Monday, December 25, 2017

*രാവണനു പരമശിവൻ നൽകിയ വാളിന്റെ പേരാണ് ചന്ദ്രഹാസം.*
*ഒരിക്കല്‍ സ്വന്തം അഹങ്കാരത്താല്‍ കൈകള്‍ കൈലാസത്തിനിടയില്‍പ്പെട്ട് പുറത്തെടുക്കാന്‍ കഴിയാതെ വേദനകൊണ്ടു പുളഞ്ഞ രാവണന്‍ ആയിരം വര്‍ഷം ആ ഇരിപ്പിലിരുന്ന് ശിവനെ ഭജിക്കുകയും ശിവന്‍ പ്രത്യക്ഷപ്പെട്ട് രാവണനു വിശേഷപ്പെട്ട ചന്ദ്രഹാസം എന്ന ഒരു വാള്‍ സമ്മാനമായി നല്‍കുകയും ചെയ്തു. ഈ ആയുധം രാവണന് അനേകം യുദ്ധങ്ങളില്‍ വിജയം നേടിക്കൊടുക്കുകയും ഈ വാള്‍മുനയില്‍ രാവണന്‍ ലോകത്തെ കിടുകിടാ വിറപ്പിച്ചുവരുകയും ചെയ്തു.*
*രാവണന്‍, കുംഭകര്‍ണന്‍, വിഭീഷണന്‍, ശൂര്‍പ്പണഖ എന്നിവരാണ് വിശ്രവസിനു കൈകസിയില്‍ ജനിച്ച കുട്ടികള്‍. വിശ്രവസിന് ഇളവിള എന്ന ഭാര്യയിലും ഒരാണ്‍കുഞ്ഞു ജനിച്ചു. കുബേരന്‍ എന്ന ആ കുട്ടി വളര്‍ന്നുവന്നതോടെ ദേവന്മാരെ പ്രീതിപ്പെടുത്തി ലങ്കയുടെ ഭരണാധികാരം ഏറ്റെടുക്കുകയും ദേവന്മാരില്‍നിന്നും പുഷ്പകവിമാനം കൈക്കലാക്കുകയും ചെയ്തു. കൈകസിക്ക് അസൂയ തോന്നി. ബ്രഹ്മാവിനെ തപസ്സുചെയ്തു വരദാനം വാങ്ങാന്‍ അവള്‍ മക്കളെ പ്രേരിപ്പിച്ചു.*
*ഏറ്റവും കൊടിയ തപസ്സു ചെയ്തത് രാവണനായിരുന്നു. പഞ്ചാഗ്നി മധ്യത്തില്‍ നിന്നുകൊണ്ട് ആയിരം വര്‍ഷം തപസ്സുചെയ്തിട്ടും ബ്രഹ്മാവു പ്രത്യക്ഷപ്പെടാതായപ്പോള്‍ രാവണനു നിരാശ തോന്നി.*
*വികാരവിവശനായി അയാള്‍ സ്വന്തം തല വെട്ടി അഗ്നിയിലേക്കിട്ടു. അടുത്ത ആയിരം വര്‍ഷം പൂര്‍ത്തിയായതോടെ രണ്ടാമത്തെ തലയും അറുത്തെടുത്ത് അഗ്നിയിലിട്ടു ഹോമിച്ചു. അങ്ങനെ ഒന്‍പതു തലയും ഹോമിച്ചു. തപസ്സ് പതിനായിരം വര്‍ഷം പൂര്‍ത്തിയായി. പത്താമത്തെ തലയും അറുക്കാന്‍ തുടങ്ങിയപ്പോള്‍ ബ്രഹ്മാവു പ്രത്യക്ഷപ്പെട്ട് ഇഷ്ടമുള്ള വരം ചോദിച്ചുകൊള്ളാന്‍ ആജ് ഞാപിച്ചു. മനുഷ്യനില്‍നിന്നല്ലാതെ മറ്റാരില്‍നിന്നും തനിക്കു മരണമുണ്ടാകരുതെന്ന വരമാണു രാവണന്‍ നേടിയത്.*
*വരം വാങ്ങിയ രാവണന്‍ കുബേരനുമായി യുദ്ധപ്രഖ്യാപനം നടത്തി. കുബേരനെ തോല്‍പ്പിക്കുകയും പുഷ്പകവിമാനം കൈക്കലാക്കുകയും ചെയ്തു. കുബേരനെ കീഴടക്കിയ രാവണന്‍ നേരെ പോയത് കൈലാസത്തിലേക്കാണ്. കൈലാസത്തിലെത്തിയ അദ്ദേഹത്തെ ശിവന്‍റെ ഭൂതഗണങ്ങളില്‍ പ്രധാനിയായ നന്ദികേശന്‍ തടഞ്ഞുനിര്‍ത്തി. തന്നെ തടഞ്ഞതില്‍ കോപം തോന്നിയ രാവണന്‍ കൈലാസത്തെ കീഴ്‌മേല്‍ മറിക്കാന്‍ തുടങ്ങി.*
*ഇരുപതു കൈകളും കൈലാസ പര്‍വതത്തിനടിയില്‍ കടത്തി അതിനെ എടുത്തു കുലുക്കാന്‍ തുടങ്ങി. പാര്‍വതിക്കു ഭയമായി. ശിവന്‍ കാലുകൊണ്ടു കൈലാസത്തെ അടിയിലേക്കു ചവുട്ടിത്താഴ്ത്തി. അതോടെ രാവണന്‍റെ കൈകള്‍ കൈലാസത്തിനടിയില്‍ കിടന്നു ചതഞ്ഞരഞ്ഞു. കൈകള്‍ പുറത്തെടുക്കാന്‍ കഴിയാതെ വേദനകൊണ്ടു പുളഞ്ഞ രാവണന്‍ ആയിരം വര്‍ഷം ആ ഇരിപ്പിലിരുന്ന് ശിവനെ ഭജിച്ചു.*
*അവസാനം ശിവന്‍ പ്രത്യക്ഷപ്പെട്ടു രാവണനു വിശേഷപ്പെട്ട ഒരു വാള്‍ സമ്മാനമായി നല്‍കി. ആ വാളാണ് ചന്ദ്രഹാസം. രാവണന് അനേകം യുദ്ധങ്ങളില്‍ വിജയം നേടിക്കൊടുത്ത ദിവ്യായുധമാണ് ചന്ദ്രഹാസം. അനേകം ത്യാഗങ്ങളും പ്രയാസങ്ങളും അനുഭവിച്ചശേഷം കിട്ടിയ ചന്ദ്രഹാസം എന്ന വാള്‍മുനയില്‍ രാവണന്‍ ലോകത്തെ കിടുകിടാ വിറപ്പിച്ചു.*

No comments:

Post a Comment