Tuesday, November 21, 2017

കാലദേശാതിവര്‍ത്തിയായ തത്വത്തെ അറിയുക

ലക്ഷ്യവിചാരം - 6
ലക്ഷ്യചിന്തനമാണ് ചെയ്തു വരുന്നത്. കര്‍മ്മഫലമാണ് ലക്ഷ്യം എന്ന പ്രബലമായ ബോധ്യത്തെ വിമര്‍ശിച്ച് നിരാകരിക്കാന്‍ നമുക്ക് കഴിഞ്ഞു. സ്വാത്മാവബോധം നേടലാകുന്നു ലക്ഷ്യം എന്നുള്ള ആചാര്യന്മാരുടെ ആദേശത്തെ യുക്തിഭദ്രമായി ഉള്‍ക്കൊള്ളാനുള്ള വിചിന്തനമാണ് പുരോഗമിക്കുന്നത്.
ഞാന്‍ (ആത്മതത്വം) കാലദേശങ്ങളെ അറിയുന്ന കാലദേശാതിവര്‍ത്തിയായതുകൊണ്ട്, സത്യമാണ്. പല കാര്യങ്ങളും അറിയാന്‍ എനിക്ക് സാമര്‍ത്ഥ്യമുള്ളതുകൊണ്ട് ഞാന്‍ ജ്ഞാനസ്വരൂപിയാണ്. (ഈ വസ്തുത വീണ്ടും ആലോചിക്കണം. കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്താല്‍ മറ്റുള്ളവര്‍ അറിയുന്നു എന്നതുപോലും ഞാനാണ് അറിയുന്നത് എന്നുള്ളതുകൊണ്ട് അറിവിന്റെ മുഖ്യസ്വഭാവം എന്നില്‍ നിഹിതമാണ് എന്ന് മനസ്സിലാക്കാം.)
സന്തോഷത്തിന്റെ ഉറവിടം പുറത്താണ് എന്ന് പൊതുവെ തോന്നുമെങ്കിലും ഒരോ സന്തോഷ അനുഭവത്തേയും വിശകലനം ചെയ്ത് ആലോചിക്കുമ്പോള്‍ നമുക്ക് മനസ്സിലാവും സന്തോഷം പുറത്തല്ലെന്ന്. പദാര്‍ത്ഥങ്ങള്‍ നമുക്ക് ചെയ്യുന്ന സഹായത്തെക്കുറിച്ചും ചിന്തിക്കാം. എങ്ങിനെയാണ് പദാര്‍ത്ഥങ്ങള്‍ നമുക്ക് സഹായകമാവുന്നത്? ഏതെങ്കിലും ഒരു വിഷയത്തെ ചുറ്റിപ്പറ്റി എനിക്കത് വേണമെന്ന് തോന്നുന്നതോടെ ഞാന്‍ എന്നില്‍ നിന്നകലുന്നു.
വിഷയപ്രാപ്തിയിലാകട്ടെ കൊതിയകന്ന്, ഞാന്‍ എന്നോടടുക്കുന്നു ഇതാണ് സംഭവിക്കുന്നത്. (സ്വപ്‌നാനുഭവത്തില്‍ ബാഹ്യവിഷയങ്ങള്‍ നേരിട്ട് സുഖാനുഭവത്തിന് കാരണമാവുന്നില്ല. മറിച്ച് മുന്നനുഭവ സ്മൃതികള്‍ സുഖപ്രാപ്തിക്ക് ഹേതുവാകുന്നു.) ഗാഢനിദ്രയില്‍ ബാഹ്യവിഷയങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ സുഖം നേടുന്നതിന് നിദാനമാവുന്നില്ല. അവിടെ ആത്മനിഷ്ഠസുഖം വിഷയസഹായമില്ലാതെ ആസ്വദിക്കപ്പെടുന്നു. ആചാര്യന്മാര്‍ ഈ വസ്തുതകള്‍ പഠനവിധേയമാക്കി, തുടര്‍ന്ന് ‘ഞാന്‍ സച്ചിദാനന്ദ സ്വരൂപിയാണെന്ന’റിയണമെന്നതാണ് ജന്മസാഫല്യത്തിനുള്ള വഴി എന്നുറപ്പിച്ചു.. ഇക്കാര്യം അനുഭൂതിത്തികവില്‍ രമിച്ചുകൊണ്ട് ആചാര്യന്മാര്‍ എല്ലാവര്‍ക്കുമായി പറഞ്ഞു തരുന്നു.
ഓരോന്നു നേടിയെടുക്കാന്‍ ആഗ്രഹമുണ്ടാവുന്നു എന്നത് സ്വാഭാവികമായ കാര്യം. എന്താണ് നേടേണ്ടതെന്ന് അപ്പപ്പോള്‍ കണ്ടെത്തി നിശ്ചയിക്കുന്നതാണ് പൊതുവേയുള്ള പതിവ്. (ചിലരെങ്കിലും ആകത്തുകയില്‍ വേണ്ടതെന്തെന്നും, അതിനനുസരിച്ച് ഇപ്പോള്‍ നേടേണ്ടതും, ചെയ്യേണ്ടതുമെന്താണെന്നും കണ്ടെത്താറുണ്ട്. അത്തരം ആസൂത്രണ മികവ് അഭിനന്ദനാര്‍ഹമാകുന്നു.)
കൊതിക്കനുസരിച്ച് കര്‍മ്മം ചെയ്തു നേടിയെടുക്കുന്നതിന്റെ പ്രഭ, സംതൃപ്തി പെട്ടന്ന് കൈമോശം വന്നു പോവുന്നു എന്ന ദുരവസ്ഥ നാം ചിന്താവിഷയമാക്കാറില്ല. പരിഹാരത്തെക്കുറിച്ച് സഗൗരവം ആലോചനയില്‍ മുഴുകിയ മുനിജനത്തെ ‘ തപസ്വികള്‍’ എന്നു പറയും. നമ്മളൊന്നും പാഠം പഠിക്കാത്തിടത്ത് അവര്‍ ആഴമുള്ള പാഠം പഠിച്ചു. ഇതാണ് നമ്മില്‍ നിന്ന് അവര്‍ക്കുള്ള വ്യത്യാസം. അവര്‍ കരുണാമൂര്‍ത്തികളായതിനാല്‍ നമുക്കൊരു ഗുണം ഉണ്ട്. അവര്‍ പഠിച്ച പാഠം പരമ്പരാഗതമായി വിസ്തരിച്ച് പങ്കുവെച്ചുവരുന്നു. അതിനാല്‍ അവര്‍ ചെയ്തുവന്ന തരത്തിലുള്ള തപം നാം ചെയ്യേണ്ടതായിട്ടില്ല.
വേണ്ടത്ര ജിജ്ഞാസായുക്തരായി മുനിജനമരുളിച്ചെയ്തതിനെ വിമര്‍ശനബുദ്ധ്യാ മനനം ചെയ്ത് സ്വാംശീകരിച്ചാല്‍ മതി. ആത്യന്തികമായി വേണ്ടത് ദേശകാലാതീതമായി പരിലസിക്കുന്ന ആത്മാവിനെ അറിയുക എന്നത് മാത്രമാണ്. ദേശകാല പരിധിയില്‍ വരുന്ന കര്‍മഫലങ്ങള്‍ നേടിയെടുത്തിട്ട് കാര്യമില്ല. ഇക്കാര്യത്തില്‍ മുനി ജന തപഃ പ്രസാദം നമുക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കട്ടെ. (അറിവാണ് വേണ്ടതെന്ന വ്യക്തതയില്‍ ചെയ്തുവരുന്ന കര്‍മങ്ങളെ പൊടുന്നനെ ഉപേക്ഷിച്ചാല്‍ അതപകടമാവുമെന്ന താക്കീതും വഴിതെറ്റാതിരിക്കാന്‍ ഓര്‍ക്കേണ്ടതുണ്ട്.)
ഭഗവത്ഗീതോപദേശത്തിന്റെ അവസാന ഭാഗത്ത് ഭഗവാന്‍ അര്‍ജ്ജുനനു നല്‍കിയിട്ടുള്ള സ്വാതന്ത്ര്യം വളരെ പ്രസിദ്ധമാണ്.
‘വിമൃശൈ്യതദശേഷേണ യഥേച്ഛസി തഥാ കുരു’ ഞാന്‍ പറഞ്ഞ വസ്തുതകളൊക്കെ, എതത് വിമൃശ്യ വേണ്ട രീതിയില്‍ വിമര്‍ശനത്തെ ചെയ്തിട്ട് (വിമര്‍ശനം ചെയ്യുക എന്നാല്‍ അതിന്റെ എല്ലാവശങ്ങളും നിര്‍ധാരണം ചെയ്യുക വിശകലനം ചെയ്യുക, Critical ആയിട്ട് analyse ചെയ്യുക എന്നര്‍ത്ഥം) യഥാ ഇച്ഛസി നീ എപ്രകാരം ആഗ്രഹിക്കുന്നുവോ, തഥാ അപ്രകാരം കുരു ചെയ്താലും. ഈ ഒരു സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടത് പ്രയോജനപ്പെടുത്തണം. അനുവദിച്ച സ്വാതന്ത്ര്യത്തില്‍ ഗുരു പരമ്പരയുടെ ഉദാരതയും അനുകമ്പയുമാണ് പ്രകടിതമാവുന്നത്. . വിമര്‍ശിച്ച് നിശ്ചയിക്കൂ എന്ന സ്വാതന്ത്ര്യം തരുന്നതിന്റെ പിറകില്‍ നിങ്ങള്‍ക്കിത് ഭംഗിയായി പ്രയോജനപ്പെടുത്താന്‍ സാധിക്കട്ടെ സാധിക്കണം എന്ന താല്‍പര്യം ഉണ്ടെന്നു ഗ്രഹിക്കണം .
എന്താണ് ലക്ഷ്യം എന്ന ചോദ്യത്തിന് കാലദേശാതിവര്‍ത്തിയായ തത്ത്വം അറിയുന്നത് ലക്ഷ്യമാവട്ടെ . ഇതാണ് ആചാര്യന്മാര്‍ നമ്മളെ ഉദ്‌ബോധിപ്പിക്കുന്ന വസ്തുത. നിങ്ങള്‍ നിങ്ങളെ അറിയൂ. ഇതിന്റെ യുക്തിയാണ് ഇവിടെ പരിശോധിച്ചു കൊണ്ടിരിക്കുന്നത്. കര്‍മ്മഫലമല്ല നമുക്ക് വേണ്ടത് എന്നത് തീര്‍ച്ചയായും പ്രസക്തമായ ഒന്നാമത്തെ യുക്തിയാണ്. കമ്മഫലത്തിന് പരിമിതിയുണ്ട്. നമുക്ക് വേണ്ടത് ശാശ്വതമായ നിലനില്‍പ്പാണെന്നും, അതുപോലെ തന്നെ പരിമിതികളില്ലാത്ത അറിവും ചോദ്യം ചെയ്യപ്പെടാത്ത ആനന്ദവും ആണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുള്ളത് വീണ്ടും വീണ്ടും മനനവിധേയമാക്കണം.
(കര്‍മ്മഫലത്തെച്ചൊല്ലി പ്രതീക്ഷ പുലര്‍ത്തിക്കൊണ്ട് കര്‍മ്മങ്ങളൊക്കെ ചെയ്യുമ്പോഴും നിലനില്‍പ്പ് എന്നുള്ളത് നാം മുഖ്യ ലക്ഷ്യമാക്കുന്നുണ്ട്. നിലനില്‍പ്പ് ഏതെങ്കിലും പ്രകാരത്തില്‍ ചോദ്യം ചെയ്യപ്പെട്ടു പോവുമോ എന്ന വ്യാകുലത സൂക്ഷ്മമായി നമ്മെ വേട്ടയാടുന്നുണ്ട്. ) നമ്മുടെ സകല ഭയങ്ങള്‍ക്കും മൂലകാരണം മരണഭയം ആണെന്നു ആലോചിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും. എനിക്കു മരിക്കാന്‍ താല്‍പര്യമില്ല. എന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പരോക്ഷമായി മരണത്തെ ഇല്ലാതാക്കാനുദ്ദേശിച്ചുള്ളതാണെന്നതാണ് വസ്തുത.
അത് പോലെ തന്നെ അറിയണമെന്ന ആവേശവും നമ്മെ ഭരിക്കുന്നുണ്ട്. ഒപ്പം സന്തോഷം വേണമെന്നും അടിസ്ഥാനപരമായി നാം ആഗ്രഹിക്കുന്നു. . അങ്ങനെ ആചാര്യന്മാര്‍ പ്രവൃത്തികളുടെ പരിമിതി മനസ്സിലാക്കി ഓരോരുത്തര്‍ക്കും യഥാര്‍ത്ഥത്തില്‍ വേണ്ടുന്ന ലക്ഷ്യത്തെ ഉദ്‌ബോധിപ്പിക്കുന്നു. സ്വാത്മാവബോധമെന്ന ലക്ഷ്യത്തെ സച്ചിദാനന്ദമാണെന്നും വിശേഷിപ്പിക്കാറുണ്ട്. അതായത് നിലനില്‍പ്പ്, അറിവ്, സന്തോഷം. അതാണ് ആത്മാവിന്റെ പ്രകൃതം.ഇപ്പോഴത്തെ ജീവിതഗതി വിശകലനാത്മകമായി പഠിച്ചാല്‍ ഈ ലക്ഷ്യനിശ്ചയം പഴുതറ്റതാണെന്ന് വ്യക്തമായിക്കിട്ടും.


ജന്മഭൂമി: http://www.janmabhumidaily.com/news740797#ixzz4z6fTB3jo

No comments:

Post a Comment