Saturday, January 27, 2018

ധനം സമ്പാദിക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ ആ പണം നമുക്കും ലോകത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ വിനിയോഗിക്കാന്‍കൂടി നമ്മള്‍ ശ്രദ്ധിക്കണം.     കഷ്ടപ്പെടുന്നവര്‍ക്ക് ദാനം ചെയ്താല്‍ അതിന്റെ പുണ്യം ഭാവിയിലും നമ്മുടെ കൂടെയുണ്ടാകും. ഏറ്റവും ആവശ്യമുള്ള സമയത്ത് നമുക്കും സഹായം വന്നുചേരാന്‍ ഇത്തരം സദ്കര്‍മ്മം സഹായിക്കും.  
നമ്മളില്‍ പലരും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ പിശുക്കു കാട്ടുന്നവരാണ്. തീര്‍ത്ഥാടനത്തിനു പോകുമ്പോള്‍ ഭിക്ഷക്കാര്‍ക്കു ദാനം നല്‍കുന്നതിനുവേണ്ടി പണം കരുതും. കഴിയുന്നതും ചെറിയ നാണയങ്ങളായിരിക്കും അതിനായി മാറ്റിവയ്ക്കുന്നത്.  സത്യത്തില്‍, സ്വാര്‍ത്ഥത നിറഞ്ഞ മനസ്സിന്റെ സ്വാര്‍ത്ഥത കുറയ്ക്കുക എന്നതാണു ദാനം കൊണ്ടുദ്ദേശിക്കുന്നത്. കൂടാതെ സാധുക്കള്‍ക്ക് ആവശ്യമുള്ളതു ലഭിക്കുകയും ചെയ്യും. പക്ഷേ അവിടെയും നമ്മള്‍ പിശുക്കുകാണിക്കും. എത്രയധികം സമ്പത്തുണ്ടായാലും അതൊന്നും എന്നും നമ്മുടെ കൂടെയുണ്ടാവില്ല. കഷ്ടപ്പെടുന്നവര്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണം. അതിനു പ്രയോജനപ്പെടുന്ന സമ്പത്താണ് യഥാര്‍ത്ഥ സമ്പത്ത്. 
ആളറിഞ്ഞും ആവശ്യമറിഞ്ഞും വേണം ദാനം ചെയ്യുവാന്‍. കുഴിമടിയനായ ഒരുവന് വെറുതെ ഭക്ഷണം നല്‍കുകയാണെങ്കില്‍, അദ്ധ്വാനം ഇല്ലാതെ രോഗങ്ങള്‍ പിടിപെട്ട് അയാള്‍ തനിക്കും ലോകത്തിനും ഒരു ഭാരമായിത്തീരും. വെറുതെ ഭക്ഷണം കിട്ടുന്ന സത്രങ്ങളുടെ മുന്നിലാണ് ഏറ്റവുമധികം മടിയന്മാരെ കാണാന്‍ കഴിയുക. ശ്രദ്ധയും വിവേകവുമില്ലാതെ  ദാനം ചെയ്താല്‍ അത് നമ്മെത്തന്നെ ബാധിക്കും.  അപരിചിതരായ യാചകര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കാം, എന്നാല്‍ പണം കൊടുത്താല്‍ അതവര്‍ തെറ്റായരീതിയില്‍ ഉപയോഗിച്ചേക്കാം. അത് കള്ളോ, കഞ്ചാവോ വാങ്ങാനുപയോഗിച്ചെന്നിരിക്കും. അങ്ങനെയുള്ളവര്‍ക്ക് പണം നല്‍കുക വഴി തെറ്റുചെയ്യാന്‍ നമ്മളവര്‍ക്ക് അവസരം നല്‍കുകയാണു് ചെയ്യുന്നത്.   
ആരോഗ്യം തീരെ നഷ്ടമായി, ജോലിചെയ്യാന്‍ ശേഷിയില്ലാത്തവര്‍, അംഗവൈകല്യം ബാധിച്ചവര്‍, അനാഥരായ കുട്ടികള്‍, ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന രോഗികള്‍, ആരും നോക്കാനില്ലാതെ വിഷമിക്കുന്ന പ്രായംചെന്നവര്‍ ഇവരെയൊക്കെ നാം അറിഞ്ഞു സഹായിക്കണം. അതു നമ്മുടെ ധര്‍മ്മമാണ്. 
എന്നാല്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. പേരും പ്രശസ്തിയും ആകരുത് നമ്മുടെ ലക്ഷ്യം. പ്രതീക്ഷ കൂടാതെ ദാനം ചെയ്യാന്‍ കഴിയണം.   
ഒരിക്കല്‍ ഒരു വൃദ്ധസദനത്തിലെ അന്തേവാസികളും അനേകം അതിഥികളും  അവിടുത്തെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ കണ്ട് ആസ്വദിച്ചിരിക്കുകയായിരുന്നു. പെട്ടെന്നൊരാള്‍ പരിപാടി നടക്കുന്ന ഹാളില്‍ കടന്നുവന്ന് എല്ലാ ഫാനുകളും  ഓഫ്  ചെയ്തു. ആ നഗരത്തിലെ പ്രമുഖനായ ഒരു വ്യാപാരിയായിരുന്നു അയാള്‍. അന്തേവാസികളില്‍ ഒരാള്‍ അയാളോടു ചോദിച്ചു, ''നിങ്ങള്‍ എന്തിനാണ് ഫാന്‍ ഓഫ് ചെയ്തത്? ഉഷ്ണം സഹിക്കാനാകാതെ എല്ലാവരും കഷ്ടപ്പെടുകയാണ്. ഫാനിട്ടാല്‍ അല്‍പമൊരാശ്വാസം ലഭിക്കുമായിരുന്നു.'' വ്യാപാരി പറഞ്ഞു, ''ഈ വൃദ്ധസദനത്തിലെ എല്ലാ ഫാനുകളും ഞാന്‍ സംഭാവന ചെയ്തതാണ്. അതിലൊക്കെ എന്റെ പേര് എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍ ഏതുസമയവും ഫാനുകള്‍ ഇങ്ങനെ കറങ്ങിക്കൊണ്ടിരുന്നാല്‍ എന്റെ പേര് ആരും കാണുകയില്ല. ഞാന്‍ ദാനം ചെയ്ത കാര്യം ഇന്നത്തെ പരിപാടി കാണാനെത്തിയവര്‍ അറിയട്ടെ.'' ഈ കഥയിലെ വ്യാപാരി ചെയ്ത ഇത്തരം ദാനത്തെ ദാനമെന്ന് വിളിക്കാനേ കഴിയില്ല. പ്രശസ്തിക്ക് വേണ്ടിയോ മറ്റു സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടിയോ ദാനം ചെയ്യുമ്പോള്‍ ആ ദാനം കച്ചവടമായി അധഃപതിക്കുന്നു. ദാനത്തിന്റെ പുണ്യം പോലും നഷ്ടപ്പെടാനേ ഇത്തരം മനോഭാവം ഉപകരിക്കൂ. 
ദാനം ചെയ്യുമ്പോള്‍ അത് ഈശ്വരനെ സേവിക്കാനുള്ള ഒരവസരമായി കരുതണം. ദാനം സ്വീകരിക്കുന്നവരോട് ആദരവോടെ വേണം ദാനം ചെയ്യുവാന്‍. അവരില്‍ ഈശ്വരനെ ദര്‍ശിക്കുവാന്‍ നമുക്കു കഴിയണം. സാധുക്കളോടുള്ള കരുണയും കഷ്ടപ്പെടുന്നവരോടുള്ള അലിവുമായിരിക്കണം ദാനത്തിനും സേവനത്തിനുമുള്ള പ്രചോദനം. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ പ്രാര്‍ത്ഥനയോടൊപ്പം നല്ല കര്‍മ്മം ചെയ്യാന്‍കൂടി തയ്യാറാകണം. ജോലി ലഭിക്കണമെങ്കില്‍ വിദ്യാഭ്യാസ യോഗ്യത മാത്രം പോരാ. സ്വഭാവസര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കണം. അതുപോലെ, ഈശ്വരകൃപയ്ക്കര്‍ഹരാകണമെങ്കില്‍ പ്രാര്‍ത്ഥന മാത്രം പോരാ, സഹജീവികളോടുള്ള കാരുണ്യവും നമ്മിലുണ്ടാകണം.  മറ്റുള്ളവരില്‍ ഈശ്വരനെ കണ്ടുകൊണ്ടു്, സ്വയം ത്യാഗം സഹിച്ചും സ്വാര്‍ത്ഥമായ പ്രതീക്ഷകളില്ലാതെയും ദാനം ചെയ്യുമ്പോള്‍ അതിന്റെ ഫലം ഏറ്റവും മഹത്തരമാണ്. 

No comments:

Post a Comment