ഒരുദിവസം ശ്രീരാമന്‍ ഏകാന്തതയില്‍ ഇരിക്കുമ്പോള്‍ ലക്ഷ്മണന്‍ അടുത്തുചെന്നു നമസ്‌കരിച്ചുകൊണ്ടു പറഞ്ഞു. മുക്തിമാര്‍ഗ്ഗത്തെയരുള്‍ചെയ്യണം ഭഗവാനേ ഭക്തനാമടിയനോടജ്ഞാനം നീങ്ങും വണ്ണം ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യ ചിഹ്നങ്ങളെല്ലാം മാനസാനന്ദം വരുമാറരുള്‍ ചെയ്തീടണം ജ്ഞാന വിജ്ഞാന ഭക്തി വൈരാഗ്യ ചിഹ്നങ്ങളാണ് ശ്രീരാമനോട് ചോദിക്കുന്നത്. ആത്മീയജ്ഞാനം ഉണ്ടാകണമെന്ന ആഗ്രഹം ഏറ്റവും മഹത്തരമാണ്. അതിന് ജിജ്ഞാസ വേണം, മുമുക്ഷ്യത്ത്വവും. ഇവിടെ രാമനെ ജ്യേഷ്ഠനായിട്ടല്ല ഗുരുവായിട്ടാണ് ലക്ഷ്മണന്‍ കരുതിയിരിക്കുന്നത്. ഗുരുശുശ്രൂഷ ചെയ്ത് രാമനെ പ്രീതിപ്പെടുത്തുകയും ചെയ്തു. ഇനി ഉപദേശം തരണം. രാമന്‍ പറഞ്ഞുതുടങ്ങി. ''ആത്മാവല്ലാത്ത ശരീരാദിവസ്തുക്കളാണ് ആത്മാവ് എന്നുള്ള ബോധം ഈ ജഗത്രയത്തിലുള്ളതിനെയാണ് മായ എന്നു പറയുന്നത്. ഈ മായകൊണ്ടാണ് ശരീരസംബന്ധിയായ സംസാരം ഉണ്ടാകുന്നത്. മായയ്ക്ക് വിക്ഷേപം, ആവരണം എന്നീ രണ്ടു ഭാവങ്ങളുണ്ട്. സ്ഥൂല സൂക്ഷ്മ ഭേദങ്ങളോടെ ഈ ലോകം സത്യമാണെന്ന് വ്യാമോഹിക്കുന്നതാണ് വിക്ഷേപം. അരണ്ട വെളിച്ചത്തില്‍ കയറിനെകണ്ട് പാമ്പാണെന്നു തോന്നുന്നില്ലേ? യഥാര്‍ത്ഥത്തില്‍ പാമ്പില്ല, കയറേയുള്ളൂ. പാമ്പ് എന്നു തോന്നിയത് വിക്ഷേപം. ഈ വിക്ഷേപഭാവത്തിന് വിദ്യയെന്നും അവിദ്യയെന്നും രണ്ടു രുപങ്ങളുണ്ട്. ജ്ഞാനികള്‍ അതിനെ വിദ്യാമായയെന്നും, അജ്ഞാനികള്‍ അവിദ്യമായയെന്നും പറയുന്നു. ഈ ശരീരം, അതുമായി ബന്ധപ്പെട്ട വസ്തുക്കള്‍, ബന്ധുക്കള്‍ ഇവയെല്ലാം അവിദ്യാമായ സൃഷ്ടിക്കുന്ന വിഭ്രമം മാത്രമാണ്. അതായത് ഇല്ലാത്തതിനെ ഉണ്ടെന്നു തോന്നിപ്പിക്കുന്നു. വിദ്യാ മായയാകട്ടെ യഥാര്‍ത്ഥത്തില്‍ ഉള്ളതിനെ കാണാനുള്ള വഴി കാണിച്ചുതരുന്നു. അതിനാല്‍ വിദ്യാമായയുടെ സഹായത്തോടെ നമുക്ക് അവിദ്യാമായയെ അതിജീവിക്കാം. അപ്പോള്‍ ശരീരബോധം ഇല്ലാതാകും. യഥാര്‍ത്ഥവസ്തുവിനെ മറച്ച് ആവരണമായിരിക്കുന്നതാണ് ആവരണമായ. ആത്മാവാണ് യഥാര്‍ത്ഥ വസ്തു. മറ്റെല്ലാം ആവരണം. തിരശീല മാറ്റിയാല്‍ ഉള്ളിലുള്ളതിനെ കാണാന്‍ കഴിയുന്നതുപോലെ ആവരണം മാറിയാല്‍ ആത്മാവിനെ അറിയാന്‍ പറ്റും. യഥാര്‍ത്ഥത്തില്‍ ജീവാത്മാവും പരമാത്മാവും രണ്ടല്ല. ഒന്നിന്റെ തന്നെ പര്യായശബ്ദങ്ങളാണ്. ആത്മാവിനെ അറിയണമെങ്കില്‍ അതിനെ മറച്ചുനില്‍ക്കുന്ന അഹങ്കാരം, അഭിമാനം, ഹിംസ, വക്രബുദ്ധി, കാമം, ക്രോധം ഇവയൊക്കെ മനസ്സില്‍ നിന്നു കളയണം. എല്ലാവിധ ആക്ഷേപങ്ങളും സഹിക്കണം. സമബുദ്ധിയോടെ ദുഃഖത്തെ കളയണം. നിത്യവും ഗുരുസേവ ചെയ്ത് ചിത്തശുദ്ധി വരുത്തണം. ദേഹശുദ്ധിയും വേണം. സത്യത്തെ സമാശ്രയിച്ച് സത്കര്‍മ്മങ്ങള്‍ ചെയ്യണം. വിഷയസുഖങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കാതെ, അഹങ്കാരലേശമില്ലാതെ സദാ രാമമന്ത്രം ജപിച്ചു ജീവിക്കുക. ഭാര്യാപുത്രാദികളിലും ബന്ധുമിത്രാദികളിലും നിസ്സംഗത്വം പുലര്‍ത്തുക. ഇഷ്ടാനിഷ്ടങ്ങളില്‍ തുല്യഭാവത്തോടെയിരിക്കണം. ഒരുവിധത്തിലും പ്രാകൃതജനങ്ങളുമായി കൂട്ടുകൂടുകയോ സഹവസിക്കുകയോ ചെയ്യരുത്. വൈദികകര്‍മ്മങ്ങളെല്ലാം വിധിയാംവണ്ണം അനുഷ്ഠിക്കണം. ഇത്രയുമൊക്കെയായാല്‍ മനസ്സില്‍ ജ്ഞാനമുദിക്കും. ഞാന്‍ ശരീരമല്ല ആത്മാവാണ് എന്ന അറിവാണ് ജ്ഞാനം. എന്നോടു ഭക്തിയുള്ളവര്‍ക്ക് കൈവല്യം സിദ്ധിക്കും. ഭക്തിയില്ലാത്തവര്‍ക്ക് ഒരിക്കലും മോക്ഷം ലഭിക്കില്ല. ആത്മാവ് എന്താണെന്ന് ചോദിച്ചാല്‍ ദേഹം, പ്രാണന്‍, ബുദ്ധി, മനസ്സ്, അഹങ്കാരം ഇവയൊന്നും ആത്മാവല്ല. ഇവയ്‌ക്കെല്ലാം ഉപരിനില്‍ക്കുന്നതാണ് ചിദാത്മാവ്. അതു ശുദ്ധവും, അവ്യക്തവും ജ്ഞാനവുമാണ്. ഇപ്പറഞ്ഞ ആത്മാവ് ഞാന്‍ തന്നെ. ജ്ഞാനമുണ്ടാകുമ്പോള്‍ എന്നെ വഴിയാംവണ്ണം അറിയാന്‍ സാധിക്കും. എന്നെ കാണിച്ചുതരുന്ന വസ്തുവാണ് ജ്ഞാനം. വിജ്ഞാനംകൊണ്ട് ജ്ഞാനമുണ്ടാകും. താന്‍ തന്നെ ആത്മാവ് എന്ന അറിവ് സാധനകൊണ്ട് സിദ്ധിക്കും. ആത്മാവ് ചിദാനന്ദനും പരിപൂര്‍ണനും എല്ലായിടത്തും സര്‍വതത്ത്വങ്ങളിലും അന്തര്‍ഗതനായിരിക്കുന്നവനും അപരിച്ഛേദ്യനുമാണ്. ഏകന്‍, പരന്‍, അപരിമേയന്‍, ജഗന്മയന്‍, യോഗേശന്‍, നാശമില്ലാത്തവന്‍, സകലത്തിനും ആധാരമായിരിക്കുന്നവന്‍, എന്നാല്‍ ഒന്നിനേയും ആശ്രയിക്കാത്തവന്‍. നിത്യന്‍, സത്യജ്ഞാനാദി ലക്ഷ്ണങ്ങളോടുകൂടിയവന്‍, ബ്രഹ്മാത്മകന്‍, ബുദ്ധി മുതലായ ഉപാധികളില്‍നിന്നും മുക്തന്‍, മായാമയന്‍ എന്നീ ഗുണങ്ങളോടുകൂടിയവനാണ്. ഇങ്ങനെയുള്ള ചിദാത്മാവില്‍ ജ്ഞാനം കൊണ്ട് എത്തിച്ചേരാം. യോഗികളുടെ ഏകാത്മാവാണത്. എല്ലാ ശാസ്ത്രങ്ങളിലും, ആചാര്യന്മാരുടെ വാക്കുകളിലും പ്രതിപാദിക്കുന്ന ഉപദേശങ്ങള്‍ കൂടിച്ചേര്‍ന്നതാണ് ജ്ഞാനം. ഇപ്രകാരം ആത്മാവിനോട് ജീവപരയോര്‍മൂലവിദ്യ കൂടിച്ചേരുമ്പോള്‍ മുക്തി ലഭിക്കും. ജ്ഞാനവിജ്ഞാന വൈരാഗ്യത്തോടുകൂടിയ ആനന്ദസ്വരൂപമായ ആത്മാവിനെക്കുറിച്ച് ശരിയായി അറിയാനും പറയാനും അറിവുള്ളവര്‍ ഈ ജഗത്തില്‍ കുറവാണ്. എന്നില്‍ ഭക്തിയില്ലാത്തവര്‍ക്ക് അതൊരിക്കലും കിട്ടില്ല. എന്നില്‍ ഭക്തിയുണ്ടാകുമ്പോള്‍ മുക്തിയും ലഭിക്കും. രാത്രിയില്‍ കണ്ണുതുറന്നിരുന്നാലും വഴിയറിയണമെങ്കില്‍ ദീപം പ്രകാശിക്കണം. ശ്രീരാമഭക്തിയാകുന്ന ദീപം പ്രകാശിക്കുമ്പോഴാണ് ആത്മാവിനെ അറിയാന്‍ കഴിയുകയെന്നു സാരം. ഭക്തിയുണ്ടാകാന്‍ എന്തുചെയ്യണം? ആദ്യം എന്റെ ഭക്തന്മാരുമായുള്ള സഹവാസം. പിന്നെ എന്റെ ഭക്തന്മാരെ കനിവോടെ സേവിക്കണം. ഏകാദശ്യാദി വ്രതങ്ങള്‍ അനുഷ്ഠിക്കണം. (ഒന്‍പതു വിധത്തിലാണ് ഭക്തി, ശ്രവണം, കീര്‍ത്തനം, സേവനം, സ്മരണം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം)അതിനാല്‍ പൂജനം, വന്ദനം, ഭാവനം, ദാസ്യം, ബ്രാഹ്മണഭോജനം എന്നിവയൊക്കെ അനുഷ്ഠിക്കണം. എന്റെ കഥകള്‍ കേള്‍ക്കുകയും കീര്‍ത്തിക്കുകയും ചെയ്യണം. ഇങ്ങനെയെല്ലാം ചെയ്ത് കഴിയുന്നവര്‍ക്ക് തീര്‍ച്ചയായും ഭക്തിയുണ്ടാകും. ഭക്തി വര്‍ദ്ധിച്ചാല്‍ പിന്നൊന്നും വേണ്ട. അവര്‍ ഉത്തമന്മാരിലും ഉത്തമനായിത്തീരുന്നു. ഭക്തിയുറയ്ക്കുമ്പോള്‍ ജ്ഞാനവും വൈരാഗ്യവും താനേയുണ്ടാകുന്നു. അവര്‍ക്ക് മുക്തിയും നിശ്ചയം.'' ഇതാണ് ശ്രീരാമന്‍ ലക്ഷ്മണനു നല്‍കിയ മുക്തിമാര്‍ഗ്ഗോപദേശം. ഇതില്‍ ആത്മാവിനെപ്പറ്റി വിവരിക്കുന്ന കാര്യങ്ങളുടെ വിശദീകരണത്തിന് ഭഗവദ്ഗീത രണ്ടാം അധ്യായം- ശ്ലോകം-23-25 നോക്കുക. നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ അച്ഛേദ്യോളയമദാഹ്യോളയം അക്ലേദ്യോളശോഷ്യഏവ ചഃ നിത്യഃ സര്‍വഗതഃസ്ഥാണുഃ അചലോളയം സനാതനഃ അവ്യക്തോളയമചിന്ത്യോളയം അവികാര്യോളയമുച്യതേ തസ്മാദേവം വിദിതൈ്വനം നാനുശോചിതുമര്‍ഹതി (അര്‍ജ്ജുനാ, ആത്മാവിനെ ആയുധങ്ങള്‍കൊണ്ട് മുറിക്കാന്‍ കഴിയില്ല. അഗ്നി ഇതിനെ ദഹിപ്പിക്കുകയില്ല. വെള്ളം ഇതിനെ നനയ്ക്കുകയില്ല. വായുവിന് ഇതിനെ ഉണക്കാനും കഴിയില്ല. ഈ ആത്മാവിനെ വിഭജിക്കാനോ ചുട്ടുകരിക്കാനോ കഴിയില്ല. വെള്ളംകൊണ്ട് നനയ്ക്കപ്പെടാനോ ഉണക്കിപ്പൊടിച്ച് വായുവില്‍ ലയിപ്പിക്കാനോ സാധിക്കില്ല. ഇത് ശോഷിക്കാത്തവനും, സര്‍വവ്യാപിയും ചലിക്കാത്തവനും സനാതനനുമാണ് എന്നകാര്യം നിസ്സംശയമാണ്. അതായത് ആത്മാവ് പണ്ടേയ്ക്കുപണ്ടേ ഉണ്ടായിരുന്നതും നാളെയും ഉണ്ടായിരിക്കുന്നതുമാണ്. ഇത് അവ്യക്തവും അചിന്ത്യവും വികാരരഹിതവുമാണ്. അതിനാല്‍ ആത്മാവിനെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കി ശോകം വെടിയുക)..janmabhumi
No comments:
Post a Comment