ഭഗവാൻ ഗീതയിൽ അർജ്ജുനനോട് എന്തുകൊണ്ട് യുദ്ധം ചെയ്യാൻ പറഞ്ഞു? അത് അക്രമത്തിനുള്ള പ്രേരണയല്ലേ? ഭഗവദ് ഗീതക്കെതിരെ സംസാരിക്കുന്ന ആളുകൾ പ്രധാനമായും ഉന്നയിക്കുന്ന ചോദ്യങ്ങളാണിത്.
ഭഗവാൻ ഗീതയിൽ അർജ്ജുനനോട് യുദ്ധം ചെയ്യാൻ പറഞ്ഞു. പക്ഷേ, ഒരു വ്യത്യാസമുണ്ട്; അത് യോഗമായി ചെയ്യാനാണ് പറഞ്ഞത്, സ്ഥിതപ്രജ്ഞനായിരുന്നുകൊണ്ട് ചെയ്യാനാണ് പറഞ്ഞത്, നിയതി എന്തോ അതിനെ സ്വീകരിക്കൂ എന്നാണു പറഞ്ഞത്.
ആത്മസാക്ഷാത്കാരമാണല്ലോ ഓരോ ജീവന്റെയും പരമമായ ലക്‌ഷ്യം. മനോവാസനകളാണ് ഒരുവന്റെ കർമ്മം നിശ്ചയിക്കുന്നത്. സകല വാസനകളും പോയി, മനസ്സ് നല്ല തെളിനീരുപോലെ ആയാൽ മാത്രമേ ശാന്തിസ്വരൂപമായ ആത്മതത്വം പ്രകാശിക്കുകയുള്ളൂ. കർമ്മവാസനകൾ നിഷ്കാമകർമ്മത്തിലൂടെ, യോഗമായി ചെയ്യുന്നതുകൊണ്ടു മാത്രമേ ഒഴിഞ്ഞുപോവുകയുള്ളൂ.
യുദ്ധം ചെയ്യുകയെന്നതാണ് ഒരു ക്ഷത്രിയനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രബലമായ വാസന. അർജ്ജുനൻ ഒരു ക്ഷത്രിയനായിരുന്നതുകൊണ്ടും, യുദ്ധവാസന പ്രബലമായിരുന്നതുകൊണ്ടും ഈ വാസനയെ തുടച്ചുനീക്കാൻ യുദ്ധം ഭഗവദ് സമർപ്പിതമായി (യോഗം) ചെയ്യാൻ ഭഗവാനാവശ്യപ്പെട്ടു.
അർജ്ജുനനെ നിമിത്തമാക്കിക്കൊണ്ട് സകല ലോകർക്കും വേണ്ടിയാണ് ഗീത ഉപദേശിക്കപ്പെട്ടത്. അർജ്ജുനന് യുദ്ധമാണെങ്കിൽ മറ്റു മനുഷ്യർക്ക് മറ്റുപല കർമ്മങ്ങളും. ജീവിതായോധനത്തിലേർപ്പെടുന്ന ഓരോ മനുഷ്യനും വ്യത്യസ്തയ വാസനകൾ രൂഢമൂലമായിക്കിടക്കുന്നു. വാസനകൾ നീങ്ങിക്കിട്ടാൻ അതാത് കർമ്മങ്ങൾ യോഗമായി ചെയ്ത് വാസനകളെ തുടച്ചുനീക്കണം...sudha bharat
No comments:
Post a Comment