Saturday, December 02, 2017

അഭിഷേകപ്രിയനായ അയ്യപ്പസ്വാമി 

അഭിഷേകപ്രിയനാണു ശബരിമല അയ്യപ്പൻ. വ്യത്യസ്ത ദ്രവ്യങ്ങൾ ഉപയോഗിച്ചുള്ള അഭിഷേകങ്ങൾ അയ്യപ്പന് പതിവുണ്ട്. മറ്റൊ രുശാസ്താ (അയ്യപ്പ) ക്ഷേത്രത്തിലും നെയ്യഭിഷേകമുൾപ്പെടെയുള്ള അഭിഷേകങ്ങൾക്ക് ഇത്രയും പ്രാധാന്യം ഇല്ല എന്നതും ശ്രദ്ധേയം.

തപസ്സുചെയ്യുന്ന ശാസ്താവ് എന്ന സങ്കൽപ്പമാണു ശബരിമലയിലേത്. മഹർഷിമാരുടെ കൊടുംതപസ്സിൻറെ കാഠിന്യത്താൽ ഉണ്ടാകുന്ന ചൂടിനെക്കുറിച്ച് പുരാണങ്ങളിൽ പരാമർശങ്ങൾ കാണാം. ഈ ചൂടിനെ ശമിപ്പിക്കുക എന്ന ലക്ഷ്യമാണു അഭിഷേകത്തിന് പിന്നിലുള്ളത്. മഹായോഗിയായ പരമശിവന് ധാര നടത്തുന്നതും, ഗണപതിക്കു കറുകമാല സമർപ്പിക്കുന്നതും തപസ്സിൻറെ തീവ്രതമൂലം ഉണ്ടാകുന്ന ചൂട് ശമിപ്പിക്കുവാനാണ്.

പ്രഭാതത്തിൽ നടതുറന്നാലുടനെ എണ്ണകൊണ്ട് അഭിഷേകംചെയ്ത്‌ വാകച്ചാർത്തു നടത്തി വിഗ്രഹം ശുചിയാക്കിയശേഷം ആപോഹിഷ്ഠാദി ഋക്കുകളും(ഋഗ്വേദ മന്ത്രങ്ങൾ), പുരുഷസൂക്തവും, സപ്ത ശുദ്ധിമന്ത്രങ്ങളും, മൂലമന്ത്രവും ചൊ ല്ലി  ശംഖാഭിഷേകം നടത്തിയാണു ശാസ്താക്ഷേത്രങ്ങളിൽ ദിവസപൂജകൾ ആരംഭിക്കുന്നത്. അഷ്ടാഭിഷേകവും പ്രഭാതത്തിലാണു പതിവ്. എണ്ണ, നെയ്യ്, തേൻ, പാൽ, തൈര്, കരിമ്പിൻ നീര്, ഇളനീര്, ചന്ദനം(കളഭം) എന്നിവകൊണ്ടുള്ള അഭിഷേകമാണ് അഷ്ടാഭിഷേകം. പനിനീരുകൊണ്ടും അഭിഷേകം നടത്താറുണ്ട്.

ഉച്ചപൂജയ്ക്കു മുൻപു വരെയാണു ശബരിമലയിൽ നെയ്യഭിഷേകം നടത്തുക. നവകാഭിഷേകം, പഞ്ച ഗവ്യാഭിഷേകം, കളഭാഭിഷേകം, സഹസ്രകലശാഭിഷേകം എന്നിവ ഉച്ചപൂജയുടെ സമയത്താണു പതിവ്. നവകാഭിഷേകത്തിന് പ്രത്യേകം പൂജിച്ച ഒ ൻപതുകലശങ്ങളിലെ (കുടങ്ങളിലെ) ജലം ഉപയോഗിക്കുന്നു. ഗോമൂത്രം, ഗോമയം (ചാണകം), പാല്, തൈര്, നെയ്യ് എന്നിവ നിശ്ചിതഅളവിൽ ചേർന്നതാണു പഞ്ചഗവ്യം. നവകാഭിഷേകത്തോടൊപ്പം പഞ്ചഗവ്യാഭിഷേകവും നടക്കുന്നു. സഹസ്രകലശാഭിഷേകത്തിൽ പൂജിച്ച ആയിരം കലശങ്ങളിൽ നിറച്ച വിവിധ ദ്രവ്യങ്ങൾകൊണ്ട് ഭഗവാനെ അഭിഷേകം ചെയ്യുന്നു. ലക്ഷാർച്ചന തുടങ്ങിയ പൂജകളിൽ ഒരുകലശത്തിൽ നിറച്ച കളഭംകൊണ്ടാണ് അഭിഷേകം. ഭക്തജന ബാഹുല്യംകാരണം മണ്ഡലമകരവിളക്കുകാലത്ത് സഹസ്രകലശം അപൂർവ്വമായേ നടത്താറുള്ളൂ. ഭഗവദ്‌ചൈതന്യ വർദ്ധനവിനായാണു സഹസ്രകലശാഭിഷേകം, ലക്ഷാർച്ചനയോടന്ബന്ധിച്ചുള്ള കളഭാഭിഷേകം, ദ്രവ്യകലശാഭിഷേകം തുടങ്ങിയവ നടത്തുന്നത്.

സന്ധ്യാദീപാരാധനയ്ക്ക്‌ശേഷം താമര, തുളസി, ചെത്തി, അരളി തുടങ്ങിയ പുഷ്പങ്ങൾ കൊണ്ട് അയ്യപ്പ വിഗ്രഹത്തിൽ നടത്തുന്ന അഭിഷേകമാണ് പുഷ്പാഭിഷേകം. അത്താഴപൂജയ്ക്കുശേഷം നടയടയ്ക്കുന്നതിന് മു ൻപ് ഭസ്മാഭിഷേകവും നടത്തുന്നു.

മാസപൂജകൾക്കുംമണ്ഡലമകരവിളക്കു പൂജകൾക്കുംശേഷം നടയടയ്ക്കുന്ന ദിവസങ്ങളിൽ അയ്യപ്പന് ഭസ്മാഭിഷേകം നടത്തിയോഗദണ്ഡു ധരിപ്പിച്ചാണു നടയടയ്ക്കുന്നത്.

കടപ്പാട്: ജന്മഭൂമി
സ്വാമിയേ ശരണമയ്യപ്പാ
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.
ശ്രീ ഗുരുവായൂരപ്പൻ
കൊല്ലൂർ ശ്രീ മൂകാംബികാ ദേവീ

No comments:

Post a Comment