Thursday, November 23, 2017

ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു. ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ് കൊടിയേറുന്നത്. അവസാനദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. അങ്കുരാദി, ധ്വജാദി, പടഹാദി എന്നീ മുറകളിൽ അങ്കുരാദിമുറയാണ് ഗുരുവായൂരിൽ പാലിച്ചുപോകുന്നത്. ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകൾ നടത്തപ്പെടുന്നു.
ഒന്നാം ദിവസം ആനയില്ലാതെ ശീവേലി നടത്തുന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് ആനയോട്ടം നടക്കുന്നു. വൈകീട്ട് ആചാര്യവരണ്യവും കൊടിപൂജയും പിന്നീട് കൊടിയേറ്റവും നടക്കുന്നു. ചടങ്ങുകൾ നടത്തുന്നതിന് തന്ത്രിയ്ക്ക് ക്ഷേത്രം ഊരാളൻ കൂറയും പവിത്രവും നൽകുന്നതാണ് ആചാര്യവരണ്യം. അന്നത്തെ വിളക്കിന് കൊടിപ്പുറത്ത് വിളക്ക് എന്നു പറയുന്നു. ഉത്സവത്തിന് “മുളയിടൽ” ചടങ്ങുണ്ട്. നവധാന്യങ്ങൾ വെള്ളിക്കുംഭങ്ങളിൽ തന്ത്രി വിതയ്ക്കുന്നു. ഇവ മുളയറയിൽ (വാതിൽമാടം) സൂക്ഷിയ്ക്കുന്നു. പള്ളിവേട്ടകഴിഞ്ഞ് ഭഗവാൻ ഉറങ്ങുന്നത് ഈ മുളച്ച ധാന്യങ്ങൾക്കിടയിലാണ്. രണ്ടാം ദിവസം ക്ഷേത്രത്തിൽ ദിക്കുകൊടിയും കൂറയും സ്ഥാപിക്കുന്നു. ഉത്സവകലത്ത്എല്ലാ ദിവസവും കാലത്ത് പന്തീരടിപൂജയ്ക്ക് ശേഷം 11 മണിയ്ക്ക് നാലമ്പലത്തിനകത്ത് ശ്രീഭൂതബലി ദർശനവും രാത്രി അത്താഴപ്പൂജയ്ക്ക് ശേഷം അമ്പലത്തിന്റെ വടക്കുഭാഗത്ത് സ്വർണ്ണം കൊണ്ടുണ്ടാക്കിയ പഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചുവെയ്ക്കലുമുണ്ട്. എട്ടാം ദിവസം മുപ്പത്തിമുക്കോടി ദേവഗണങ്ങൾക്കും ഭഗവാനെ സാക്ഷിനിർത്തി പാണികൊട്ടിപൂജയോടുകൂടി ബലിയിടുന്നു. ഉത്സവകാലത്തെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നാണിത്. ആ ദിവസം എട്ടാം വിളക്ക് എന്ന് അറിയപ്പെടുന്നു. ആ ദിവസം ഗുരുവായൂരിലെ ഒരു ജീവിയും പട്ടിണികിടക്കരുത് എന്നാണ് വിശ്വാസം. ഒൻപതാം ദിവസം പള്ളിവേട്ട . അന്ന് ഭഗവാൻ ദീപാരാധനയ്ക്ക് ശേഷം നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു. ഭക്തർ നിറപറയും വിളക്കുമായി ഭഗവാനെ എതിരേൽക്കുന്നു. നഗരപ്രദക്ഷിണശേഷമാണ് പള്ളിവേട്ട. ക്ഷേത്രത്തിലെ കഴകക്കാരനായ പിഷാരടി പന്നിമാനുഷങ്ങളുണ്ടോ? എന്നു ചോദിയ്ക്കുന്നതോടെ പള്ളിവേട്ട തുടങ്ങും. ഭക്തർ നാനാജാതി മൃഗങ്ങളുടെ (പ്രത്യേകിച്ച് പന്നിയുടെ) വേഷമണിഞ്ഞ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് 9 പ്രദക്ഷിണം നടത്തുന്നു. 9ആം പ്രദക്ഷിണത്തിൽ പന്നിയെ ഭഗവാൻ കീഴടക്കുന്നു. പത്താം ദിവസം ആറാട്ട്. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റേദിവസം 6 മണിക്ക് ഉണരുന്നു. ഉഷപൂജ, ഒഴികെയുള്ള ചടങ്ങുകൾ ആ ദിവസം നടത്താറുണ്ട്. അന്ന് ഉത്സവവിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. നഗരപ്രദക്ഷിണം രുദ്രതീർത്ഥകുളത്തിന്റെ വടക്കുഭാഗത്തെത്തുമ്പോൾ സകലവാദ്യങ്ങളും നിറുത്തി അപമൃത്യുവടഞ്ഞ കണ്ടിയൂർ പട്ടത്തെ ന‌മ്പീശന്റെ ഓർമ്മ പുതുക്കുന്നു. പണ്ടൊരു ആറാട്ടുനാളിൽ ആറാട്ടെഴുന്നള്ളിപ്പിനിടയിലാണ് ശ്രീഗുരുവായൂരപ്പന്റെ പരമഭക്തനായിരുന്ന കണ്ടിയൂർ പട്ടത്തെ ന‌മ്പീശൻ കൊല്ലപ്പെട്ടത്. നമ്പീശന്റെ അനന്തരാവകാശികൾ വന്ന് സങ്കടമില്ലെന്ന് അറിയിച്ചതിനുശേഷം എഴുന്നെള്ളിപ്പ് തുടരും. അതിനുശേഷം തിടമ്പ് ഭഗവതിയമ്പലത്തിലൂടെ ആറാട്ടുകടവിൽ എത്തിയ്ക്കും. ഇരിങ്ങപ്പുറത്തെ തമ്പുരാൻപടിയ്ക്കൽ കിട്ടയുടെ അനന്തരാവകാശികളും ഭക്തജനങ്ങളും ഇളനീർ കൊണ്ടുവന്നിട്ടുണ്ടാവും. തന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ തീർത്ഥങ്ങളേയും രുദ്രതീത്ഥത്തിലേക്ക് ആവാഹിയ്ക്കും. ആറാട്ടു തിടമ്പിൽ മഞ്ഞളും ഇളനീരുംകൊണ്ട് അഭിഷേകം നടത്തുന്നു. അതിനുശേഷം രുദ്രതീർത്ഥകുളത്തിൽ ഭഗവാന്റെ വിഗ്രഹവുമായി മൂന്നുപ്രാവശ്യം തന്ത്രിയും മേൽശാന്തിയും ഓതിക്കന്മാരും കീഴ്ശാന്തിക്കാരും മുങ്ങുന്നു. ഭഗവാന്റെ ആറാട്ടോടെ പരിപാവനമായ തീത്ഥത്തിൽ ഭക്തജനങ്ങൾ ആറാടുന്നു. ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ ഉച്ചപ്പൂജ. ആറാട്ടുദിവസം മാത്രമേ ഭഗവാന് ശ്രീലകത്തിനു പുറത്ത് ഉച്ചപ്പൂജ പതിവുള്ളു. അന്ന് രാത്രി 11 മണിയോടെയാണ് ഉച്ചപ്പൂജ. അതിനുശേഷം കിഴക്കേ ഗോപുരത്തിലൂടെ അകത്തു പ്രവേശിച്ച്, 11 വട്ടം ഓട്ടപ്രദക്ഷിണം നടത്തി അവസാനം കൊടിയിറക്കുന്നു.
കലശം തുടങ്ങിയാൽ ഉൽസവം കഴിയുന്നതു വരെ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ അമ്പലത്തിൽ പ്രവേശിപ്പിയ്ക്കുകയില്ല.ഉത്സവത്തിന് വെടിക്കെട്ടില്ല എന്നത് ഇവിടത്തെ ഒരു പ്രത്യേകതയാണ്. കുട്ടികളുടെ ഇഷ്ടത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന ദേവനാണ് ഗുരുവായൂരപ്പനെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ കുട്ടികൾക്ക് ഭയപ്പാടുണ്ടാക്കുന്ന യാതൊന്നും ക്ഷേത്രപരിസരത്ത് പാടില്ല. എന്നാൽ ഈയടുത്ത കാലത്ത് ശബ്ദം കുറഞ്ഞ ചൈനീസ് പടക്കങ്ങൾ കൊടിയേറ്റത്തിനും ആറാട്ടെഴുന്നള്ളിപ്പിനും മറ്റും ഉപയോഗിക്കാറുണ്ട്.
ആനയോട്ടം
ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് കൊടുങ്ങല്ലൂരിനടുത്തുള്ള തൃക്കണാമതിലകം ശിവക്ഷേത്രത്തിൽ നിന്നായിരുന്നു ആനകളെ ഉത്സവത്തിനായി കൊണ്ടുവന്നിരുന്നത്. ഒരു വർഷം എന്തോ കാരണങ്ങളാൽ ആനകളെ അയക്കില്ല എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. എന്നാൽ കൊടിയേറ്റദിവസം ഉച്ചതിരിഞ്ഞ് 3 മണിയോടെ ഒരു കൂട്ടം ആനകൾ തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്നു ഗുരുവായൂരിലേyക്ക് ഓടി വന്നു എന്ന് ഐതിഹ്യം. അതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിലെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം കൊടിമരം തൊടുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. ആ ആനയെ ആയിരിക്കും 10 ദിവസവും എഴുന്നള്ളിപ്പിനായി ഉപയോഗിക്കുക.
ഇല്ലം നിറ
പുതിയ കതിർകറ്റകൾ അഴീyക്കൽ മനയം കുടുംബക്കാർ ക്ഷേത്ര മതിൽക്കെട്ടിനു പുറത്തെത്തിയ്ക്കും. അന്നത്തെ ശാന്തിയേറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ശംഖനാദവും ചെണ്ടയുമായി അമ്പലം പ്രദക്ഷിണം ചെയ്ത് നമസ്കാരമണ്ഡപത്തിൽ വെയ്ക്കുന്നു. മേൽശാന്തി പൂജിച്ചശേഷം നെൽക്കതിരുകൾ ശ്രീകോവിലുകളിലും തിടപ്പള്ളിയിലും വയ്ക്കുന്നു. തുടർന്ന് ബാക്കി ഭക്തർക്ക് വിതരണം ചെയ്യുന്നു.
പുത്തരി നിവേദ്യം
പുതിയതായി കൊയ്ത നെല്ലിനെ അരിയാക്കി, അതുകൊണ്ട് നിവേദ്യങ്ങൾ ഉണ്ടാക്കി, നല്ല മുഹൂർത്തത്തിൽ ഭഗവാന് നിവേദിക്കുന്നതാണിത്. മണിക്കിണറിനരികിൽ ഗണപതിയ്ക്ക് പുതിയ അരി നിവേദിച്ചതിനു ശേഷം അരിഅളക്കലുണ്ടാകും. ആ അരികൊണ്ട് ഇടിച്ചുപിഴിഞ്ഞ പായസമുണ്ടാക്കി ഉച്ചപൂജയ്ക്ക് ഭഗവാന് നിവേദിയ്ക്കും. അന്ന് പതിവു വിഭവങ്ങൾക്ക് പുറമെ അപ്പം, പഴം നുറുക്ക്, ഉപ്പുമാങ്ങ, ഇലക്കറികൾ എന്നിവയുമുണ്ടാകും. അന്നു മാത്രമെ ഉച്ചപൂജയ്ക്ക് അപ്പം നിവേദിക്കുകയുള്ളു.
ഗുരുവായൂർ ഏകാദശി
വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശി – അന്നാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനാചരണം നടത്തുന്നത് (കുംഭമാസത്തിലെ പൂയം നാളിൽ തുടങ്ങി അനിഴം നാളിൽ കഴിയുന്ന വിധത്തിലാണ് പ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു. ഈ പത്ത് ദിവസങ്ങളിലാണ് ക്ഷേത്രോത്സവം). കൂടാതെ, ഭഗവാൻ കുരുക്ഷേത്ര ഭൂമിയിൽ വെച്ച്‌ അർജ്ജുനന്‌ ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന്‌ ഉണ്ട്. അതിനാൽ ഈ ദിവസം ഗീതാദിനമായും ആഘോഷിക്കുന്നു. ഏകാദശി ദിനത്തിൽ ഭഗവാനെ ദർശിക്കുവാനും പ്രസാദ ഊട്ടിനുമായി ഗുരുവായൂരിൽ ഭക്തലക്ഷങ്ങളാണ്‌ എത്തുക. ഏകാദശി ദിവസം ഭക്തർക്ക് അരിഭക്ഷണമില്ല; എന്നാൽ ഭഗവാന് സധാരണ പോലെയാണ്.
വലിയ ആഘോഷ പരിപാടികളാണ്‌ ഗുരുവായൂരിൽ ഒരുക്കുന്നത്‌. ഗോതമ്പുചോറും പായസവും അടങ്ങുന്ന ഏകാദശി പ്രസാദം രാവിലെ മുതൽ വിതരണം അന്നത്തെ പ്രത്യേകതയാണ്. നാമജപഘോഷയാത്രയും രഥഘോഷയാത്രയുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ആയിരക്കണക്കിനു നെയ്‌ വിളക്കാണ്‌ ഇന്നു തെളിയുക. രാത്രി വിളക്കെഴുന്നള്ളിപ്പാണ്‌ മറ്റൊരു ചടങ്ങ്‌. നാലാം പ്രദക്ഷിണത്തിൽ ഭഗവാൻ എഴുന്നള്ളും. ഭഗവാന്റെ സ്വർണ്ണക്കോലം പുന്നത്തൂർ കോട്ടയിലെ പ്രധാന കരിവീരനു സ്വന്തം. പണ്ടുകാലത്ത് ഇത് ഗുരുവായൂർ കേശവന്നവകാശപ്പെട്ടതായിരുന്നു. 1976-ലെ ഏകാദശിദിവസമാണ് (ഡിസംബർ 2) കേശവൻ ചരിഞ്ഞതും എന്നത് മറ്റൊരു അത്ഭുതം. പിറ്റേന്ന് പുലർച്ചയോടെ കൂത്തമ്പലത്തിൽ ദ്വാദശിപ്പണസമർപ്പണം ആരംഭിയ്ക്കും. അന്ന് രാവിലെ വരെ അത് തുടരും. പിന്നീട് നടയടച്ചു കഴിഞ്ഞാൽ പിന്നെ വൈകുന്നേരമേ തുറക്കാള്ളൂ. ഈ സമയത്ത് വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയവ നടത്താറില്ല.
ഏകാദശിയ്ക്ക് മുന്നോടിയായി ഒരുമാസം വിളക്കു് ഉണ്ടായിരിക്കും. ഏകാദശിയ്ക്ക് ഉദയാസ്തമനപൂജയും വിളക്കും ഗുരുവായൂർ ദേവസ്വത്തിന്റേതാണ്. അഷ്ടമിയ്ക്ക് പുളിക്കീഴേ വാരിയകുടുംബവും നവമി നെയ്വിളക്ക് കൊളാടി കുടുംബവും ദശമിയ്ക്ക് ഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റും വിളക്ക് നടത്തും.
ദ്വാദശിപ്പണം വെയ്ക്കൽ
ഏകാദശി കഴിഞ്ഞ് ദ്വാദശി ദിവസം കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങാണിത്. ശുകപുരം, പെരുവനം, ഇരിഞ്ഞാലക്കുട ഗ്രാമങ്ങളിലെ അഗ്നിഹോത്രികളായ ബ്രാഹ്മണർക്ക് ഭക്തർ പണക്കിഴികൾ സമർപ്പിയ്ക്കുന്നതാണ് ഈ ചടങ്ങ്. ഗുരുവായൂരപ്പൻ തന്നെ ഈ ചടങ്ങിലെ ആദ്യത്തെ പണക്കിഴി സമർപ്പിയ്ക്കുന്നതായി വിശ്വസിച്ചുവരുന്നു. അതിനാൽ ആദ്യത്തെ പണക്കിഴി ഭഗവദ്പ്രതിനിധിയായി മേൽശാന്തി തന്നെയാണ് സമർപ്പിയ്ക്കുന്നത്. തുടർന്ന് ഭക്തർ ഓരോരുത്തരായി പണക്കിഴികളുമായി വരിനിൽക്കുകയും തങ്ങളാലാകുന്ന തുക സമർപ്പിയ്ക്കുകയും ചെയ്യുന്നു. രാവിലെ നടയടയ്ക്കുന്നതുവരെ സമർപ്പണം തുടരുന്നു. അന്ന് കാലത്ത് 9.00 ന് നടയടച്ചാൽ 3.30 നെ തുറക്കുകയുള്ളു.
മണ്ഡലപൂജ/വിശേഷാൽ കളഭാഭിഷേകം
വൃശ്ചികം ഒന്നിനാണ് മണ്ഡലകാലം ആരംഭിക്കുന്നത്. ഈ ദിവസങ്ങളിൽ പഞ്ചഗവ്യ അഭിഷേകം ഗുരുവായൂരപ്പനു നടത്തപ്പെടുന്നു. മൂന്നു നേരം കാഴ്ചശീവേലി ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്. മണ്ഡലകാലത്തിന്റെ അവസാന ദിവസം ഗുരുവായൂരപ്പന് കളഭം ആടുന്നു (അഭിഷേകം നടത്തുന്നു) . ഏകാദശി, നാരായണീയദിനം, മേല്പത്തൂർ പ്രതിമാസ്ഥാപനം ഇവ മണ്ഡലകാലത്തുള്ള വിശേഷദിവസങ്ങളിൽ പെടുന്നു. ശബരിമലയ്ക്കുപോകുന്ന നിരവധി തീർത്ഥാടകർ മണ്ഡലകാലത്ത് ഗുരുവായൂരിലെത്താറുണ്ട്. അവർക്ക് ദേവസ്വം പ്രത്യേകസൗകര്യങ്ങളൊരുക്കാറുണ്ട്.
അഷ്ടമിരോഹിണി
ചിങ്ങമാസത്തിൽ കറുത്തപക്ഷത്തിലെ അഷ്ടമിയും രോഹിണി നക്ഷത്രവും കൂടിയ ദിവസമാണ് ശ്രീകൃഷ്ണാവതാരസുദിനമായ അഷ്ടമിരോഹിണി. ഭഗവാന്റെ ജന്മദിനം വളരെ വിപുലമായി ഗുരുവായൂർ ദേവസ്വം ആഘോഷിക്കുന്നു. ഭഗവാന്റെ പ്രിയപ്പെട്ട അപ്പം വഴിപാട് ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശീട്ടാക്കാറുണ്ട്.
ഗുരുവായൂർ ദേവസ്വം നടത്തുന്ന ഭാഗവതസപ്താഹയജ്ഞത്തിലെ ശ്രീകൃഷ്ണാവതാരപാരായണം ഈ ദിവസമാണ്. അന്നത്തെ പ്രസാദഊട്ടിന് പിറന്നാൾ സദ്യയാണ് നൽകുന്നത്. ഇപ്പോൾ ദേവസ്വം വക ശോഭായാത്ര, ഉറിയടി മത്സരം തുടങ്ങിയവയും നടന്നുവരുന്നുണ്ട്. കുട്ടികൾ ഉണ്ണിക്കണ്ണന്റെയും രാധയുടെയും വേഷം കെട്ടി നഗരപ്രദക്ഷിണം നടത്തുന്ന കാഴ്ച കണ്ണിന് കൗതുകമുണർത്തുന്നു.
നാരായണീയദിനം
മേല്പത്തൂർ നാരായണഭട്ടതിരിപ്പാട് നാരായണീയം എഴുതി തീർന്ന ദിവസമായ വൃശ്ചികത്തിലെ 28-ആം ദിവസമാണ് നാരായണീയദിനമായി ആഘോഷിക്കുന്നത്. കടുത്ത വാതരോഗം മൂലം ഭജനമിരുന്ന മേല്പത്തൂരിന് ഗുരുവായൂരപ്പന്റെ ദർശനം കിട്ടിയതും ഈ ദിവസം തന്നെ. തുടർന്ന് വാതരോഗവിമുക്തനായ അദ്ദേഹം 86 വയസ്സുവരെ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇത് പ്രമാണിച്ച് ഏഴുദിവസം നാരായണീയ സപ്താഹമുണ്ടാകാറുണ്ട്.
പൂന്താനദിനം
കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനദിനം ആഘോഷിക്കുന്നത്. ജ്ഞാനപ്പാനയിലെ ‘കുംഭമാസത്തിലാകുന്നു നമ്മുടെ ജന്മനക്ഷത്രം അശ്വതിനാളെന്നും’ എന്ന വരികളാണ് മേല്പറഞ്ഞ ആഘോഷത്തിനു കാരണം. ഗുരുവായൂർ ദേവസ്വം ഈ ദിവസത്തോടനുബന്ധിച്ച് ജ്ഞാനപ്പാന പുരസ്കാരം നൽകിവരുന്നുണ്ട്. മലപ്പുറം കീഴാറ്റൂരിലെ പൂന്താനം ഇല്ലവളപ്പിലും അന്ന് ആഘോഷങ്ങളുണ്ട്.
കൃഷ്ണഗീതിദിനം
ക്ഷേത്രത്തിലെ പ്രസിദ്ധ കലാരൂപമായ കൃഷ്ണനാട്ടം അവലംബിക്കുന്ന ‘കൃഷ്ണഗീതി’ എന്ന കൃതി സാമൂതിരി മാനവേദരാജ എഴുതി ഗുരുവായൂരപ്പന് സമർപ്പിച്ചത് ഒരു തുലാം 30-നാണ്. അതിന്റെ ഓർമ്മയ്ക്കായി 1985 മുതൽ എല്ലാ വർഷവും തുലാം 30 കൃഷ്ണഗീതിദിനമായി ആചരിച്ചുവരുന്നു.
കുചേലദിനം
ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച കുചേലദിനമായി ആഘോഷിക്കപെടുന്നു. ദാരിദ്ര്യത്താൽ ഉഴഞ്ഞ കുചേലൻ ഒരു പിടി അവിലുമായി ശ്രീകൃഷ്ണനെ ദ്വാരകയിൽ കാണാൻ വന്നതിന്റെ ഓർമ്മയ്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ ദിവസം അനേകായിരം ഭക്തന്മാർ തങ്ങളുടെ ദാരിദ്രനിർമ്മാർജ്ജനത്തിനായി അവിലുമായി ഗുരുവായൂരപ്പനെ ദർശ്ശിക്കാനെത്തുന്നു.
അക്ഷയതൃതീയ
വൈശാഖത്തിലെ വെളുത്ത തൃതീയദിനം ആഘോഷിക്കപ്പെടുന്നു. ഈ ദിവസം “ബലരാമജയന്തി“ എന്നു അറിയപ്പെടുന്നു. കൂടാതെ ഗുരുവായൂരമ്പലത്തിന്റെ കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും അതിഗംഭീരമായി ആഘോഷിക്കുന്നു.
മേടവിഷു
വിഷുദിനത്തിൽ ഭഗവാനെ കണികാണാൻ ആയിരങ്ങൾ എത്തുന്നു. എല്ലാദിവസവും മൂന്നു മണിക്കു തുറക്കുന്ന ഗുരുവായൂർ ക്ഷേത്രം വിഷുദിനത്തിൽ രണ്ടരയ്ക്ക് തുറക്കും. അതിനു മുമ്പായി മേൽശാന്തിയും കീഴ്ശാന്തിക്കാരും മറ്റും രുദ്രതീർത്ഥത്തിൽ കുളിച്ച് വന്ന് കണിയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങും.
ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ അഞ്ചുവെള്ളിക്കവര വിളക്കുകൾ കത്തുന്നതിന്റെ തെക്കുവശത്തായിട്ടാണ് കണി ഒരുക്കുന്നത്. സ്വർണ്ണസിംഹാസനത്തിൽ ആനത്തലേക്കെട്ടുവച്ച് അതിന്മേലാണ് സ്വർണ്ണത്തിടമ്പ് എഴുന്നെള്ളിച്ചു വയ്ക്കുന്നു. അതിനു മുന്നിലായി ഒരു ഉരുളിയിളാണ് കണി ഒരുക്കുന്നത്. ഉറുളിയിൽ അക്ഷതം (ഉണങ്ങല്ലരിയും നെല്ലും) നിരത്തി, അതിനുമുകളിൽ അലക്കിയ മുണ്ട്, ഗ്രന്ഥം, വാൽക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, ചക്ക, മാങ്ങ, നാളികേരം, ഉടച്ച രണ്ടു മുറി നാളികേരത്തിൽ നെയ് നിറച്ച് തിരിയിട്ട് കത്തിച്ചു വെച്ചത് എന്നിവയാണ് കണിക്കോപ്പുകൾ.
കണി സമയത്തിനു മുമ്പ് മേൽശാന്തിയും കൂട്ടരും ശ്രീലകത്ത് പ്രവേശിച്ച് നെയ്വിളക്കുകളെല്ലാം കത്തിച്ചുവെയ്ക്കും. സോപാനത്തും അഞ്ചു തിരിയിട്ട വിളക്ക് കത്തിച്ചുവെച്ചിട്ടുണ്ടാവും. മേൽശാന്തി ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ച ശേഷം രണ്ടരയ്ക്കു തന്നെ ശ്രീകോവിലിന്റെ നട ഭക്തർക്ക് കണികാണാനായി തുറന്നുകൊടുക്കും. കണ്ണടച്ചും കണ്ണുകെട്ടിയും നിൽക്കുന്ന ഭക്തർ ശ്രീകോവിലിനു മുന്നിലെത്തി കണ്ണുതുറന്ന് കണികണ്ട് കാണിക്കയർപ്പിക്കും. നാലമ്പലത്തിനകത്ത് പ്രദക്ഷിണം വച്ച്, ഗണപതിയെ വണങ്ങി, ആദ്യമെത്തുന്ന കുറച്ചുപേർക്ക് മേൽശാന്തിയിൽ നിന്ന് കൈനീട്ടം കിട്ടും. നാലമ്പലത്തിനകത്തുനിന്നും പുറത്തുകടന്ന് ഭഗവതിയേയും അയ്യപ്പനേയും തൊഴുത് പ്രദക്ഷിണമായി പുറത്തുകടന്നാൽ കണിദർശനം മുഴുവനാകും.
ചെമ്പൈ സംഗീതോത്സവം
സംഗീതസാമ്രാട്ട് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂർ ദേവസ്വം എല്ലാ വർഷവും നടത്തുന്ന സംഗീതസദസ്സാണ്‌ ഇത്. ഏകാദശിയോട് അനുബന്ധിച്ച് പതിനഞ്ച് ദിവസങ്ങളിലായി ഈ ഉത്സവം നടത്തപ്പെടുന്നു. ക്ഷേത്രത്തിനു പുറത്ത് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സംഗീതമണ്ഡപമാണ്‌ ഇതിന്റെ വേദി. പ്രശസ്ത സംഗീത വിദ്വാന്മാരും സംഗീത വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുന്നു. ഇതിൽ പഞ്ചരത്ന കീർത്തനാലാപനമാണ് ഏറ്റവും പ്രധാനം. ഏകാദശി ദിവസം രാത്രി ശ്രീരാഗത്തിലുള്ള “കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ” എന്ന സങ്കീർത്തനത്തോടെ സംഗീതോത്സവം സമാപിക്കുന്നു.
വൈശാഖം
മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ “വൈശാഖ പുണ്യകാലം” ആരംഭിക്കുന്നു. ഈ സമയത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ വമ്പിച്ച ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു. വൈശാഖ കാലം മുഴുവൻ ക്ഷേത്രം ഊട്ടുപുരയിൽ വച്ച് “ഭാഗവത സപ്താഹപാരായണം” നടത്തപ്പെടുന്നു. വൈശാഖത്തിലെ വെളുത്തപക്ഷത്തിലെ തൃതീയ (അക്ഷയതൃതീയ) ‘ബലരാമ ജയന്തി’ എന്ന പേരിൽ ആചരിക്കപ്പെടുന്നു. നരസിംഹ ജയന്തി വരുന്നതും ഈ മാസത്തിൽ തന്നെയാണ്.
അക്ഷരശ്ലോകമത്സരം
ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു അക്ഷരശ്ലോക മത്സരം നടത്താറുണ്ട്‌. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകൾ ഇതിൽ പങ്കെടുക്കാൻ വരാറുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കുന്നവർക്ക് സ്വർണപ്പതക്കങ്ങൾ സമ്മാനിക്കും.
ഗീതാദിനം
ഏകാദശി ദിവസം ഗീതാദിനമായി ആഘോഷിക്കുന്നു. രാവിലെ ഏഴു മണിമുതൽ കൂത്തമ്പലത്തിൽ ഗീത പാരായണം നടത്താറുണ്ട്‌.
ശ്രീമദ്ഭാഗവതസപ്താഹം
ശ്രീമദ് ഭാഗവതം ഏഴു ദിവസകൊണ്ട് പാരായണം ചെയ്തു വിശദീകരിക്കുന്ന യജ്ഞമാണ് ഭഗവത സപ്താഹം. 1159ൽ ഊട്ടുപുരയിലാണ് ഗുരുവായൂരിലെ ആദ്യത്തെ സപ്താഹം തുടങ്ങിയത്.പിന്നീട് എല്ലാ വർഷവും ക്ഷേത്രത്തിൽ സപ്താഹം നടത്തുന്നുണ്ട്. അഷ്ടമിരോഹിണി ദിവസം ശ്രീകൃഷ്ണാവതാരം വരുന്ന വിധത്തിലാണ് സപ്താഹം.
ശ്രീമന്നാരായണീയ സപ്താഹം
നാരായണീയദിനത്തോടനുബന്ധിച്ചാണ് ക്ഷേത്രത്തിൽ നാരായണീയ സപ്താഹം നടത്തുന്നത്. നാരായണീയ ദിനത്തിന് ഏഴു ദിവസം മുൻപ് തുടങ്ങി നാരായണീയ ദിനത്തിന്റെ അന്ന് വൈകുന്നേരത്തോടെ അവസാനിക്കുന്നു. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലാണ് നാരായണീയ സപ്താഹം നടക്കാറ്.
സംക്രമസന്ധ്യ
എല്ലാ മാസാവസാനവും (സംക്രമ ദിവസം) അത്താഴപ്പൂജക്ക്‌ ശേഷം പ്രഭാഷങ്ങളും സാംസ്കാരിക പരിപാടികളും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടത്താറുണ്ട്‌.
ഉപദേവതകളുടെ കലശം
മിഥുനമാസത്തിൽ ക്ഷേത്രത്തിൽ ഉപദേവതകളായ ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവർക്ക് കലശാഭിഷേകം നടത്തുന്നു. കുംഭമാസത്തിലെ ഉത്സവത്തിന് ഉപദേവതകൾക്ക് കലശമില്ലാത്തതിനാൽ അതിന് പകരമാണ് മിഥുനമാസത്തിൽ കലശം. ഉത്സവക്കാലത്തെ കലശത്തോടനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകളും ഇതിനും നടത്തിവരുന്നുണ്ട്. ആദ്യദിവസം അയ്യപ്പന്നും അടുത്ത ദിവസം ഗണപതിയ്ക്കും അവസാനദിവസം ഭഗവതിയ്ക്കും കലശമാടും. 108 വീതം കലശമാണ് പതിവ്.
bhaktapriya

No comments:

Post a Comment