ശാസ്ത്രത്തിന്റെ നിറം പിടിപ്പിച്ച ആ നുണകള്‍ ഇന്നാട്ടിലെ ദേശസ്‌നേഹികളായ പണ്ഡിതന്‍മാരിലും, നേതാക്കളില്‍ പോലും, ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതല്ല. ആയിരത്തിലധികം വര്‍ഷങ്ങളിലെ അടിമത്തം നമ്മുടെ ചേതനയെ മരവിപ്പിച്ചതാണോ അതോ വേണ്ടത്ര തെളിവുകളോടെ പകരം വെക്കാന്‍ മറ്റു വിശദീകരണങ്ങള്‍ കണ്ടെത്താന്‍ കഴിയാഞ്ഞതാണോ അതോ വെള്ളക്കാരന്റെ ധാടിയിലും മോടിയിലും മയങ്ങി അവര്‍ കുഴിച്ച കുഴിയില്‍ ബോധപൂര്‍വ്വം വീണുപോയതാണോ എന്നറിയില്ല, പലരും അത് സത്യമെന്നു കരുതി. ആ കാലഘട്ടത്തിലെ ഭാരതീയ പണ്ഡിതരുടെ കൃതികളിലെല്ലാം തന്നെ മേല്‍പ്പറഞ്ഞ ആര്യ-ദ്രാവിഡ വാദം, ദേഹപ്രകൃതി അനുസരിച്ചുള്ള തരം തിരിക്കല്‍ തുടങ്ങിയവ അംഗീകരിച്ചതായി കാണാം.
രാധാ കുമുദ് മുക്കര്‍ജി അക്കാലത്തെ എണ്ണപ്പെട്ട ചരിത്രപണ്ഡിതനായിരുന്നു. ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്ത്യ, നാഷണലിസം ഇന്‍ ഇന്‍ഡ്യന്‍ കള്‍ച്ചര്‍, ഹിന്ദു സിവിലൈസേഷന്‍, എ ഹിസ്റ്ററി ഓഫ് ഇന്‍ഡ്യന്‍ ഷിപ്പിങ്, ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഷിപ്പിങ് ആന്‍ഡ് മാരിടൈം ആക്റ്റിവിറ്റി ഫ്രം ഏന്‍ഷ്യന്റ് ടൈംസ്, അഖണ്ഡ ഭാരത്, മെന്‍ ആന്‍ഡ് തോട്ട് ഇന്‍ എന്‍ഷ്യന്റ് ഇന്‍ഡ്യ, ദി ഗുപ്ത എംപയര്‍, ലോക്കല്‍ ഗവണ്‍മെന്റ് ഇന്‍ എന്‍ഷ്യന്റ് ഇന്‍ഡ്യ, ആന്‍ ഇന്‍ട്രൊഡക്ഷന്‍ റ്റു ഇന്‍ഡ്യന്‍ ഇക്കണോമിക്‌സ്, എന്‍ഷ്യന്റ് ഹിന്ദു എഡ്യൂക്കേഷന്‍ ആന്‍ഡ് ലേര്‍ണിങ്ങ് മുതലായ ശ്രദ്ധേയ പുസ്തകങ്ങളും ലഘുലേഖനങ്ങളും തീവ്ര ദേശഭക്തനായ ഇദ്ദേഹം എഴുതിയിട്ടുണ്ട്. അഖണ്ഡഭാരത് എന്ന ലഘുലേഖയില്‍ അദ്ദേഹം എഴുതിയതു നോക്കുക- ഇന്‍ഡ്യയിലേയും ലോകത്തിന്റെയും ആദ്യസാഹിത്യമായ വേദത്തിന്റെ കാലം തൊട്ട്, ചരിത്രത്തിന്റെ ഉദയം മുതല്‍, ആര്യന്‍ ഹിന്ദുക്കള്‍ ഈ ഭൂഖണ്ഡത്തെ കീഴടക്കുകയും സംസ്‌കാര സമ്പുഷ്ടമാക്കുകയും അവരുടെ ആത്മാവിനെ ഇവിടെ ആവാഹിച്ചുകുടിയിരുത്തുകയും ചെയ്തു. മേല്‍കൊടുത്ത കൃതികളിലെല്ലാം തന്നെ ഈ അടിസ്ഥാന നിലപാടു കാണാം.
ബാലഗംഗാധര തിലകന്‍ തന്റെ ഓറിയണ്‍ എന്ന പ്രസിദ്ധകൃതിയില്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നതു കാണാം. ഹിന്ദുക്കളും പാഴ്‌സികളും ഗ്രീക്കുകാരും ആര്യന്മാരിലെ തന്നെ മൂന്ന് വിഭാഗങ്ങള്‍ ആണെന്ന് അതില്‍ പറയുന്നു. ദി പെഡഗോഗി ഓഫ് ദി ഹിന്ദൂസ്, ഹിന്ദു കള്‍ച്ചര്‍ ആസ് എ വേള്‍ഡ് പവര്‍ മുതലായ പുസ്തകങ്ങള്‍ എഴുതിയ ബിനോയ് കുമാര്‍ സര്‍ക്കാര്‍ ഈ ആര്യ-ദ്രാവിഡ കഥയില്‍ വിശ്വസിച്ചിരുന്നു. എവല്യൂഷന്‍ ഓഫ് ഹിന്ദു മോറല്‍ ഐഡിയല്‍സ് (1935) എന്ന തന്റെ പ്രഭാഷണപരമ്പര (ഇതു പിന്നീട് പുസ്തകമാക്കി) യില്‍ സര്‍ പി.എസ്.ശിവസ്വാമി അയ്യര്‍ ഈ വാദത്തെ പിന്താങ്ങുന്നു.
എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി എഴുതിയ സുരേന്ദ്രനാഥ് ദാസ്ഗുപ്ത, ഇന്ത്യന്‍ ഫിലോസഫി എന്ന പുസ്തകം രചിച്ച ഡോ. എസ്. രാധാകൃഷ്ണന്‍, അതുപോലെ ആന്‍ ഔട്‌ലൈന്‍ ഓഫ് ഇന്ത്യന്‍ ഫിലോസഫി മുതലായ പുസ്തകങ്ങളുടെ കര്‍ത്താവായ പ്രൊഫസര്‍ ഹിരിയണ്ണാ മുതലായ പണ്ഡിതന്മാരും തങ്ങളുടെ കൃതികളില്‍ ആര്യ-ദ്രാവിഡ വാദത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു. പി.ടി.ശ്രീനിവാസ അയ്യങ്കാരുടെയും മറ്റും ചരിത്രപുസ്തകങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു.
ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോയശേഷം ഈ സാങ്കല്‍പിക കഥകള്‍ക്ക് അക്കാദമിക് തലത്തിലും മറ്റും തുടര്‍ന്നും സ്വീകാര്യത നിലനിര്‍ത്താന്‍ അകമഴിഞ്ഞു പരിശ്രമിച്ചത് ഇവിടുത്തെ ഇടതുപക്ഷ സഹയാത്രികരായ പണ്ഡിതരാണ്. ദേബീപ്രസാദ് ചതോപാധ്യായ, ഡി.ഡി.കോസാംബി, എ.ആര്‍. ദേശായി, എന്‍.എന്‍.ഭട്ടാചാര്യ (ഇദ്ദേഹം ഭാരതത്തിലെ താന്ത്രിക പാരമ്പര്യത്തെ ഇവയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള മൂന്നു പുസ്തകങ്ങള്‍ - ദി ഇന്ത്യന്‍ മദര്‍ ഗോഡസ്സ്, ഹിസ്റ്ററി ഓഫ് ദി താന്ത്രിക് റിലിജിയന്‍, ഹിസ്റ്ററി ഓഫ് ദി ശാക്താ റിലിജിയന്‍ -എഴുതിയിട്ടുണ്ട്), കെ. ദാമോദരന്‍, തുടങ്ങിയവരുടെ കൃതികള്‍ ഇത്തരത്തിലുള്ള പരിശ്രമങ്ങളാണ്.
ഹിന്ദു ആചാരാനുഷ്ഠാനങ്ങളുടെ വൈവിദ്ധ്യത്തിനു ചില പണ്ഡിതര്‍ കാരണം കണ്ടെത്തിയതും ഈ കള്ളക്കഥകളുടെ പിന്‍ബലത്തിലാണ്. ഡോക്ടര്‍ എസ്. ആര്‍. ഗോയല്‍ എഴുതിയ എ റിലിജിയസ് ഹിസ്റ്ററി ഓഫ് എന്‍ഷ്യന്റ് ഇന്ത്യ എന്ന പുസ്തകത്തില്‍ പ്രൊഫസര്‍ എസ്.കെ. ചാറ്റര്‍ജി തുടങ്ങിയവരുടെ ഇത്തരം പഠനങ്ങള്‍ വിവരിക്കുന്നുണ്ട്. അവരുടെ കണ്ടെത്തലനുസരിച്ച് ഹിന്ദുക്കള്‍ ശരീരഘടനപ്രകാരം പ്രധാനമായും ആറ് വംശങ്ങളില്‍ Negrito, Proto Australoid, Mongoloid, Mediterranean, Western Brachycephals, Nordic പെടുന്നവരാണ്. ഇവരെല്ലാവരും തന്നെ ഭാരതത്തിനു വെളിയില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ്. അവരുടെ മൂലപ്രദേശങ്ങളിലെ വ്യത്യസ്ത കാഴ്ച്ചപ്പാടുകളും ആചാരാനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും അവര്‍ തങ്ങളുടെ കൂടെ കൊണ്ടുപോന്നു. ഈകൂട്ടരെയെല്ലാം നാലു വ്യത്യസ്ത ഭാഷാ സമൂഹങ്ങളായും ഓസ്ട്രിക് (നിഷാദ, കോള്‍ (മുണ്ട), ടിബറ്റോ ചൈനീസ്(കിരാത), ദ്രാവിഡീയന്‍, ഇന്‍ഡോ യൂറോപ്യന്‍( ആര്യന്‍)- വേര്‍തിരിച്ചിരിക്കുന്നു.
പ്രജനനം, പരേതാത്മാക്കള്‍, ആല്‍മരം, എന്നിവയുമായി ബന്ധപ്പെട്ട് ഇവിടെക്കാണുന്ന വിശ്വാസങ്ങളും ആചാരങ്ങളും മേല്‍പറഞ്ഞ നെഗ്രിറ്റോ വംശജര്‍ കൊണ്ടുവന്നതാണത്രെ. ബ്രഹ്മം, അവതാരം, ചാന്ദ്രമാസം, പുനര്‍ജന്മ സിദ്ധാന്തം, നാഗാരാധന, ഹനുമാന്‍, ഗണപതി സങ്കല്‍പ്പങ്ങള്‍ ഇവയെല്ലാം ഓസ്ട്രിക് വംശജര്‍ കൊണ്ടുവന്നു. മെഡിറ്ററേനിയന്‍ തീരങ്ങളില്‍ നിന്നുവന്ന ദ്രാവിഡ വംശജരാണ് തമിഴ് ഭാഷ, ശിവ-പാര്‍വ്വതി, വിഷ്ണു-ലക്ഷ്മി സങ്കല്‍പ്പങ്ങള്‍, യോഗ സിദ്ധാന്ത സാധനകള്‍, ശ്രാദ്ധകര്‍മ്മം, ആദ്ധ്യാത്മിക അനുഭൂതി, പൂജാവിധി മുതലായവ കൊണ്ടുവന്നത്. ആര്യന്മാരാവട്ടെ, പ്രകൃതി ശക്തികളെ പ്രീണിപ്പിക്കാനായി പാല്‍, നെയ്യ്, ധാന്യങ്ങള്‍, സോമരസം എന്നിവ അഗ്നിയില്‍ ഹോമിക്കുന്ന യാഗവും ഇന്‍ഡോ-യൂറോപ്യന്‍ ഭാഷയായ സംസ്‌കൃതവും ഇവിടെ പ്രചരിപ്പിച്ചു. മംഗളോയിഡുകള്‍ക്ക് മേല്‍പ്പറഞ്ഞ വംശങ്ങളുടെയത്രയും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെങ്കിലും ആസ്സാം, കിഴക്കന്‍ ബംഗാള്‍ പ്രദേശങ്ങളിലെ കാമാഖ്യ പോലുളള ക്ഷേത്രങ്ങളിലെ ദേവി ആരാധനയും വാമാചാരതന്ത്രവും അവരുടെ സംഭാവനയായി വിലയിരുത്തപ്പെടുന്നു.
അങ്ങനെ, ഈ വിഷയത്തില്‍ വളരെയേറെ പഠനം നടത്തിയ പ്രഫ. എസ്.കെ. ചാറ്റര്‍ജിയുടെ അഭിപ്രായത്തില്‍ 'ഹിന്ദുമതം പലനിറത്തിലുളള നൂലുകള്‍കൊണ്ടുണ്ടാക്കപ്പെട്ടിട്ടുളള തുണി പോലെയാണ്... മദര്‍ ഇന്ത്യ ഒരു സങ്കര സംസ്‌കാരത്തിന്റെ ഇരിപ്പിടമാണ്. അത് ആര്യന്‍ ഭാഷയിലൂടെയാണ് പ്രചരിച്ചതെങ്കിലും ആര്യന്‍ സംഭാവനയോട് കിടനില്‍ക്കുന്ന തരത്തില്‍ നിഷാദന്മാര്‍, കിരാതന്മാര്‍, ദ്രാവിഡര്‍ എന്നിവരുടെ സംഭാവനകളും ഒട്ടുംചെറുതല്ല. ഈ സങ്കരസംസ്‌കാരം നിരവധി നദികള്‍ ഒഴുകിച്ചേര്‍ന്ന സമുദ്രം പോലെയാണ്. (S.R. GOYAL, A RELIGIOUS HISTORY OF ANCI-ENT INDIA (Up-to C.1200 AD, PreVedic, Vedic, Jaina and Bud-hist Religion), Kusumanjali Prakasan, Meerut, 1985)...vamanan
No comments:
Post a Comment