Thursday, December 21, 2017

രക്ഷിതാക്കള്‍ കുട്ടികളെ വളര്‍ത്തുമ്പോള്‍ അവര്‍ക്ക് ശ്രദ്ധയും സ്‌നേഹവും പരിചരണവും നല്‍കണം. എന്നാല്‍ അവരില്‍ ആഗ്രഹവും ബന്ധവും പാടില്ല. അമിതവാത്സല്യം ഉണ്ടെങ്കില്‍ അവരെ തിരുത്താന്‍ കഴിയില്ല. എന്നാല്‍ അതേ തെറ്റുകള്‍ മറ്റുകുട്ടികള്‍ ചെയ്യുമ്പോള്‍ കാണുകയും ചെയ്യും.
ജീവിതം ഒരു കലോത്സവമാണ്. ജീവിതത്തെ ഒരു കലോത്സവമാക്കി മാറ്റാന്‍ എങ്ങനെ കഴിയും? കലോത്സവമെന്നാല്‍ എല്ലാ കലകളുടെയും ആഘോഷം. ഉത്സവമെന്നാല്‍ ഊര്‍ജ്ജവും ഉത്സാഹവും പകര്‍ന്നുതരുന്നത് എന്നര്‍ത്ഥം. ജീവിതത്തെ കലോത്സവമാക്കി മാറ്റുക എന്നാലെന്താണ്? ലളിതമായി പറഞ്ഞാല്‍ ഭാവംകൊണ്ടും ചിന്തകള്‍കൊണ്ടും സഹജീവികള്‍ക്കും ഊര്‍ജ്ജവും ഉത്സാഹവും സന്തോഷവും നല്‍കി ജീവിതത്തെ ഒരു ആഘോഷമാക്കുക എന്നതാണ്. ഇതു നേടണമെങ്കില്‍ ഉത്സാഹഭരിതമായി ജീവിക്കാന്‍ നമുക്കറിയണം. കലയിലും നാം പ്രാവീണ്യം നേടിയിരിക്കണം. ഒരു ചിത്രകാരന്റെ കൈയില്‍ ധാരാളം വര്‍ണങ്ങളുണ്ട്. ചിത്രം വരച്ച ശേഷം അതിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ വര്‍ണങ്ങള്‍ അയാളുടെ അറിവുകൊണ്ടും അനുഭവംകൊണ്ടും നന്നായി യോജിക്കുന്ന രീതിയില്‍ ചാലിച്ചെഴുതുന്നു.
ദൈവം നമുക്ക് വിവിധ വര്‍ണങ്ങള്‍-അവയവങ്ങള്‍-തന്നിരിക്കുന്നു. ഈ വ്യത്യസ്ത തരം അവയവങ്ങള്‍കൊണ്ട്- വായ് കൊണ്ട് നല്ല വാക്കുകളും,കണ്ണുകള്‍കൊണ്ട് നല്ല കാഴ്ചകളും, ചെവികള്‍കൊണ്ട് നല്ല ശബ്ദവും കേള്‍ക്കേണ്ടതായിട്ടുണ്ട്. ഇന്ദ്രിയങ്ങളെ നാം നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമെങ്കില്‍ നമ്മില്‍ നിന്നും വരുന്ന പ്രവൃത്തികളും കലപോലെ തന്നെ ആയിരിക്കും. ഇതില്‍ എഴുതുന്നതും വായിക്കുന്നതും പെരുമാറുന്നതും ഉള്‍പ്പെടുന്നു. ഇത് നമുക്ക് ബോധ്യം വരണം.ഇതിനെയാണ് യോഗീ ജീവിതം നയിക്കുന്ന കല എന്നുപറയുന്നത്.
ഒരു നര്‍ത്തകി മനോഹരമായി നൃത്തം ചെയ്യേണ്ടതുണ്ട്. വിദഗ്ദ്ധനായ സംഗീതജ്ഞന് അഗാധമായ സ്വരജ്ഞാനം വേണം. ഈ വക കലാകാരന്മാര്‍ എല്ലാം അവരുടെ അറിവും പ്രയോഗവും നല്ല വിധത്തില്‍ മിശ്രണമാക്കുന്നതിനാല്‍ കഴിവുള്ളവരായി അറിയപ്പെടുന്നു. അതുപോലെ നമ്മളെല്ലാവരും പ്രഭാതം മുതല്‍ പ്രദോഷം വരെ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നു. ഇതും ഒരു കലയാക്കി മാറ്റാവുന്നതാണ്. എങ്കില്‍ ജീവിതം ഒരു യോഗീ ജീവിതമായി മാറും. ജീവിതത്തെ യോഗീജീവിതമാക്കി മാറ്റാനുള്ള കലയാണ് ആത്മീയ ജ്ഞാനം. ഇതു പഠിച്ചു നമ്മുടെ ജീവിതത്തില്‍ അനുവര്‍ത്തിക്കുമ്പോള്‍ ജീവിതം സന്തുലിതമാവുന്നു.
സര്‍ക്കസുകാരന്‍ ഞാണിന്മേല്‍ നടക്കുമ്പോള്‍ നാം കയ്യടിക്കുന്നു. കാണികള്‍ക്കപ്പോള്‍ പിരിമുരുക്കമോ ഭയമോ ഇല്ല. കാരണം അയാള്‍ ആവശ്യത്തിനു പരിശീലിച്ചിട്ടുണ്ടെന്ന് നമുക്ക് അറിയാം. അതിനാല്‍ നാം അത് ആസ്വദിക്കുന്നു. മറുവശത്ത് അത് അയാളുടെ ജീവിതമാര്‍ഗ്ഗമാണ്. ഇടത്തോട്ടോ വലത്തോട്ടോ അധികമായി ചെരിഞ്ഞാല്‍ അയാള്‍ ഞാണിന്മേല്‍ നിന്നു താഴെ വീഴും. അതുപോലെ തന്നെയാണ് നമ്മുടെ ജീവിതവും. ജീവിതത്തില്‍ സന്തുലിതാവസ്ഥ നിലനര്‍ത്തേണ്ടത് ആവശ്യമാണ്.
ശരീരത്തിന്റെ ഘടന നോക്കൂ. തലച്ചോറിന്റെ ഘടന നോക്കൂ. എത്ര ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. വൈകാരികവും ബുദ്ധിപരവുമായ തലങ്ങള്‍ ഇടതും വലതുമായി ക്രമീകരിച്ചിരിക്കുന്നു. ഇവ രണ്ടും സന്തുലിതമാണെങ്കില്‍ ആ മനുഷ്യന്റെ ജീവിതത്തില്‍ സന്തുലിതാവസ്ഥ പ്രകടമാകും. എത്ര പരിചയസമ്പന്നനായ ‘സര്‍ജന്‍’ ആണെങ്കില്‍ പോലും വികാരങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ സ്വന്തം മകന്റെ ശരീരത്തില്‍ ചെയ്യുന്ന ‘ഓപ്പറേഷന്‍’ വിജയിക്കില്ല. ഇതിന് വികാര-ബുദ്ധി സന്തുലനം ആവശ്യമാണ്. ആത്മീയാംശത്തിന്റെ ആവശ്യകത ഇവിടെയാണ്. ആത്മീയജ്ഞാനം വികാരത്തിന്റെയും ബുദ്ധിയുടെയും സന്തുലനം പഠിപ്പിക്കുന്നു.
പലരും ധരിച്ചുവച്ചിരിക്കുന്നത് ആത്മീയത എന്നാല്‍ വയസ്സായവര്‍ക്കുള്ളതാണ് എന്നാണ്. യഥാര്‍ത്ഥത്തില്‍ ജീവിതത്തെ സന്തുലിതമാക്കുന്ന ഒരു കലയാണ് ഇത്. ഇത് അഭ്യസിച്ചാല്‍ പക്വതയാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായി പരിപൂര്‍ണ സന്തോഷത്തോടെ ജീവിക്കാവുന്നതാണ്. ആഗ്രഹങ്ങള്‍ കുറയുമ്പോള്‍ ആവശ്യങ്ങല്‍ നിറവേറ്റാന്‍ എളുപ്പമാണ്. ഇത്തരക്കാരെ കര്‍മ്മയോഗികള്‍ എന്നുപറയുന്നു. കാരണം അവര്‍ പക്വമായ കുടുംബജീവിതം നയിക്കുന്നു.
രക്ഷിതാക്കള്‍ കുട്ടികളെ വളര്‍ത്തുമ്പോള്‍ അവര്‍ക്ക് ശ്രദ്ധയും സ്‌നേഹവും പരിചരണവും നല്‍കണം. എന്നാല്‍ അവരില്‍ ആഗ്രഹവും ബന്ധവും പാടില്ല. അമിതവാത്സല്യം ഉണ്ടെങ്കില്‍ അവരെ തിരുത്താന്‍ കഴിയില്ല. അവരുടെ തെറ്റുകള്‍ കണ്ടില്ലെന്നു നടിച്ചേക്കാം. എന്നാല്‍ അതേ തെറ്റുകള്‍ മറ്റുകുട്ടികള്‍ ചെയ്യുമ്പോള്‍ കാണുകയും ചെയ്യും. .
നാം ജീവിതത്തില്‍ ധനം സമ്പാദിക്കണം. എന്നാല്‍ ധനാര്‍ത്തി അരുത്. ഇത്തരം ആര്‍ത്തികളുടെ പുറകെ ചെന്നാല്‍ നാം അധഃപതിക്കും. ആഹാരത്തെ മലിനമാക്കും. എങ്ങനെയെന്നാല്‍ വിളയില്‍ അമിതമായി വിഷം തളിക്കുന്ന കൃഷിക്കാരനെ പോലെ! രോഗിയുടെ വൃക്ക മോഷ്ടിക്കുന്ന ഡോക്ടറെപോലെ. ഇത്തരം ആര്‍ത്തികള്‍ തന്നെയാണ് വര്‍ത്തമാന കാലത്തിലെ തിന്മകള്‍ക്കു വലിയ കാരണം. അനുദിന ജീവിത ചെലവുകള്‍ക്ക് കഠിനാദ്ധ്വാനത്തിലൂടെ നാം ധനം സമ്പാദിക്കുന്നതു ശരിതന്നെ; എന്നാല്‍ ആര്‍ത്തികളുടെ പൂര്‍ത്തീകരണത്തിനായി തെറ്റായ ജീവിതം നയിക്കാന്‍ നാം മുതിരുന്നു. അതൊക്കെ മറികടന്നും നമ്മുടെ ജീവിതത്തെ കലോത്സവമാക്കി മാറ്റാം.


ജന്മഭൂമി: http://www.janmabhumidaily.com/news756862#ixzz51vzeHYsr

No comments:

Post a Comment