Saturday, January 20, 2018

വിവാഹത്തിനു പുടവ കൊടുക്കുന്നതിന്റെ പൊരുള് എന്താണ്?

വസ്ത്രം കൈമാറൽ വിവാഹ ബന്ധത്തിന്റെ ഏറ്റവും വലിയ ഘടകമാണ്. ഇന്നും എന്നും പുരുഷൻ നൽകുന്ന വസ്ത്രം സ്ത്രീ വലിയൊരു നിധിയായി സ്വന്തം കുടുംബത്തിൽ സൂക്ഷിക്കുന്നു. ഇത് 'മന്ത്രകോടി' എന്ന പവിത്ര നാമത്തിലാണ് അറിയപ്പെടുന്നതും.

വസ്ത്രം രക്ഷയുടെ പ്രതീകമാണ്. വസ്ത്രത്തിനു അഞ്ചു ധർമ്മങ്ങളാണുള്ളത്.

ഒന്ന്, നഗ്നത മറയ്ക്കുക
രണ്ട്, രൂപഭംഗി വരുത്തുക
മൂന്ന്, ശീതോഷ്ണങ്ങൾ ക്രമീകരിക്കുക
നാല്, വ്യക്തിത്വം സൂചിപ്പിക്കുക
അഞ്ച്, ആശ്രയം നൽകുക.

ഈ അഞ്ചു കാര്യങ്ങളും ബ്രഹ്മാണ്ഡത്തിന്റെ സൃഷ്ടി രഹസ്യങ്ങളുമാണ്.

സൃഷ്ടി, മായ എന്ന അത്ഭുതശക്തിയുടെ പ്രഭാവത്തിലാണ് ഉണ്ടായത്. ഈ മായാശക്തി ബ്രഹ്മത്വം എന്ന ചേതനാ തത്വത്തിനോട് ചേരുമ്പോഴാണ് ലോകം സൃഷ്ടിക്കപ്പെടുന്നത്. മായാശക്തിയ്ക്ക് വസ്ത്രത്തിന്റെ അഞ്ചു ധർമ്മങ്ങളെപ്പോലെ അഞ്ചു കാര്യങ്ങൾ അത്യന്താവശ്യമാണ്.

ഒന്ന്, സ്വയം അദൃശ്യയായി നിൽക്കണം
രണ്ട്, ആരേയും ആകർഷിക്കുന്ന തരം സ്വരൂപം വേണം
മൂന്ന്, സൃഷ്ടിയുടെ ഗുണദോഷങ്ങൾ തന്നെ ബാധിക്കാതിരിക്കണം
നാല്, തന്റെ കഴിവും പ്രാധാന്യവും എടുത്തു കാണപ്പെടണം
അഞ്ച്, തനിക്ക് എല്ലാതരത്തിലുള്ള അഭയവും വേണം.

(1) മായ അദൃശ്യയാണ്. അതുപോലെ പുടവയും രഹസ്യത്തെ (നഗ്നത) മറയ്ക്കുന്നു.

(2) സൃഷ്ടി മനോഹരമാണ്. അതുപോലെ പുടവയും രൂപഭംഗി നൽകുന്നു.

(3) മായയ്ക്ക് സൃഷ്ടിയുടെ ഗുണദോഷങ്ങൾ ബാധിക്കുന്നില്ല. അതായത്, പ്രകൃതി ബലമായി നമ്മെക്കൊണ്ട് കർമ്മം ചെയ്യിപ്പിച്ചാലും ഫലം പ്രകൃതിക്ക് ലഭിക്കുന്നില്ല; മറിച്ച് നമുക്ക് തന്നെ.അതുപോലെ ചൂടും തണുപ്പും അറിയുന്നത് നാമാണ്; അല്ലാതെ വസ്ത്രമല്ല.

(4) മായാശക്തിക്ക് തന്റേതായ വ്യക്തിത്വം ഉണ്ട്. അതായത് തന്റെ നിയമങ്ങളെ ജീവികൾ അനുസരിക്കണമെന്നും, അതുവഴി തനിക്ക് അംഗീകാരമുണ്ടാകണമെന്നും ആണ്. അതുപോലെ വസ്ത്രധാരണത്തിലൂടെയാണ് ഒരാളുടെ വ്യക്തിത്വം പ്രകടമാകുന്നതും. ഉദാഹരണം, സന്യാസി, രാജാവ്, നിയമപാലകർ, ഭടന്മാർ എന്നിവരുടെ വസ്ത്രധാരണത്തിൽ നിന്നും അവരുടെ വ്യക്തിത്വം പ്രകടമാകുന്നില്ലേ!

(5) മായാശക്തിക്ക് എതിരായി പീഢ എൽപ്പിക്കുവാൻ ഏതൊരു സൃഷ്ടിജീവിയും ശ്രമിക്കുകയാണെങ്കിൽ അവരെ ഈശ്വരൻ തടയുകയും പ്രകൃതിയെ രക്ഷിച്ച് നിലനിർത്തുകയും ചെയ്യുന്നു. അതുപോലെയാണ് വസ്ത്രവും അവസാന നിമിഷത്തിലും (ശവശരീരത്തിന്റെ) ആശ്രയം നൽകുന്നത്.

പുരുഷൻ സ്ത്രീയെ ഗൃഹാശ്രമ ജീവിതത്തിനായി സ്വീകരിക്കുമ്പോൾ പുരുഷൻ സ്ത്രീയുമായി ഈ അഞ്ചു നിയമങ്ങളും പരിപാലിക്കുവാൻ വിധേയപ്പെട്ടിരിക്കുന്നു. ഇവിടെ ബ്രഹ്മം എന്ന സ്ഥാനം പുരുഷനും, മായ എന്ന സ്ഥാനം സ്ത്രീക്കും, പ്രപഞ്ചം എന്ന സ്ഥാനം കുടുംബത്തിനും കരുതണം.

(1) ഒന്നാമത്തെ ധർമ്മം രഹസ്യം ആണല്ലോ. അതായത്, ഭാര്യയും ഭർത്താവും സൃഷ്ടികർമ്മം നടത്തിവരുന്നതും രഹസ്യമായിട്ടാണല്ലൊ.

(2) രണ്ടാമത്തെ ധർമ്മം സൌന്ദര്യമാണ്. അതായത് പുരുഷൻ തന്റെ പത്നിയെ സർവ്വാലങ്കാരഭൂഷയായി കാണാൻ ആഗ്രഹിക്കുന്നത്.

(3) മൂന്നാമത്തെ ധർമ്മം ഗുണദോഷമില്ലായ്മയാണ്. അതായത് സ്ത്രീക്ക് ഗർഭം നൽകിയതിന് പുരുഷൻ എന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.

(4) നാലാമത്തെ ധർമ്മം സർവ്വാധികാരം ആണ്. അതായത് സ്ത്രീയുടെ വാക്ക് ഇന്നും ഒരു വീടിന്റേയും പുരുഷന്റേയും ജീവിതഗതി നിർണ്ണയിക്കുന്നു.

(5) അഞ്ചാമത്തെ ധർമ്മം അഭയമാണ്. അതായത് ഏത് ദുർബല പുരുഷനും ആപത്തിൽ തന്റെ പത്നിയെ സ്വന്തം ജീവനെ തൃണവൽഗണിച്ച് രക്ഷിക്കും.

ഒരു പുരുഷൻ സ്ത്രീക്ക് പുടവ കൊടുക്കുമ്പോൾ പ്രകൃതിയുടെ ഈ അഞ്ചു ധർമ്മങ്ങളും തന്റെ പത്നിയോട് പരിപാലിക്കാൻ ബാധ്യസ്ഥനായിത്തീരുന്നു. അങ്ങനെയുള്ള പുരുഷന്മാർ തങ്ങളുടെ ഭാര്യമാരെ ഒരിക്കലും പീഢിപ്പിക്കരുത്. അത് ഈശ്വരകോടതിയിൽ ഒരിക്കലും അനുവദനീയമല്ല.

No comments:

Post a Comment