Friday, December 22, 2017

ഞാനും എന്റേതും അജ്ഞാനം
ശ്രീരാമകൃഷ്ണൻ :- ഞാനും എന്റേതും, ഇതുരണ്ടും അജ്ഞാനമാകുന്നു. 'എന്റെ വീട്, എന്റെ പണം, എന്റെ വിദ്യ, എന്റെ സ്വത്ത്, ' ഈവകഭാവങ്ങൾ അജ്ഞാനത്തിൽനിന്നാണുണ്ടാകുന്നത്. നേരെ മറിച്ച്, 'അല്ലയോ ഭഗവൻ, അങ്ങ് കർത്താവ്, ഇക്കാണായതൊക്കെ അവിടുത്തെ വക. വീട്, വീട്ടുകാരി, കുട്ടികൾ, വേലക്കാർ, ബന്ധുക്കൾ, സ്വന്തക്കാർ ഇവയെല്ലാം അങ്ങയുടെ വക,' ഈ ഭാവം ജ്ഞാനത്തിൽനിന്ന് ഉണ്ടാകുന്നു.
സദാ മരണത്തെക്കുറിച്ച് ഓർമ്മിക്കേണ്ടതാണ്. മരണശേഷം ഒന്നും ബാക്കി നില്ക്കില്ല. ഏതാനും കർമ്മങ്ങൾ തീർക്കാനിവിടെ വരുന്നു - വീട് നാട്ടിൻപുറത്ത്, ജോലിക്കു കല്ക്കത്തക്കു വരുന്നു, അതുപോലെ. വലിയ ആളുകളുടെ തോട്ടം സൂക്ഷിപ്പുകാരൻ, ആരെങ്കിലും തോട്ടം കാണാൻ വന്നാൽ പറയുന്നു: 'ഈ തോട്ടം ഞങ്ങളുടെ വകയാണ്. ഈ പൊയ്ക ഞങ്ങളുടെയാണ്.' എന്നാലേതെങ്കിലും കുറ്റംകൊണ്ടു യജമാനൻ അയാളെ പറഞ്ഞയച്ചാൽ അയാൾക്കു വീഞ്ഞപ്പെട്ടിപോലും കൊണ്ടുപോവാൻ അധികാരമില്ല. പെട്ടി രഹസ്യമായി കാവല്ക്കാരന്റെ കൈയിൽ കൊടുത്തയക്കുന്നു.(ചിരി)
രണ്ടു സന്ദർഭങ്ങളിൽ ഭഗവാൻ ചിരിക്കുന്നു. വൈദ്യൻ രോഗിയുടെ അമ്മയോടു പറയുന്നു: 'അമ്മേ, പേടിക്കേണ്ട. ഞാൻ അമ്മയുടെ കുട്ടിയെ സുഖപ്പെടുത്തിത്തരാം.' അപ്പോഴൊന്നു ചിരിക്കുന്നു, ഇങ്ങനെ സ്വയം പറഞ്ഞുകൊണ്ടു ചിരിക്കുന്നു, ' ഞാൻ ഇവനെ കൊണ്ടുപോകാൻ പോകുന്നു, താൻ രക്ഷിക്കുമെന്ന്, ഇവൻ പറയുന്നു!' താനാണ് കർത്താവെന്ന് വൈദ്യൻ വിചാരിക്കുന്നു. കർത്താവ് ഈശ്വരനാണെന്ന സംഗതി മറന്നുപോയി. പിന്നെ, രണ്ടു സഹോദരന്മാർ കയറുപിടിച്ച് ഭൂമി ഭാഗം ചെയ്യുന്നു. ഇങ്ങനെ പറയുന്നു, ' ഈ ഭാഗം എനിക്ക്, ആ വശം നിനക്ക്.' അപ്പോഴും ഈശ്വരൻ ഒരിക്കൽക്കൂടി ചിരിക്കുന്നു; ഇങ്ങനെ മനസ്സിൽ കണ്ടുകൊണ്ട്, 'ഈ ബ്രഹ്മാണ്ഡം മുഴുവൻ എന്റെ വക. എന്നാലിവർ പറയുന്നു, ഈ ഭാഗം എന്റേത്, അതു നിന്റേത്!'
ശ്രീരാമകൃഷ്ണവചനാമൃതം ഭാഗം - ഒന്ന്, പുറം - 47-48

No comments:

Post a Comment