Tuesday, November 28, 2017

ശ്രീ ലളിതാ സഹസ്രനാമം
🌺🌺🌺🌺🌺🌺🌺🌺
ദിവസം 3
🌺🌺🌺

27)നിജസല്ലാപമാധുര്യവിനിർഭത്സിതകച്ഛപീ = തന്റെ സല്ലാപമാധുര്യത്താൽ സരസ്വതീദേവിയുടെ കരങ്ങളിലുള്ള കച്ഛപീ എന്ന വീണയിൽ നിന്നുണരുന്ന നാദത്തെ പോലും ലജ്ജിപ്പിക്കുന്നവൾ

28)മന്ദസ്മിതപ്രഭാപൂരമജ്ജത്കാമേശമാനസ = പുഞ്ചിരിയുടെ പ്രഭാപൂരത്തിൽ മുഴുകുന്ന  കാമേശ്വരനായ ശ്രീപരമേശ്വരന്റെ മനസ്സോട് കൂടിയവൾ

29)അനാകലിതസാദൃശ്യചുബുകശ്രീവിരാജിതാ = തുല്യമെന്ന് മറ്റൊന്നുമായി ബന്ധപ്പെടുത്താൻ കഴിയാത്ത താടിയുടെ സൗന്ദര്യത്താൽ വിരാജിക്കുന്നവൾ

30)കാമേശബദ്ധമാംഗല്യസൂത്രശോഭിതകന്ധരാ = പരമശിവനാൽ കെട്ടപ്പെട്ട മംഗല്യസൂത്രം കൊണ്ട് ശോഭിക്കുന്ന കഴുത്തോട് കൂടിയവൾ

31)കനകാംഗദകേയൂരകമനീയഭുജാന്വിതാ = സ്വർണ്ണം കൊണ്ടുള്ള അംഗദം, കേയൂരം എന്നീ ആഭരണങ്ങൾ അണിഞ്ഞ കമനീയമായ കൈകളോട് കൂടിയവൾ

32)രത്നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതാ = രത്നങ്ങൾ കൊണ്ട് നിർമ്മിച്ച കണ്ഠാഭരണങ്ങളോടും, പതക്കത്തോടും  ഇളകിക്കൊണ്ടിരിക്കുന്ന മുത്തുമാലകളോടും കൂടിയവൾ

33)കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ = കാമേശ്വരന്റെ പ്രേമമാകുന്ന രത്നത്തിന് പ്രതിഫലമെന്നോണം നൽകിയ സ്തനങ്ങളോട് കൂടിയ ദേവി

34)നാഭ്യാലവാലരോമാളീലതാഫലകുചദ്വയീ = പൊക്കിൾക്കുഴി ആകുന്ന തടത്തിൽ നിന്നുണ്ടായ രോമാവലിയാകുന്ന ലതയുടെ ഫലങ്ങൾ പോലെ വിളങ്ങുന്ന സ്തനങ്ങളോട് കൂടിയവൾ

35)ലക്ഷ്യരോമലതാധാരതാസമുന്നേയമദ്ധ്യമാ = ലത പോലെ കാണപ്പെടുന്ന രോമാവലിയാൽ ഊഹിക്കപ്പെടേണ്ട അരക്കെട്ടോട് കൂടിയ ദേവി

36)സ്തനഭാരദളന്മദ്ധ്യപട്ടബന്ധവലിത്രയാ = സ്തനങ്ങളുടെ ഭാരം കൊണ്ട് മുറിഞ്ഞു പോകുന്ന അരക്കെട്ടിന് സ്വർണ്ണം കൊണ്ടുള്ള പട്ടകളാണോ എന്നു സംശയിക്കത്തക്ക മൂന്നു ഞൊറികളോട് കൂടിയവൾ

37)അരുണാരുണകൗസുംഭവസ്ത്രഭാസ്വത്കടീതടീ = ചുവന്ന വസ്ത്രത്താൽ ശോഭിക്കുന്ന അരക്കെട്ടോട് കൂടിയ ദേവി

38)രത്നകിങ്കിണികാരമ്യരശനാദാമഭൂഷിതാ = രത്നം പതിപ്പിച്ച കിങ്ങിണികളുള്ള മനോഹരമായ അരഞ്ഞാൺ ചരടിനാൽ അലങ്കരിക്കപ്പെട്ടവൾ

39)കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാ = പരമേശ്വരനാൽ മാത്രം അറിയപ്പെട്ട സൗന്ദര്യവും മൃദുത്വവും ഉള്ള രണ്ട് തുടകളോട് കൂടിയവൾ

40)മാണിക്യമകുടാകാരജാനുദ്വയവിരാജിതാ = മാണിക്യം കൊണ്ട് നിർമ്മിച്ച കിരീടത്തിന്റെ ആകൃതിയിലുള്ള രണ്ട് കാൽമുട്ടുകളോട് കൂടിയവൾ

No comments:

Post a Comment