Tuesday, January 02, 2018

തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്ത് കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്നാണ് വൈദിക സംസ്‌കാരത്തിന്റെ അവശേഷിപ്പുകളിലൊന്നായ അന്യോന്യം നടക്കുന്നത്. വേദമന്ത്രങ്ങളുടെ പ്രസിദ്ധമായ മത്സരപരീക്ഷയാണ് കടവല്ലൂര്‍ അന്യോന്യം. വേദം പഠിക്കുന്ന വിദ്യാര്‍ഥികളുടെ അറിവും കഴിവും അളക്കുന്ന അവസാനത്തെ പരീക്ഷണ ഘട്ടമായാണ് കടവല്ലൂര്‍ അന്യോന്യത്തെ കണക്കാക്കുന്നത്. ഏതൊരു വേദപഠിതാവിന്റെയും സ്വപ്‌നമാണ് അന്യോന്യത്തിലെ വലിയ കടന്നിരിക്കല്‍ എന്ന പദവി. പണ്ടുകാലം മുതലേ വേദം പഠിപ്പിച്ചിരുന്ന രണ്ട് പാഠശാലകളാണ് തിരുന്നാവായ ബ്രഹ്മസ്വം മഠവും ത്രിശിവപേരൂര്‍ മഠവും. തിരുന്നാവായ വിഭാഗത്തെ കോഴിക്കോട് സാമൂതിരി പ്രോത്സാഹിപ്പിച്ചപ്പോള്‍ ത്രിശിവപേരൂരുകാരെ കൊച്ചി രാജാവും പിന്തുണച്ചു. ഈ പാഠശാലകളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളാണ് കടവല്ലൂര്‍ അന്യോന്യത്തില്‍ മത്സരത്തിനെത്തുന്നത്.
പഠനത്തിന്റെ ആദ്യപാദത്തില്‍ ഋഗ്വേദ സംഹിത മനപ്പാഠമാക്കിയ വേദവിദ്യാര്‍ഥികള്‍ രണ്ടാം പാദത്തില്‍ പദവിഭജനം സംബന്ധിച്ച അറിവ് നേടും. ശേഷമാണ് പ്രയോഗത്തിലേക്ക് പ്രവേശിക്കുക. അന്യോന്യത്തില്‍ വാരം, ജട, രഥ, എന്നീ മൂന്ന് പ്രയോഗരീതികളാണുള്ളത്. അനുവദിക്കപ്പെട്ട ചട്ടക്കൂടില്‍ നിന്നുകൊണ്ടുതന്നെ വേദസൂക്തങ്ങളിലെ വാക്കുകളും വാക്യങ്ങളും യുക്തിപൂര്‍വ്വം ഉരുവിടുക എന്നതാണ് പ്രയോഗം. ഇതിലെ വ്യക്തത, അക്ഷരസ്ഫുടത, കൈവിരലിന്റേയും ശിരസിന്റേയും ചലനങ്ങള്‍ എന്നിവ വരെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. തെറ്റ് കണ്ടെത്തിയാല്‍ ചൂണ്ടിക്കാണിക്കാന്‍ വിദഗ്ധരുടെ സമിതിയുമുണ്ടാകും. മേല്‍ ഘട്ടങ്ങള്‍ പിന്നിട്ടെത്തുന്നവരെ കടന്നിരിക്കല്‍, വലിയ കടന്നിരിക്കല്‍ തുടങ്ങിയ പദവികള്‍ നല്‍കി അന്യോന്യത്തില്‍ ആദരിക്കും. ഇങ്ങനെ ആദരിക്കപ്പെടുന്നവര്‍ക്ക് വലിയ സ്ഥാനമാണ് പൗരോഹിത്യ സമൂഹത്തില്‍ ഉണ്ടായിരുന്നത്. കടന്നിരുന്നവര്‍ എന്നാല്‍ അംഗീകരിക്കപ്പെട്ട വേദപണ്ഡിതരാണ്.
മേല്‍പറഞ്ഞ വിധമാണ് വേദപരീക്ഷയുടെ ഘടന. അന്നത്തെ കാലത്ത് വേദപഠനത്തിന് മത്സരസ്വഭാവം കൈവരാന്‍ വേണ്ടി തയ്യാറാക്കപ്പെട്ട അന്യോന്യം എന്ന പരീക്ഷ കേവലം അക്ഷരങ്ങളിലും വാക്യപ്രയോഗങ്ങളിലും ഒതുങ്ങിനിന്നു. ഒരു സംസ്‌കൃതിയുടെ ശോഷണം തടയാന്‍ വേണ്ടിയുള്ള വൈദികമതാനുവര്‍ത്തികളുടെ ദീര്‍ഘദൃഷ്ടിയും പരിശ്രമവും അന്യോന്യത്തിന് പിന്നില്‍ കാണാം. എന്നുകരുതി ഇതൊരു പരിഹാസ്യമായ പ്രവൃത്തിയാണെന്നല്ല. പഠിതാക്കളുടെ ഓര്‍മ്മശക്തിയും ഭാഷാപ്രയോഗവും കൃത്യമായി അടയാളപ്പെടുത്തുന്നതുതന്നെയാണ് അന്യോന്യം. ഇപ്പോഴിത് ഒരു സമൂഹത്തിനുള്ളിലെ പരമ്പരാഗത ചടങ്ങ് എന്നതിലുപരി നഷ്ടപ്പെട്ട ഒരു സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലോ പുനരാവിഷ്‌കരണമോ കൂടിയാണെന്ന യാഥാര്‍ത്ഥ്യവും ഇവിടെ വിസ്മരിക്കുന്നില്ല. 
ഏകദേശം 800 വര്‍ഷത്തോളം പഴക്കം കണക്കാക്കുന്നുണ്ട് ഈ ചടങ്ങിന്. കേരളം മുഴുവന്‍ പ്രസിദ്ധമായിരുന്ന അന്യോന്യം 1947 ല്‍ നിലച്ചുപോയി. പിന്നീട് 89ലാണ് പുനരാരംഭിച്ചത്. ഇന്ന് നടക്കുന്ന അന്യോന്യം കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്. ബോര്‍ഡിന്റെ സംഘാടനത്തില്‍ അന്യോന്യത്തോടനുബന്ധിച്ച് നിലവില്‍ ഇവിടെ സെമിനാറുകളും ചര്‍ച്ചകളും പ്രഭാഷണപരമ്പരകളും സംഘടിപ്പിച്ചുവരുന്നുണ്ട്. സുനില്‍ പി ഇളയിടത്തെപ്പോലെയുള്ള പുതുതലമുറ ദാര്‍ശനികര്‍, സാഹിത്യകാരന്‍മാര്‍ തുടങ്ങിയവര്‍ അത്തരം വേദികളെ തങ്ങളുടെ വാഗ്‌ധോരണികള്‍ കൊണ്ട് സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. ഇത് തീര്‍ച്ചയായും ആശാവഹമായ നടപടിയാണെങ്കിലും അന്യോന്യത്തിന്റെ പരമ്പരാഗതമായ അന്തസത്തയും ലക്ഷ്യവും ഒരിക്കലും വേദങ്ങളുടെ അന്തരാത്മാവിലേക്ക് പ്രവേശിക്കുന്നതായിരുന്നില്ല .
‘ഒരു ബാലന് ബ്രഹ്മജ്ഞാനം സിദ്ധിച്ചതായി ഛാന്ദോഗ്യോപനിഷത്തില്‍ പറഞ്ഞിട്ടുള്ള ഒരു കഥയുണ്ട്. ബാലന്‍ തന്റെ അമ്മയോട് എനിക്ക് വേദാദ്ധ്യയനത്തിനുപോകണം അതിനായി എന്റെ അച്ഛന്റെ പേരും ജാതിയും പറയണം എന്ന് ആവശ്യപ്പെട്ടു. അമ്മ വിവാഹം കഴിച്ചിരുന്നില്ല. വിവാഹം കഴിക്കാത്തവള്‍ക്ക് ഉണ്ടാകുന്ന സന്താനത്തിന് ജാതിഭ്രഷ്ടുണ്ട്. സമുദായത്തില്‍ സ്ഥാനവും വേദത്തിന് അധികാരവുമില്ല. അപ്പോള്‍ അമ്മ പറഞ്ഞു. മകനേ നിന്റെ അച്ഛന്‍ ആരെന്നും ഏത് ഗോത്രമെന്നും എനിക്ക് നിശ്ചയമില്ല. എന്റെ പേര് ജബാല എന്നാണ്. നിന്റേത് സത്യകാമന്‍ എന്നുമാണ്. അമ്മ പറഞ്ഞു നിര്‍ത്തി. ബാലന്‍ ആചാര്യന് സമീപം ചെന്ന് എന്നെ ഉപനയിക്കണം എന്നപേക്ഷിച്ചു. നിന്റെ ഗോത്രമെന്താണ്. ആചാര്യന്‍ ചോദിച്ചു. അമ്മ പറഞ്ഞ വിവരം കുട്ടി ആചാര്യനെ അതേവിധം അറിയിച്ചു. അതുകേട്ട ആചാര്യന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു. ഇങ്ങനെ തനിക്ക് അപകര്‍ഷം ഉണ്ടാക്കുന്ന സത്യമായ സംഗതി ഒരു ബ്രാഹ്മണനല്ലാത്തവന്‍ പറയുകയില്ല. നീ ബ്രാഹ്മണന്‍ തന്നെ. സത്യത്തില്‍ നിന്ന് നീ പതറിയിട്ടില്ല. നിന്നെ .പഠിപ്പിക്കാം.’manish

No comments:

Post a Comment