Monday, January 15, 2018

ഉദാനവായുവിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പറയുന്നു
തേജോഹവാഉദാനഃ തസ്മാദുപശാന്ത തേജാഃ
പുനര്‍ഭവമിന്ദ്രിയൈര്‍മ്മനസി സമ്പദ്യമാനൈഃ
ലോകത്ത് പ്രസിദ്ധമായ തേജസ്സ് തന്നെയാണ് ഉദാനന്‍. അതിനാല്‍ തേജസ്സ് ഇല്ലാതാകുമ്പോള്‍ മനസ്സില്‍ ലയിക്കുന്ന ഇന്ദ്രിയങ്ങളോടുകൂടി ജീവന്‍ പുനര്‍ജന്മത്തെ പ്രാപിക്കുന്നു.
സമഷ്ടിയിലെ ഉദാനന്‍, പുറമേയുള്ള തേജസ്സും വ്യഷ്ടിയില്‍ ശരീരത്തിലെ ചൂടും തേജസ്സുമാണ്. ഉദാനന്‍ ശരീരം വിട്ടുപോകുമ്പോള്‍ ശരീരം തണുത്ത് വിറങ്ങലിക്കും. ചൂട് പൂര്‍ണമായും പോകുന്നതിനാലാണിത്. മനസ്സില്‍ ലയിച്ചിരിക്കുന്ന ഇന്ദ്രിയങ്ങളോടുകൂടി ജീവന്‍ ഉദാനവായുവിന്റെ സഹായത്താല്‍ ഇങ്ങനെ പുറത്തുപോയി വീണ്ടും ജനിക്കാനിടയാകുന്നു. 
പുറമേയുള്ള തേജസ്സിന്റെ അനുഗ്രഹത്താലാണ് ഉദാനവായു ശരീരത്തില്‍ നിലനില്‍ക്കുന്നത്. ശരീരത്തിന്റെ സ്വാഭാവികമായ ചൂട് നഷ്ടപ്പെടുമ്പോള്‍ ആയുസ്സ് ക്ഷയിച്ചിരിക്കുന്നുവെന്നും മരണസമയമായി എന്നും അറിയണം. അങ്ങനെയുള്ള ഒരാളുടെ വാക്ക് മുതലായ ഇന്ദ്രിയങ്ങള്‍ മനസ്സില്‍ പ്രവേശിച്ച് പിന്നീട് മറ്റൊരു ശരീരത്തിലേക്ക് പോകുന്നു. ഉദാനവായുവാണ് ഇങ്ങനെ പുറത്തുപോകാനായി സഹായിക്കുന്നത്. 
ഇപ്രകാരം പഞ്ചപ്രാണന്മാരുടെ ആദ്ധ്യാത്മിക ആധി ഭൗതികഭാവങ്ങളെ വിവരിച്ച് വൃഷ്ടി-സമഷ്ടി ശരീരങ്ങളില്‍ തന്നെയാണ് ഉള്ളതെന്ന് ഉറപ്പാക്കുന്നു.
യച്ചിത്തസ്‌തേനൈഷ പ്രാണമായാതി, പ്രാണസ്‌തേജസാ
യുക്തഃ സഹാത്മനാ യഥാ സങ്കല്‍പിതാ ലോകം നയതി
മരണസമയത്തെ സങ്കല്‍പത്തിനനുസരിച്ച് മുഖ്യപ്രാണന്‍ ഉദാനവൃത്തിയോടുകൂടിയവനായി ജീവാത്മാവിനെ സങ്കല്‍പപ്രകാരമുള്ള ലോകത്തിലേക്ക് കൊണ്ടുപോകുന്നു. മരിക്കുമ്പോളുള്ള മനസ്സങ്കല്‍പവും ഇന്ദ്രിയങ്ങളും മുഖ്യപ്രാണനില്‍ ചേരുന്നു. മുഖ്യപ്രാണന്‍ തേജോരൂപത്തിലുള്ള ഉദാനവൃത്തിയെ കൈക്കൊണ്ട് ആത്മാവിനെ സങ്കല്‍പമനുസരിച്ചുള്ള ലോകത്തിലേക്ക് നയിക്കും. ഉദാനനാണ് ദേഹത്തില്‍നിന്ന് ആത്മാവിനെ വേര്‍പെടുത്തി മറ്റൊരു ദേഹത്തിലേക്ക് എത്തിക്കുന്നത്. ഇന്ദ്രിയങ്ങള്‍ മനസ്സിലും മനസ്സ് സങ്കല്‍പശക്തിയോടെ മുഖ്യപ്രാണനിലും ലയിച്ച്, സങ്കല്‍പത്തിനനുസരിച്ച ശരീരത്തിലേക്ക് പ്രാണന്‍ സൂക്ഷ്മശരീരിയായ ജീവനെ നയിക്കുന്നു. ജീവാത്മാവിന്റെ പുണ്യ-പാപ രൂപമായ കര്‍മ്മത്തിന്റെ ഫലത്തിനനുസരിച്ചാകും സങ്കല്‍പവും തുടര്‍ന്നുള്ള ദേഹധാരണവും. ഭഗവദ്ഗീത എട്ടാം അധ്യായത്തില്‍ ഈ ആശയത്തെ പറയുന്നുണ്ട്.
'യം യം വാപിസ്മരത്.............സദാ തദ്ഭാവ ഭാവിതഃ'
പ്രാണനെക്കുറിച്ച് വേണ്ടപോലെ 
അറിഞ്ഞാലുള്ള ഫലത്തെ പറയുന്നു. 
യ ഏവം വിദ്വാന്‍ പ്രാണം വേദന 
ഹാസ്യ
പ്രജാ ഹീയതേളമൃതോഭവതി 
തദേഷ ശ്ലോകഃ
പ്രാണനെക്കുറിച്ച് ഇപ്രകാരം അറിയുന്ന വിദ്വാന് സന്തതിപരമ്പരയ്ക്ക് നാശമുണ്ടാകില്ല. അയാള്‍ അമൃതത്വത്തെ പ്രാപിക്കുകയും ചെയ്യും. ഈ അര്‍ത്ഥത്തില്‍ ഒരു വേദമന്ത്രം ഉണ്ട്. പ്രാണന്റെ ഉത്ഭവവും വിഭജനവും അതിന്റെ പ്രവര്‍ത്തനവും മനസ്സിലാക്കുന്നയാള്‍ക്ക് മക്കളും പേരക്കുട്ടികളുമടങ്ങുന്ന സന്താനപരമ്പര നന്നായുണ്ടാകും. സന്തതി പരമ്പര മുടങ്ങിപ്പോകില്ല. ശരീരം പതിച്ചതിനുശേഷം പ്രാണസായുജ്യം നേടി മരണമില്ലാത്തവനായിത്തീരും. ഇക്കാര്യം പ്രതിപാദിക്കുന്ന മന്ത്രത്തെ പറയുന്നു.
ഉത്പത്തിമായാതിം സ്ഥാനം
വിഭുത്വം ചൈവ പഞ്ചധാ
അദ്ധ്യാത്മം ചൈവ പ്രാണസ്യ
വിജ്ഞായാമൃതമശ്‌നുതേ
വിജ്ഞായാമൃതമശ്‌നുത ഇതി
പ്രാണന്റെ ഉല്‍പ്പത്തിയേയും ശരീരത്തില്‍ വരുന്നതിനേയും നിലനില്‍പ്പിനേയും അഞ്ചുവിധത്തിലായി വൈഭവത്തോടെയിരിക്കുന്നതിനേയും അദ്ധ്യാത്മഭാവത്തേയും അറിയുന്നയാള്‍ അമൃതത്ത്വത്തെ പ്രാപിക്കും. പരമാത്മാവില്‍നിന്ന് പ്രാണന്‍ ഉണ്ടാകുന്നതിനെ അറിയണം. മനസ്സങ്കല്‍പത്തോടുകൂടി ഓരോ ശരീരത്തിലും പ്രവേശിക്കുന്നതും ദേഹത്തിലെ പ്രാണന്റെ സ്ഥിതിയും മുഖ്യപ്രാണന്‍ ചക്രവര്‍ത്തിയെപ്പോലെ പ്രാണന്‍, അപാനന്‍, സമാനന്‍, വ്യാനന്‍, ഉദാനന്‍ എന്നിവയായി വിഭജിച്ച് പ്രവര്‍ത്തിക്കുന്നതും ഓരോ ശരീരത്തിലുമുള്ളതായ അതിന്റെ അദ്ധ്യാത്മിക സ്വരൂപത്തേയും അറിയണം. അറിയുന്നയാള്‍ മരണമില്ലാത്ത അവസ്ഥയെ പ്രാപിക്കും.
വിജ്ഞായമൃതമശ്‌നുത എന്ന് രണ്ട് തവണ പറഞ്ഞത് മൂന്നാം പ്രശ്‌നം അവസാനിച്ചു എന്ന് കാണിക്കാനാണ്...janmabhumi

No comments:

Post a Comment