നമുക്ക് ദുഃഖങ്ങള്‍ക്ക് അവധി കൊടുക്കാം
എന്തെല്ലാമാണ് ഇന്നീ ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്നത്. പത്രത്താളുകളിലും ടെലിവിഷന്‍ ചാനലുകളിലും സോഷ്യല്‍ മാധ്യമങ്ങളിലും, എവിടെയും കൊള്ളയുടെയും കൊലയുടെയും വഞ്ചനയുടെയും ദുഃഖത്തിന്റെയും ദുരിതത്തിന്റെയും കഥകളേ കേള്‍ക്കാനുള്ളൂ. ഇതിനെല്ലാം എന്തെങ്കിലും പരിഹാരമുണ്ടോ? അതോ ഇതെല്ലാം അപരിഹാര്യമാണോ? ശുഭപ്രതീക്ഷയുടെയും നൈരാശ്യവാദത്തിന്റെയും ഉത്തരങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. എന്നാലിതില്‍ ആദ്യത്തേതാണ് വേദങ്ങള്‍ക്ക് മുന്നോട്ടുവെക്കാനുള്ളത്. നമുക്ക് വേദത്തില്‍ വിശ്വസിക്കാം. പരിഹാരം വേദങ്ങളില്‍ തേടാം. നോക്കൂ ഒരു ഋഗ്വേദമന്ത്രം പറയുന്നത്.
ഓം അഗവ്യൂതി ക്ഷേത്രമാഗന്മ ദേവാ
ഉര്‌വീ സതീ ഭൂമിരംഹൂരണാഭൂത്.
ബൃഹസ്പതേ പ്ര ചികിത്സാ ഗവിഷ്ടാവിത്ഥാ
സതേ ജരിത്ര ഇന്ദ്രപന്ഥാമ്.
(ഋഗ്വേദം 6.47.20)
ഉര്‌വീ സതീ ഭൂമിരംഹൂരണാഭൂത്.
ബൃഹസ്പതേ പ്ര ചികിത്സാ ഗവിഷ്ടാവിത്ഥാ
സതേ ജരിത്ര ഇന്ദ്രപന്ഥാമ്.
(ഋഗ്വേദം 6.47.20)
അര്‍ഥം ഇപ്രകാരമാണ്. (അഗവ്യൂതിഃ=) ഗോക്കളില്ലാത്ത അതായത് ജ്യോതിര്‍വിഹീനം (ക്ഷേത്രം ആ ആഗന്മ=) ക്ഷേത്രത്തില്‍ (ഞങ്ങള്‍) വന്നെത്തിയിരിക്കുന്നു. (ദേവാഃ=) ദേവതകളേ (ഉര്‌വീ സതീ=) വിസ്തീര്‍ണപ്പെട്ടുകൊണ്ടിരിക്കുന്ന (ഭൂമിഃ=) ഭൂമി (അംഹൂരണാ=) പാപത്താല്‍ നിറഞ്ഞതായി (അഭൂത്=) കഴിഞ്ഞിരിക്കുന്നു. (ബൃഹസ്പതേ=) അല്ലയോ ബൃഹസ്പതേ, വാക്കിന്നധിപതിയായ ആചാര്യാ! അവിടുന്ന് (പ്രചികിത്സാ=) വേണ്ടതുപോലെ ചികിത്സ ചെയ്താലും, തടസ്സങ്ങളെയും പ്രതിസന്ധികളേയും അകറ്റി ഞങ്ങളെ ബോധത്തിലേക്കുയര്‍ത്തിയാലും. (ഗവിഷ്ടൗ=) ഗവേഷണത്തില്‍, പ്രകാശത്തിന്റെ അന്വേഷണത്തില്‍ (ഇത്ഥാ സതേ=) ഇങ്ങനെയുള്ള പ്രകാശഹീന അവസ്ഥയില്‍പെട്ടിരിക്കുന്ന (ജരിത്രേ=) സ്‌തോതാവായ എനിക്ക് (ഇന്ദ്ര=) ഹേ ഇന്ദ്ര, സൂര്യസമാനം പ്രകാശിക്കുന്ന പരമാത്മന്‍! (പന്ഥാം=) വഴിയേകിയാലും.
‘ഗോ’ ശബ്ദത്തിന് അനേകാര്‍ത്ഥങ്ങളുണ്ട്. അതിലൊന്നാണ് കിരണം, ജ്യോതി, പ്രകാശം. (‘സര്‍വേളപി രശ്മയോ ഗാവ ഉച്യന്തേ’ -നിരുക്തം). ഏതൊന്നില്‍ ജ്യോതിസ്സിന്റെ, കിരണങ്ങളുടെ ചേര്‍ച്ചയില്ലയോ ആ ഭൂവിഭാഗത്തെ അഗവ്യൂതി എന്നാണ് പറയുന്നത്. ദേവതകളേ, അനുഭവസമ്പത്തിന് ഉടമകളായ ആചാര്യശ്രേഷ്ഠരേ, ഞങ്ങള്‍ പ്രകാശരഹിതമായ ക്ഷേത്രത്തില്‍ എത്തിപ്പെട്ടിരിക്കുന്നു. നാലു ദിക്കിലും, ദിക്കുകള്‍കൂടി തിരിച്ചറിയാത്തവണ്ണം ഇരുട്ട് മൂടിയിരിക്കുന്നു. ഞങ്ങള്‍ എല്ലായിടത്തും ആശയോടെയും ആകാംക്ഷയോടെയും നോക്കുന്നുണ്ട്- ഇടത്തും വലത്തും കീഴെയും മുകളിലും- പക്ഷേ എവിടെയും പ്രകാശത്തിന്റെ ഒരു ചെറുകിരണംപോലും കാണുന്നില്ല.
ഈ ഇരുട്ടിന്റെ ലോകത്തുനിന്നും അകന്ന് പ്രകാശലോകത്തേക്ക് പോകാന്‍ പറയുകയാണോ? അതിന് പോകാന്‍ പ്രകാശം നിറഞ്ഞ ലോകമെവിടെയാണ് ഉള്ളത്. ഈ സകല ഭൗമമണ്ഡലവും പാപംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലായിടവും പാപത്തിന്റെ ഇരുട്ട് വന്ന് മൂടിയിരിക്കുന്നു. അവിദ്യ നിറഞ്ഞുവാഴുന്നു. ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും താണ്ഡവമാടുന്നു. അനീതി എല്ലായിടത്തും ആദരിക്കപ്പെടുന്നു! ആരാധനകളുടെ പേരില്‍ കാപട്യവും ചതിയും നിറഞ്ഞാടുന്നു. എവിടെയെങ്കിലും പോകാമെന്നുവെച്ചാല്‍ അത് കുഴിയില്‍നിന്നും പടുഗര്‍ത്തത്തിലേക്ക് പോകുന്നതുപോലെയായിത്തീരും.
ദേവതകളേ, നിങ്ങളുടെ ഹൃദയങ്ങള്‍ പ്രകാശത്താല്‍ നിറഞ്ഞതാണല്ലോ. നിങ്ങളുടെ അന്തരാത്മാവ് ധര്‍മത്തില്‍ പ്രകാശിക്കുന്നതാണ്. നിങ്ങളുടെ ഉള്ളില്‍ ഭഗവാന്റെ ദിവ്യജ്യോതി പ്രകാശിക്കുന്നുണ്ട്. നിങ്ങളുടെ ആത്മാവില്‍ ജ്ഞാനരശ്മികള്‍ ആനന്ദനൃത്തം വെ/റക്കുന്നുണ്ട്. നിങ്ങളുടെ മനസ്സ് ശാന്തിയുടെ ആലയങ്ങളാണ്. ആ നിങ്ങള്‍തന്നെ ഞങ്ങള്‍ക്ക് വിദ്യയുടെയും ഈശ്വരഭക്തിയുടെയും ധര്‍മത്തിന്റെയും സദാചാരത്തിന്റെയും പാരസ്പര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും രാഷ്ട്രസേവനത്തിന്റെയും പ്രകാശം പകര്‍ന്നുനല്കിയാലും.
ഹേ ബൃഹസ്പതേ, ആചാര്യവര്യാ അവിടുന്ന് വിദ്യയുടെയും വ്രതനിഷ്ഠയുടെയും നെടുനായകനാണ്. അങ്ങയുടെ സവിധത്തിലാണ് വിദ്യാര്‍ത്ഥികള്‍ അറിവിന്റെ മധു നുകരുന്നത്, യമ-നിയമങ്ങള്‍ പാലിച്ച് ശ്രേഷ്ഠ പുരുഷന്‍മാരാകാനുള്ള തപസ്സനുഷ്ഠിക്കുന്നത്. അമൃതസമാനമായ അങ്ങയുടെ മടിത്തട്ടില്‍നിന്നും വിദ്യയും ഭക്തിയും തപസ്സും ആവോളം പാനംചെയ്ത് വ്രതത്തില്‍ ദൃഢതയുള്ളവരായി ഗുരുകുലങ്ങളില്‍നിന്നും പുറത്തുവരുന്ന ബ്രഹ്മചാരിമാര്‍ രാജ്യത്ത് പ്രകാശം പരത്തുവാന്‍ പരിശ്രമിക്കുകയാണെങ്കില്‍ ഭൂമിയുടെ എല്ലാ കോണില്‍നിന്നും ഇരുള്‍മാറി പ്രകാശത്തിന്റെ സാമ്രാജ്യം അതിശീഘ്രം വന്നണയും.
ഹേ ഇന്ദ്ര – പരമാത്മന്‍! ഈ കാര്യത്തിന് അവിടുത്തെ സീമാതീതമായ കാരുണ്യം ഞങ്ങളില്‍ ഉണ്ടാകുമാറാകണേ. ഇരുളകറ്റുവാനുള്ള വഴി അവിടുന്നുതന്നെ തുറന്നുതരുന്നില്ലെങ്കില്‍ ഞങ്ങള്‍ വഴി അറിയാതെ അങ്ങുമിങ്ങും അലയും. ദേവതകളേ, ബൃഹസ്പതേ, ഇന്ദ്ര, അവിടുന്ന് ജ്യോതിസ്സിന്റെ മാര്‍ഗ്ഗത്തിലേക്ക് ഞങ്ങളെ നയിച്ചാലും. തമസോ മാ ജ്യോതിര്ഗമയ.
ജന്മഭൂമി: http://www.janmabhumidaily.com/news755574#ixzz51kZFUO7O
No comments:
Post a Comment