‍വ്, അതിനു മുമ്പു ദൃശ്യബന്ധമൊന്നുമില്ലാതെ സുഷുപ്തിയില്‍ ആണ്ടിരുന്നു. ഇങ്ങനെ സുപ്തവും, അനന്തരം പ്രബുദ്ധവുമാകുന്ന ഒരു മധ്യസത്ത തന്നിലുണ്ട്. അതാണ് സ്വച്ഛസ്വതന്ത്രമായ ആത്മാ. ആത്മാവിനെ ഉറക്കമുണര്‍വുസന്ധിയില്‍ പ്രകാശിയ്ക്കുന്നതായി കാണുന്നവനാണ് സംന്യാസി.
ദൃശ്യവസ്തുക്കളില്‍ ആണ്ടുപോകാതെ സ്വന്തം ഉള്‍മഹിമയില്‍ ആറാടാന്‍മാത്രം ഇച്ഛിയ്ക്കുന്ന സംന്യാസനിഷ്ഠന്, ഈ ഉറക്കമുണര്‍വുസന്ധിയാണ് ഏറ്റവും ആലോചനാവഹം. ഉറക്കവും ഉണര്‍വുംപോലെ അവക്കിടയിലുള്ള സ്വതന്ത്രപ്രകാശവും സംന്യാസിഹൃദയത്തിനു സ്വന്തമാകണം. അതില്ലാതെ ഉറക്കമില്ല, ഉണര്‍വുമുണ്ടാകില്ല.
ഇതറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ബന്ധനമെവിടെ, ആര്‍ക്ക്, എങ്ങനെ? അതോടെ മോക്ഷവും അപ്രസക്തമാകുന്നു! മായാജന്യമാണ് രണ്ടും. വാസ്തവത്തില്‍ രണ്ടിനും വെവ്വേറെ സ്ഥാനമില്ല.ഒരിടത്തിരിയ്ക്കുന്നവന്‍ അതേസ്ഥലത്തെത്താന്‍വേണ്ടി ഇരുട്ടില്‍ തപ്പിനടക്കുന്നപോലെയാണ് മോക്ഷത്തിലേയ്ക്കുള്ള പ്രയത്‌നം!
ജീവിതദശയെപ്പറ്റി പ്രബുദ്ധനായ സംന്യാസി എങ്ങനെ ചിന്തിയ്ക്കുമെന്നതും തുലോം വിജ്ഞാനപ്രദംതന്നെ. മരണം എല്ലാവരേയും ഗ്രസിയ്ക്കുന്നതാണ്; എന്നാല്‍ അത് ആരുടേയും നേരിട്ടുള്ള അനുഭവമല്ല. അതിനാലാണ് മരണം ഒരു പേടിസ്വപ്‌നമായിത്തുടരുന്നത്.
ജീവിതത്തെ അവസാനിപ്പിയ്ക്കുന്നു എന്നതിനാല്‍, പലരും മരണത്തെ ഇഷ്ടപ്പെടുന്നില്ല. ജീവിതക്ലേശങ്ങളുടെ സമ്മര്‍ദത്താല്‍ മരിയ്ക്കണമെന്നു വിചാരിയ്ക്കുന്ന ദുര്‍ലഭം ചിലരുണ്ടാകാം. അവരില്‍നിന്നാകട്ടെ മരണം വിദൂരമായി കഴിയുന്നു. ഇങ്ങനെ ഭിന്നപ്രതികരണങ്ങളാണ് മരണം മനുഷ്യമനസ്സില്‍ ഉയര്‍ത്തുന്നത്.
(സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന് )


ജന്മഭൂമി: http://www.janmabhumidaily.com/news721234#ixzz4vcKjwJFE

No comments:

Post a Comment