Tuesday, January 02, 2018

മുനിശാപം
മുപ്പത്തിയാറ് കൊല്ലം കഴിഞ്ഞപ്പോൾ , യാദവനാശം സൂചിപ്പിക്കുന്നതായ മറ്റൊരു ബ്രഹ്മശാപംകൂടിയുണ്ടായി.അതിങ്ങനെയായിരുന്നു . ഒരിക്കൽ , വിശ്വാമിത്രൻ, കണ്വൻ, നാരദൻ തുടങ്ങിയ മുനിമാർ ദ്വാരക സന്ദർശിക്കാനെത്തി.ഇതറിഞ്ഞ ചെറുപ്പക്കാരായ യാദവന്മാരും , ശ്രീകൃഷ്ണപുത്രനായ സാംബനും മുനിമാരെ ഒന്ന് കളിയാക്കണമെന്ന ഉദ്ദേശത്തോടെ ഒരു പദ്ധതി തയ്യാറാക്കി .അവർ സാംബനെ ഒരു ഗർഭിണിയുടെ വേഷം കെട്ടിച്ചു മുനിമാരുടെ മുന്നിൽ കൊണ്ടുവന്നിട്ടു ചോദിച്ചു ."അല്ലയോ മുനീശ്വരന്മാരെ, ഇവൾ ബഭ്രുവിന്റെ പത്നിയാണ് .ഇവൾ പ്രസവിക്കുന്നത് ആൺകുട്ടിയോ പെണ്കുട്ടിയോ ? . മഹാതപസ്സികളായ മുനിമാർ നിജാവസ്ഥ മനസ്സിലാക്കിയിരുന്നു .അവർ ഇങ്ങനെ പറഞ്ഞു."വാസുദേവന്റെ പുത്രനായ ഈ സാംബൻ പ്രസവിക്കും .എന്നാൽ അതൊരു മുസലമായിരിക്കും .ആ മുസലം കാരണം നിങ്ങളുടെ വംശം നശിക്കുകയും ചെയ്യും .വാസുദേവനും ബലരാമനും ഈ നാശത്തിൽ നിന്നും മോചനം നേടുമെങ്കിലും ബലരാമൻ കടലിലാണ്ടുപോവുകയും കൃഷ്ണൻ വേടന്റെ അമ്പേറ്റു മൃത്യു പൂകുകയും ചെയ്യും". ഈ വിവരം കൃഷ്ണൻ അറിഞ്ഞപ്പോൾ മുനിശാപം സത്യമാകുമെന്നു പറഞ്ഞു . പിറ്റേന്ന് തന്നെ സാംബൻ ഒരു ഇരുംപുലക്കയെ പ്രസവിക്കുന്നു . വിവരങ്ങൾ കേട്ടറിഞ്ഞ ഉഗ്രസേനൻ, ആ ഇരുമ്പുലക്കയെ രാകി സമുദ്രത്തിൽ കലക്കിക്കളയാൻ യദുക്കളെ ഉപദേശിച്ചു . യദുക്കൽ സാംബൻ പ്രസവിച്ച ഉലക്കയെ രാകി പൊടിച്ചു സമുദ്രത്തിൽ കലക്കി .ആപത്തൊഴിഞ്ഞെന്നു കരുതി അവർ ആശ്വസിച്ചു .

No comments:

Post a Comment