Monday, November 20, 2017

ജനങ്ങള്‍ ഭിന്നപ്രകൃതിക്കാരാണ്. ഇവരെ നിന്ദിയ്ക്കയോ സ്തുതിയ്ക്ക യോ ചെയ്യാറില്ലത്രെ. എല്ലാവര്‍ക്കും നന്മയുണ്ടാകട്ടെ, ആത്മൈക്യം സിദ്ധിക്കട്ടെ, എന്നു നേരുകമാത്രമാണ് വിജ്ഞന്മാര്‍ പതിവ്.
വ്യത്യസ്തരുചിക്കാര്‍ക്കിടയില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ സഹജമാണല്ലോ; എന്നാല്‍ തത്ത്വജ്ഞന്‍ ആരുടേയുംപക്ഷം കൈക്കൊള്ളാറില്ല, മനസ്സിനെ ഉഭയാതീതമാക്കി നിറുത്തുകയാണ് എപ്പോഴും. എന്തുകാര്യത്തിലും ആത്യന്തികനന്മ ഉറപ്പുവരുന്നതും ഈ ദ്വന്ദ്വാതീതതയില്‍നിന്നുതന്നെ.
പ്രഹ്ലാദചക്രവര്‍ത്തിക്ക് അദ്ഭുതവും ആഹ്ലാദവും തോന്നിക്കാണും!
ലോകപ്പതിപ്പുകളാല്‍ സമനിലയും ആത്മമഹിമയും വിട്ട,് സാധാരണക്കാര്‍ അതിരുകവിഞ്ഞു ബാഹ്യലാഭങ്ങളെച്ചൊല്ലി മത്സരിച്ച്, വീഴ്ചയും താഴ്ച യും നാശവും പിണച്ചുകൊണ്ടിരിയ്ക്കയാണ്. ഇത്തരം ദുര്‍വിധികളെ വിവേക വൈരാഗ്യബലത്താല്‍ കാലേക്കൂട്ടിത്തന്നെ ഒഴിവാക്കി ആത്മദൃഷ്ടിയോടും ആത്മാരമണത്തോടുംകൂടി കഴിയുന്ന മഹാത്മാക്കളുമുണ്ട്.
അവരുടെ ജീവിതചര്യയും പല പ്രകാരത്തിലാണ്. ആത്മവൈഭവം ശാസ്‌ത്രോചിതവും യുക്തിസഹവുമായി ജിജ്ഞാസുകള്‍ക്ക് അവതരിപ്പിച്ചുകൊടുക്കുന്നവരാണ് ഒരു വിഭാഗം. ആശ്ചര്യവത് എന്നാണ് ഇവരെക്കുറിച്ചു ഭഗവദ്ഗീത പറയുന്നത്. ബ്രഹ്മവിദ്യയെ കാത്തുസൂക്ഷിച്ചു തലമുറകളായി പകര്‍ ന്നുകൊടുത്തുവരുന്ന അപൂര്‍വമഹിമാക്കളാണവര്‍.
അത്രതന്നെ അറിവും കഴിവുമില്ലാത്ത തപസ്വികളേയും കാണാം. ഒരിടത്തിരിക്കുന്നവരാകും അവരില്‍ പലരും. ഭിക്ഷാടകരായി കഴിയുന്നവരുമുണ്ടാകും. ബഹൂദകന്‍, കുടീചകന്‍ എന്നൊക്കെയാണ് അവരെ വിളിയ്ക്കുക.
ഋഷഭദേവനേയും മറ്റുംപോലെ തികച്ചും അവധൂതവൃത്തിയില്‍ കഴിയുന്നവരേയും കാണാം. അവരില്‍ത്തന്നെ അജഗരവൃത്തന്മാരുമുണ്ടാകും. മഹാമുനി ഇതിന്റെ ദൃഷ്ടാന്തമാണ്.
ദൃശ്യപ്രപഞ്ചത്തെമുഴുവനും കാട്ടിത്തരുന്ന മനസ്സില്‍, അതേക്കാള്‍ ഉപരിയായ വൈഭവവും വിചിത്രതയും മാനമഹിമകളും പതിയിരിക്കുന്നു. ബാഹ്യവിശാലതയെ അതിശയിയ്ക്കുന്നതാണ് ആന്തരവ്യാപ്തിയും ഗാഢതയും. ഇതിനെ അടക്കിയാളുന്ന കേന്ദ്രീയതയാണ് ആത്മാ. അതിന്റെ ജീവസ്ഫുരണമത്രേ മനസ്സും ബുദ്ധിയും അഹങ്കാരവും.
മനോവൃത്തികളെ ബഹിര്‍മുഖമാക്കി, അവയോരോന്നിന്റേയും പിന്നാലെ പരക്കംപായുന്നതിനുപകരം, മനസ്സിനെത്തന്നെ ബുദ്ധിയിലും, ബുദ്ധിയെ അഹങ്കാരത്തിലും, അഹങ്കാരത്തെ മഹത്തിലും സംലയിപ്പിക്കാന്‍ പുറപ്പെട്ടാല്‍, അതും സാധ്യമാണ്. ഒന്നു ബഹിര്‍മുഖത്വം, മറ്റേത് അന്തര്‍മുഖത്വം. രണ്ടിലും പ്രവര്‍ത്തിക്കുന്നത് ഒരേ ഇച്ഛാശക്തിയും അതേത്തുടര്‍ന്നുള്ള പ്രയത്‌നവുംതന്നെ.
ബഹിര്‍മുഖപ്രയത്‌നംകൊണ്ട് ലഭിയ്ക്കുന്നതു നശ്വരവസ്തുലാഭമാണ്. അന്തര്‍മുഖപ്രയത്‌നംവഴിയോ, അനശ്വരമായ ആത്മപ്രാപ്തിയും, അതേ, ആത്മസംതൃപ്തി! പുറത്തെ ദ്രവ്യാകാശത്തില്‍ അടക്കിവെച്ചിരിയ്ക്കുന്നതത്രേ ദൃശ്യപ്രപഞ്ചം. അകത്തെ ചിദാകാശസന്തതികളത്രേ ചിത്തവും മനസ്സും ബുദ്ധിയും അഹങ്കാരവും ജനിപ്പിക്കുന്ന ആശയഭാവവികാരജാതങ്ങളത്രയും.
പുറം കണ്ട് ഉള്‍മഹിമയെ വിവേകപൂര്‍വം ഗ്രഹിച്ച്, പുറത്തെ പ്രതിബിംബിപ്പിച്ചുതരുന്ന അകം പുറത്തേക്കാള്‍ ശ്രേഷ്ഠവും ആനന്ദകരവുമാണെന്നു മനസ്സിലാക്കി, അതോടണയാന്‍ ശ്രമിയ്ക്കുന്നതാണ് മാനവജീവിതം സഫലമാകാനുള്ള വഴി. അജഗരവൃത്തന്മാര്‍ ഈ അപൂര്‍വമഹിമയുടെ മൂര്‍ത്തിമദ്ഭാവമാണ്.
ഭക്തിസാധന ധന്യമാകുന്ന ജ്ഞാനകഥനം
ഭക്തിഗ്രന്ഥമെന്നു കരുതുന്ന ഭാഗവതം വൈരാഗ്യത്തിന്റെ പരമഫലമായ സംന്യാസവൃത്തിയും നിഷ്ഠയും പ്രതിപാദിയ്ക്കുകയാണ്. അതില്‍ മഹാമുനി പ്രഹ്ലാദനുമായി നടത്തിയ സംവാദം വിവരിയ്ക്കുന്നതു മര്‍മസ്പൃക്കാണ്.
ഇതു നല്കുന്ന മൂല്യങ്ങളേയും സന്ദേശങ്ങളേയും അന്വര്‍ഥമാക്കുംവിധം ഭക്തിസാധനയെ വിവേകപൂര്‍വം പുഷ്ടിപ്പെടുത്തുന്നതില്‍ ഭക്തന്മാര്‍ അലംഭാവം കാണിക്കാതിരുന്നാലേ, അതിമഹത്തായ ഭാഗവതകഥനം സഫലമായി, പ്രോജ്വലമായ അധ്യാത്മസംസ്‌കാരം നിത്യപ്രഭമാകൂ.
ഗൃഹസ്ഥന്മാര്‍ വാനപ്രസ്ഥത്തെ മൂന്നാമത്തെ ജീവിതപ്പടിയായും, സംന്യാസത്തെ നാലാമത്തേതായും കാണണം. ഗൃഹജീവിതമാണ് സര്‍വസ്വമെന്നു വിചാരിച്ചുപോകരുത്. ഗൃഹത്തില്‍ ജനിച്ച ശിശുവാണ് വളര്‍ന്നു സംന്യാ സിയാകുന്നത്. സംന്യാസത്തിനുള്ള പ്രേരണയും, ആത്മബലവും, അതുകൊണ്ടെത്തിയ്ക്കുന്ന അജഗരവൃത്തിപോലും ഗൃഹത്തില്‍ പൊട്ടിമുളച്ചതാണെന്നു സമ്മതിച്ചേ തീരു.
ഈ സത്യം ഗൃഹസ്ഥന്മാരെ ആത്മാഭിമുഖരാക്കിത്തീര്‍ക്കേണ്ടതാണ്. മുമ്പില്‍ രണ്ടുദശകളുംകൂടി അവലംബനീയമായി നില്ക്കുന്നുവെന്നു ചിന്തിയ്ക്കുമ്പോള്‍, ഗൃഹസ്ഥാശ്രമത്തിലുള്ള അമിതസംഗവും തന്മൂലമുള്ള സംഘര്‍ഷവും വ്യഥയും അലിഞ്ഞുതുടങ്ങും. മനസ്സിലാണ് ഈ ലാഘവം അനുഭവപ്പെടുക. അതിനുള്ള ഹേതുവോ, ബുദ്ധിയില്‍ വാനപ്രസ്ഥസംന്യാസാശ്രമങ്ങളെക്കുറിച്ചുള്ള അറിവും സ്മരണയും. ഈ മംഗളസ്വാധീനത്തെക്കുറിച്ച് എല്ലാവരും ഉദ്ബുദ്ധരായിരിക്കേണ്ടത് അത്യാവശ്യമാണ്.
എല്ലാ ഗൃഹസ്ഥന്മാരും വാനപ്രസ്ഥരോ സംന്യാസിമാരോ ആകുമെന്നു കരുതേണ്ട; എന്നാല്‍ വാനപ്രസ്ഥവും സംന്യാസവും ഗൃഹസ്ഥാശ്രമികളെ കാത്തിരിക്കുന്നു, അല്ല, മാടിവിളിയ്ക്കുന്നു, എന്ന വാസ്തവത്തോട് ആരും കണ്ണടയ്ക്കരുത്.
അറിവാണ് മനുഷ്യജീവിതത്തില്‍ ഏറ്റവും ശ്ലാഘ്യമായ മുതല്‍ക്കൂട്ട്. സംന്യാസനിഷ്ഠയെക്കുറിച്ചുള്ള ശരിയായ അറിവു സര്‍വോപരി അലങ്കരിക്കേണ്ടതു ലക്ഷോപലക്ഷം വരുന്ന ഗൃഹസ്ഥന്മാരെയാണ്.
സംന്യാസിമാരോട് ആഭിമുഖ്യം പുലര്‍ത്തുക, സംന്യാസാശ്രമങ്ങളിലും, അവരുടെ ലോകസംഗ്രഹപ്രവര്‍ത്തനങ്ങളിലും പങ്കാളികളാവുക, ജനങ്ങളില്‍ ശരിയായ ധാര്‍മികബോധം ഒറ്റയ്‌ക്കൊറ്റയ്ക്കും കൂട്ടായും വളര്‍ത്താന്‍ അനവരതം ശ്രമിയ്ക്കുക, സമാജത്തില്‍ ധര്‍മപുഷ്ടി നിലനിര്‍ത്താന്‍ യത്‌നിക്കുക, ഇതൊക്കെ ഗൃഹസ്ഥന്മാരുടെ കടമയാണെന്നു ധരിക്കണം.
കാരണം, അവര്‍ മാത്രമല്ലേ അര്‍ഥലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുള്ളു. ബ്രഹ്മചാരികളേയും സംന്യാസിമാരേയും നിലനിര്‍ത്തുന്നതും ഗൃഹസ്ഥന്മാരാണ്.
നാലാശ്രമങ്ങളും, അവയോരോന്നും പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളും ഒരുമിച്ചുപോകുന്നതാണ്, കൈവിരലുകള്‍പോലെ. അതിനാലാണ് സനാതനധര്‍മത്തിനു വര്‍ണാശ്രമധര്‍മമെന്ന പേര്‍ വന്നതുതന്നെ. ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്ന നാലുംകൂടിയാണല്ലോ ചതുര്‍വിധപുരുഷാര്‍ഥമെന്ന ജീവിതലക്ഷ്യമുണ്ടായത്. ഈ പുരുഷാര്‍ഥത്തിലെ നാലിനംപോലെതന്നെയാണ് നാലാശ്രമങ്ങളും.
ഭാവിതലമുറയെക്കുറിച്ചു ചിന്തി്ക്കുന്നതുപോലെയാണ് ബ്രഹ്മചര്യവാനപ്രസ്ഥസംന്യാസാശ്രമങ്ങളെക്കുറിച്ചു ഗൃഹസ്ഥന്മാര്‍ ആലോചിച്ച് ഉദ്ബുദ്ധരാകേണ്ടതുമെന്നു ചൂണ്ടിക്കാണിക്കാതെ വയ്യ.


ജന്മഭൂമി: http://www.janmabhumidaily.com/news736155#ixzz4z38o3vn1

No comments:

Post a Comment