Tuesday, November 21, 2017

ഈശ്വരനാണ് സ്‌നേഹിതനും സമ്പത്തും


1974 ഏപ്രില്‍ 13. വൈകുന്നേരം ധ്യാനാചരണവേളയെ തുടര്‍ന്ന് അമ്മ ഏവര്‍ക്കും ദര്‍ശനമരുളാന്‍ പ്രാര്‍ത്ഥനാഹാളിലേക്കു വന്നു. മൗനത്തില്‍ ആമഗ്നയായി അമ്മ വളരെ നേരം സ്ഥിതിചെയ്തു. ആ അന്തരീക്ഷത്തെ ദിവ്യമാക്കി ചെയ്തിരുന്ന നിശ്ശബ്ദഗാംഭീര്യത്തെ സ്തുതിഗീതങ്ങളേക്കൊണ്ടോ മഹാമന്ത്രോച്ചാരണംകൊണ്ടുപോലുമോ ഭഞ്ജിക്കുവാന്‍ ആര്‍ക്കും തോന്നിയില്ല. ഏതാണ്ട് 8 മണിയായപ്പോള്‍ അമ്മ ബാഹ്യലോകത്തെക്കുറിച്ചു ബോധവതിയായി.
”ഈ സായാഹ്നത്തില്‍ അമ്മയ്ക്ക് നിങ്ങളോടു സംസാരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സമാധി അതിനെ അതിക്രമിച്ചു.” ഈ സംഭാഷണത്തോടെയാണ് അമ്മ സംഭാഷണം ആരംഭിച്ചത്.
” നിങ്ങള്‍ ഒരു ദീര്‍ഘയാത്രക്കൊരുങ്ങുമ്പോള്‍ വേണ്ടതൊക്കെ തയ്യാറാക്കും. ആവശ്യമുള്ള ആഹാരവും വസ്ത്രവുമെല്ലാം കൊണ്ടുപോകും. എന്നാല്‍, കുട്ടികളേ ഈ ദേഹം വെടിഞ്ഞിട്ട് ഈ ലോകരംഗത്തുനിന്നും ഒരു പരായാത്ര നിങ്ങള്‍ക്കു നടത്തേണ്ടതുണ്ട്. ആ പരായാത്രക്കാവശ്യമായ സജ്ജീകരണങ്ങള്‍ നിങ്ങള്‍ മുന്‍കൂട്ടി ഒരുക്കേണ്ടേ? ഈ യാത്രയാകട്ടെ നിങ്ങള്‍ ഒറ്റയ്ക്കു നിര്‍വ്വഹിക്കാനുള്ളതാണ്. ഏവരും ഏകനായി വരികയും ഏകനായി പോവുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിലാഷം, നിങ്ങളുടെ ഈശ്വരഭക്തി, അനുഷ്ഠാനത്തിലും ധര്‍മ്മനിഷ്ഠയിലുമുള്ള നിങ്ങളുടെ സുസ്ഥിരത ഇവയാണ് പരായാത്രയില്‍ നിങ്ങള്‍ക്കു പ്രയോജനപ്പെടുന്ന സാമഗ്രികളും സജ്ജീകരണങ്ങളും.””ജീവിതഭദ്രതക്കും സൗഭാഗ്യത്തിനും മനുഷ്യന്‍ അവലംബിക്കുന്നത് മൂന്നു ഘടകങ്ങളേയാണ്. അവ സമ്പത്തും, സ്‌നേഹിതന്മാരും ഈശ്വരനുമാണ്. ഇവയില്‍ സമ്പത്ത് ദേഹം വെടിഞ്ഞ് നിങ്ങള്‍ യാത്രയാകുമ്പോള്‍ അനുഗമിക്കുകയില്ല.
സ്‌നേഹിതന്മാര്‍ ചുടലപ്പറമ്പുവരെ അനുഗമിക്കും. നിങ്ങളുടെ പരായാത്രയില്‍ ഇവ രണ്ടും യാതൊരു പ്രയോജനവും ചെയ്യുകയില്ലെന്നു മനസ്സിലാക്കുക. ഈശ്വരന്‍ മാത്രമേ ഇഹത്തിലും പരത്തിലും സദാ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുകയുള്ളു. അതുകൊണ്ട് ഭക്തന്മാര്‍ പറയുന്നു,”അവിടുന്നാണ് എന്റെ സ്‌നേഹിതനും അവിടുന്നാണ് എന്റെ സമ്പത്തും” എന്ന്. ഈശ്വരനെ സേവിക്കുക, ഈശ്വരനോടുള്ള ബന്ധം സ്വയം അനുഭവിക്കുക. ഈശ്വരനില്‍ തന്നെ വ്യാപരിക്കുകയും ജീവിക്കുകയും ചെയ്യുക. ഇതാണ് പരമമായ ധര്‍മ്മം.”


ജന്മഭൂമി: http://www.janmabhumidaily.com/news740836#ixzz4z6flVtzu

No comments:

Post a Comment