Friday, December 22, 2017

മദ്യപാനത്തിലൂടെ ബുദ്ധിനാശം

പ്രിന്റ്‌ എഡിഷന്‍  ·  December 23, 2017
ഭാഗവതത്തിലൂടെ
ഉദ്ധവര്‍ തുടര്‍ന്നു:
ഹേ വിദുരരേ, ഭഗവാന്റെ ലീലാവിലാസങ്ങള്‍ പലതും കണ്ട് ആസ്വദിച്ചവനാണ് ഞാന്‍. പക്ഷെ അങ്ങു ചോദിച്ചതിന് സമാധാനം പറയാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല.
സ്വന്തം മാതാപിതാക്കളായ ദേവകീ വാസുദേവന്മാരെ കംസന്‍ ജയിലിലടച്ച് ചങ്ങലക്കിട്ട് ഏറെ ദ്രോഹിച്ചതിന് മറുപടിയായാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഒറ്റച്ചാട്ടത്തിന് കംസന്റെ ജീവന്‍ വേര്‍പെടുത്തിയത്. തുടര്‍ന്നാണ് സാന്ദീപനിമഹര്‍ഷിയുടെ ശിഷ്യത്വം സ്വീകരിച്ച് വിദ്യ അഭ്യസിച്ചത്. വിദ്യാഭ്യാസത്തിനു ശേഷം ഗുരുവിന്റെ മരിച്ചുപോയ പുത്രനെ പഞ്ചജനന്റെ വയറില്‍നിന്നും മോചിപ്പിച്ചുകൊണ്ടുവന്ന് ഗുരുവിനു ഗുരുദക്ഷിണ നല്‍കി.
ഭീഷ്മക പുത്രിയായ രുഗ്മിണിയെ അവരുടെ അപേക്ഷ മാനിച്ച് ഗാന്ധര്‍വവിധി പ്രകാരം സ്വീകരിച്ച് ജീവിത പങ്കാളിയാക്കി. ഇങ്ങിനെ എന്തെല്ലാം ലീലകള്‍.
നരകാസുരന്റെ തടവറയില്‍ കഴിഞ്ഞിരുന്ന പതിനാറായിരം സ്ത്രീകളെ അവിടെനിന്നു മോചിപ്പിച്ച് ഒരേസമയം അവര്‍ക്കെല്ലാം അനുരൂപനായ വാര്‍ത്തയായി മാറി. അവര്‍ക്കെല്ലാം സംതൃപ്തിയോടെയുള്ള ജീവിതമാണ് ഭഗവാന്‍ പ്രദാനം ചെയ്തത്.
ഭഗവാന്റെ സഹായത്താല്‍ പാണ്ഡവന്മാര്‍ കുരുക്ഷേത്ര യുദ്ധത്തില്‍ കൗരവന്മാരെ വധിച്ച് രാജ്യം വീണ്ടെടുത്തു. ഭീമസേനന്റെ അടിയേറ്റാണ് ദുര്യോധനന്‍ മരിച്ചത്. ദുശ്ശാസനാദികളായ പല കൗരവരും ഭീമന്റെ ഗദക്ക് പാത്രമായി.
ഭീഷ്മരും ദ്രോണരും കര്‍ണനുമെല്ലാം അര്‍ജുനന്റെ അസ്ത്രവൈഭവത്തിനു മുന്നില്‍ മാറുതകര്‍ന്നു മരിച്ചു. കുരുക്ഷേത്ര യുദ്ധത്തില്‍ പങ്കെടുത്ത പതിനെട്ട് അക്ഷൗഹിണിപ്പട മുഴുവന്‍ യുദ്ധക്കളത്തില്‍ വീണുവെന്നു പറയാം. എന്നിട്ടും ഭൂമിഭാരം ഇനിയും തീര്‍ന്നില്ലെന്നാണ് ഭഗവാന്‍ വിലയിരുത്തിയത്. കാരണം ബലവാന്മാരായ യദുക്കള്‍ ഇനിയും ബാക്കിയിരിക്കുന്നു. അവരുടെ അഹങ്കാരവും നാളെ ഭൂമിഭാരമായി നിലനില്‍ക്കും. അതിനാല്‍ ആ ഭാരവും തീര്‍ക്കേണ്ടതുണ്ട്. അഹങ്കാരികളായിത്തീര്‍ന്ന യാദവന്മാരെക്കൊണ്ടുള്ള ഭാരം തീര്‍ക്കാന്‍ ഭഗവാനല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല. കാരണം യദുക്കള്‍ എന്റെ അംശംതന്നെയെന്ന് ഭഗവാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനുള്ള മാര്‍ഗവും ഭഗവാന്‍ നിശ്ചയിച്ചു. യദുക്കളുടെ ഇടയില്‍ അന്യോന്യം വിവാദമുണ്ടാകണം. മദ്യാസക്തിയില്‍പ്പെട്ട് കണ്ണുകള്‍ ചുമപ്പിച്ച് അവര്‍ പരസ്പരം പോരടിക്കണം. ഇതല്ലാതെ മറ്റ് മാര്‍ഗമില്ല.
”ഭഗവാനപി വിശ്വാത്മാ ലോകവേദപഥാനഗഃ
കാമാന്‍ സിഷേവേ ദ്വാര്‍വത്യാമസക്തഃ സാംഖ്യമാസ്ഥിതഃ”
ശാസ്ത്രാനുസൃതം ജീവിക്കുന്ന വിശ്വാത്മാവാണ് ഭഗവാനെങ്കിലും ഒരു ലൗകികനെപ്പോലെ, കാമാസക്തിയോടെന്ന മട്ടില്‍ ദ്വാരകയില്‍ കഴിഞ്ഞു.
ഇതിനിടയില്‍ ഒരുനാള്‍ ഏതാനും മുനിമാര്‍ ഭഗവാനെ കാണാന്‍ ദ്വാരകയില്‍ എത്തി. അവിടെ കൡച്ചുകൊണ്ടിരുന്ന യാദവകുമാരന്മാരുടെ പരിഹാസങ്ങളാല്‍ മുനിമാര്‍ കോപിക്കാനിടവന്നു. എല്ലാം ഭഗവാന്റെ നിശ്ചയം എന്നല്ലാതെ എന്തു പറയാന്‍. മുനിമാരുടെ കോപം ശാപമായി മാറി. ദൈവേഛ അറിയുന്നവരാണവര്‍.
പിന്നീടൊരിക്കല്‍ പ്രഭാസതീരത്തില്‍ ഒത്തുകൂടിയ യാദവന്മാര്‍ വിവിധ പൂജകളും ദാനങ്ങളും പൂര്‍ത്തിയാക്കിയശേഷം വിശ്രമിക്കുമ്പോള്‍ അതില്‍ വലിയൊരു ഭാഗം അല്‍പം വാരുണീസേവ നടത്തി. മദ്യപാനം ബുദ്ധിനാശമുണ്ടാക്കുന്നത് സ്വാഭാവികമാണല്ലോ. അവര്‍ ദുരുക്തികള്‍കൊണ്ട് പരസ്പരം ദുഷിച്ചു.
പ്രഭാസതീരം ഒരു കൂട്ടത്തല്ലിനു വേദിയായി. തമ്മിതല്ലി മരിക്കുന്ന ഒരു സമൂഹം.
”ഭഗവാന്‍ സ്വാത്മമായായാ
ഗതിം താമവലോക്യ സഃ
സരസ്വതീമുപസ്പൃശ്യ
വൃക്ഷമൂല മുപാവശിത്”
തന്റെ മായാശക്തിയുടെ പ്രവര്‍ത്തനഗതി നിരീക്ഷണം ചെയ്തുകൊണ്ട് ഭഗവാന്‍ ഒരു വൃക്ഷമൂലത്തില്‍ ഇരുന്നു. സ്വകുലത്തില്‍ നാശം ആസ്വദിച്ചുകൊണ്ടിരുന്നുവെങ്കിലും ഭഗവാന്‍ എന്നോടു കരുണയുള്ളവനായിരുന്നു.
”ബദരീം ത്വം പ്രയാഹീതി” എന്ന് ബദരിയിലേക്കു പോകാന്‍ ഭഗവാന്‍ എന്നെ നേരത്തെതന്നെ നിയോഗിച്ചിരുന്നു. എന്നാല്‍ ആ തൃപ്പാദസേവ വിട്ട് എങ്ങോട്ടും പോകാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല.


ജന്മഭൂമി: http://www.janmabhumidaily.com/news757387#ixzz522AuuoAB

No comments:

Post a Comment