Monday, January 15, 2018

മനസ്സിന്റെ അജ്ഞാനം നീങ്ങട്ടെ

Tuesday 16 January 2018 2:30 am IST
കുറേ തിരഞ്ഞു നോക്കി. കാഴ്ച്ചകള്‍ കണ്ണില്‍ പിടിക്കുന്നില്ല. വീണ്ടും ശക്തമായി തുറിച്ചുനോക്കി. മുന്നില്‍ നല്ല മൂടല്‍ മഞ്ഞ്.  ഇതിനുള്ളില്‍ കൂടി ദൃശ്യങ്ങളെല്ലാം പുകക്കുണ്ടില്‍ക്കൂടി കാണുന്നപോലെ. കാഴ്ച്ചകള്‍ തെളിയുന്നില്ല. മങ്ങിയ വൃക്ഷങ്ങള്‍ ഇരുളടഞ്ഞ വികാരങ്ങള്‍ ഇതെല്ലാം ഒത്തുവന്നാല്‍ ഉണ്ടാകുന്നതാണ് മനസ്സ്. മനസ്സ് തന്നെയായിരിക്കണം ഇത്. അല്ലെ? ചോദ്യങ്ങള്‍ ഉദിക്കുന്നു. എത്ര തേടിയാലും ഉത്തരങ്ങള്‍ കിട്ടുന്നില്ല. പണ്ഡിതന്‍, പ്രൊഫസര്‍, വൈദ്യന്‍, മനഃശാസ്ത്രജ്ഞന്‍ എന്തിന്  തത്ത്വചിന്തകരോടും ചോദിച്ചു.
എല്ലാവരും ചൂണ്ടിക്കാട്ടിയത് ഒരേ ലക്ഷ്യം. മൂര്‍ച്ചയുള്ള വാളുകൊണ്ട്  മനസ്സിന്റെ അജ്ഞതയെ മുറിക്കണം. ഇതില്‍ക്കൂടെ ഒരു ദ്വാരം തുരക്കണം. പുണ്യത്തിന്റെ വാതിലുകള്‍ പൂട്ടിയവര്‍ തന്നെ ഉത്തരം ചൊല്ലണം. അത് ലഭിക്കണമെങ്കിലും വേണമല്ലോ അനുഗ്രഹം. കഥാനായികയാണ് ഭൈരവി. കഥാനായികയ്ക്കുള്ള ഉത്തരങ്ങള്‍ കൊണ്ടുവരുന്നു സാക്ഷാല്‍ ഭൈരവന്‍. ഭൈരവിയുടെയും ഭൈരവന്റെയും തമ്മില്‍ തമ്മിലുള്ള  യോജിപ്പുണ്ടായാല്‍ വരും മനസ്സിന് സംതൃപതി. ഒരു ഇരിപ്പിടം. കാലഭൈരവന്‍, പിന്നെ ആനന്ദഭൈരവി എന്നെല്ലാം കേട്ടിട്ടുള്ള പാഠങ്ങള്‍ ആയിരിക്കാം.
 ഭൈരവന് മൂടല്‍ മഞ്ഞില്ല. കറുത്ത പാടുകളില്ല. പുലര്‍കാലത്തിലെ മഞ്ഞുതുള്ളികളില്‍ സൂര്യകിരണത്തിന്റെ പ്രതിഛായകള്‍ കണ്ടിട്ടില്ലേ? ആരുടെയും ശ്രദ്ധയാകര്‍ഷിക്കും ഈ മഞ്ഞുത്തുള്ളികള്‍. ഭൈരവന്റെ അഗാധമായ വ്യക്തതയുടെ ഒരു തുള്ളി ഉപമ. നമ്മുടെ കൈയ്യില്‍ ഒതുങ്ങാത്തതാണ് മനസ്സ്. പക്ഷെ ഭൈരവന്റെ  ദൃഷ്ടിയില്‍  മനസ്സിന്റെ എല്ലാ രൂപങ്ങളും കാഴ്ചയില്‍ പെടുന്നതാണ്. കര്‍മ്മേന്ദ്രിയങ്ങളില്‍ ഉള്‍ക്കൊള്ളുന്നതും ബാഹ്യമായിട്ടുള്ള കാഴ്ച്ചകള്‍ കാണാനും  ഏവര്‍ക്കും സാധിക്കും. പക്ഷെ ജ്ഞാനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം കാഴ്ചയില്‍പ്പെടുന്നില്ലല്ലോ. ഇത് അറിയാവുന്നവരാണ്  ഉള്‍ക്കാഴ്ചയുള്ളവര്‍. ഈ ഉള്‍ക്കാഴ്ചഅറിയാനുള്ള കണ്ണ് അസാധാരണമാണ്. ഭൈരവന്റെ സഹായം തേടുന്നവര്‍ക്ക്  കല്‍പിച്ചിട്ടുള്ളതാണ്  ഈ അഗാധമായ  ആന്തരിക ലോകത്തിന്റെ ജ്ഞാനം. 
നിങ്ങളുടെ ഇടപാടുകളും  നടപടികളുമെല്ലാം തുല്യ രൂപവസ്തുക്കള്‍ ആണെങ്കില്‍ നന്നായിരിക്കും. പക്ഷെ നമുക്കറിയുന്നത് വേറെയാണ്. എല്ലാം സമാന്തരനീതിയും അനുകൂല ന്യായങ്ങളും അല്ല. കണക്കുകൂട്ടാന്‍ എത്ര പഠിച്ചാലും പുതിയ തരത്തിലുള്ള കണക്കാണ് നേരിടേണ്ടിവരുന്നത്. കമ്പ്യൂട്ടര്‍, സൈബര്‍സ്‌പേസ്, ഡിജിറ്റല്‍ എന്നൊക്കെ പറയുന്നവര്‍ക്ക് അഭിമാനിക്കാം. അതും മനസ്സിന്റെ ഒരു പ്രതിബിംബം മാത്രമാണ്. അനലോഗ്, അല്‍ഗോരിതം, ഡിജിറ്റലിന്റെയും കൂടെ  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സൈബര്‍ സ്‌പേസിനും അപ്പുറത്താണ് വിജ്ഞാന്‍ ഭൈരവിന്റെ അടിത്തറ .
എന്താണ് വിജ്ഞാന്‍ ഭൈരവ്?
വിജ്ഞാന്‍ ഭൈരവ് എന്ന് പറയുമ്പോള്‍ ശാസ്ത്രത്തിന്റെ ഒരു ഭാഗമായിരിക്കാം എന്നാവും ചിന്ത. ഒരു തിരിച്ചറിവ് വേണമല്ലോ. തിരിച്ചറിവ് ഉണ്ടാകണമെങ്കില്‍ അജ്ഞത മാറണം. പുതിയ അറിവുകള്‍, പരിശീലനങ്ങള്‍, പരിശ്രമങ്ങള്‍, പ്രയത്‌നങ്ങള്‍ എന്നിവ ഉണ്ടാകണം. ''ചിന്ത''എന്താണ്? ഇതുതന്നെയാണോ ''വിചാരങ്ങള്‍''? അപ്പോള്‍ ''ബോധമോ'' ഈ മൂന്നിനേയും പറ്റിയുള്ള തിരിച്ചറിവാണ് ''വിജ്ഞാന്‍ ഭൈരവ് ''
ഒരുദാഹരണം പറയാം. ഷോപ്പിംഗ് മാളിലെത്തിയാല്‍ അവിടെ മുകളിലേക്ക് പോകാന്‍ മൂന്നു തരത്തിലുള്ള  വഴികളുണ്ട്. കോണിപ്പടി, എസ്‌കലേറ്റര്‍, എലിവേറ്റര്‍. ഇവയില്‍ ഏതാണ് ഉപയോഗിക്കുക? ഏറ്റവും സൗകര്യമുള്ള എലിവേറ്ററിലായിരിക്കും കയറുക. അവിടെ വാതില്‍ അടയ്ക്കുന്ന ബട്ടണില്‍ വിരലമര്‍ത്തിയാല്‍ മതി മുകളിലേക്ക് പോകാന്‍. എലിവേറ്റര്‍ ഉപയോഗിക്കുന്നതിനേക്കാള്‍  കുറവല്ലേ എസ്‌കലേറ്റര്‍ ഉപയോഗിക്കുന്നത്. അതിലും ഉപയോഗം കുറവാണല്ലോ ചവിട്ടുപടിക്ക്.
നമുക്ക് ഇവയുടെ സ്വഭാവങ്ങള്‍ നോക്കാം. എലിവേറ്ററിലാണ് ഏറ്റവും സംരക്ഷണവും സുരക്ഷിതത്ത്വവും ലഭിക്കുക. അവിടെ വാതില്‍ അടഞ്ഞുകഴിഞ്ഞാല്‍ പിന്നെ മറ്റൊരു  അലോസരവും ഉണ്ടാകില്ല.  എസ്‌കലേറ്ററില്‍ യാതൊരു പ്രയാസവും ഇല്ല. വെറുതെ നിന്നാല്‍ മതി.  മുന്‍കൂറായി തയ്യാറാക്കി വെച്ചിരിക്കുന്ന ദിശയിലേക്ക് നയിക്കും. എങ്കില്‍ കോണിപ്പടികളില്‍  ആണെങ്കിലോ നമ്മള്‍ തന്നെ മുട്ടുമടക്കി മുന്നോട്ട് നടന്നു എല്ലാ വശത്തേക്കും നോക്കിക്കൊണ്ട് കയറണം.  ചുറ്റുപാടുകള്‍ മൊത്തം ശ്രദ്ധിക്കുവാനുള്ള അവസരവുമുണ്ട്. 
എലിവേറ്ററിലാണെങ്കില്‍ യാതൊരു സ്വാതന്ത്ര്യവുമില്ല. പുറമെ നില്‍ക്കുന്ന സുഹൃത്തിനെ അകത്തു കയറ്റുവാനും നമുക്ക് പുറത്തു പോകുവാനും സാധിക്കുകയില്ല. അഥവാ അതിന്റെ പ്രവര്‍ത്തനം നിലച്ചുപോയാല്‍ നിങ്ങള്‍ക്ക്  പുറത്തു വരാനും കഴിയില്ല?
എസ്‌കലേറ്ററില്‍ ആണെങ്കില്‍ അല്‍പ്പംകൂടി  സ്വാതന്ത്ര്യം ഉണ്ട്. പ്രധാനമായും നിങ്ങള്‍ക്ക്  എല്ലാ കാഴ്ച്ചകളും കാണുവാനും അഥവാ അതിന്റെ  പ്രവര്‍ത്തനം നിലച്ചുപോയാല്‍ ഇറങ്ങുവാനും കഴിയും. എന്നിരുന്നാലും ദിശയും വേഗതയും മാറ്റുവാനുള്ള സ്വാതന്ത്ര്യം നമുക്കില്ല .ചുവടു ദൂരവും ചലനവും മാറില്ല .
എന്നാല്‍ കോണിപ്പടികളിലൂടെ കയറുമ്പോഴോ? അവിടെ നമുക്ക് പൂര്‍ണ്ണ  സ്വാതന്ത്ര്യം ലഭിക്കുന്നു. ഏതു ദിശയില്‍ വേണമെങ്കിലും നടക്കാം. എപ്പോള്‍ വേണമെങ്കിലും ഗതിയും ദിശയും മാറ്റാം. അഥവാ ഒരു സുഹൃത്തിനെ കണ്ടാല്‍ ആ വഴിയില്‍ നിന്നുതന്നെ സംസാരിക്കാം. അങ്ങനെ പല സ്വാതന്ത്ര്യങ്ങളും ഒപ്പം തന്നെ പല അസൗകര്യങ്ങളുമുണ്ടാകാം. 
സുഖങ്ങളും സൗകര്യങ്ങളും എലിവേറ്ററിനെയും  എസ്‌കലേറ്ററിനേയും ഉപമിക്കുന്നു. എന്നാല്‍ കോണിപ്പടികളോ? നമ്മളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യവും അതിലുണ്ടാകുന്ന ചെറിയ അസൗകര്യങ്ങളിലൂടെ  റോസാ ചെടികളിന്മേലുള്ള  മുള്ളുകള്‍ സഹിക്കാനും താങ്ങാനുമുള്ള ശേഷിയും ഉണ്ടാക്കാം .
വിജ്ഞാന ഭൈരവ് ഉപമിക്കുന്നത് റോസാച്ചെടിയുമായാണ്. അതിന്റെ ലക്ഷ്യം ആനന്ദമാണ്. അല്‍പ്പം സഹിച്ചാലും സ്വാതന്ത്ര്യം വേണമെങ്കില്‍ തപസ്സുതന്നെ ആശ്രയം. സാധാരണക്കാര്‍ അല്‍പ്പം തപസ്സിന്റെ രുചിയും സന്തോഷവും അനുഭവിക്കാന്‍ തയ്യാറായാല്‍ ഒരു പരിവര്‍ത്തനം തന്നെ ഉണ്ടാക്കാം. 
 ഇപ്പോഴുള്ള ദിനചര്യയില്‍ ഏതെല്ലാം പ്രവര്‍ത്തികള്‍ എലിവേറ്റര്‍ കാറ്റഗറിയില്‍ കൊള്ളിക്കാം. പിന്നെയുള്ള കുറെ ദിനചര്യ ശീലങ്ങളും സ്വഭാവങ്ങളും എസ്‌കലേറ്റര്‍ എന്ന കൊട്ടയില്‍ നിക്ഷേപിച്ചുകൊള്ളൂ. ഇങ്ങനെ വേര്‍തിരിക്കുവാന്‍ കഴിഞ്ഞതിനു ശേഷം ഉള്ളവയാകണം നിങ്ങളെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍. അവയെ കോണിപ്പടി എന്ന വകുപ്പില്‍ ചേര്‍ക്കാം .
വിജ്ഞാന്‍ ഭൈരവ്  എന്ന പാഠത്തില്‍ ചില ടെക്‌നിക്‌സ് അഭ്യസിപ്പിക്കും. വിചിത്രമായ പുസ്തകം തന്നെ വിജ്ഞാന്‍ ഭൈരവ്. സ്വന്തം മനസ്സിന്റെ പിടിപാടുകളില്‍ നിന്ന് പുറത്തു കടക്കാന്‍ ആഗ്രഹം എല്ലാവര്‍ക്കുമുള്ളതാണ്. മനസ്സുകളുടെ വശീകരണത്തില്‍ പെട്ടുകിടക്കുന്നവരുടെ പെരുമാറ്റത്തില്‍ നിന്ന് എങ്ങനെയാണ് സന്തോഷം ഉല്‍പ്പാദിപ്പിക്കുക? മുക്തി ലഭ്യമാക്കുന്ന ഒരു  ദിശയാണ് വിജ്ഞാന്‍ഭൈരവ് .
വിജ്ഞാന്‍ ഭൈരവ്  നടപടികള്‍ എല്ലാവരെയും ഒരുപോലെ സ്വാധീനിക്കില്ല എങ്കിലും ഫലപ്രദമായ ഒരു ജീവിതത്തിന്റെ അടുത്തേക്ക് നീങ്ങാം. നടക്കാം. അജ്ഞത നമ്മുടെ മനസ്സില്‍ നിന്ന് കൊഴിഞ്ഞുപോയാല്‍ മാത്രമാണ് നമ്മുടെ ബന്ധങ്ങളും  തൊഴിലുകളും വരുമാനവും മറ്റ്  ലാഭനഷ്ടങ്ങളും നിയന്ത്രണത്തില്‍ കൊണ്ടുവരാനാകൂ. അങ്ങനെ അജ്ഞതയെ അടര്‍ത്തിക്കളയുന്നതായിരിക്കണം ലക്ഷ്യം. ഒരു വൃക്ഷത്തില്‍ നിന്ന്  പഴുത്ത ഇലകളും കേടുവന്ന ഫലങ്ങളും വീഴ്ത്തിക്കളയണമെങ്കില്‍ വേണ്ടത് ഒരു വലിയ കുലുക്കം. നിങ്ങളുടെ ദിനചര്യയില്‍ ഈ ഒരു കുലുക്കം സ്വാഗതം ചെയ്യാന്‍ ധീരത ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ചേരാം വിജ്ഞാന്‍ ഭൈരവിന്റെ ക്ലാസ്സുകളില്‍.
(ശ്രീ ശ്രീ രവിശങ്കറിന്റെ പ്രമുഖ്യ ശിഷ്യനാണ് ലേഖകന്‍)
വിനോദ് മേനോന്‍ 

No comments:

Post a Comment