Friday, December 22, 2017

രജോഗുണം വര്‍ധിക്കുമ്പോഴാണ് ലോഭം (മതിവരായ്ക) , ഫലത്തിനായുള്ള കര്‍മ്മങ്ങളുടെ തുടക്കം, അടക്കമില്ലായ്മ, ഒരുപാട് കിട്ടണമെന്ന തീരാത്ത ആഗ്രഹം എന്നിവയുണ്ടാകുന്നത്. ഒരു സാവകാശവുമില്ലാതെ ത്വരിതഗതിയില്‍ ഓടിക്കൊണ്ടിരിക്കും. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ മനസ്സ് ചന്ദ്രനിലായിരിക്കും, ഭാര്യയുടെ കൂടെയിരിക്കുമ്പോള്‍ ഉഗാണ്ടയിലെ ഓഫീസിലായിരിക്കും. ഒരിക്കലും മനസ്സ് കൂടെയുണ്ടാകില്ല. ഈ യാന്ത്രികതയെ തച്ചുടച്ച് സ്വാഭാവികതയിലേക്ക് വരണം. ജീവിക്കാന്‍ മറന്നുപോയവരാകരുത് നമ്മള്‍. നമ്മുടെ സന്താനങ്ങള്‍ പോലും യാന്ത്രികമായി ആവിര്‍ഭവിച്ചവരാണ്.
ഈ ദേഹത്തിലെ എല്ലാ ജ്ഞാനേന്ദ്രിയ കവാടങ്ങളിലും ജ്ഞാനമാകുന്ന പ്രകാശം എപ്പോള്‍ പ്രകടമാകുന്നുവോ അപ്പോഴാണ് സത്വഗുണം വികസിച്ചിരിക്കുന്നത്. അകത്തുനിന്ന് പൂട്ടി താക്കോല്‍ നമ്മുടെ പോക്കറ്റിലിട്ടിട്ടാണ് ന‍ാം തുറക്കാന്‍ പറ്റുന്നില്ലല്ലോ എന്ന് വിഷമിക്കുന്നത്. തമോഗുണം വര്‍ധിച്ചസമയത്ത് അജ്ഞത (വെളിവില്ലായ്മ) , അലസത, തെറ്റായ പ്രവൃത്തി, മോഹം ഇതൊക്കെ ജനിക്കുന്നു. സത്വഗുണം വര്‍ധിക്കുന്നസമയത്ത് ദേഹം നശിക്കുന്നവര്‍ ഉത്തമജ്ഞാനികളുടെ ലോകത്തെ പ്രാപിക്കുന്നു. അറിവില്‍ ഞാന്‍ ശരീരമെന്ന വിചാരത്തിന്റെ നാശമുണ്ടാക്കുന്നു. ഈ വഴിമാത്രമേ മരണത്തെ അതിവര്‍ത്തിക്കാനാകൂ. രജോഗുണം വര്‍ധിച്ചിരിക്കുമ്പോള്‍ മരിച്ചവര്‍ കര്‍മ്മാസക്തരിലും തമോഗുണഭാവത്തില്‍ മരിക്കുന്നവര്‍ മൂഢയോനിയിലും ജനിക്കുന്നു.
സുകൃതഫലം സാത്വികമായ നിര്‍മ്മലവുമാണ്. ഈശ്വരാര്‍പ്പണ ബുദ്ധിയോടെ കര്‍മ്മം ചെയ്യുന്നവര്‍ പൂര്‍ണതമാത്രമേ ദര്‍ശിക്കുന്നുള്ളു. രജോഗുണഫലം ദുഃഖം മാത്രമാണ്. തമോഗുണഫലം അജ്ഞാനവും. സത്വഗുണത്തില്‍ നിന്ന് അറിവും രജോഗുണത്തില്‍ നിന്ന് അത്യാഗ്രഹവും തമോഗുണത്തില്‍ നിന്ന് തെറ്റുകളും മോഹങ്ങളും അറിവില്ലായ്മയും ഉണ്ടാകുന്നു. സത്വഗുണികള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. രജോഗുണികള്‍ ഇടയ്ക്കുനില്‍ക്കും. തമോഗുണികള്‍ ഒരിടത്തും നില്‍ക്കാതെ താഴേക്ക് പോയ്ക്കൊണ്ടിരിക്കും. ജ്ഞാനിയായ ഒരുവന്‍ എപ്പഴാണോ ഗുണങ്ങളില്‍ നിന്ന് വേറിട്ട് ഒരു കര്‍ത്താവിനെ കാണാതിരിക്കുകയും ഗുണങ്ങളില്‍ നിന്ന് ഉപരിയായി ആത്മാവിനെ അറിയുകയും ചെയ്യുന്നത് അപ്പോള്‍ ഭഗവദ്ഭാവത്തെ പ്രാപിക്കുന്നു.

No comments:

Post a Comment