പൊതുരംഗത്തെ അഴിമതിയും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മൂല്യച്യുതിയും സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളുമെല്ലാം വര്‍ദ്ധിച്ചുവരുന്ന കാലമാണല്ലോ ഇത്. ഇതിന് പ്രധാന കാരണം നമ്മുടെ ഇപ്പോഴത്തെ സമൂഹം ഒരു തുറന്ന സമൂഹമാണ് എന്നതാണ്. ഒരു സൂപ്പര്‍ മാര്‍ക്കറ്റ് പോലെ എല്ലാം തുറന്നുവെച്ചിരിക്കുകയാണ്. മനസ്സിനെ ആകര്‍ഷിക്കുന്ന ധാരാളം കാര്യങ്ങള്‍ ഇവിടെയുണ്ട്. യുവാക്കളില്‍ ഇന്റര്‍നെറ്റിന്റെയും മാധ്യമങ്ങളുടെയും സ്വാധീനം ചെറുതല്ല. വലിയവരുടെ ജീവിതശൈലി കാണുമ്പോള്‍ കുട്ടികള്‍ക്കും അതുപോലെയായിത്തീരുവാനുള്ള ആഗ്രഹമുണ്ടാകുന്നതും സ്വാഭാവികം. ഈ ഒരു സാഹചര്യത്തില്‍ ജീവിതത്തില്‍ ഒരു സന്തുലനം വരുത്താന്‍ ശക്തമായ മൂല്യബോധവും ധാര്‍മ്മികബോധവും ആവശ്യമാണ്. കുറച്ചൊക്കെ ആദ്ധ്യാത്മിക ജ്ഞാനവും അവര്‍ ആര്‍ജ്ജിക്കണം. അതിനുള്ള ശിക്ഷണമാകട്ടെ ചെറുപ്പത്തില്‍ത്തന്നെ കിട്ടുകയും വേണം. ഇതിന്റെ കുറവാണ് ഇന്നു നമ്മള്‍ സമൂഹത്തില്‍ കാണുന്നത്.
പണ്ട് ഗുരുകുല സമ്പ്രദായം ഉണ്ടായിരുന്നു. കുട്ടികളെ ആകര്‍ഷിച്ച് അവരില്‍ സ്വഭാവരൂപീകരണം വരുത്താന്‍ കഥകള്‍ക്കുള്ള ശക്തി വലുതാണ്. പുരാണകഥകളും മഹാന്മാരുടെ ചരിത്രവുമെല്ലാം കുട്ടികളില്‍ ശരിയായ മൂല്യബോധം ഉണര്‍ത്തുന്നു. ഉദാഹരണത്തിന് യുധിഷ്ഠിരന്റെയും ദുര്യോധനന്റെയും കഥകള്‍ കേള്‍ക്കുമ്പോള്‍ യുധിഷ്ഠിരനെപ്പോലെയാകാനും ദുര്യോധനനെപ്പോലെ ആകാതിരിക്കാനുമുള്ള പ്രേരണ കുട്ടികളില്‍ തനിയെ ഉണരും. ശാസനയും കര്‍ശനമായ ശിക്ഷയുമല്ല, കുട്ടികളുടെ മനസ്സിനെ നല്ലതിലേക്കു തിരിച്ചുവിടുകയാണ് വേണ്ടത്. നല്ലത് കാണിച്ചുകൊടുക്കുകയും നല്ലതുചെയ്യുമ്പോള്‍ പ്രോത്സാഹിപ്പിക്കുകയും വേണം. കേവലം പഠനത്തില്‍ കുട്ടികളെ തളച്ചിടരുത്. അവരുടെ ഭാവനാശക്തിയും ചിന്താശക്തിയും വൈകാരികഭാവങ്ങളും ശരിയായി വികസിക്കാന്‍ വേണ്ട സ്വാതന്ത്ര്യം അവര്‍ക്കു നല്‍കണം. അതോടൊപ്പം തെറ്റേത് ശരിയേത് ധര്‍മ്മമേത് അധര്‍മ്മമേത് എന്നു ചൂണ്ടിക്കാണിക്കുകയും വേണം. ശകാരം കൊണ്ടോ ഉപദേശം കൊണ്ടോ സാധിക്കാത്തത് പ്രോത്സാഹനം കൊണ്ടും നമ്മുടെ ബുദ്ധിപൂര്‍വ്വമായ പെരുമാറ്റം കൊണ്ടും സാധിക്കും.
അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരാള്‍ക്ക് രണ്ടു കുട്ടികളുണ്ടായിരുന്നു. അവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ വളരെയേറെ ഭക്ഷണം ബാക്കിവെച്ച് ചവറ്റുകൊട്ടയില്‍ കളയുക പതിവായിരുന്നു. ഭക്ഷണം പാഴാക്കരുതെന്ന് അയാള്‍ പലപ്പോഴും അവരെ സ്‌നേഹപൂര്‍വ്വം പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. ഗൗരവപൂര്‍വ്വം ശാസിച്ചു. എന്നാല്‍ അതുകൊണ്ടൊന്നും യാതൊരു ഫലവുമുണ്ടായില്ല. എങ്ങനെയെങ്കിലും തന്റെ മക്കളുടെ ഈ ദുശ്ശീലം മാറ്റണമെന്നു കരുതി അയാള്‍ അവരെ ഒരു വീഡിയോ കാണിച്ചുകൊടുത്തു. ആ വീഡിയോയുടെ തുടക്കത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ ഒരു റസ്‌റ്റോറന്റിലിരുന്ന് കോഴിക്കറി ഓര്‍ഡര്‍ ചെയ്യുന്ന രംഗമായിരുന്നു. അവര്‍ കുറച്ചുനേരം എന്തൊക്കെയോ തമാശകള്‍ പറഞ്ഞുകൊണ്ട് ഭക്ഷണം കഴിച്ചു. അതുകഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതു മതിയാക്കി പ്ലേറ്റില്‍ ബാക്കിയുണ്ടായിരുന്നതു മുഴുവനും ചവറ്റു കൊട്ടയിലെറിഞ്ഞു. അന്നു വൈകിട്ട്, റസ്‌റ്റോറന്റ് അടച്ചതിനുശേഷം ഒരു പാവപ്പെട്ട മനുഷ്യന്‍ വന്ന് ആ പരിസരത്തുള്ള എല്ലാ റസ്‌റ്റോറന്റിലെയും ചവറ്റുകുട്ടകള്‍ തിരയാന്‍ തുടങ്ങി. ചവറ്റുകുട്ടയിലുള്ള ഭക്ഷണ സാധനങ്ങള്‍ ചാക്കുകളില്‍ നിറച്ച് അയാള്‍ തന്റെ കോളനിയിലെത്തി. അയാളുടെ ട്രക്ക് വരുന്നതുകണ്ട് കോളനിയിലെ കുട്ടികള്‍ ഓടിയെത്തി, എച്ചില്‍ നിറച്ച ചാക്കുകള്‍ ട്രക്കില്‍ നിന്ന് താഴെയിറക്കി. അവര്‍ ആ ചാക്കുകള്‍ ഓരോന്നായി ആവേശത്തോടെ തുറന്ന് അതില്‍ നിന്ന് എച്ചില്‍ വാരിയെടുത്തു ഭക്ഷിച്ചു തുടങ്ങി. ചില കുട്ടികള്‍ കാലിയായ എച്ചില്‍ ചാക്കുകള്‍ നക്കിത്തുടച്ചുകൊണ്ടിരുന്നു.
ഈ വീഡിയോ കണ്ട് അയാളുടെ മകള്‍ കരയാനാരംഭിച്ചു. അവള്‍ അച്ഛനോടു പറഞ്ഞു, ''അച്ഛാ, ഞാനിനിയൊരിക്കലും ഭക്ഷണം പാഴാക്കുകയില്ല''
ബാല്യത്തിലെ ശരിയായ ശിക്ഷണം വളരെ പ്രധാനമാണ്. സിമന്റ് ഉറയ്ക്കുന്നതിനുമുമ്പ് അതില്‍ ചിത്രങ്ങള്‍ വരയ്ക്കാം. ഉറച്ചു കഴിഞ്ഞാല്‍ പിന്നെ സാദ്ധ്യമല്ല. അതിനാല്‍ അച്ഛനമ്മമാര്‍ കുട്ടികള്‍ക്ക് സ്‌നേഹവും വാത്സല്യവും കൊടുക്കുന്നതിനൊപ്പം മൂല്യങ്ങളും നല്ല സംസ്‌കാരവും പകര്‍ന്നു നല്‍കുക, സ്വയം മാതൃകയായിത്തീരുവാന്‍ ശ്രമിക്കുക. അതിലൂടെ കുട്ടികളില്‍ ധര്‍മ്മാധര്‍മ്മബോധവും നല്ല ശീലങ്ങളും വളരും, പ്രവൃത്തികളില്‍ ജാഗ്രതയുണ്ടാകും. ഒരു സ്ഫടിക പാത്രം കയ്യില്‍ പിടിക്കുമ്പോള്‍ നമ്മള്‍ വളരെയധികം ശ്രദ്ധിക്കും. കാരണം, ശ്രദ്ധ പോയാല്‍ കൈയില്‍നിന്നു വഴുതി അപകടം വരുമെന്നറിയാം. ഇതുപോലെ ഓരോ പ്രവൃത്തിയും ചെയ്യുന്നതിനു മുമ്പായി 'ഇതു ധാര്‍മ്മികമാണോ? ഇതുമൂലം പാപം വരുമോ?', എന്ന ചിന്ത കുട്ടികളില്‍ ഉണരണം. മൂല്യബോധവും നല്ല സംസ്‌കാരവും ശക്തമാണെങ്കില്‍ ഏതു പ്രലോഭനത്തെയും അതിജീവിക്കാന്‍ അവര്‍ക്കു സാധിക്കും. ജീവിതം കൊണ്ടു നേടേണ്ടത് പണസമ്പാദനവും സുഖസമ്പാദനവും മാത്രമല്ല. അതിലും മഹത്തായ ലക്ഷ്യം ജീവിതത്തിനുണ്ട് എന്ന ബോധം കുട്ടികളില്‍ ആദ്യമേതന്നെ വളര്‍ത്തേണ്ടതുണ്ട്. അതിനു സാധിച്ചാല്‍ ക്രമേണ സമൂഹം മുഴുവനും ധാര്‍മ്മികമായി ഉയരും. എല്ലാ രംഗത്തും പുരോഗതിയുണ്ടാകും.
No comments:
Post a Comment