Tuesday, December 05, 2017

സദ്ഗുരുക്കന്മാര്‍ ‘തത്ത്വമസി’ അതു നീയാകുന്നു, എന്നുപദേശിക്കുകയും നാം മനന നിദിദ്ധ്യാസനം കൊണ്ട് അതു സാക്ഷാത്കരിക്കുകയും ചെയ്യുന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഒരു ചോദ്യം ഉദിക്കുന്നു:
ഗുരു സച്ചിദാനന്ദമാണെന്ന് സ്വയം മനസ്സിലാക്കി അനുഭൂതിയുടെ നിറവില്‍ അനുകമ്പ കൊണ്ടാണല്ലോ നമ്മെ സച്ചിദാനന്ദസ്വരൂപിയാണെന്നുദ്‌ബോധിപ്പിക്കുന്നത്. അപ്പോള്‍ ഒന്നില്‍ കൂടുതല്‍ സച്ചിദാനന്ദമുണ്ടോ? ഇതാണ് ചോദ്യം.
ഈ ചോദ്യത്തിനുത്തരം ലഭിക്കട്ടെ അഥവാ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു വരട്ടെ. പ്രസ്തുത ചോദ്യത്തിനുത്തരമില്ല എന്നുള്ളത് കൊണ്ട് സ്വാത്മാവബോധം ലക്ഷ്യമാക്കിയിട്ടുള്ള നമ്മുടെ അന്വേഷണം നിര്‍ത്തിവെക്കേണ്ടതില്ല. ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ നമുക്ക് നിരന്തരം ഉത്സാഹിച്ചു കൊണ്ടിരിക്കാം. ഒപ്പം ഞാന്‍ സച്ചിദാനന്ദമാണ് എന്ന ബോദ്ധ്യം ഉറച്ചു കിട്ടുന്നതിനുള്ള വിചാരധ്യാനം തുടരാം.
ഒന്നില്‍ കൂടുതല്‍ സച്ചിദാനന്ദങ്ങളുണ്ടോ? ഇതാണ് പ്രസക്തമായ ചോദ്യം. ആചാര്യന്മാര്‍ നല്‍കുന്ന ഉത്തരം സച്ചിദാനന്ദം ഏകമാണ് എന്നതാണ് (സച്ചിദാനന്ദം എന്ന സങ്കല്‍പം എല്ലാ ദ്വൈതങ്ങളേയും താത്വികമായി നിഷേധിക്കുന്നുണ്ട്. അത് നമ്മുടെ തീവ്ര അന്വേഷണ വിഷയമായിട്ടിരിക്കട്ടെ.) ഏതായാലും എന്താണ് ജീവിത ലക്ഷ്യമെന്ന ചോദ്യത്തിന് അവനവനെ അറിയല്‍ എന്നാണ് ഉത്തരം.
അതിനെന്താണു വഴി?
അതിനു വഴി ഒന്നും ചെയ്യാതിരിക്കലാണ്. (ശ്രവണ ഗുരുക്കന്മാരില്‍ നിന്ന് തത്ത്വമസി നീ സച്ചിദാനന്ദ സ്വരൂപിയാണെന്ന, മഹാവാക്യം കേള്‍ക്കല്‍, മനനം യുക്തിഭദ്രമായി ചിന്തിച്ച് സംശയരഹിതമായി സ്വാംശീകരിക്കല്‍, ധ്യാനം ഇന്ദ്രിയ മനോബുദ്ധികളെ ഏകാഗ്രമാക്കി സ്വാത്മാവസ്ഥിതി ഉറപ്പാക്കല്‍ ഇതാണ് വഴി. ഇത് കര്‍മ്മത്തിന്റെ ഗണത്തില്‍ പെടുന്നില്ല).
കര്‍മ്മം ചെയ്യുന്നതുകൊണ്ട് ലഭിക്കുന്ന ഫലങ്ങള്‍ക്കൊക്കെ പരിമിതികളുണ്ടായിരിക്കുമെന്ന് ബോധ്യമായിട്ടുള്ളതാണ്. അങ്ങനെ ഒരു കര്‍മ്മഫലമല്ല നമുക്ക് വേണ്ടത്. അവനവനെ അറിയുകയെന്ന ലക്ഷ്യനിശ്ചയത്തില്‍ യുക്തിഭദ്രതയുണ്ട്.
നമ്മുടെ ജീവിതത്തിലെ സഹജ പ്രവണതകളെ പരിശോധിച്ചാലും സച്ചിദാനന്ദ പ്രാപ്തി ലക്ഷ്യമാണെന്നു കാണാം. എന്നും നിലനില്‍ക്കണമെന്ന പ്രവണത നമുക്കു പ്രബലമാണ് (സത്). അറിയാനുള്ള ത്വര അവധിയറ്റതാണ് (ചിത്). സന്തോഷിക്കാനുള്ള താല്‍പര്യവും തീവ്രമാണ് (ആനന്ദം). ആ സച്ചിദാനന്ദം നമ്മുടെ സ്വരൂപമാണ് എന്ന വസ്തുത നാം ഏറെക്കുറെ മനസ്സിലാക്കി. ആ നിലയ്ക്കും എന്നെ അറിയുക തന്നെയാണ് വേണ്ടത്.
ഇനി അടുത്ത ചോദ്യം ഒന്നും ചെയ്യണ്ട എന്ന നിര്‍ദ്ദേശമനുസരിച്ച് ചെയ്തു വരുന്നതൊക്കെ മതിയാക്കണം എന്നാണോ ഉദ്ദേശിക്കുന്നത്? ഈ വിഷയത്തില്‍ ആചാര്യന്മാര്‍ നല്‍കുന്ന താക്കീത് പ്രധാനമാണ്. ‘നിങ്ങള്‍ ചെയ്യാതിരിക്കാന്‍ നിശ്ചയിച്ചാല്‍ അതുകൊണ്ട് നിങ്ങള്‍ ഒന്നും ചെയ്യാതിരിക്കുന്നവരാവില്ല’ ചെയ്യാതിരിക്കാന്‍ നിശ്ചയിക്കുന്നതു തന്നെ വലിയൊരു ചെയ്യലാകുന്നു !! ഇതാണ് ഒരു നിരീക്ഷണം. മാത്രമല്ല ചെയ്യൂ എന്നു തന്നെ ഗുരുക്കന്മാര്‍ വ്യക്തമായി ഉപദേശിക്കുന്നു. അതിനാല്‍ നമുക്ക് ഒന്നും ചെയ്യാതിരിക്കാനുള്ള തീരുമാനം കൈക്കൊള്ളാതിരിക്കാം. എനിക്ക് വേണ്ടത് ഞാന്‍ ചെയ്യുന്നതിനുള്ള കര്‍മ്മഫലങ്ങളേയല്ല.
ആ ഒരു ബോദ്ധ്യത്തോടെ കര്‍മ്മം ചെയ്യാം. കര്‍മ്മഫലം നിശ്ചയമായിട്ടും ഉരുത്തിരിഞ്ഞു വരും. അത് പദാര്‍ത്ഥ നിയമമാണ്, വസ്തു വ്യവസ്ഥയാണ്, കാലധര്‍മ്മമാണ്. കാലപരിധിയില്‍ നിന്നു കൊണ്ടാണ് നാം ഓരോന്നും ചെയ്യുന്നത്. നമ്മുടെ ചെയ്തികള്‍ പദാര്‍ത്ഥലോകത്തില്‍ (പരിസരങ്ങളില്‍) നാം നടത്തുന്ന ഇടപെടലാണെന്നു പറയാം. ഈ ഇടപെടല്‍ കാലക്രമത്തില്‍ അവിടെ പരിണതികള്‍ സൃഷ്ടിക്കും. അതാണ് കര്‍മ്മഫലം.
അതല്ല എനിക്ക് വേണ്ടത് എന്ന ധാരണ ഉറപ്പിച്ചെടുക്കണം. അപ്പോള്‍ സച്ചിദാനന്ദസ്വരൂപിയായ ആത്മാവിനെ അറിയുക എന്ന ലക്ഷ്യം മുന്നില്‍ വച്ചുകൊണ്ട് സംഗതമായി വരുന്ന കര്‍മ്മങ്ങള്‍ ചെയ്യുന്നു എന്ന അവസ്ഥ ഉണ്ടാകും. ചെയ്യാതിരിക്കുന്നതു തന്നെ വലിയൊരു ചെയ്യലാകുന്നതു കൊണ്ട് ദൗത്യങ്ങള്‍ ചെയ്യുന്നതാണ് ഭേദം എന്നു തീരുമാനിച്ച് നമുക്കു മുന്നേറാം.


ജന്മഭൂമി: http://www.janmabhumidaily.com/news748347#ixzz50QloFKhk

No comments:

Post a Comment