Tuesday, November 14, 2017

വിഷ്ണുദേവതാസങ്കല്‍പത്തിന്റെ ആധിദൈവികമായ അര്‍ഥതലങ്ങളെക്കുറിച്ചായിരുന്നു മുന്‍ ലേഖനത്തില്‍ ചര്‍ച്ച ചെയ്തത്. ഇനി നമുക്ക് വിഷ്ണുവിന്റെ ആധ്യാത്മികാര്‍ഥത്തിലേക്ക് പ്രവേശിക്കാം. ‘വിഷ്‌ലൃ വ്യാപ്തൗ’ എന്ന സംസ്‌കൃതധാതുവിനോട് ‘നു’ പ്രത്യയം ചേര്‍ന്നാണ് വിഷ്ണുശബ്ദം നിഷ്പന്നമായത്. ‘വേവേഷ്ടി വ്യാപ്‌നോതി ചരാചരം ജഗത് സ വിഷ്ണുഃ’ അതായത് ആധ്യാത്മികാര്‍ഥത്തില്‍ വിഷ്ണു ഈശ്വരന്റെ സര്‍വവ്യാപകത എന്ന ഗുണത്തെയാണ് പ്രകടിപ്പിക്കുന്നത്.
സരളമായി പറഞ്ഞാല്‍, ചരാചര ജഗത്തില്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നതുകൊണ്ട് ഈശ്വരനെ വിഷ്ണു എന്ന പേരിട്ട് വിളിക്കുന്നു. ഋഗ്വേദത്തില്‍ ‘കുചരഃ’ എന്നാണ് വിഷ്ണുവിനെ വിശേഷിപ്പിക്കുന്നത്.(ഋ. 1.154.2) അതായത് ‘ക്വായം ന ചരതി’- ആ ഈശ്വരന്‍ എവിടെയാണില്ലാത്തത് എന്നര്‍ഥം. ഈ പ്രപഞ്ചത്തിലാകമാനം വ്യാപിച്ചിരിക്കുകയാണ് പരമേശ്വരന്‍. തൂണിലും തുരുമ്പിലും അവനുണ്ട്. എന്നാല്‍ അവന്‍ ഈ പ്രപഞ്ചത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നവനുമല്ല. അതിനു പുറത്തും അവനുണ്ട്.
വിഷ്ണുവുംശേഷനാഗവുംബ്രഹ്മത്തിന്റെ വിരാട് രൂപവര്‍ണനയാണ് വേദങ്ങളിലെ പുരുഷസൂക്തത്തിലും മറ്റും കാണുന്നത്. അവന്റെ ശിരസ്സ് ദ്യുലോകവും, കണ്ണുകള്‍ സൂര്യചന്ദ്രന്മാരും, ശ്രോത്രം ദിക്കുകളും, വാക്ക് വേദവും പ്രാണന്‍ വായുവും പാദം പൃഥ്വിയും എന്നിങ്ങനെ വേദം വര്‍ണിക്കുന്നു. ഇതൊരു വര്‍ണനയാണ് കാരണം ഈശ്വരന് യഥാര്‍ഥത്തില്‍ ശരീരമില്ല. അവനെ അകായം എന്നാണ് യജുര്‍വേദത്തില്‍ വിളിക്കുന്നത് (യ. 40.8). ശരീരമില്ലാത്തവന്‍ എന്നര്‍ഥം. ഈ രീതിയില്‍ വര്‍ണിക്കുന്ന വിരാട് പുരുഷനില്‍ നിന്നാണ് വിഷ്ണുരൂപം ഉണ്ടാകുന്നത്. ഈ പ്രപഞ്ചത്തിലെ ഈശ്വരമഹിമ പ്രകടമാക്കുകയാണ് ഈ വര്‍ണനയിലൂടെ. ഇത്തരത്തില്‍ സൃഷ്ടിയിലെ പദാര്‍ത്ഥങ്ങളില്‍ പ്രകടമാകുന്ന ബ്രഹ്മത്തെ ശബല ബ്രഹ്മമെന്ന് വിളിക്കുന്നു.
ഇത് വിഷ്ണു തന്നെയാണ്. എന്നാല്‍ ബ്രഹ്മത്തിന് ‘ശേഷ’മെന്നൊരു പേരുകൂടിയുണ്ട്. ‘യഃ ശിഷ്യതേ സ ശേഷഃ’ – എന്തൊക്കെ ഇരുന്നാലും ശേഷിച്ചു നില്‍ക്കുക, അഥവാ ബാക്കിയായി നില്‍ക്കുക ഈശ്വരനാണല്ലൊ. അതുകൊണ്ട് അവനെ ശേഷനെന്നും വിളിക്കുന്നു. ഉച്ഛിഷ്ടബ്രഹ്മമെന്നും മറ്റൊരു പേര്. സൃഷ്ടി-പ്രളയങ്ങളിലും അവന്‍ ശേഷിക്കുന്നു അഥവാ അവയൊന്നും ബാധിക്കാതെ അവന്‍ വര്‍ത്തിക്കുന്നു. അമരകോശം സര്‍പ്പമെന്നുകൂടി ശേഷമെന്ന വാക്കിന് അര്‍ഥം നല്‍കിയിട്ടുണ്ട്. ഇതാണ് ശേഷനാഗത്തിന്മേല്‍ ശയിക്കുന്ന വിഷ്ണുവിന്റെ ആധ്യാത്മിക രഹസ്യം.വിഷ്ണുവിന്റെ മൂന്ന് പദങ്ങള്‍വിഷ്ണുവിന്റെ അവതാരമായ വാമനന്‍ മൂന്നു കാലടികള്‍ വെച്ച കഥ നമുക്കേവര്‍ക്കും സുപരിചിതമാണല്ലോ.
യഥാര്‍ത്ഥത്തില്‍ വേദത്തിലെ വിഷ്ണുവര്‍ണനയില്‍നിന്നുതന്നെയാണ് ഈ സങ്കല്‍പവും ഉടലെടുത്തത്. ഋഗ്വേദത്തിലെ പ്രസ്താവനകള്‍ കാണുക: ‘വിഷ്ണു ജഗത്തില്‍ മൂന്നു പദംവെച്ചു’ (ഋ. 1.22.17), ‘വിഷ്ണു ധര്‍മങ്ങളെ ധാരണം ചെയ്യാന്‍ മൂന്നു പദങ്ങള്‍ വെച്ചു. (ഋ. 1.22.18). എന്താണീ മൂന്നു പദങ്ങള്‍? സൃഷ്ടി-സ്ഥിതി-പ്രളയങ്ങളാണ് ഈ മൂന്ന് പദങ്ങള്‍. ഈ ധര്‍മങ്ങളെയാണ് വിഷ്ണു അഥവാ സര്‍വവ്യാപനായ പരമേശ്വരന്‍ ധാരണം ചെയ്തിരിക്കുന്നത്.
ഋഗ്വേദത്തില്‍ മറ്റൊരിടത്ത്  പറയുന്നത് ‘യസ്യോരുഷു ത്രിഷു വിക്രമണേഷു അധിക്ഷിയന്തി ഭുവനാനി വിശ്വാ’ എന്നാണ്. അവന്റെ ഈ മൂന്നു വിശിഷ്ട ചരണങ്ങളില്‍ അഥവാ പ്രയത്‌നങ്ങളില്‍ (സൃഷ്ടി-സ്ഥിതി-പ്രളയകാര്യങ്ങളില്‍) സര്‍വ ഭുവനങ്ങളും നിവസിക്കുന്നു എന്നര്‍ഥം.ഋഗ്വേദത്തിലെ മറ്റൊരു മന്ത്രം കാണുക:യസ്യ ത്രീ പൂര്‍ണാ മധുനാ പദാനിഅക്ഷീയമാണാ സ്വധയാ മദന്തിയ ഉ ത്രിധാതു പൃഥ്വീ മുത ദ്യാംഏകോ ദധാര ഭുവനാനി വിശ്വാ. (ഋഗ്വേദം 1.154.4)അര്‍ഥം: യാതൊരു പ്രഭുവിന്റെ മൂന്നു ചരണങ്ങളും മധുരപൂര്‍ണമാകുന്നുവോ, ഒരിക്കലും നഷ്ടമാകാത്ത മൂലപ്രകൃതിയാല്‍ (സ്വധയാല്‍) ആനന്ദിതമാകുന്നുവോ, യാതൊരു പ്രഭുവാണോ ഏകനായിരിക്കുന്നത്, അവന്‍ പൃഥ്വിയേയും ദ്യുലോകത്തെയും സര്‍വഭുവനങ്ങളെയും ത്രിധാതുക്കളാല്‍ അഥവാ സത്ത്വരജസ്തമോഗുണങ്ങളാല്‍ ധരിച്ചിരിക്കുന്നു.
സത്ത്വരജസ്തമോഗുണങ്ങളുടെ സാമ്യാവസ്ഥ എന്നു സാംഖ്യദര്‍ശനത്തില്‍ വിശേഷിപ്പിച്ചിരിക്കുന്ന മൂലപ്രകൃതിയില്‍ ഈശ്വരന്‍ സൃഷ്ടി നടത്തുന്നു. മൂലപ്രകൃതിയില്‍നിന്ന് മഹത്തും അതില്‍ നിന്ന് അഹങ്കാരവും അതില്‍നിന്നും പഞ്ചതന്മാത്രകളും ഇന്ദ്രിയങ്ങളും തുടര്‍ന്ന് സ്ഥൂലഭൂതങ്ങളും സൃഷ്ടിക്കുന്നു. എന്നാല്‍ ആ മൂലപ്രകൃതി ജഡമാണ് അതിനാല്‍ അവന്‍ മൂലപ്രകൃതിയോട് ചേര്‍ന്നാണെങ്കിലും ഏകനായി നിന്നുകൊണ്ട് സൃഷ്ടിനടത്തുന്നു എന്ന് മന്ത്രത്തില്‍ പറയുന്നു.  വിഷ്ണു ശബ്ദം ഈശ്വരനെ മാത്രമല്ല, ജീവാത്മാവിനെക്കുറിക്കാനും ഉപയോഗിക്കാറുണ്ട്. കാരണം ഉപാസകന് ഉപാസ്യദേവന്റെ ഗുണം വന്നുചേരുമെന്നാണല്ലോ. അതായത് വിഷ്ണുവിനെ ഉപാസിക്കുന്നവനും വിഷ്ണുവായിത്തീരുന്നു. അവനും വിശേഷരൂപത്തില്‍ മൂന്നു പദങ്ങള്‍ വെയ്ക്കുന്നു. അവന്‍ ഉപാസനയാല്‍ പൃഥ്വീ ലോകമാകുന്ന ശരീരത്തെ സ്വാസ്ഥ്യപൂര്‍ണവും, അന്തരീക്ഷ ലോകമാകുന്ന മനസ്സിനെ നിര്‍മ്മലവും ദ്യുലോകമാകുന്ന മസ്തിഷ്‌കത്തെ അഥവാ ബുദ്ധിയെ തീവ്രവുമാക്കുന്നു. ഇതാണവിടെ മൂന്നു പദങ്ങളുടെ ആധ്യാത്മികാര്‍ഥം.
വിഷ്ണുവിന്റെ നാല് കൈകള്‍ നാലുപാടും വ്യാപിച്ചിരിക്കുന്നവന്‍ എന്ന അര്‍ഥത്തിലാണ് വിഷ്ണുവിനെ ചതുര്‍ബാഹുവായി ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണുവിന് രൂപം കല്‍പിച്ച പൂര്‍വികര്‍ ഓരോരോ ആധ്യാത്മിക തത്ത്വങ്ങളെ പ്രകടമാക്കുവാനായാണ് വിഷ്ണുവിന്റെ ഓരോ കൈകളിലും സുദര്‍ശനചക്രം, ശംഖ്, ഗദ, പദ്മം എന്നിവയെ നല്‍കിയിരിക്കുന്നത്.
സുദര്‍ശനചക്രം ഋതം എന്നറിയപ്പെടുന്ന പ്രപഞ്ചത്തിന്റെ നിയമചക്രത്തെയും, ശംഖ് പ്രപഞ്ചനാദമായ വേദത്തെയും, ഗദ ഉപാസകന്‍ പാലിക്കേണ്ട യമനിയമാദി യോഗാംഗങ്ങളെയും പദ്മം ഉപാസകന്റെ ഹൃദയകമലത്തെയും പ്രതീകവത്കരിക്കുന്നു.  ഇപ്രകാരം അര്‍ഥം അറിഞ്ഞുകൊണ്ട് വിഷ്ണുവിനെ ഉപാസിക്കുന്നവര്‍ക്ക് ഐശ്വര്യദേവതകളായ ശ്രീയും ലക്ഷ്മിയും പത്‌നിമാരായി എത്തിച്ചേരുമെന്നാണ് യജുര്‍വേദത്തില്‍ ആലങ്കാരികമായി പറയുന്നത്.(യ 31.32) അതായത് അവര്‍ക്ക് സര്‍വ ഐശ്വര്യങ്ങളും പരമപദമായ മോക്ഷവും പ്രാപ്തമാകുമെന്നര്‍ഥം.


ജന്മഭൂമി: http://www.janmabhumidaily.com/news736743#ixzz4yOpM9NKD

No comments:

Post a Comment