Tuesday, December 19, 2017

വൈഷ്ണവചാപം കൃഷ്ണന്‍ കുലച്ചൊടിച്ചു എന്നു കേട്ട കംസന് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല. തന്റെ ഉള്ളിയന്റെയുള്ളില്‍ എന്തോ ഒരു നീറ്റല്‍ ഉറവെടുക്കുന്നതായി കംസന് തോന്നി. വിലപ്പെട്ട എന്തോ ഒന്ന് കൈമോശം വന്നാലുള്ള അസ്വാസ്ഥ്യം മനസ്സിനെ വേട്ടയാടുന്നുണ്ടോ? എന്താണ് തനിക്ക് നഷ്ടമായത്? ആ ചോദ്യം മനസ്സില്‍ മുട്ടിത്തിരിയുന്നുണ്ടായിരുന്നു.
ദീര്‍ഘപ്രജാഗരോ ഭീതോ ദുര്‍ന്നിമിത്താനി ദുര്‍മതി
ബഹുന്യചഷ്‌ടോഭയഥാ മൃത്യോര്‍ദൗത്യകരാണി ച
വളരെനേരം ഉറക്കം വരാതെ ഭയചകിതനായി. മരണസൂചകങ്ങളായ ദുര്‍ന്നിമിത്തങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നത്തിലും കണ്ടു-ഉറങ്ങിയാലും ഉണര്‍ന്നാലും മരണലക്ഷണങ്ങളായ നിമിത്തങ്ങള്‍ കണ്ടു എന്നു സാരം. ഉറങ്ങിയാല്‍ ദുഃസ്വപ്‌നം; ഉണര്‍ന്നിരിക്കുമ്പോള്‍ ഭയപ്പെടുത്തുന്ന ചിന്തകള്‍…. കിളിപ്പാട്ട് വിവരിക്കുന്നതിങ്ങനെ-
നന്ദാത്മജന്‍ വില്ലെടുത്തങ്ങൊടിച്ചതും
തന്നുടെ ഭൃത്യരെക്കൊന്നതു മോര്‍ത്തോര്‍ത്തു
അന്ധകന്‍ കംസനു നിദ്രയുണ്ടായീല
അന്ധതയാ ഭയം പൂണ്ടു വാഴുന്നേരം
കണ്ടിതു തന്മരണത്തിന്‍ നിമിത്തങ്ങള്‍
കണ്ടിതു മസ്തകഹീനമായ് തന്‍ നിഴല്‍
ഏകദീപം രണ്ടു ദീപമായ് കണ്ടിതു
ഏകമാകും നിഴല്‍ ഛിദ്രമായ് കണ്ടിതു
അഗ്നിജ്വലനമായ് തോന്നീതു ദിക്കുകള്‍
അഗ്നിജ്വലന ഹേമാഭമായ് വൃക്ഷങ്ങള്‍
സ്വപ്‌നത്തില്‍ മുണ്ഡിതാഭ്യംഗമയനായി
വിഘ്‌നം ഭവിച്ചു പ്രേതങ്ങള്‍ പുല്‍കീടിനാര്‍
ഏവം പലവിധം കണ്ടു മൃതിഭയാല്‍
ദേവാരി കംസനു നിദ്രയുണ്ടായീല
‘കിളിപ്പാട്ടിന്റെ ഈ ശീലില്‍ത്തന്നെയാണ് ഗാഥയിലും കാര്യങ്ങള്‍ വിവരിക്കുന്നത്, അല്ലേ’ മുത്തശ്ശന്‍ ആരാഞ്ഞു.
മുത്തശ്ശി ചൊല്ലി-
ആപത്തണഞ്ഞൊരു കംസന്താന്‍ തന്നുടെ
ചാപത്തിന്‍ഭംഗത്തെ കേട്ടനേരം
ചീര്‍ത്തൊരു ഭീതിയെപ്പാര്‍ത്തോളം പൂണ്ടുനി-
ന്നോര്‍ത്തു തുടങ്ങീനാനാര്‍ത്തനായി
കൊന്നങ്ങു വീഴ്ത്തുന്ന ദുര്‍നിമിത്തങ്ങളു-
മൊന്നൊന്നേ കാണായി പിന്നെപ്പിന്നെ
തന്നുടെ കൈകൊണ്ടു തന്നുടെ ദന്തങ്ങള്‍
ചിന്നിക്കളഞ്ഞിട്ടും കാണായ് വന്നു
ആറുകളെല്ലാം വരണ്ടിട്ടുകാണായി-
താഴികകളും പിന്നെയവ്വണ്ണമേ
അന്ധകനാഥനാം കഞ്ചന്റെ മാനസം
വെന്തു തുടങ്ങീതു ചിന്തയാലെ
‘പക്ഷേ, ഇങ്ങനെ ഒരു തകര്‍ന്ന മനസ്സിനുടമയാവാന്‍ ഗര്‍ഗഭാഗവതകാരന്‍ സമ്മതിക്കുന്നില്ല. അങ്ങനെ ആര്‍ക്കും തോറ്റുകൊടുക്കാന്‍ പോരുന്ന മനസ്സല്ലാ കാലനേമിയുടെ ആ അവതാരരൂപത്തിന്റേതെന്നു ഗര്‍ഗാചാര്യന്‍ ഊന്നിപ്പറയുന്നു. കൃഷ്ണന്റെ ഒരു സ്പര്‍ശത്തില്‍ ത്രിവക്രയുടെ കൂന് നിവര്‍ന്നുവെന്നു ചാരന്‍ വന്നറിയിച്ചപ്പോള്‍, അതവന്റെ എന്തെങ്കിലും മായാജാലമെന്നു തീര്‍ത്തു വിശ്വസിച്ചു. അതിനു പിറകെ, വൈഷ്ണവചാപം കുലച്ചൊടിച്ചുവെന്നു കേട്ടപ്പോള്‍-അതു മിഥ്യയാവാന്‍ വഴിയില്ല എന്നു വിശ്വസിക്കേണ്ടിവന്നു.
‘ഇതെങ്ങനെ അവനു കഴിഞ്ഞു?’ പ്രദ്യോതനോടു കംസന്‍ ആരാഞ്ഞു.
‘നേരില്‍ കണ്ടിരുന്നില്ലായെങ്കില്‍, ഞാനും ഇതു വിശ്വസിക്കുമായിരുന്നില്ല.’ പ്രദ്യോതന്‍ തുടര്‍ന്നു: ‘അങ്ങയെപ്പോലുള്ള വില്ലാളിവീരന്മാര്‍ക്കു മാത്രം കൈകാര്യം ചെയ്യാനാവുന്ന ചാപം അവന്‍ നിഷ്പ്രയാസം കുലച്ചൊടിച്ചതിനു സാക്ഷിയായപ്പോള്‍-ഇപ്പോഴും എനിക്ക് വിശ്വാസം വരുന്നില്ല’ –
‘വേണ്ടാ. ആരും വിശ്വസിക്കേണ്ട. ഞാനും അതു വിശ്വസിക്കുന്നില്ല. അവന്‍ ആ വില്ല് ഒടിച്ചിട്ടില്ലാ’
‘എന്നുവച്ചാല്‍?’
‘ലോഹകാരന്‍ അളകനെ വിളിച്ചു പറയൂ, നാളെ വെളുക്കും മുന്‍പേ അതുപോലൊരു വില്ല് നിര്‍മിച്ചു തരാന്‍. മനസ്സിലായില്ലേ? നമ്മുടെ യജ്ഞത്തറയിലെ വൈഷ്ണവചാപം നാളെ അവിടെയുണ്ടാവണം.’
‘കല്‍പനപോലെ.’
‘അവന്‍ ആ വില്ല് ഒടിച്ചത് ആരും കണ്ടിട്ടില്ലല്ലോ. പ്രദ്യോതനും അതു കണ്ടിട്ടില്ല. മനസ്സിലായില്ലേ? അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. ഇനി, ആരാനും അതു നടന്നു എന്നുപറഞ്ഞാല്‍, അന്ന് പ്രദ്യോതന്റെ അന്ത്യമായിരിക്കും.’
അതിന്റെ അര്‍ത്ഥം മനസ്സിലായ മട്ടില്‍ പ്രദ്യോതന്‍ തലതാഴ്ത്തിനിന്നു. കംസന്റെ ശബ്ദം കാതിലെത്തി: ‘ആ കാലിപ്പിള്ളേര്‍ ഇപ്പോള്‍ എവിടെയാണ്?’
‘നന്ദന്റെ അരികിലേക്ക് പോവുന്നെന്നു പറഞ്ഞു-‘
കംസന്റെ നോട്ടം കൂര്‍ത്തു. ഇടതുകൈകൊണ്ട് മേല്‍മീശ തുടരെത്തുടരെ തടവിക്കൊണ്ടിരുന്നു. മനസ്സ് ഏതോ ഗാഢചിന്തയിലാണെന്നു വ്യക്തം. പെട്ടെന്നു ചിന്തയില്‍ നിന്നുണര്‍ന്നു: ‘തിടുക്കത്തില്‍ വേണമെന്നു പറഞ്ഞാല്‍, അളകന്‍ വല്ല സൂത്രപ്പണികളും ചെയ്‌തേക്കാം.
അതുകൊണ്ട്, ഒന്നു ചെയ്യുക: നാളെ രാവിലേയ്ക്ക് തയ്യാറാക്കാനാവില്ല എന്നുപറഞ്ഞാല്‍, നിര്‍ബന്ധം പിടിക്കേണ്ടാ. മറ്റന്നാള്‍ രാവിലേയ്ക്ക് വേണമെന്നു തീര്‍ത്തു പറയുക. ധനുര്‍യജ്ഞം ഒരു ദിവസം നീണ്ടുപോവുമെന്നല്ലേയുള്ളൂ? അതുകൊണ്ടിവിടെ ആകാശമൊന്നും ഇടിഞ്ഞുവീഴാന്‍ പോവുന്നില്ല. ആ താടിക്കാരന്മാരോട് അവരുടെ നെയ്യ് കത്തിക്കല്‍ ഒരു ദിവസത്തേക്കു കൂടി നീട്ടാന്‍ പറഞ്ഞാല്‍ മതി’-
‘കല്‍പനപോലെ’
പ്രദ്യോതന്‍ പോവാന്‍ തിരിഞ്ഞ നേരം കംസന്‍ കൈതട്ടി വിളിച്ചു. പ്രദ്യോതനറിയാം: ദ്വാസ്ഥനെയാണ്.
ദ്വാസ്ഥന്‍ തിരക്കിട്ടുവന്നപ്പോള്‍ കല്‍പന നല്‍കി: ‘അംഗാരകനോട് ഉടനെ വരാന്‍ പറയൂ’-
ദ്വാസ്ഥന്‍ താണു വണങ്ങി പിന്‍വാങ്ങി.
ചിന്താഭാരത്താല്‍ കുനിഞ്ഞ ശിരസ്സോടെ കംസന്‍ മുറിയില്‍ ഉലാത്തിക്കൊണ്ടിരുന്നു. അന്നേരം മഹാമന്ത്രി ബാഹുകന്‍ വാതില്‍ക്കലെത്തി; അനുവാദത്തിനു കാത്തുനിന്നു. കംസന്‍ വരാന്‍ ആംഗ്യം കാട്ടി. ബാഹുകന്‍ താണുതൊഴുതു കൊണ്ടറിയിച്ചു: ‘രാവിലെ മല്ലയുദ്ധത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്’-
‘ശരി’- കംസന്‍ പറഞ്ഞനേരം ബാഹുകന്‍ പിന്‍വാങ്ങി. അപ്പോഴും കംസന്‍ ഉലാത്തിക്കൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞില്ല: കുവലയാപീഡത്തിന്റെ മഹാമാത്രനായ അംഗാരകന്‍ വന്നു; താണുവണങ്ങി.
‘നാളെ പുലരാന്‍ നേരം കുവലയാ പീഡത്തിനു മദം ഇളകണം. അതിനുള്ള ഒറ്റമൂലിയില്ലേ കയ്യില്‍?’
‘ഉവ്വ്’- അംഗാരകന്‍ തലകുലുക്കി.
‘മല്ലയുദ്ധമത്സരത്തിനു മുന്നേ, കുറച്ചുനേരത്തേ ആ കാലിപ്പിള്ളേര് വരും. ഗോപുരദ്വാരത്തില്‍ അവരെത്തുന്ന നേരം, മദംകൊണ്ട കുവലയാപീഡത്തെ ചങ്ങലയഴിച്ചുവിടണം. അവന്‍ അവരെ കൊമ്പില്‍ കോര്‍ത്തുകൊള്ളും. മദയാനയുടെ കുത്തേറ്റുകൊണ്ടുള്ള മരണമാവുമ്പോള്‍, ആരാനും കൊന്നു എന്ന ആരോപണമുണ്ടാവില്ല. മനസ്സിലായോ?’
‘ഉവ്വ്’
‘എന്നാല്‍, എല്ലാം പറഞ്ഞപോലെ’
അംഗാരകന്‍ പോയി. കുറച്ചുനേരംകൂടി കംസന്‍ ഉലാത്തിക്കൊണ്ടിരുന്നു. പിന്നെ, നേരെ മഞ്ചത്തില്‍പ്പോയിരുന്നു. എല്ലാ തപ്തവികാരങ്ങളും തണുത്തുറഞ്ഞപോലെ തോന്നി.
കിടന്നു. ഏറെനേരം കഴിഞ്ഞില്ല- നനുത്ത കൂര്‍ക്കംവലിയുടെ ശബ്ദം ഉയര്‍ന്നുകേട്ടു.


ജന്മഭൂമി: http://www.janmabhumidaily.com/news755575#ixzz51kYZQxdb

No comments:

Post a Comment