Wednesday, October 04, 2017

പൂജ ആരംഭിക്കുന്ന സാധകന്‍ മന്ത്രോപദേശം കഴിഞ്ഞവനായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. യോഗ്യനായ ഒരു ആചാര്യനില്‍നിന്ന് അദ്ദേഹത്തിന്റെ മന്ത്രചൈതന്യം അഥവാ ഉണര്‍ന്ന കുണ്ഡലിനീസ്പന്ദനം ഉള്‍ക്കൊണ്ടവനായിരിക്കണം എന്ന് ഇതിനുമുമ്പ് വ്യക്തമാക്കിയതാണല്ലോ. ഏതു ക്ഷേത്രത്തിലെ പൂജാരിയും ഈ നിയമത്തിന് വിധേയനാണെന്ന് പറഞ്ഞേ മതിയാകൂ. പക്ഷെ ഇന്ന് അതിനെല്ലാം ലോപം വന്നിരിക്കുകയാണ്. ക്ഷേത്രത്തില്‍ ശാന്തിക്കാരനായി വരുന്നവര്‍ക്ക് തന്ത്രി മൂലമന്ത്രമുപദേശിക്കുകയും ആ ദേവന്റെ പൂജയിലെ സവിശേഷതകള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നത് പഴയകാലത്ത് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു കാര്യമായിരുന്നു. ഇന്ന് അതിനെല്ലാം ലോപം തട്ടി പല ശാന്തിക്കാരും ദേവന്റെ മൂലമന്ത്രംതന്നെ അറിയാതെയായിട്ടാണിരിക്കുന്നത്.
ആചാര്യലക്ഷണങ്ങളെ പറയുന്ന കൂട്ടത്തില്‍ തന്ത്രസമുച്ചയകാരന്‍ അധിദീക്ഷ എന്ന പദം ഉപയോഗിക്കുകയും ഗ്രന്ഥാവസനത്തില്‍ മന്ത്രദീക്ഷാവിധി (കലശാഭിഷേകസഹിതം) കൊടുക്കുകയും ചെയ്തതില്‍നിന്ന്, ശാന്തിക്കാരന്‍ അഥവാ തന്ത്രിഗായത്ര്യുപാസന ചെയ്യുന്ന ബ്രാഹ്മണന്‍ മാത്രമായാല്‍ പോരെന്നും വിധിപ്രകാരം താന്ത്രികമായ മന്ത്രദീക്ഷയെടുത്തവനുമായിരിക്കണമെന്നും സിദ്ധിക്കുന്നുണ്ടല്ലോ. ജപത്തിനും പൂജയ്ക്കുമെല്ലാം സാധകന്‍ സ്ഥിരമായി ഒരിടത്തിരിക്കേണ്ടതാണ്. സാധാരണയായി പൂജയ്ക്ക് ഇരിക്കുവാനുപയോഗിക്കുന്നത് കേരളത്തില്‍ ആവണപലകയാണല്ലോ. ഇത് മന്ത്രശാസ്ത്ര പ്രതിപാദിതമായ കൂര്‍മ്മാസനമാണെന്ന് പറഞ്ഞാല്‍ ഇന്ന് അധികമാര്‍ക്കും മനസിലാകണമെന്നില്ല. പഴയ ഗൃഹങ്ങളിലുള്ള ആവണപലകയെടുത്തു നോക്കിയാല്‍ കൂര്‍മ്മത്തിന്റെ കാലുകളും ആകൃതിയുമെല്ലാം സുവ്യക്തമായി കാണുവാന്‍ കഴിയും. ഭൂസ്പര്‍ശം ഇല്ലാതെ ഇരിക്കുക എന്നതാണ് ആസനത്തിന്റെ പ്രധാന തത്വം. അതുകൊണ്ട് ഇരിപ്പിടമാകുന്ന ആ ആസനം അത്രക്കും വലിയതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇന്നുള്ള ആവണപലകകളിലിരുന്നാല്‍ ഭൂസ്പര്‍ശം അനിവാര്യമായതുകൊണ്ട് പൂജക്ക് അവ ഉപയോഗിക്കുന്ന കാര്യം ശരിയാണോ എന്ന് ചിന്തിക്കേണ്ടതാണ്.
ക്ഷേത്രശില്‍പത്തിന്റെ വിവരണത്തില്‍ ഷഡാധാരപ്രതിഷ്ഠയില്‍ ദേവന്റെ താഴെ ഹൃദയപത്മത്തില്‍ കൂര്‍മ്മത്തെ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ സ്മരണീയമാണ്. മന്ത്രസാധന ചെയ്യുന്നത് പ്രാണശക്തിയിലാണ് എന്ന് മനസ്സിലാക്കിയാല്‍ ഭൂസ്പര്‍ശം കൂടാതെ അതായത് സ്ഥൂലശരീരഭാഗത്തില്‍നിന്നും പ്രാണശരീരതലത്തിലേക്കുയര്‍ന്നു, സ്ഥിതി ചെയ്യുന്നതിന്റെ പ്രതീകമായാണ് കൂര്‍മ്മാസനത്തിലിരിക്കുന്നത് എന്നു വ്യക്തമാകും.
മന്ത്രശാസ്ത്രപ്രതിപാദിതമായ കൂര്‍മ്മാസനം കൂര്‍മ്മാകൃതിയിലുള്ളതും (കൂര്‍മ്മത്തിന്റെ ശിരസ്സും, കാലുകളുമെല്ലാം വ്യക്തമായുള്ള ഒരു മരപ്പലകയാണ്) അതില്‍ ഒരു പ്രതേ്യക തരത്തില്‍ ‘അ’ മുതല്‍ ‘ക്ഷ’ വരെയുള്ള അക്ഷരങ്ങള്‍ കൊത്തിയിരിക്കണമെന്നുമാണ് നിയമം. ആ അക്ഷരമാലാസനത്തിന്റെ ലോപമാണ് കേരളത്തില്‍ ഇന്നു കാണുന്ന ആവണ പലക. ഈ കൂര്‍മ്മാസനത്തിന്റെ തല ശരിക്കും സാധകന്റെ മുന്‍ഭാഗത്ത് വരേണ്ടതാണ്. പക്ഷേ, താഴെനിന്നും മുകളിലേക്കുള്ള പ്രതീകംതന്നെയാണ് വലത്തുനിന്നും ഇടത്തോട്ടുള്ള രേഖയുടെ പ്രതീകം കുറിക്കുന്നതെന്ന് ക്ഷേത്രശില്‍പത്തില്‍ പ്രതിപാദിച്ചിട്ടുള്ളതോര്‍ക്കുമ്പോള്‍ കേരളത്തിലെ പൂജകന്മാര്‍ ആവണപലകയുടെ ശിരോഭാഗം ഇടത്തോട്ടിട്ട് ഇരിക്കുന്നത് ശരിയല്ലെന്ന് പറയുവാന്‍ നിവൃത്തിയില്ല.
അതില്‍ യോഗാസനവിധി അനുസരിച്ച് പത്മാസനത്തിലോ സ്വസ്തികാസനത്തിലോ (ചമ്രം പടിഞ്ഞോ) മറ്റോ ഇരുന്നാണ് പൂജ ചെയ്യേണ്ടത്. ‘സ്ഥിരം സുഖമാസനം’ എന്ന പതഞ്ജല യോഗസൂത്രം ഇവിടെ സ്മരണീയമാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news714974#ixzz4uaJVRwhx

No comments:

Post a Comment