വാഴ നട്ടാല്‍ കുലയ്ക്കുമെന്നത് കര്‍മ്മഫലം. കായ്കള്‍ പഴുത്താല്‍ കഴിക്കാം. പഴം കഴിക്കുന്നത് കര്‍മ്മഫലം അനുഭവിക്കലാണ് എന്നു നിശ്ചയിക്കാം. (പഴം കഴിക്കുമ്പോള്‍ സുഖമുണ്ടാവുമെന്ന ധാരണ സമ്മാനിച്ച ഓര്‍മ്മക്കുറിപ്പ് ഇവിടെ കര്‍മ്മ പ്രേരണയായിരുന്നു എന്നതാണ് പൊതു വസ്തുത). കഴിച്ച പഴം ശരീരത്തില്‍ സ്വാംശീകൃതമായി അവശേഷിക്കുന്ന വിസര്‍ജ്യം പുറത്തു പോകും.
ഇതിനിടയില്‍ സ്വരൂപജ്ഞാന നിഷ്ഠയ്ക്ക് സഹായകമായി ഒന്നും സംഭവിക്കുന്നില്ല. മാത്രമല്ല സുഖം വിഷയാധിഷ്ഠിതമാണെന്ന തെറ്റായ മുന്‍വിധി കാരണം പഴം കഴിക്കുന്ന പ്രക്രിയയെ ‘സുഖകരം’ എന്നു വീണ്ടും വിലയിരുത്തിയുറപ്പിക്കും. ഇത് വാസനാ സമാഹാരത്തിന് മുതല്‍ക്കൂട്ടാവുന്നു. അതുകൊണ്ട് വാസനാ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ലക്ഷ്യമിട്ടും, പുതിയ വാസനാ സമാഹരണം നടക്കാതിരിക്കാന്‍ കരുതല്‍ പുലര്‍ത്തിയും കര്‍മ്മം ചെയ്യണമെന്നതാണ് നിര്‍ദ്ദേശം. വാഴ വെയ്ക്കുമ്പോള്‍ കുല ലക്ഷ്യമാക്കാം. ലഭിച്ച കായ്കള്‍ പഴുപ്പിക്കാന്‍ വയ്ക്കാം. പഴങ്ങള്‍ ആരോഗ്യം ലക്ഷ്യമാക്കി രുചിയറിഞ്ഞ് കഴിക്കാം.
എന്നാല്‍ ഇതൊന്നും ജന്മലക്ഷ്യമാണെന്ന് തീരുമാനിക്കരുത്. എന്റെ സ്വരൂപത്തെ അറിയുക എന്നതാണ് ലക്ഷ്യം. സ്വരൂപം സച്ചിദാനന്ദമാണ്. അറിവ് കൊണ്ട് സാക്ഷാത്കരിക്കേണ്ടതാണ്. അതിന് വേണ്ടി ധ്യാനിക്കണം. ധ്യാനത്തിന് താരതമ്യേന സമ്മര്‍ദ്ദമൊഴിഞ്ഞ മാനസികാവസ്ഥ നേടണം. ഉള്ളിലുള്ള ഓര്‍മ്മകളുടെ സമ്മര്‍ദ്ദങ്ങളെ തിരിച്ചറിഞ്ഞ് കര്‍മ്മം ചെയ്യുക എന്നതാണ് ഇവിടെ കരണീയം. വാഴ നടാനുള്ള കര്‍മ്മ പ്രേരണയനുസരിച്ച് വാഴ നടാന്‍ പോകാം. അത് കുലച്ചു കഴിയുമ്പോള്‍ കായകള്‍ പഴുക്കാന്‍ വെയ്ക്കാം ഒന്നോ രണ്ടോ വിശപ്പിന് പരിഹാരമായി കഴിക്കാം. ബാക്കി മറ്റുള്ളവര്‍ക്ക് നിര്‍ല്ലോഭം കൊടുക്കാം.
അങ്ങനെ താരതമ്യേന മനസ്സ് സ്വസ്ഥമാകുമ്പോള്‍ സച്ചിദാനന്ദ ധ്യാനം ചെയ്യാം.
ധ്യാന സഹായകമായ ഈ കര്‍മ്മാനുഷ്ഠാന ശൈലിക്ക് കര്‍മ്മയോഗമെന്നാണ് വിശേഷണം. ധ്യാന ജ്ഞാന നിഷ്ഠയാണ് ലക്ഷ്യമെന്നു കരുതി ഒന്നും ചെയ്യാതിരിക്കാന്‍ നിശ്ചയിക്കരുത്. കര്‍മ്മയോഗാനുഷ്ഠാനം മനന ധ്യാന സഹായക മാനസികാവസ്ഥ പ്രദാനം ചെയ്യുമെന്ന് മനസ്സിലാക്കിയാല്‍ ഇവിടെ തെറ്റു വരുത്തില്ല.
ധ്യാന സഹായകമായ ഈ കര്‍മ്മാനുഷ്ഠാന ശൈലിക്ക് കര്‍മ്മയോഗമെന്നാണ് വിശേഷണം. ധ്യാന ജ്ഞാന നിഷ്ഠയാണ് ലക്ഷ്യമെന്നു കരുതി ഒന്നും ചെയ്യാതിരിക്കാന്‍ നിശ്ചയിക്കരുത്. കര്‍മ്മയോഗാനുഷ്ഠാനം മനന ധ്യാന സഹായക മാനസികാവസ്ഥ പ്രദാനം ചെയ്യുമെന്ന് മനസ്സിലാക്കിയാല്‍ ഇവിടെ തെറ്റു വരുത്തില്ല.
നൈഷ്‌കര്‍മ്യം അഥവാ ചുമ്മാതിരിക്കുക എന്നുള്ളത് പൂര്‍ണ്ണ സ്വരൂപാവബോധ്യത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. പകരം ശരീരതലത്തില്‍, ഇന്ദ്രിയങ്ങളുടെ തലത്തില്‍, മനോബുദ്ധികളുടെ തലത്തില്‍ ഒക്കെ അഭ്യസിക്കാന്‍ മിനക്കെട്ടാല്‍ അത് വികലവും അപകടവും ആവും. കാരണം ഞാന്‍ സച്ചിദാനന്ദമാണെന്ന വാസ്തവ ജ്ഞാന നിഷ്ഠയാണ് ആകെ നമുക്ക് ജന്മസാഫല്യത്തിനായി നേടിയെടുക്കാനുള്ളത്. ഇപ്പോള്‍ ആ ബോധ്യമില്ല. എത്ര കാലമായി ഞാന്‍ തെറ്റിദ്ധാരണകളുടെ കെണിയില്‍പ്പെട്ടു പോയിട്ടെന്നറിയില്ല. കാലം തുടങ്ങിയ കാലം തൊട്ട് പിഴവ് പറ്റിയിരിക്കാം!!. ആ ജ്ഞാന ദോഷം ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ സ്വരൂപിച്ചിട്ടുമുണ്ട്.
ഇങ്ങനെ സ്വരൂപിതമായ സങ്കീര്‍ണ്ണതകള്‍ അനുസരിച്ചാണ് ഞാന്‍ എന്നെ ഇപ്പോള്‍ വിലയിരുത്തി അറിയുന്നത്. മിഥ്യാധാരണ കാരണങ്ങളെയാണ് കര്‍മ്മത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നും വാസനയെന്നും സംസ്‌കാരമെന്നും പ്രകൃതി എന്നും ഒക്കെ പറഞ്ഞു വരുന്നത്. ഞാന്‍ ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് അന്വേഷിച്ചാല്‍ ഒരുപാട് കര്‍മ്മഫലങ്ങളുടെ ഓര്‍മ്മക്കുറിപ്പുകളുടെ ഒരു ഭണ്ഡാരവുമായിട്ടാണ് നില്‍ക്കുന്നത് എന്ന് കരുതണം. എന്നെ കുറിച്ചുള്ള നൂറായിരം അവാസ്തവിക വിലയിരുത്തലുകളുമായിട്ടാണ് ഞാന്‍ നില്‍ക്കുന്നത്.
ഇതില്‍ സ്വന്തമായിട്ടുള്ള വിലയിരുത്തലുകളും, മറ്റുള്ളവര്‍ ചാര്‍ത്തിത്തന്ന വിലയിരുത്തലുകളും ഉണ്ടാവും. എത്ര സങ്കീര്‍ണ്ണമാണെന്റെ ഇപ്പോഴത്തെ അവസ്ഥ! ഇങ്ങനെ ഒരു പശ്ചാത്തലത്തില്‍ ഞാന്‍ സച്ചിദാനന്ദമാണെന്ന് പറഞ്ഞാല്‍ അതൊരു ബോദ്ധ്യത്തിന്റെ നിറവ് സമ്മാനിക്കില്ല. അപ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യത്തിനുള്ള ഉത്തരമായി തളളിത്തികട്ടിവരുന്ന വാസനകളേയും പ്രചോദനങ്ങളേയും അഥവാ സംസ്‌കാരത്തള്ളലുകളെ പ്രകൃതിയുടെ സ്വാധീനങ്ങളെ നിരീക്ഷിച്ച് ബോധപൂര്‍വ്വം അനുവദിക്കൂ. കര്‍മ്മമായി അത് അനാവൃതമാവട്ടെ, ആവിഷ്‌കൃതമാവട്ടെ. അതുകൊണ്ട് ആചാര്യന്മാര്‍ പറയുന്നു ചെയ്യൂ, ചെയ്യൂ ചെയ്തു കൊണ്ടേ ഇരിക്കൂ.
ജന്മഭൂമി: http://www.janmabhumidaily.com/news755657#ixzz51kYnVauW
No comments:
Post a Comment