Thursday, December 21, 2017

ഒരു ഈശ്വരൻ മാത്രമെ നിലവിലൊള്ളുവെന്നിരിക്കെ ഞാൻ ഈശ്വരനിൽ നിന്നും വേർപെട്ടതാണെന്ന ചിന്തയാണ് അഹങ്കാരം.
ഈശ്വരനല്ലാതെ എന്തെങ്കിലും ഉണ്ടെന്നു പറയുന്നത് ഈശ്വരന്റെ സർവ്വവ്യാപിത്യത്തെ തള്ളികളയലാണ്.
അതിനാൽ താൻ ഈശ്വരനാണെന്ന് എല്ലാവരും അറിയണം. അതോടൊപ്പം എല്ലാവരും ഈശ്വരനാണെന്ന തിരിച്ചറിവും ഉണ്ടാകണം.
ഈശാവാസ്യം ഇദം സർവ്വം !!
ഏകം സദ്. വിപ്രാ ബഹുദാ വദന്തി !!
സത്യം ഒന്നു മാത്രമെ ഒള്ളൂ. പണ്ഡിതന്മാർ അതിനെ പലതായി പറയുന്നു.
ഈശ്വരൻ മാത്രമാണ് സത്യം.
നിരാകാരനായ ഈശ്വരൻ തന്നെയാണ് പ്രപഞ്ചമായി കാണപ്പെടുന്നത്.
മനുഷ്യൻ, മൃഗം, സചേതനം, അചേതനം എന്നിവയെല്ലാം വെറും സങ്കല്പങ്ങൾ മാത്രം. ആകെയുള്ളത് ബോധസ്വരുപനായ ഈശ്വരനാണ്. അതിൽ വൈജാത്യങ്ങൾ ഒന്നും ഒരിക്കലും സാദ്ധ്യമല്ല.
ഒരു കടലാസ്സിൽ പർവ്വതവും സമുദ്രവും വരച്ചിട്ട് , ഇതു പർവ്വതം , ഇത് സമുദ്രം എന്നു നമുക്കു പറയാം. പക്ഷെ അവിടെ സമുദ്രവും പർവ്വതവും ഒന്നുമില്ല.
വെറും കടലാസ്സ് !|
ചിത്രത്തിൽ ശ്രദ്ധിക്കുന്നവർക്ക് പർവ്വതവും സമുദ്രവും ശരിയാണെന്നു തോന്നും, പക്ഷെ അതിന്റെ പശ്ചാത്തലം ശ്രദ്ധിക്കുന്നവർക്കു അവിടെ കടലാസ്സു മാത്രമെ കാണാനാകു.
അതുപോലെ പ്രപഞ്ചമാകുന്ന ചിത്രം ശ്രദ്ധിച്ചാൽ എല്ലാ വൈജാത്യങ്ങളും കാണും. പക്ഷെ അതെല്ലാം എവിടെ കാണപ്പെടുന്നുവെന്നു ശ്രദ്ധിച്ചാൽ താനാകുന്ന ബോധത്തിലാണെന്നു കാണാം .എല്ലാത്തിനും പശ്ചാത്തലമായി നില്ക്കുന്ന ആ ബോധ തലമത്രെ ഈശ്വരൻ. ആ ബോധം ഞാൻ എന്നറിയുമ്പോൾ ഈശ്വരനും താനും ഒന്ന്.

No comments:

Post a Comment