Sunday, January 14, 2018

നാലാശ്രമങ്ങളും വിവരിച്ചശേഷം നാരദമഹര്‍ഷി എല്ലാ ആശ്രമങ്ങള്‍ ക്കുംവേണ്ട മോക്ഷധര്‍മങ്ങള്‍ എന്താണെന്നു പറയുന്നു. ഇത് എല്ലാവര്‍ക്കും, പ്രത്യേകിച്ചും ഗൃഹസ്ഥന്മാര്‍ക്ക്, പരമഹംസപദവി നേടിത്തരുന്നതാണ്.
കര്‍മനിഷ്ഠാ ദ്വിജാഃ കേചിത്
തപോനിഷ്ഠാ നൃപാപരേ
സ്വാധ്യായേന്യേ പ്രവചനേ
യേ കേചിജ്ജ്ഞാനയോഗയോഃ (7.15.1)
ദ്വിജന്മാരില്‍ ചിലര്‍ കര്‍മനിഷ്ഠരാകും, കുറെപ്പേര്‍ തപോനുഷ്ഠാനതത്പരരും. മറ്റുചിലര്‍ വേദാധ്യയനത്തിലും ശാസ്ത്രവ്യാഖ്യാനത്തിലും അഭിരുചിക്കാരാകാം, ചുരുക്കംപേര്‍ ജ്ഞാനയോഗസാധന ഇഷ്ടപ്പെടുന്നവരും.
ജ്ഞാനനിഷ്ഠര്‍ക്കു കവ്യഹവ്യങ്ങള്‍ കൊടുക്കണം. അവരില്ലെങ്കിലേ മറ്റു യോഗ്യതയുള്ളവര്‍ക്കു നല്കാവൂ. ശ്രാദ്ധം നടത്തുമ്പോള്‍ ആര്‍ഭാടങ്ങള്‍ പാടില്ല. പലരേയും ക്ഷണിച്ചുവരുത്തി വിപുലസംഭാരങ്ങള്‍ ഒരുക്കരുത്. കൂടുതല്‍പേരെ ക്ഷണിച്ചാല്‍, അവരെ ശുശ്രൂഷിയ്ക്കുന്നതിലാവും ശ്രദ്ധയധികവും. ഈ പൊരുത്തക്കേട് ഒഴിവാക്കണം.
പുണ്യദേശകാലങ്ങള്‍ക്കു പ്രാധാന്യം നല്കി തദവസരങ്ങളില്‍ വരിനെല്ലുചോറുകൊണ്ടായാലും ശ്രീഹരിയ്ക്കുള്ള സമര്‍പ്പണം യഥാവിധി സത്പാത്രത്തിനു നല്കണം. കാമധേനുവെപ്പോലെ അത് അനശ്വരഫലം നല്കും. 
ദേവഋഷിപിതൃതിര്യഗാദികള്‍ക്ക് അന്നം യഥായോഗ്യം നല്കുമ്പോള്‍, അവരെയെല്ലാം വിഷ്ണുസ്വരൂപമായിവേണം കണക്കാക്കാന്‍.
ന ദദ്യാദാമിഷം ശ്രാദ്ധേ
ന ചാദ്യാദ്ധര്‍മ്മതത്ത്വവിത്
മുന്യന്നൈഃ സ്യാത്പരാ പ്രീതിര്‍-
യഥാ ന പശുഹിംസയാ (7.15.7)
ധര്‍മ്മതത്ത്വമറിയുന്നവന്‍ ശ്രാദ്ധത്തില്‍ മാംസയിനങ്ങള്‍ നല്കരുത്, സ്വയം ഭുജിക്കയുമരുത്. മുനിമാരുടെ വന്യാന്നങ്ങള്‍കൊണ്ടുണ്ടാകുന്ന പരമതൃപ്തി പശുഹിംസകൊണ്ട് ഉണ്ടാകുന്നതല്ല.
നൈതാദൃശഃ പരോ ധര്‍മ്മോ
നൃണാം സദ്ധര്‍മമിച്ഛതാം
ന്യാസോ ദണ്ഡസ്യ ഭൂതേഷു
മനോവാക്കായജസ്യ യഃ   
ഏകേ കര്‍മ്മയാന്‍ യജ്ഞാന്‍
ജ്ഞാനിനോ യജ്ഞവിത്തമാഃ
ആത്മസംയമനേനീഹാ
ജുഹ്വതി ജ്ഞാനദീപിതേ (7.15.8,9)
മനസ്സും വാക്കും ശരീരവുംവഴി ഭൂതങ്ങള്‍ക്കു ചെയ്യുന്ന ഉപദ്രവം ത്യജിയ്ക്കുംപോലെ ശ്രേഷ്ഠമായ ധര്‍മം, സദ്ധര്‍മ്മഭിലഷിയ്ക്കുന്നവര്‍ക്ക് ഇല്ലത്രെ.
യജ്ഞത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ശരിയാംവണ്ണം മനസ്സിലാക്കുന്ന ആഗ്രഹരഹിതരായ ചില ജ്ഞാനികള്‍ കര്‍മ്മയജ്ഞങ്ങളെയൊക്കെ ജ്ഞാനദീപ്തമായ ആത്മസംയമാഗ്നിയില്‍ ഹോമിക്കുന്നു.
ദ്രവ്യയജ്ഞൈര്യക്ഷ്യമാണം
ദൃഷ്ട്വാ ഭൂതാനി ബിഭ്യതി
ഏഷ മാകരുണോ ഹന്യാ-
ദതജ്‌ജ്ഞോ ഹ്യസുതൃബ് ധ്രുവം
തസ്മാദ്ദൈവോപപന്നേന
മുന്യന്നേനാപി ധര്‍മവിത്
സന്തുഷ്‌ടോഹരഹഃ കുര്യാ-
ന്നിത്യനൈമിത്തികീഃ ക്രിയാഃ (7.15.10,11)
മാംസമുപയോഗിച്ചു ഹോമംനടത്താന്‍ പുറപ്പെടുന്നവനെ കണ്ട് പ്രാണികള്‍ 'തത്ത്വബോധമില്ലാതെ സ്വന്തം പ്രാണന്‍ രക്ഷിക്കണമെന്നുമാത്രം കണക്കാക്കുന്ന ഈ നിഷ്‌കരുണന്‍ എന്നെ തീര്‍ച്ചയായും കൊന്നുകളയും' എന്നു ഭയപ്പെടുന്നു.
അതിനാല്‍ ധര്‍മ്മറിയുന്നവന്‍ യദൃച്ഛയാ മുനികള്‍ക്കു ലഭിക്കുന്ന വന്യവസ്തുക്കള്‍കൊണ്ടുമാത്രം സന്തോഷത്തോടെ നിത്യനൈമിത്തികകര്‍മ്മങ്ങള്‍ നിറവേറ്റുകയാണ് വേണ്ടത്.
വിധര്‍മപരധര്‍മ്മങ്ങളും ആഭാസഛലങ്ങളും
വിധര്‍മ്മഃ പരധര്‍മശ്ച
ആഭാസ ഉപമാ ഛലഃ
അധര്‍മ്മശാഖാഃ പഞ്ചേമാ
ധര്‍മ്മജ്ഞോധര്‍മവത് ത്യജേത്
ധര്‍മ്മബാധോ വിധര്‍മ്മഃ സ്യാത്
പരധര്‍മ്മോന്യചോദിതഃ
ഉപധര്‍മ്മസ്തു പാഖണ്ഡോ
ദംഭോ വാ ശബ്ദഭിച്ഛലഃ
യസ്ത്വിച്ഛയാ കൃതഃ പുംഭി-
രാഭാസോ ഹ്യാശ്രമാത് പൃഥക്
സ്വഭാവവിഹിതോ ധര്‍മഃ
കസ്യ നേഷ്ടഃ പ്രശാന്തയേ (7.15.12-14)
വിധര്‍മ്മം, പരധര്‍മ്മം, ആഭാസധര്‍മ്മം, ഉപധര്‍മ്മം, ഛലധര്‍മ്മം എന്നിവ അധര്‍മ്മത്തിന്റെ വകഭേദങ്ങളാണ്. ധര്‍മ്മറിയുന്നവന്‍ ഇവയെ അധര്‍മ്മംപോലെതന്നെ വര്‍ജിക്കണം.ധര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുന്നതു വിധര്‍മ്മാണ്, അന്യന്റേത് അനുഷ്ഠിയ്ക്കുമ്പോള്‍ പരധര്‍മ്മായി, വേദവിരുദ്ധമായും ദംഭംകൊണ്ടും ചെയ്യുന്നത് ഉപധര്‍മ്മാണ്, ശാസ്ത്രവാക്യങ്ങള്‍ക്കു വളച്ചൊടിച്ച് അര്‍ഥംകല്പിച്ചു ചെയ്യുന്നതാണ് ഛലധര്‍മ്മം.
അതാതാശ്രമങ്ങളില്‍നിന്നും വ്യത്യസ്തമായി സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നത് ആഭാസധര്‍മ്മാണ്. സ്വഭാവം കണക്കിലെടുത്തു നിശ്ചയിച്ചിട്ടുള്ള വര്‍ണാശ്രമധര്‍മ്മം ആര്‍ക്കാണ് ശാന്തിയ്ക്ക് ഉതകാത്തത്?
ധര്‍മ്മാര്‍ഥമപി നേഹേത
യാത്രാര്‍ഥം വാധനോ ധനം
അനീഹാനീഹമാനസ്യ
മഹാഹേരിവ വൃത്തിദാ
സന്തുഷ്ടസ്യ നിരീഹസ്യ
സ്വാത്മാരാമസ്യ യത്സുഖം
കുതസ്തത് കാമലോഭേന
ധാവതോര്‍ഥേഹയാ ദിശഃ
സദാ സന്തുഷ്ടമനസഃ
സര്‍വാഃ സുഖമയാ ദിശഃ
ശര്‍കരാകണ്ടകാദിഭ്യോ
യഥോപാനത്പദഃ ശിവം (7.15.15-17)
അധനന്‍ തന്റെ ധര്‍മ്മം നിര്‍വഹിക്കുന്നതിന്നോ ജീവിത യാത്രക്കോ വേണ്ടി ധനലാഭയത്‌നം നടത്തരുത്. മലമ്പാമ്പിനെപ്പോലെ പ്രവര്‍ത്തിക്കാതിരിക്കുന്നവന്റെ നിഷ്‌ക്രിയത്വംതന്നെ ജീവനോപായമായിത്തീരും.
യാദൃച്ഛികതയെ ആശ്രയിച്ചു നിഷ്‌ക്രിയനും ആത്മാരാമനുമായി കഴിയുന്നവന്ന് എന്തു സുഖം അനുഭവപ്പെടുന്നുവോ അതു കാമവും ലോഭവും ധനാര്‍ത്തിയുമായി ദിക്കുതോറും ഓടുന്നവന് എങ്ങനെ കൈവരും?
ചെരുപ്പു കാലിലുള്ളവനു കല്ലുമുള്ളുതുടങ്ങിയതില്‍നിന്നും ഒഴിവ് സിദ്ധിക്കുന്നതുപോലെ, മനസ്സില്‍ സന്തോഷമുള്ളവന്നു സര്‍വദിക്കുകളും സുഖപൂര്‍ണങ്ങളായിത്തീരുന്നു.
സന്തുഷ്ടഃ കേന വാ രാജ-
ന്ന വര്‍തേതാപി വാരിണാ
ഔപസ്ഥ്യജൈഹ്‌വ്യകാര്‍പണ്യാദ്-
ഗൃഹപാലായതേ ജനഃ
അസന്തുഷ്ടസ്യ വിപ്രസ്യ
തേജോ വിദ്യാ തപോ യശഃ
സ്രവന്തീന്ദ്രിയലൗല്യേന
ജ്ഞാനം ചൈവാവകീര്യതേ
പണ്ഡിതാ ബഹവോ രാജന്‍
ബഹുജ്ഞാഃ സംശയച്ഛിദഃ
സദസസ്പതയോപ്യേകേ
അസന്തോഷാത് പതന്ത്യധഃ (7.15.18,19,21)
രാജാവെ, സന്തുഷ്ടനായ മനുഷ്യനു വെള്ളംമാത്രം കുടിച്ച് എന്തുകൊണ്ട് കഴിഞ്ഞുകൂടിക്കൂടാ? ജനനേന്ദ്രിയരസനേന്ദ്രിയങ്ങള്‍ രചിയ്ക്കുന്ന ഇടുക്കത്താല്‍, വീടുകാക്കുന്ന നായയെപ്പോലെ മനുഷ്യന്‍ ഉഴലുന്നു.
സന്തോഷഹീനനായ വിപ്രന്ന് ഇന്ദ്രിയഭോഗങ്ങളിലുള്ള ചാപല്യത്താല്‍ തേജസ്സ്, വിദ്യ, തപസ്സ്, യശസ്സ് , എല്ലാംതന്നെ ഒലിച്ചുപോകുന്നു, വിവേകവും കൂടി ഛിന്നഭിന്നമാകുന്നു.
രാജന്‍, വിപുലമായ ജ്ഞാനമുള്ളവര്‍, സംശയമെന്തും തീര്‍ക്കാന്‍ സാമര്‍ഥ്യമുള്ളവര്‍, വിദ്വത്സഭാപതികള്‍, ഇതുവിട്ടുമുള്ള അനേകം വിദ്വാന്മാര്‍, അസന്തോഷത്താല്‍ അധ:പതിച്ചു പോകാറുണ്ട്.
സ്വാമി ഭൂമാനന്ദതീര്‍ഥര്‍ രചിച്ച ധര്‍മമൂല്യങ്ങള്‍ ഭാഗവതവാക്യങ്ങളില്‍ എന്ന ഗ്രന്ഥത്തില്‍ നിന്ന്

No comments:

Post a Comment