പഞ്ചപ്രാണനുകളിലെ വ്യാനനെക്കുറിച്ചാണ് ഇനി പറയുന്നത്-
ഹൃദി ഹ്യേഷ ആത്മാഃ അത്രൈതദേകശതം
നാഡീനാം താസാം ശതാശതമേകൈകസ്യാം
ദ്വാസപൂതിര്‍ ദ്വാസപ്തതിഃ പ്രതിസാഖാനാഡീ
സഹസ്രാണിഭവന്ത്യാസൂ വ്യാനശ്ചരതി
ജീവാത്മാവിരിക്കുന്ന ഹൃദയത്തില്‍നിന്ന് 101 പ്രധാന നാഡികള്‍ പുറപ്പെടുന്നു. അവയ്ക്ക് ഓരോന്നിനും നൂറ് നൂറ് ഉപശാഖകള്‍ ഉണ്ട്. ഇവയ്ക്ക് 72000 പ്രതിശാഖകളുണ്ട്. ഈ നാഡികളിലൂടെ വ്യാനന്‍ സഞ്ചരിക്കുന്നു.
വ്യാപിക്കുന്നതുകൊണ്ടാണ് 'വ്യാനന്‍' എന്ന് പേരുണ്ടായത്. ഒരു ശരീരത്തില്‍ എഴുപത്തിരണ്ടുകോടി എഴുപത്തിരണ്ടുലക്ഷത്തിപ്പതിനായിരത്തി ഇരുന്നൂറ്റൊന്ന് (727210201) നാഡികളുണ്ട്. സൂര്യനില്‍നിന്ന് രശ്മികള്‍ എന്നപോലെ ഹൃദയഭാഗത്തില്‍നിന്ന് എല്ലാ ഭാഗങ്ങളിലേക്കും പോകുന്ന നാഡികളില്‍ക്കൂടി ദേഹം മുഴുവന്‍ വ്യാപിച്ചാണ് വ്യാനന്‍ സ്ഥിതിചെയ്യുന്നത്. സന്ധികള്‍, സ്‌കന്ധങ്ങള്‍, മര്‍മ്മങ്ങള്‍ എന്നിവിടങ്ങളില്‍ പ്രാണവായു പ്രത്യേകിച്ച് സ്ഥിതി ചെയ്യുകയും പ്രാണ, അപാന വൃത്തികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് വീര്യമുള്ളകര്‍മ്മങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
ഉദാന വായുവിനെക്കുറിച്ച് പറയുന്നു-
അഥൈകയോര്‍ദ്ധ്വ ഉദാനഃ പുണ്യേന
പുണ്യം ലോകം നയതി പാപേന പാപ-
മുഭാദ്യമേവ മനുഷ്യലോകം
101 നാഡികളില്‍ സുഷുമ്‌ന എന്ന നാഡിയില്‍ കൂടി ഉദാനവായു മുകളിലേക്ക് പോകുന്നു. പുണ്യകര്‍മ്മംകൊണ്ട് പുണ്യലോകത്തേക്കും പാപകര്‍മ്മംകൊണ്ട് നരകസമാനമായ പാപയോനികളിലേക്കും പുണ്യപാപങ്ങള്‍ തുല്യമാകുമ്പോള്‍ മനുഷ്യലോകത്തിലേക്കും നയിക്കുന്നത് ഉദാനവായുവാണ്. പാദം മുതല്‍ മസ്തകംവരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഉദാനന്‍ സുഷുമ്‌ന നാഡിയിലൂടെയാണ് മുകളിലേക്ക് പോകുന്നത്. ശാസ്ത്ര വിഹിത കര്‍മ്മങ്ങള്‍ ചെയ്യുന്നവരെ പുണ്യഫല അനുഭവത്തിനായി ദേവന്മാര്‍ മുതലയാവരുടെ സ്ഥാനമായ പുണ്യലോകത്തിലേക്ക് ഉദാനന്‍ എത്തിക്കുന്ന ശാസ്ത്രനിഷിധമായ പാപകര്‍മ്മങ്ങള്‍ ചെയ്യുന്നവരെ പക്ഷിമൃഗാദികളുടേതായ നരകതുല്യമായ യോനികളില്‍ പതിപ്പിക്കുന്നു.
പുണ്യ, പാപങ്ങള്‍ സമമാകുമ്പോള്‍ മനുഷ്യലോകത്തിലേക്കും കൊണ്ടുപോകുന്നു. പ്രാണന്‍ ദേഹം വിട്ടുപോകുന്നത് ഉദാനവൃത്തികൊണ്ടാണ്. പുതിയ ദേഹം സ്വീകരിക്കാന്‍ അവിടേക്ക് നയിക്കും ഉദാനന്‍.
അധിദൈവമായ പ്രാണന്റെ നിലയെപ്പറ്റിയാണ് അടുത്ത മന്ത്രത്തില്‍ പറയുന്നത്.
''ആദിത്യോ ഹ വൈ ബാഹ്യ പ്രാണ ഉദയത്യേഷ ഹ്യേനം
ചാക്ഷുഷം പ്രാണമനുഗൃഹ്ന്നാനഃ പൃഥിവ്യം യാദേവതാ
സൈഷാ പുരുഷസ്യാപാനമവഷ്ടഭ്യാ നിരായദായശഃ സ
സമനോ വായുര്‍വ്യാനഃ''
ആദിത്യനാണ് അധികാരദൈവതമായ പ്രാണന്‍. കണ്ണുകളിലെ പ്രാണനെ അനുഗ്രഹിച്ച് സൂര്യന്‍ ഉദിച്ചുയരുന്നു. ഭൂമി അഭിമാനിയായ ദേവത ശരീരത്തിലെ അപാനനെ താഴേക്ക് ആകര്‍ഷിച്ച് ശരീരത്തെ നിലനിര്‍ത്തുന്നു. അധിദൈവതമായ അപനനാണ് ഭൂമി അഭിമാന ദേവത. ഭൂമിയ്ക്കും സൂര്യനും ഇടയ്ക്കുള്ള ആകാശത്തിലെ വായു സമാനനെ അനുഗ്രഹിക്കുന്നു. ആകാശവായു സമാനനാണ്. പൊതുവെ എല്ലായിടത്തും വ്യാപിച്ചുനില്‍ക്കുന്ന വായു വ്യാനനുമാണ്.
അധിദൈവതമെന്നാല്‍ ശരീരത്തിന് പുറത്തുള്ളത് എന്നറിയണം. സൂര്യന്‍ കണ്ണിന് വെളിച്ചം നല്‍കി അല്ലെങ്കില്‍ വസ്തുക്കളെ പ്രകാശിപ്പിച്ച് ഉദിക്കുന്നു. സമഷ്ടിയായ പ്രാണന്‍ സൂര്യനും വ്യഷ്ടിയിലേത് കണ്ണുകളിലെ വെളിച്ചവുമാണ്. ഭൂമിയിലെ അഭിമാനിയായ ദേവത അഥവാ അഗ്നിദേവത അപാനവൃത്തിയെ ആകര്‍ഷിച്ച് താഴേക്ക് പിടിച്ചുനിര്‍ത്തുന്നു. ശരീരം ഭാരംകൊണ്ട് താഴെവീണു പോകാതേയും കനംകുറവ് കൊണ്ട് മേലേക്ക് പൊങ്ങാതെയും കാക്കുന്നു. തൂണ് നാട്ടിയിട്ട് വീണുപോകാതിരിക്കാന്‍ ചുറ്റും കുറ്റിയടിച്ച് അതില്‍ കയര്‍ കെട്ടി ഉറപ്പിക്കുന്നതുപോലെയാണിത്. ഭൂമി ആകര്‍ഷിച്ച നിലയ്ക്കുനിര്‍ത്തുന്നതിനാലാണ് ശരീരം വേണ്ടവിധത്തില്‍ നില്‍ക്കുന്നത്. (ഭൂഗുരുത്വ ആകര്‍ഷണത്തെപ്പറ്റി ആചാര്യസ്വാമികള്‍ എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്റെ ഭാഷ്യത്തില്‍ എഴുതിയിട്ടുണ്ട്. ഭാരതീയ ആചാര്യന്മാര്‍ക്ക് ഈ അറിവ് പണ്ടേയ്ക്ക് പണ്ടേ അറിയാം. എന്നിട്ടും മറ്റൊരുവിധത്തില്‍ പഠിക്കേണ്ടിവരുന്നത് നമ്മുടെ ഗതികേട്).
ആകാശം എന്ന് ഇവിടെ വിളിച്ചിരിക്കുന്നത് ആകാശത്തിലെ വായുവിനെയാണ്. അത് അധിദൈവതമായ സമാനനാണ്. ശരീരത്തിലെ സമാനനെ സഹായിക്കുന്നത് ഈ സമാന വായുവാണ്. സമാനന്‍ നമ്മുടെ ശരീരത്തിനകത്തെ ആകാശത്തിലാണ് ഇരിക്കുന്നത്. എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന പുറമെയുള്ള പൊതുവായ വായുവാണ് ശരീരം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന വ്യാനനെ അനുഗ്രഹിക്കുന്നത്.
No comments:
Post a Comment