ആത്മജ്ഞാനമെന്നാണ് അമൃതത്വസാധനം. ഇതിനാകട്ടെ ”പ്രതിബോധ വിദിതം മതം” എന്ന വേദാന്തസാരത്തെ ശ്രുതി ഉപദേശിക്കുന്നു. അന്തഃകരണത്തിലുദിച്ചുയര്‍ന്നസ്തമിക്കുന്ന സകലവൃത്തികളുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന ശുദ്ധബോധസ്വരൂപമാണ് താന്‍ എന്നറിയൂ. ഇൗ അറിവിലേക്കുയരാനുള്ള വീര്യം ഏവരിലും ഉണ്ട്. മനുഷ്യരെല്ലാം ഈ ആത്മബോധത്തിന് അധികാരികളാണ്. അതുകൊണ്ടുതന്നെ അപാരകൃപാനിധിയായ ഉപനിഷത്ത് ആത്മജ്ഞാനത്തിലേക്കുയര്‍ന്ന് കൃതാര്‍ത്ഥരാവാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. ഉപനിഷദ് വിചാരയജ്ഞം പതിനഞ്ചാം ദിവസം കേനോപനിഷത്തിനെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമിജി.
ഈ മനുഷ്യലോകത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ പരമമായ സത്യസ്വരൂപത്തെ അറിഞ്ഞാല്‍ ജീവിതം സത്യവും സഫലവും സാര്‍ത്ഥകവുമാകുന്നു. മനുഷ്യനായി ജനിച്ചു വസിച്ചിട്ടും ആത്മജ്ഞാനത്തിലേക്കുയരാനാവാതെ മരിക്കേണ്ടിവരുന്നത് വലിയ നഷ്ടംതന്നെയാണ്. ഈ നഷ്ടം ജീവിതത്തില്‍ സംഭവിക്കരുതേ. ഇവിടെ ജാതി ലിംഗ മത രാഷ്ട്രാദി യാതൊരു ഭേദ പരിഗണനയും ഇല്ല. മനുഷ്യരെല്ലാം ആത്മബോധത്തിലേക്കുയരാന്‍ അധികാരികളാണ്. സകല ജീവജാലങ്ങളിലും കുടികൊള്ളുന്ന ചൈതന്യം ഏകമാണ്. അദ്വിതീയമാണെന്ന് വിശേഷമായി അറിയുന്ന ധീരന്‍മാര്‍ ഈ ലോകത്തിന്റെ കെട്ടുപാടുകളില്‍നിന്നെല്ലാം മുക്തരാവുന്നു. ഈ ആത്മബ്രഹ്‌മൈക്യത്തിലേക്കുയര്‍ന്ന് ജീവിതം ധന്യമാക്കാനാണ് കേനോപനിഷത്ത് ആവര്‍ത്തിച്ച് ഉദ്‌ബോധിപ്പിക്കുന്നത്.
No comments:
Post a Comment