Wednesday, January 31, 2018

**ആത്മോപദേശശതകം

പ്രൊഫസർ.ജി ബാലകൃഷ്ണൻ നായരുടെ, ശ്രീ നാരായണഗുരുദേവകൃതികൾ സമ്പൂർണ്ണ വ്യാഖ്യാനം എന്ന കൃതിയിൽ നിന്ന് എടുത്ത് ചേർത്തതാണ് ഇവിടെക്കൊടുത്തിരിയ്ക്കുന്ന അർത്ഥം.
(ഒന്നു മുതൽ അഞ്ചു വരെ മുൻപ് നൽകിയിട്ടുണ്ട്)

ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരേണമെന്നിവണ്ണം
അണയുമനേകവികൽപ്പമാകയാലാ-
രുണരുവതുള്ളൊരു നിർവ്വികാരരൂപം.6

ഉണരണം=ഉറങ്ങിയിട്ട് ഉണരണം; ഇന്നി ഉറങ്ങണം=വീണ്ടും ഉറങ്ങണം; ഭുജിച്ചീടണമശനം=ആഹാരം കഴിയ്ക്കണം; പുണരേണം=ദാമ്പത്യ സുഖമനുഭവിയ്ക്കണം; എന്നിവണ്ണം=എന്നിപ്രകാരം; അണയുമനേകവികൽ‌പ്പം=അനേക സങ്കൽ‌പ്പങ്ങൾ വന്നു ചേരും; ആകയാൽ= ഈ സങ്കൽ‌പ്പവലയത്തിൽ പെട്ടുഴലുന്നതു നിമിത്തം; ആരുണരുവത്=സത്യം കണ്ടുണരാൻ ആർക്കു കഴിയും; ഉള്ള്=ചിത്തത്തിന്റെ യഥാർത്ഥ സ്ഥിതി; ഒരു നിർവ്വികാര രൂപം=അതിശയകരമാം വണ്ണം നിർവികാരമാണ്.

ഉറങ്ങിയിട്ട് ഉണരണം,വീണ്ടും ഉറങ്ങണം,ആഹാരം കഴിയ്ക്കണം,ദാമ്പത്യ സുഖമനുഭവിയ്ക്കണം എന്നിപ്രകാരം അനേക സങ്കൽ‌പ്പങ്ങൾ വന്നു ചേരും.ഈ സങ്കൽ‌പ്പവലയത്തിൽ പെട്ടുഴലുന്നതു നിമിത്തം സത്യം കണ്ടുണരാൻ ആർക്കു കഴിയും?ചിത്തിന്റെ യഥാർത്ഥ സ്ഥിതി അതിശയകരമാം വണ്ണം നിർവികാരമാണ്

ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിനിന്നയോഗ്യനെന്നാൽ
പ്രണവമുണർന്നു പിറപ്പൊഴിഞ്ഞു വാഴും
മുനിജനസേവയിൽ മൂർത്തി നിർത്തിടേണം.7

ഉണരരുതിന്നി=ഉറങ്ങിയിട്ട് അജ്ഞാനമറയിൽ നിന്നും ഉണർന്നു വരുന്ന ജീവിതം ഇനിമേൽ അംഗീകരിയ്ക്കരുത്; അറിവായ് ഉറങ്ങിടാതിരുന്നീടണം=അതു സാധിയ്ക്കണമെങ്കിൽ താനുൾപ്പെടെ എല്ലാം ബ്രഹ്മമെന്നറിഞ്ഞ് സ്വരൂപ ബോധം സദാ നിലനിർത്തണം; ഇതിനിന്നയോഗ്യനെന്നാൽ=ഈ ആത്മാനുഭവത്തിനു കരുത്തില്ലെങ്കിൽ; പ്രണവമുണർന്ന്= ബ്രഹ്മ സാക്ഷാത്കാരം നേടി; പിറപ്പൊഴിഞ്ഞ് വാഴും=ജീവന്മുക്തരായി കഴിയുന്ന; മുനിജനസേവയിൽ=പരമഹംസന്മാരുടെ പരിചരണത്തിൽ; മൂർത്തിനിർത്തിടേണം=ദേഹത്തേയും മനസ്സിനേയും വിനിയോഗിയ്ക്കണം.

ഉറങ്ങിയിട്ട് അജ്ഞാനമറയിൽ നിന്നും ഉണർന്നു വരുന്ന ജീവിതം ഇനിമേൽ അംഗീകരിയ്ക്കരുത്.അതു സാധിയ്ക്കണമെങ്കിൽ താനുൾപ്പെടെ എല്ലാം ബ്രഹ്മമെന്നറിഞ്ഞ് സ്വരൂപ ബോധം സദാ നിലനിർത്തണം. ഈ ആത്മാനുഭവത്തിനു കരുത്തില്ലെങ്കിൽ
ബ്രഹ്മ സാക്ഷാത്കാരം നേടി ജീവന്മുക്തരായി കഴിയുന്ന പരമഹംസന്മാരുടെ പരിചരണത്തിൽ ദേഹത്തേയും മനസ്സിനേയും വിനിയോഗിയ്ക്കണം

ഒളിമുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്‌മറിക്കും
വെളിവുരുവേന്തിയകം വിളങ്ങീടേണം.8*

ഒളിമുതലാം പഴമഞ്ചുമുണ്ട്=രൂപം തുടങ്ങിയ പഴങ്ങൾ അഞ്ചും ഭക്ഷിച്ച്; നാറും നളികയിലേറി =മലഭാണ്ഡമായ ദേഹമാകുന്ന കൂട്ടിൽ താമസമാക്കി; നയേന മാറിയാടും =നയമായ് സദാ‍ അതൃപ്തി പ്രകടമാക്കുന്ന; കിളികളേയഞ്ചും=ജ്ഞാനേന്ദ്രീയങ്ങളാകുന്ന അഞ്ചു കിളികളേയും; അരിഞ്ഞ് കീഴ്മറിയ്ക്കും=കീഴടക്കി നശിപ്പിയ്ക്കുന്ന; വെളിവുരുവേന്തി=ജ്യോതിർമയമായ ആത്മാനുഭൂതി നേടി; അകം വിളങ്ങിടേണം= ചിത്തം പ്രസന്നമാകണം.

രൂപം തുടങ്ങിയ പഴങ്ങൾ അഞ്ചും ഭക്ഷിച്ച്, മലഭാണ്ഡമായ ദേഹമാകുന്ന കൂട്ടിൽ താമസമാക്കി, നയമായ് സദാ‍ അതൃപ്തി പ്രകടമാക്കുന്ന ജ്ഞാനേന്ദ്രീയങ്ങളാകുന്ന അഞ്ചു കിളികളേയും കീഴടക്കി നശിപ്പിയ്ക്കുന്ന ജ്യോതിർമയമായ ആത്മാനുഭൂതി നേടി ചിത്തം പ്രസന്നമാകണം.

ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടിവന്നു പടർന്നുയർന്നു മേവും
തരുവിനടിക്കു തപസ്സുചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.9*

ഇരുപുറവും=ഇരുഭാഗത്തും; വരുമാരവസ്ഥയെ=പരന്നു തെളിയുമാറുള്ള അനുഭവത്തോട് കൂടി; അഥവാ തെളിഞ്ഞു ആറ് അവസ്ഥാവിശേഷങ്ങളെ ഉളവാക്കിക്കൊണ്ട്; പൂത്തൊരു കൊടി വന്ന്=പൂവു നിറഞ്ഞതു പോലെ പ്രകാശമേന്തിയ കുണ്ഡലിനീലത ഉയർന്ന്; പടർന്നുയർന്നു മേവും=പരന്നു പ്രസരിച്ചനുഭവപ്പെടുന്ന; തരുവിനടിയ്ക്ക്=സുഷുംനാ നാഡിയാകുന്ന മരത്തിനു ചുവട്ടിൽ; തപസ്സുചെയ്തുവാഴും=മനസ്സിനെ ഏകാഗ്രപ്പെടുത്തിക്കഴിയുന്ന; നരന്=സത്യാന്വേഷിയായ മനുഷ്യന്; വരാ നരകം= ഒരിയ്ക്കലും ദുഃഖിക്കേണ്ടി വരുന്നില്ല; നിനച്ചിടേണം=ആലോചിച്ചുറയ്ക്കണം

ഇരുഭാഗത്തും പരന്നു തെളിയുമാറുള്ള അനുഭവത്തോട് കൂടി, അഥവാ തെളിഞ്ഞു ആറ് അവസ്ഥാവിശേഷങ്ങളെ ഉളവാക്കിക്കൊണ്ട് പൂവു നിറഞ്ഞതു പോലെ പ്രകാശമേന്തിയ കുണ്ഡലിനീലത ഉയർന്നുപരന്നു പ്രസരിച്ചനുഭവപ്പെടുന്ന സുഷുംനാ നാഡിയാകുന്ന മരത്തിനു ചുവട്ടിൽ, മനസ്സിനെ ഏകാഗ്രപ്പെടുത്തിക്കഴിഞ്ഞു കൂടുന്ന സത്യാന്വേഷിയായ മനുഷ്യന് ഒരിയ്ക്കലും ദുഃഖിക്കേണ്ടി വരുന്നില്ല. ആലോചിച്ചുറയ്ക്കണം.

“ഇരുളിലിരുപ്പവനാര്? ചൊൽക നീ”യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു “നീയുമാരെ”-
ന്നരുളുമിതിൻ പ്രതിവാക്യമേകമാകും.10*

ഇരുളിൽ ഇരുപ്പവൻ=അജ്ഞാനമാകുന്ന ഇരുട്ടിൽ മറഞ്ഞിരിയ്ക്കുന്ന; നീയാര്=നീയാരാണ്; ചൊൽക=പറയുക; എന്നു=എന്നിങ്ങനെ; ഒരുവൻ ഉരപ്പതു കേട്ട്= ഒരാൾ ചോദിയ്ക്കുന്നതു കേട്ട്; താനും=ഉത്തരം പറയേണ്ടയാളും; ഏവം=അതുപോലെ; അവനോട്=ചോദ്യം ചോദിച്ചയാളിനോട്; അറിവതിനായ്=അയാളാരെന്നറിയാനായി; നീയുമാര്=നീയാരാണ്; എന്നരുളും= എന്നിങ്ങനെ തിരിച്ച് ചോദിയ്ക്കും; ഇതിൻ=ഈ രണ്ട് ചോദ്യത്തിനുമുള്ള; പ്രതിവാക്യം=ഉത്തരം; ഏകമാകും=ഒന്നു തന്നെയാണ്.

‘അജ്ഞാനമാകുന്ന ഇരുട്ടിൽ മറഞ്ഞിരിയ്ക്കുന്ന നീയാരാണ്? പറയുക ‘എന്നിങ്ങനെ ഒരാൾ ചോദിയ്ക്കുന്നതു കേട്ട് ഉത്തരം പറയേണ്ടയാളും, അതുപോലെ ചോദ്യം ചോദിച്ചയാളിനോട് അയാളാരെന്നറിയാനായി, ‘നീയാര്’‘?എന്നിങ്ങനെ തിരിച്ച് ചോദിയ്ക്കും.ഈ രണ്ട് ചോദ്യത്തിനുമുള്ള ഉത്തരം ഒന്നു തന്നെയാണ്

‘അഹമഹ’മെന്നരുളുന്നതൊക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹമ്പൊരുളും തുടർന്നിടുന്നു.11*

അകമേ=അന്തർമുഖമായി ഏകാഗ്രപ്പെട്ട്; ആരായുകിൽ=സത്യം അന്വേഷിച്ചറിഞ്ഞാൽ; ‘അഹമഹ‘മെന്നരുളുന്നതൊക്കെ=ഞാൻ ഞാൻ എന്നിങ്ങനെ എല്ലാരിലും പ്രകടമാകുന്ന അനുഭവം; പലതല്ല=അനേകമല്ല; അതേകമാകും=അത് ഒരേ ബോധവസ്തു തന്നെയെന്ന് തെളിയും; അകലും അഹന്ത= സത്യാനുഭവത്തോടെ ഇല്ലാതായിമറയുന്ന ഈ ജീവാത്മഭാവം; അനേകമാകയാൽ=ഉപാധി ഭേദമനുസരിച്ച് പലതായി വേർതിരിയുന്നതുകൊണ്ട്; അഹം പൊരുളും=ഈ ജീവാത്മാവിന്റെ തത്വമായി വിളങ്ങുന്ന സത്യവും; ഈ തുകയിൽ തുടർന്നിടുന്നു=ഈ വിധം അനേകമായി വേർതിരിഞ്ഞപോലെ കാണാനിടവരുന്നു.

അന്തർമുഖമായി ഏകാഗ്രപ്പെട്ട് സത്യം അന്വേഷിച്ചറിഞ്ഞാൽ ഞാൻ, ഞാൻ എന്നിങ്ങനെ എല്ലാരിലും പ്രകടമാകുന്ന അനുഭവം
അനേകമല്ല. അത് ഒരേ ബോധവസ്തു തന്നെയെന്ന് തെളിയും.സത്യാനുഭവത്തോടെ ഇല്ലാതായിമറയുന്ന ഈ ജീവാത്മഭാവം ഉപാധി ഭേദമനുസരിച്ച് പലതായി വേർതിരിയുന്നതുകൊണ്ട് ഈ ജീവാത്മാവിന്റെ തത്വമായി വിളങ്ങുന്ന സത്യവും ഈ വിധം അനേകമായി വേർതിരിഞ്ഞപോലെ കാണാനിടവരുന്നു.

തൊലിയുമെലുമ്പുമലം ദുരന്തമന്തഃ-
കലകളുമേന്തുമഹന്തയൊന്നു കാൺക!
പൊലിയുമിതന്യ പൊലിഞ്ഞുപൂർണ്ണമാകും
വലിയൊരഹന്ത വരാ വരം തരേണം.12*

ദുരന്തം= ജീർണ്ണിച്ചു നശിയ്ക്കുന്ന; തൊലിയുമെലുമ്പുമലം=തൊലി, എല്ല്, പലതരം അഴുക്കുകൾ ഇവ ചേർന്ന ദേഹത്തേയും; അന്തഃകലകളും=സങ്കൽ‌പ്പത്തിന്റെ വിവിധ ഘട്ടങ്ങളായ ബുദ്ധി, മനസ്സ്, ചിത്തം എന്നീ അന്തഃകരണ ഘടകങ്ങളേയും; എന്തും=ഉണ്ടാക്കി അനുഭവിയ്ക്കുന്നത്; അഹന്ത ഒന്നു= ‘ഞാൻ‘എന്ന അഹംബോധം ഒന്നു മാത്രമാണ്; കാൺക=ചിന്തിച്ചു നോക്കുക; ഇതു പൊലിയും=സത്യാനുഭവത്തോടെ ഈ അഹന്ത ഇല്ലാതാകും; അന്യ പൊലിഞ്ഞു=അവിദ്യ നശിച്ച്; പൂർണ്ണമാകും=ഈ അഹംബോധം പൂർണ്ണ ബ്രഹ്മത്തെ പ്രാപിയ്ക്കും; വലിയൊരഹന്ത=അതുകൊണ്ട് ശക്തിമത്തായ അഹംകാരം; വരാവരം തരേണം=വരാതിരിയ്ക്കാൻ കാരുണ്യത്തോടെ അനുഗ്രഹിയ്ക്കണം

ജീർണ്ണിച്ചു നശിയ്ക്കുന്ന തൊലി; എല്ല്; പലതരം അഴുക്കുകൾ ഇവ ചേർന്ന ദേഹത്തേയും;സങ്കൽ‌പ്പത്തിന്റെ വിവിധ ഘട്ടങ്ങളായ ബുദ്ധി; മനസ്സ്; ചിത്തം; എന്നീ അന്തഃകരണ ഘടകങ്ങളേയും ഉണ്ടാക്കി അനുഭവിയ്ക്കുന്നത് ‘ഞാൻ‘എന്ന അഹംബോധം ഒന്നു മാത്രമാണ്.ചിന്തിച്ചു നോക്കുക.സത്യാനുഭവത്തോടെ ഈ അഹന്ത ഇല്ലാതാകും. അവിദ്യ നശിച്ച് ഈ അഹംബോധം പൂർണ്ണ ബ്രഹ്മത്തെ പ്രാപിയ്ക്കും.അതുകൊണ്ട് ശക്തിമത്തായ അഹംകാരം വരാതിരിയ്ക്കാൻ കാരുണ്യത്തോടെ അനുഗ്രഹിയ്ക്കണം

ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിൻ
മഹിമയുമറ്റു മഹസ്സിലാണിടേണം.13*

ത്രിഗുണമയം=സത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു മായാഗുണങ്ങൾ കൂടിച്ചേർന്നുണ്ടായിരിയ്ക്കുന്ന പ്രപഞ്ചമാകുന്ന; തിരുനീറണിഞ്ഞൊരീശന്ന്=ദിവ്യഭസ്മം പൂശി വിലസുന്ന പരമാത്മാവിന്; അകമലരിട്ട് വണങ്ങി=ഹൃദയ പുഷ്പം അർപ്പിച്ചു നമസ്കരിച്ച്; അക്ഷമാറി=മനസ്സടങ്ങി; സകലമഴിഞ്ഞു=സങ്കൽ‌പ്പങ്ങൾ ഒടുങ്ങി; തണിഞ്ഞു=വാസന നശിച്ച്; കേവലത്തിൻ മഹിമയുമറ്റു=സകലവും താൻ തന്നെയാണെന്നുള്ള ഉത്കടാനുഭൂതിയുളവാക്കുന്ന മഹത്തത്ത്വ സാക്ഷാത്കാരവും; ഈശ്വരാഹന്തയുടെ ഒളിസ്ഥലമായ അവ്യക്താവസ്ഥയും പിന്നിട്ട് ; മഹസ്സിലാണിടേണം=ജ്യോതിസ്വരൂപമായ അദ്വയ പരമാത്മ സത്തയിൽ ഏകീഭവിയ്ക്കണം.

സത്വം, രജസ്സ്;തമസ്സ് എന്ന മൂന്നു മായാഗുണങ്ങൾ കൂടിച്ചേർന്നുണ്ടായിരിയ്ക്കുന്ന പ്രപഞ്ചമാകുന്ന ദിവ്യഭസ്മം പൂശി വിലസുന്ന പരമാത്മാവിന് ഹൃദയ പുഷ്പം അർപ്പിച്ചു നമസ്കരിച്ച്; മനസ്സടങ്ങി, സങ്കൽ‌പ്പങ്ങൾ ഒടുങ്ങി, വാസന നശിച്ച്, സകലവും താൻ തന്നെയാണെന്നുള്ള ഉത്കടാനുഭൂതിയുളവാക്കുന്ന മഹത്തത്ത്വ സാക്ഷാത്കാരവും ഈശ്വരാഹന്തയുടെ ഒളിസ്ഥലമായ അവ്യക്താവസ്ഥയും പിന്നിട്ട്; ജ്യോതിസ്വരൂപമായ അദ്വയ പരമാത്മ സത്തയിൽ ഏകീഭവിയ്ക്കണം.

ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം.14*

ത്രിഭുവനസീമകടന്നു തിങ്ങി വിങ്ങും=മൂന്നു ലോകങ്ങളേയും കടന്ന് ഇടതിങ്ങി നിറഞ്ഞ് നിൽക്കുന്നതും; ത്രിപുടി മുടിഞ്ഞ്=അറിവ്; അറിയപ്പെടുന്ന വസ്തു; അറിയുന്നവൻ എന്ന ഭേദമില്ലാത്തതും; തെളിഞ്ഞിടുന്ന ദീപം=അനുഭവസ്വരൂപമായി സ്വയം പ്രകാശിച്ചു വിളങ്ങുന്നതുമായ ബോധ സത്യം; കപടയതിയ്ക്കു കരസ്ഥമാകുവീല=രാഗദ്വേഷങ്ങൾ പോകാത്ത കപടസന്യാസിയ്ക്ക് അനുഭവപ്പെടുകയില്ല; എന്നുപനിഷദ്യുക്തി രഹസ്യം ഓർത്തിടേണം=എന്ന് ഉപനിഷത്തുക്കൾ പ്രഖ്യാപിച്ചിട്ടുള്ളതോർത്ത് അർപ്പണബുദ്ധിയോടെ സാധനകൾ അനുഷ്ടിയ്ക്കേണം.

മൂന്നു ലോകങ്ങളേയും കടന്ന് ഇടതിങ്ങി നിറഞ്ഞ് നിൽക്കുന്നതും, അറിവ്; അറിയപ്പെടുന്ന വസ്തു, അറിയുന്നവൻ എന്ന ഭേദമില്ലാത്തതും അനുഭവസ്വരൂപമായി സ്വയം പ്രകാശിച്ചു വിളങ്ങുന്നതുമായ ബോധ സത്യം രാഗദ്വേഷങ്ങൾ പോകാത്ത കപടസന്യാസിയ്ക്ക് അനുഭവപ്പെടുകയില്ല എന്ന് ഉപനിഷത്തുക്കൾ പ്രഖ്യാപിച്ചിട്ടുള്ളതോർത്ത് അർപ്പണബുദ്ധിയോടെ സാധനകൾ അനുഷ്ടിയ്ക്കേണം.

പരയുടെ പാലുനുകർന്ന ഭാഗ്യവാന്മാർ‌-
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.15*

പരയുടെ=ആത്മാവിനോടടുപ്പിയ്ക്കുന്ന പരാവിദ്യയിലൂടെ പരപ്രകൃതി നേടി; പാലു നുകർന്ന=നിരന്തരമായ ആത്മാനന്ദമനുഭവിയ്ക്കുന്ന; ഭാഗ്യവാന്മാർക്ക്=ജ്ഞാനികൾക്ക്; ഒരു പതിനായിരമാണ്ട്=പതിനായിരം വർഷം; ഒരൽ‌പ്പനേരം=നിമിഷം പോലെ കടന്നു പോകും. അറിവ്=ബോധം; അപരപ്രകൃതിക്കധീനമായാൽ-ജഡത്വത്തിനു ശക്തി കൂട്ടുന്ന അപരാവിദ്യയിലൂടെ അപരപ്രകൃതിയ്ക്കു വശപ്പെട്ടു പോയാൽ; അരനൊടി=അരനിമിഷം; ആയിരമാണ്ടുപോലെ തോന്നും=ആയിരം വർഷം പോലെ നീണ്ടു പോകുന്നതായി അനുഭവപ്പെടും.

ആത്മാവിനോടടുപ്പിയ്ക്കുന്ന പരാവിദ്യയിലൂടെ പരപ്രകൃതി നേടി നിരന്തരമായ ആത്മാനന്ദമനുഭവിയ്ക്കുന്ന ജ്ഞാനികൾക്ക്,പതിനായിരം വർഷം നിമിഷം പോലെ കടന്നു പോകും.ബോധം ജഡത്വത്തിനു ശക്തി കൂട്ടുന്ന അപരാവിദ്യയിലൂടെ അപരപ്രകൃതിയ്ക്കു വശപ്പെട്ടു പോയാൽ അരനിമിഷം ആയിരം വർഷം പോലെ നീണ്ടു പോകുന്നതായി അനുഭവപ്പെടും.


അധികവിശാലമരുപ്രദേശമൊന്നായ്-
നദിപെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിൽ വീണുതുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.16*

അധികവിശാലമരുപ്രദേശമൊന്നായ്=വളരെ വിസ്തൃതമായ മരുഭൂമിയിൽ നിറയെ; നദിപെരുകുന്നതു പോലെ=നദി ഒഴുകി നിറയുന്നതു പോലെ; നാദം വന്നു=ഹൃദയാകാശത്തിൽ ദിവ്യനാദം ഇരമ്പി വന്നു; ശ്രുതികളിൽ വിണു=വ്യക്തമായി കേൾക്കാനിട വന്നു; അക്ഷി തുറക്കും=ജ്ഞാനോദയമുണ്ടാകും; എന്നും=അതുകൊണ്ട് എപ്പോഴും; യതമിയലും=മനസ്സിനെ അടക്കി നിയന്ത്രിച്ച്; യതിവര്യനായിടെണം=യോഗിയായി ജീവിതം നയിയ്ക്കേണ്ടതാണ്.

വളരെ വിസ്തൃതമായ മരുഭൂമിയിൽ നിറയെ നദി ഒഴുകി നിറയുന്നതു പോലെ ഹൃദയാകാശത്തിൽ ദിവ്യനാദം ഇരമ്പി വന്നു വ്യക്തമായി കേൾക്കാനിട വന്നു ജ്ഞാനോദയമുണ്ടാകും.അതുകൊണ്ട് എപ്പോഴും മനസ്സിനെ അടക്കി നിയന്ത്രിച്ച് യോഗിയായി ജീവിതം നയിയ്ക്കേണ്ടതാണ്.


അഴലെഴുമഞ്ചിതളാർന്നു രണ്ടു തട്ടായ്-
ച്ചുഴലുമനാദിവിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുൻ-
പഴകിയ വാസന; വർത്തി വൃത്തിയത്രേ.17*

അഴലെഴും=ചൂടുപരത്തി കത്തുന്ന; അഞ്ചിതളാർന്നു=അഞ്ചു നാളങ്ങളോട് കൂടിയ; രണ്ടു തട്ടായ്=രണ്ട് തട്ടുകളുള്ള; ചുഴലും=കറങ്ങിക്കൊണ്ടിരിയ്ക്കുന്ന; അനാദിവിളക്ക് തൂക്കി=ആദിയില്ലാത്ത ഒരു വിളക്കു തൂക്കി; ആത്മാ=ബോധസ്വരൂപനായ ആത്മാവ്; നിഴലുരുവായ്=നിഴൽ ശരീരത്തിനുള്ളിൽ സ്ഥിതി ചെയ്ത്; എരിയുന്നു=എരിഞ്ഞുകൊണ്ടിരിയ്ക്കുന്നു; നെയ്യതോ=ഈ വിളക്കിനെരിയാനുള്ള നെയ്യാകട്ടേ; മുൻപഴകിയ വാസന=മുൻ‌കാലങ്ങളിൽ ആർജിച്ച കർമ്മ വാസനയാണ്; വർത്തി=എരിയാനുള്ള തിരി; വൃത്തിയത്രേ=ചിത്ത സങ്കൽ‌പ്പങ്ങൾ തന്നെയാണ്.

ചൂടുപരത്തി കത്തുന്ന അഞ്ചു നാളങ്ങളോട് കൂടിയ രണ്ട് തട്ടുകളുള്ള കറങ്ങിക്കൊണ്ടിരിയ്ക്കുന്ന ആദിയില്ലാത്ത ഒരു വിളക്കു തൂക്കി ബോധസ്വരൂപനായ ആത്മാവ് നിഴൽ ശരീരത്തിനുള്ളിൽ സ്ഥിതി ചെയ്ത് എരിഞ്ഞുകൊണ്ടിരിയ്ക്കുന്നു. ഈ വിളക്കിനെരിയാനുള്ള നെയ്യാകട്ടേ മുൻ‌കാലങ്ങളിൽ ആർജിച്ച കർമ്മ വാസനയാണ്. എരിയാനുള്ള തിരി ചിത്ത സങ്കൽ‌പ്പങ്ങൾ തന്നെയാണ്.

അഹമിരുളല്ലിരുളാകിലന്ധരായ് നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാർക്കുമോതിടേണം.18*

അഹം=ഞാൻ ഞാൻ എന്നു സകലരിലും സ്ഫുരിയ്ക്കുന്ന അനുഭവം; ഇരുളല്ല=ഇരുട്ടല്ല; അഥവാ ജഡമല്ല; ഇരുളാകിൽ=അത് ജഡമായിരുന്നെങ്കിൽ; അന്ധരായ്=അനുഭവമില്ലാത്തവരായ്; നാം=നാമെല്ലാം; അഹം അഹം എന്ന്=ഞാനുണ്ട്; ഞാനുണ്ട് എന്ന്; അറിയാതിരുന്നിടേണം=അനുഭവിയ്ക്കുമായിരുന്നില്ല; അറിവതിനാൽ=ഞാനുണ്ട്; ഞാനുണ്ട് എന്നനുഭവിയ്ക്കുന്നതു കൊണ്ട്; അഹം=ഞാൻ; അന്ധകാരമല്ലെന്ന്=ജഡമല്ലെന്ന്; അറിവതിന്=ധരിയ്ക്കുന്നതിന്; ഇങ്ങനെ=ഇപ്രകാരം യുക്തിയുക്തം; ആർക്കും ഓതിടേണം=ആർക്കും ഉപദേശിയ്ക്കണം.

ഞാൻ ഞാൻ എന്നു സകലരിലും സ്ഫുരിയ്ക്കുന്ന അനുഭവം ഇരുട്ടല്ല. അഥവാ ജഡമല്ല. അത് ജഡമായിരുന്നെങ്കിൽ അനുഭവമില്ലാത്തവരായി നാമെല്ലാം ഞാനുണ്ട്; ഞാനുണ്ട് എന്ന് അനുഭവിയ്ക്കുമായിരുന്നില്ല. ഞാനുണ്ട്; ഞാനുണ്ട് എന്നനുഭവിയ്ക്കുന്നതു കൊണ്ട് ഞാൻ ജഡമല്ലെന്ന് ധരിയ്ക്കുന്നതിന് ഇപ്രകാരം യുക്തിയുക്തം ആർക്കും ഉപദേശിയ്ക്കണം.

അടിമുടിയറ്റമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സർവ്വമനിത്യമാം; ജലത്തിൻ-
വടിവിനെ വിട്ടു തരംങ്ഗമന്യമാമോ?19

അടിമുടിയറ്റം=കാൽ, തല, അഗ്രം അഥവാ കീഴ്മേൽ, അവസാനം, അതുണ്ട് ഇതുണ്ട് അതുണ്ട്=അതുവേറെ ഇതുവേറെ മറ്റേതുവേറെ; എന്നടിയിടും=എന്നിങ്ങനെ അളന്നു കുറിച്ചു പലതാക്കിക്കാണും; ഉള്ളതെല്ലാം=യദാർത്ഥത്തിൽ ഉള്ളതായി കാണപ്പെടുന്നതെല്ലാം; ആദിമസത്ത=ആദികാരണമായ അഖണ്ഡബോധം തന്നെയാണ്. ജഡമിതു സർവം=പലതായിക്കാണപ്പെടുന്ന ജഡ ദൃശ്യങ്ങൾ മുഴുവൻ; അനിത്യമാം=മാഞ്ഞു മറയുന്നവ തന്നെയാണ്; തരംഗം=തിര; ജലത്തിൻ വടിവിനെ വിട്ട്=വെള്ളത്തിലെ ഒരു വടിവെന്നതിൽക്കവിഞ്ഞ്; അന്യമാമോ? മറ്റെന്തെങ്കിലുമാവാൻ പറ്റുമോ?

കാൽ, തല, അഗ്രം അഥവാ കീഴ്മേൽ, അവസാനം, അതുവേറെ, ഇതുവേറെ, മറ്റേതുവേറെ എന്നിങ്ങനെ അളന്നു കുറിച്ചു പലതാക്കിക്കാണും. യഥാർത്ഥത്തിൽ ഉള്ളതായി കാണപ്പെടുന്നതെല്ലാം ആദികാരണമായ അഖണ്ഡബോധം തന്നെയാണ്.പലതായിക്കാണപ്പെടുന്ന ജഡ ദൃശ്യങ്ങൾ മുഴുവൻ മാഞ്ഞു മറയുന്നവയാണ്. തിര, വെള്ളത്തിലെ ഒരു വടിവിൽക്കവിഞ്ഞ് മറ്റെന്തെങ്കിലുമാവാൻ പറ്റുമോ?


ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സർവ്വമൂഹഹീനം;
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലർമാല നാഗമാമോ?20

ഉലകിനു=പ്രപഞ്ചത്തിന്; വേറൊരു സത്തയില്ല=അഖണ്ഡബോധവസ്തുവിൽ നിന്നു ഭിന്നമായ നിലനിൽ‌പ്പില്ല; അതുണ്ടെന്ന്=ഭിന്നമായ നിലനിൽ‌പ്പുണ്ടെന്ന്; ഉലകരുരപ്പതു=ജനങ്ങൾ കരുതുന്നത്; സർവം ഊഹഹീനം=തികച്ചും യുക്തിഹീനമാണ്; ജളന്=ചിന്താശക്തിയില്ലാത്ത മഠയന് വിലേശയമെന്നു തോന്നിയാലും=സർപ്പമാണെന്നു തോന്നാൻ ഇടയായാലും; നലമിയലും=മനോഹരമായ; മലർമാല=പൂമാല ; നാഗമാമോ=യഥാർത്ഥത്തിൽ പാമ്പായി മാറുമോ?

പ്രപഞ്ചത്തിന് അഖണ്ഡബോധവസ്തുവിൽ നിന്നു ഭിന്നമായ നിലനിൽ‌പ്പില്ല. ഭിന്നമായ നിലനിൽ‌പ്പുണ്ടെന്ന് ജനങ്ങൾ കരുതുന്നത് തികച്ചും യുക്തിഹീനമാണ്.ചിന്താശക്തിയില്ലാത്ത മഠയന് സർപ്പമാണെന്നു തോന്നാൻ ഇടയായാലും മനോഹരമായ പൂമാല യഥാർത്ഥത്തിൽ പാമ്പായി മാറുമോ?

No comments:

Post a Comment