Friday, January 19, 2018

വളരെയധികം പണം സമ്പാദിച്ചിട്ടും, ധാരാളം പണം മുടക്കി മണിമന്ദിരങ്ങള്‍ തീര്‍ത്തിട്ടും,  ഉയര്‍ന്ന പദവികള്‍ അലങ്കരിച്ചിട്ടുമെല്ലാം ഇന്നും പലരും പറയുന്നു 'മനസ്സിന് ഒരു തൃപ്തിയില്ല, സന്തോഷം ഇല്ല'.  ജോലികള്‍ നേടിയത്, ബിസിനസ്സുകള്‍ നടത്തിയത് പണം സമ്പാദിക്കാന്‍ വേണ്ടിയാണ്. ഉയര്‍ന്ന പദവികള്‍ അലങ്കരിച്ച് ഒരുപാടു വര്‍ഷങ്ങള്‍ പ്രൗഢിയോടെ കഴിഞ്ഞും കൂടി. എന്നിട്ടും സന്തോഷവും തൃപ്തിയും ഇല്ലാത്തത് എന്താണ്? മറ്റു ചില ആളുകള്‍ കുറേക്കൂടെ വ്യത്യസ്തരാണ്. ആരെങ്കിലും മോശമായി പെരുമാറിയാല്‍ കോപിക്കുന്നു, ഏതെങ്കിലും വസ്തുക്കള്‍ കിട്ടാതായാല്‍ അസന്തുഷ്ടരാകുന്നു, എന്തെങ്കിലും അപ്രിയകാര്യങ്ങള്‍ നടന്നാല്‍ വേവലാതിപ്പെടുന്നു.  ഇനിയും ഒരു കൂട്ടര്‍ പണവും  പദവിയും മറ്റു ഭോഗവസ്തുക്കളും സന്തോഷവും തൃപ്തിയും തരും എന്ന മിഥ്യാധാരണയോടെ അവയുടെ പുറകെ ഓടിക്കൊണ്ടിരിക്കുകയും കലഹങ്ങളിലും പ്രശ്‌നങ്ങളിലും ചെന്നു കുടുങ്ങി ഇതെല്ലാം മരീചികയാണെന്നു മനസ്സിലാക്കാതെ സ്വന്തം ഭാഗ്യദോഷങ്ങളെ ശപിച്ചുകൊണ്ട് പുതിയ വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. മക്കളില്ലാത്തതുകൊണ്ട് ദുഃഖിക്കുന്ന കുറച്ചുപേര്‍ ഉണ്ടെങ്കില്‍ ഉള്ള മക്കളെക്കൊണ്ട് ദുഃഖിക്കുന്നവരാണ് അതിലേറെയും.
ആകസ്മികമായി ജീവിതത്തില്‍ വന്നുചേരുന്ന രോഗാവസ്ഥ വേറൊരു സ്ഥിതിവിശേഷമാണ്. തന്റെ ജീവിതത്തെ സഫലമാക്കുവാന്‍ കഴിയുമോ, മക്കളെ വളര്‍ത്താന്‍ കഴിയുമോ, സമ്പാദിച്ച ധനമെല്ലാം ചികിത്സയ്ക്ക് വേണ്ടി ചെലവായാല്‍ എന്തു ചെയ്യും, കിടപ്പാടവും വീടുമെല്ലാം നഷ്ടപ്പെടുമോ എന്നീ ഉത്കണ്ഠകളെല്ലാം പലരുടേയും മനസ്സിനെ വിവിധ തരത്തില്‍ അലട്ടുന്നു. മാത്രമല്ല ഇന്നു നാം കാണുന്നത് സമൂഹത്തില്‍ പുതിയ പുതിയ ചികിത്സാവിധികള്‍ വര്‍ദ്ധിക്കുന്നതു പോലെ തന്നെ രോഗങ്ങളുടെ തരവും എണ്ണവുമെല്ലാം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതുമാണ്. അതിലുപരി ഏതുപ്രായക്കാരിലും സങ്കീര്‍ണ്ണങ്ങളായ  രോഗങ്ങള്‍ വന്നുപെടുന്നതു സാധാരണമാണ്. 
ഒരു രാജാവിന് തീരെ മനസ്സംതൃപ്തിയുണ്ടായിരുന്നില്ല. കൊട്ടാരം വൈദ്യനോട് പ്രതിവിധി ആരാഞ്ഞു. വൈദ്യന്‍ പറഞ്ഞു സദാ സന്തുഷ്ടനായിരിക്കുന്ന വ്യക്തിയുടെ കുപ്പായം ധരിച്ചാല്‍ മതി. രാജാവ് ഭടന്മാരെ നാനാ ദിക്കുകളിലേ്ക്കും അയച്ച് സദാ സന്തുഷ്ടനായ വ്യക്തിയെ കണ്ടെത്തി അയാളുടെ കുപ്പായം കൊണ്ടുവരാന്‍ ഉത്തരവിട്ടു. ഭടന്മാര്‍ രാജ്യത്തുടനീളം തിരക്കി. എല്ലാ വ്യക്തികള്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു ദുഃഖം ഉണ്ട്. ആരും സദാ പ്രസന്നരല്ല. തിരച്ചില്‍ അവസാനിക്കാറായ വേളയില്‍ രണ്ടു ഭടന്മാര്‍ വഴിയരികില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു വൃദ്ധനെ കണ്ടു. അയാളോട് എന്തെങ്കിലും ദുഃഖമുണ്ടോ എന്നു തിരക്കി.
അയാള്‍ സന്തോഷത്തോടെ മറുപടി പറഞ്ഞു. 'ഇല്ല, എനിക്ക് ഒരു ദുഃഖവുമില്ല. 'നിങ്ങള്‍ സദാ സന്തുഷ്ടനാണോ?''അതെ' അയാള്‍ പറഞ്ഞു. 'എന്നാല്‍ നിങ്ങളുടെ കുപ്പായം തരൂ. രജാവിന്റെ കല്‍പനയാണ്'   ഭടന്മാര്‍ ആവശ്യപ്പെട്ടു. അയാള്‍ സന്തോഷത്തോടെ തന്നെ പറഞ്ഞു 'എനിക്ക് സ്വന്തമായൊരു കുപ്പായം ഇല്ല'. ആയിരക്കണക്കിന് കുപ്പായങ്ങളുള്ള രാജാവിന് സന്തോഷമില്ല. സന്തോഷമുള്ള ആള്‍ക്കാണെങ്കില്‍ ഒരു കുപ്പായം പോലുമില്ല. ധനവും, പദവികളും, പ്രശസ്തിയും, അധികാരവും, മറ്റു ഭൗതിക വസ്തുക്കളും സ്ഥായിയായ സന്തോഷം തരുമെന്ന ധാരണ തികച്ചും തെറ്റാണ്. 
ജീവിതത്തില്‍ സന്തുഷ്ടമായിരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ ദിവസവും ദുഃഖത്തിലും കുറച്ച് ദിവസങ്ങള്‍ മാത്രം സന്തുഷ്ടവുമായിരിക്കുകയും ആണെങ്കില്‍, പിന്നെ ജീവിതം എന്തിനുവേണ്ടിയാണ്? അയാള്‍ക്ക് ജീവിതം ഭാരമാവുന്നു. അതിനെ അയാള്‍ ഒരു മൃഗത്തെപ്പോലെ ചുമക്കുന്നു. കുങ്കുമമെന്താണെന്നറിയാത്ത കഴുത കുങ്കുമം ചുമക്കുന്നതുപോലെ മൂല്യം അറിയാനും ഉപയോഗിക്കാനും കഴിയാത്തതു കാരണം അതിനെ വെറുമൊരു ഭാരമായി വഹിച്ചുകൊണ്ടുപോകുന്നു. ആരാണോ ജീവിതമാകുന്ന അമൂല്യനിധിയില്‍ കൂടി ആനന്ദം പ്രാപ്തമാക്കുന്നതിനു പകരം നടന്നും തളര്‍ന്നും, വീണും എഴുന്നേറ്റും ജീവിതയാത്ര അവസാനിപ്പിക്കുന്നത്, അവര്‍ക്കും ഇതേ അവസ്ഥതന്നെയാണ്.
മനസ്സിനെ തൃപ്തമാക്കി സദാ പ്രസന്നചിത്ത അവസ്ഥയില്‍ വയ്ക്കുന്നത് ഒരു വലിയ കല തന്നെയാണ്. വളരെ കുറച്ച് മനുഷ്യര്‍ക്ക് മാത്രമേ എല്ലാ പരിതസ്ഥിതികളിലും സ്വയം തന്നെ സന്തുഷ്ടരായിരിക്കാന്‍ സാധിക്കുന്നുള്ളൂ. പക്ഷേ യോഗം എന്ന കലയെ സാമര്‍ത്ഥ്യത്തോടെ തന്റേതാക്കിയാല്‍; മനുഷ്യനു രോഗം വരുമ്പോഴോ വ്യാപാരത്തില്‍ നഷ്ടം ഉണ്ടാകുമ്പോഴോ മറ്റുജീവിതപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമ്പോഴോ ഉറച്ചതും ഹര്‍ഷിതവുമായ അവസ്ഥയില്‍ തന്നെ ഇരിക്കാന്‍ സാധിക്കും.  അതിനാല്‍ യോഗിയെ പറ്റി ഇങ്ങനെ പറയുന്നു അയാള്‍ നിന്ദ,  സ്തുതി, മാനം  അപമാനം, നഷ്ടം  ലാഭം മുതലായവയില്‍ ഒരേ അവസ്ഥയില്‍ ഇരിക്കുന്നു. 
യോഗീ ജീവിതം നയിക്കുന്ന ഒരു വ്യക്തിയ്ക്ക് ജ്ഞാനയുക്തമായ ഒരു ജീവിത വീക്ഷണം ഉണ്ട്. അയാള്‍ മറ്റുള്ളവരുടെ സ്ഥിതിയേയും തന്റെ സ്ഥിതിയേയും താരതമ്യം ചെയ്യാതെ ഏതു പരിതസ്ഥിതിയിലും തന്റെ സ്ഥിതിയെ ശരിയാക്കി വയ്ക്കുന്നു, സന്തുഷ്ടമാക്കി വയ്ക്കുന്നു.  സര്‍വ്വരോടും ശുഭ ഭാവനവയ്ക്കുന്നു. കഷ്ട, നഷ്ടങ്ങളെ സമചിത്തതയോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്യുന്നു. ഉത്തമമായ ജീവിത ചര്യയിലൂടെ, സംസ്‌കാരത്തിലൂടെ ശരീരത്തെ ആരോഗ്യമുള്ളതാക്കി വയ്ക്കുന്നു. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും സേവനത്തിലൂടെയും സത്സംഗങ്ങളിലൂടെയും സത്പ്രവര്‍ത്തികളിലൂടെയും കര്‍മ്മത്തിലൂടെയും യോഗത്തിലൂടെയും മനസ്സിന്റെ സന്തോഷത്തിനും തൃപ്തിക്കുമായുള്ള സ്ഥായിയായ വക കണ്ടെത്തുന്നു.  മനസ്സിനെ ഈശ്വരനില്‍ അര്‍പ്പിച്ചു ജീവിക്കുന്നു. അതുമൂലം ഏറ്റവും നല്ല ഈശ്വരപ്രസാദമായ മനഃപ്രസാദം അയാളില്‍ ഉണ്ടാവുന്നു. അപ്പോള്‍ സ്പഷ്ടമാണ് ഈശ്വരനോടൊപ്പമുള്ള സംയോഗത്തില്‍ കൂടി തന്നെയാണ് മനുഷ്യന് ഈ കലയില്‍ കുശലത സിദ്ധമാകുന്നത്.

No comments:

Post a Comment