Tuesday, January 02, 2018

ധൃതരാഷ്ട്രരും ഗാന്ധാരിയും ദാവാഗ്നിയിൽ എരിഞ്ഞിട്ട് 18 കൊല്ലം കഴിഞ്ഞു . യുധിഷ്ഠിരൻ ഭാരതയുദ്ധം കഴിഞ്ഞു ചക്രവർത്തിയായിട്ടു 36 വർഷവും തികഞ്ഞു . ഭാരതയുദ്ധം കഴിഞ്ഞു മുപ്പത്തിയാറാമത്തെ ആണ്ട് വന്നപ്പോൾ പാണ്ഡവജ്യേഷ്ഠനും കുരുരാജാവുമായ യുധിഷ്ഠിരൻ മഹാഭയങ്കരങ്ങളായ ചില ദുർന്നിമിത്തങ്ങൾ ദർശിച്ചു അസ്വസ്ഥനായി . വരണ്ട കാറ്റ് ചരൽ വര്ഷിച്ചുകൊണ്ടു ആഞ്ഞു വീശി . പക്ഷികൾ വലത്തു നിന്ന് ഇടത്തോട്ടു ചുറ്റിപ്പറന്നു . നദികൾ പിന്നോട്ട് പാഞ്ഞു . ചക്രവാളം പുകമൂടി കാണപ്പെട്ടു . ആകാശത്തു നിന്നും ഉല്ക്കകൾ കത്തിക്കരിഞ്ഞു ഭൂമിയിൽ പതിച്ചു . സൂര്യമണ്ഡലം പുകമൂടിയതുപോലെ കാണപ്പെട്ടു . സൂര്യൻ ഉദിക്കുമ്പോൾ ചുറ്റും മേഘശകലങ്ങൾ കബന്ധങ്ങൾ പോലെ ചിതറിക്കിടന്നു . സൂര്യനും ചന്ദ്രനും ഉദിക്കുമ്പോൾ അവയ്ക്കു ചുറ്റും മൂന്നു വർണ്ണങ്ങളിലുള്ള വലയങ്ങൾ കാണപ്പെട്ടു . ആ വലയങ്ങളുടെ ബാഹ്യഭാഗം തീക്കനലിന്റെ ചുവപ്പും പുകയുടെ ചാരനിറവും ഉള്ളതായിരുന്നു . അവ കണ്ടാൽ ആർക്കും ഭയം തോന്നും . ഇത്തരത്തിലുള്ള അന്തരീക്ഷ സംബന്ധികളായും , ഭൗമികമായുമുള്ള ദുർന്നിമിത്തങ്ങൾ ദർശിച്ചു ചകിതനായ യുധിഷ്ഠിരൻ താമസിയാതെ തന്നെ യാദവകുലം നശിച്ച വാർത്തയും രാമകൃഷ്ണന്മാരുടെ പരമഗതിയും അറിഞ്ഞു സമുദ്രം വറ്റിയെന്നു കേട്ടതുപോലെ ഞെട്ടിത്തരിച്ചു . മഹാപുരുഷന്മാരായ അവർക്കു അത് വിശ്വസിക്കാൻ കഴിഞ്ഞില്ല . [ വ്യാസഭാരതം , മൗസലപർവ്വം , അദ്ധ്യായം 1 , ശ്ളോകങ്ങൾ 1 മുതൽ 10 വരെ ].

No comments:

Post a Comment