പരവിദ്യയും അപരവിദ്യയും
സ്വാമി ധ്രുവചൈതന്യ
ഉപനിഷത്തിലൂടെ-56
Sunday 28 January 2018 2:45 am IST
അംഗിരസ്സ് ഋഷിയുടെ മറുപടി-
തസ്‌മൈവ ഹോവാച ദേവിദ്വേ വേദിതവ്യേ
ഇതിഹസ്മയദ് ബ്രഹ്മവിദോ വദന്തി പരാചൈവാപരായ
ശൗനകനോട് അംഗിരസ്സ് പറഞ്ഞു. രണ്ട് വിദ്യകള്‍ ലോകത്തില്‍ അറിയേണ്ടതായിട്ടുണ്ട് എന്ന് ബ്രഹ്മജ്ഞാനികള്‍ പറയുന്നു. പരവിദ്യയും അപരവിദ്യയും.
ഏതറിഞ്ഞാലാണ് എല്ലാം അറിയുക? എന്ന ചോദ്യത്തിന് ഇങ്ങനെ ഉത്തരം ശരിയാണോ എന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. നേരിട്ടുള്ള പെട്ടെന്ന് നല്‍കാതെ സംശയം പൂര്‍ണമായും നീക്കത്തക്ക വിധത്തിലുള്ള വിവരണമാണ്. വേദാര്‍ത്ഥത്തെ അറിയുന്ന അറിവുള്ളവന്‍ പറയുന്നു 'പര' എന്ന പരമാത്മവിദ്യയും ധര്‍മ്മ, അധര്‍മ്മങ്ങളെക്കുറിച്ചും ഫലത്തെക്കുറിച്ചുമുള്ള അപരവിദ്യയുമാണ് അവ. ലോകത്തില്‍ ഇന്ദ്രിയങ്ങളിലൂടെ അറിയുന്ന അറിവുകളെല്ലാം അപൂര്‍ണ്ണമാണ്. അത് അറിവിന്റെ വളരെ കുറച്ച് ഭാഗം മാത്രം. എല്ലാ അറിവിനും അറിവായി നില്‍ക്കുന്ന അനുഭൂതികൊണ്ട് അറിയാവുന്ന പരമാത്മജ്ഞാനം തന്നെയാണ് പദവിദ്യ. ഇന്ദ്രിയവിഷയജ്ഞാനം അപരവിദ്യ. പര എന്നാല്‍ ശ്രേഷ്ഠം, അലൗകികം എന്നര്‍ത്ഥം. അപര എന്നാല്‍ ശ്രേഷ്ഠമല്ലാത്തത്. ലൗകികമായത്. ശിഷ്യന്‍ ചോദിച്ചത് പരവിദ്യയാണെങ്കിലും അത് ഇന്നതാണ് എന്ന് പറയാതെ അവയല്ലാത്തതിനെ തള്ളിക്കളഞ്ഞ് അവസാനം അതിനെ മനസ്സിലാക്കിക്കൊടുക്കുന്ന രീതിയാണ് ഇവിടെ. പൂര്‍വ്വപക്ഷത്തെ നിരസിച്ച് സിദ്ധാന്തപക്ഷത്തെ പറയുക എന്നതാണിത്. നിരാസത്തിലൂടെ സമര്‍ത്ഥിക്കല്‍ നടത്തി പരമജ്ഞാനത്തെ വെളിപ്പെടുത്തുന്നു. ശിഷ്യന്‍ ഗുരുവിനോടുള്ള ശ്രദ്ധാഭക്തികളാല്‍ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടാണ് ചോദിച്ചതെങ്കിലും സംശയത്തിന്റെ ഗൗരവത്തെയും വിഷമത്തെയും കണ്ടുകൊണ്ടാണ് ഇത്തരത്തില്‍ മറുപടി നല്‍കുന്നത്. സാധാരണയുള്ള അറിവുകളില്‍നിന്ന് യഥാര്‍ത്ഥ ജ്ഞാനം എങ്ങനെ വ്യത്യാസമായിരിക്കും എന്നും അതെങ്ങനെ തനിക്ക് നേടാനാകും എന്ന തരത്തിലാണ് ശിഷ്യന്റെ ചോദ്യത്തെ കണക്കാക്കുന്നതെങ്കില്‍ അതിനെ വേണ്ടവിധത്തില്‍ വിസ്തരിക്കുന്ന തരത്തിലാണ് ഉത്തരം. ഏതൊക്കെയാണ് അപരയും പിന്നെ 'പര'യും എന്ന് പറയുന്നു-
തത്രാപരാ ഋഗ്വേദോ യജുര്‍വേദേഃ സാമവേദോളഥര്‍വവേദഃ
ശിക്ഷാകല്‍പോ വ്യാകരണം നിരുക്തം ഛന്ദാ ജ്യോതിഷമിതി
അഥ പരായയാ തദക്ഷരമധിഗമ്യതേ
ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നീ വേദങ്ങളും വേദാംഗങ്ങളായ ശിക്ഷ, കല്‍പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നിവയും അപരവിദ്യയില്‍ ഉള്‍പ്പെടുന്നു. അക്ഷരബ്രഹ്മത്തെ അറിയാന്‍ സഹായിക്കുന്നതാണ് പരവിദ്യ.
വേദങ്ങളും വേദാംഗങ്ങളും അപരവിദ്യയാണെന്ന് പറയുന്നത് അവയിലെ വാക്കുകളും വരികളും അക്ഷരങ്ങളുമൊക്കെ ഉള്‍പ്പെടുന്ന ശബ്ദക്കൂട്ടങ്ങളെയാണ്. ആത്മവിദ്യക്ക് ഉതകുന്നത് അറിവാണ്. പ്രത്യേകിച്ചും ഉപനിഷദ്ജ്ഞാനം. ഉപനിഷത്തുക്കള്‍ വേദങ്ങളുടെ ഭാഗമാണെങ്കിലും വേദഗ്രന്ഥങ്ങള്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത് കര്‍മ്മ ഉപാസനാ മാര്‍ഗ്ഗങ്ങളെയാണ്. ഇവിടെയും പരലോകത്തുള്ള സുഖഭോഗങ്ങളാണ് പലപ്പോഴും ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. വേദങ്ങളില്‍നിന്നും വേദാംഗങ്ങളില്‍നിന്നും കിട്ടുന്ന അറിവ് അപരവിദ്യയില്‍ ഉള്‍പ്പെടുന്നു. പരമാത്മാവിനെ അറിയാനുള്ള ഉപനിഷത്തുകളിലൂടെ ലഭിക്കുന്ന അറിവാണ് പരവിദ്യ.
ശിക്ഷ-ഉച്ചാരണശാസ്ത്രം-വൈദിക മന്ത്രങ്ങള്‍ ഉദാത്തം, സ്വരിതം, അനുദാത്തം, പ്ലുതം തുടങ്ങിയവിലൂടെ ഉച്ചരിക്കുന്ന രീതിയുടെ അവയുടെ പഠനവുമാണ്. കല്‍പം-വേദവദിതങ്ങളായ കര്‍മ്മങ്ങളുടെ അനുഷ്ഠാനക്രമങ്ങളെ വിവരിക്കുന്നു. വ്യാകരണം- അക്ഷരങ്ങളും വാക്കുകളും ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ വേണ്ടതായ നിയമങ്ങളെ പറയുന്നു. സന്ധി, സമാസം, വാചകഘടന തുടങ്ങിയവയൊക്കെ ഇതില്‍വരുന്നു. നിരുക്തം-വാക്കുകളുടെ മൂലം അഥവാ ധാതുക്കള്‍ എന്നിവയും പദനിഷ്പത്തിയും പറയുന്നു. വേദമന്ത്രങ്ങളുടെ വൃത്ത ശാസ്ത്രമാണ് ഛന്ദസ്സ്. ജോതിഗോളങ്ങളുടെ ഗതിയും കാലനിര്‍ണ്ണയവുമുള്‍പ്പെടെയുള്ളതാണ് ജ്യോതിഷം.
കര്‍മ്മകാണ്ഡത്തില്‍ മുഴുകി ജീവിച്ച ശന്ദനകന്‍. ഇത്രയും കാലം അപരവിദ്യയെയാണ് പുലര്‍ത്തിയിരുന്നത്. ഇനി പരമാത്മാജ്ഞാനത്തെ നേടാന്‍ വേണ്ടിയുള്ള പരവിദ്യ നേടണമെന്ന് ഉദ്ദേശിക്കുന്നു.
യത്ത ദദ്രേശ്യമഗ്രാഹ്യമഗോത്രമവര്‍ണ്ണ-
മചക്ഷുശ്രോത്രം തൗപാണി പാദം
നിത്യം വിഭും സര്‍വ്വഗതം സസൂക്ഷ്മം
തദവ്യയം യദ് ഭൂതയോനിം പരിപശ്യന്തിധീരാഃ
കാണാന്‍ കഴിയുന്നതും ഗ്രഹിക്കാനാകാത്തതും ഗോത്രമില്ലാത്തതും വര്‍ണ്ണമില്ലാത്തതും കണ്ണും കാതുമില്ലാത്തതും കയ്യും കാലുമില്ലാത്തതും നിത്യവും പലതായി വിളമ്പുന്നതും എങ്ങും നിറഞ്ഞതും വളരെ സൂക്ഷ്മമായതും നാശമില്ലാത്തതും എല്ലാ ഭൂതജാലങ്ങള്‍ക്കും കാരണമായതുമായി യാതൊന്നുണ്ടോ അതിനെ അറിവുള്ളവര്‍ എല്ലാറ്റിന്റേയും ആത്മാവായി കാണുന്നു.
ബ്രഹ്മത്തിന്റെ ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്. അ്രേദശ്യം എന്നാല്‍ അദൃശ്യം- ജ്ഞാനേന്ദ്രിയങ്ങളെക്കൊണ്ട് അറിയാനാകാത്തത്. അഗ്രാഹ്യം എന്നാല്‍ കര്‍മ്മേന്ദ്രിയങ്ങള്‍ക്ക് വിഷയമല്ലാത്തത്. മനസ്സുകൊണ്ടും അറിയാത്തത് എന്നും പറയാം. ബ്രഹ്മത്തിന് വേറെ കാരണമില്ലാത്തതിനാല്‍ ഗോത്രമില്ല- അഗോത്രം. തടിച്ചത്, വെളുത്തത് തുടങ്ങിയ ധര്‍മ്മങ്ങളില്ലാത്തതിനാല്‍ അവര്‍ണ്ണം ജ്ഞാനേന്ദ്രിയങ്ങളോ കര്‍മ്മേന്ദ്രിയങ്ങളോ ഇല്ലാത്തതുമാണ്. ജ്ഞാനേന്ദ്രിയങ്ങളില്ലെങ്കിലും ആത്മാവ് സര്‍വ്വജ്ഞനാണ്. വാസ്തവത്തില്‍ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ കര്‍മ്മേന്ദ്രിയങ്ങളും വേണ്ട. ഇവകളെല്ലാം ഇല്ല എന്നതുകൊണ്ട് അവയവങ്ങളില്ലാത്തതാണെന്നും വരുന്നു. യാതൊരു മാറ്റവുമില്ലാതെ എന്നും നിലനില്‍ക്കുന്നതിനാല്‍ നിത്യനാണ്. ഈ പ്രപഞ്ചത്തിലെ എല്ലാം ആയി മാറിയത് ബ്രഹ്മംതന്നെയായതിനാല്‍ വിഭു എന്നും നിറഞ്ഞിരിക്കുന്നതിനാല്‍ സര്‍വ്വഗതം. അണുവിനേക്കാളും ഏറ്റവും ചെറുതായിരിക്കുന്നതിനാല്‍ സസൂക്ഷ്മം ഏറ്റക്കുറച്ചിലുകള്‍ ഒന്നുമില്ലാത്തതിനാല്‍ അവ്യയം യാതൊരു മാറ്റവും ഇല്ലാത്തതാണ്. എല്ലാം ഭൂതജാലങ്ങളുടെയും ഉല്‍പത്തി സ്ഥാനമായതിനാല്‍ ഭൂതയോനിയുമാണത്. ഇപ്രകാരമുള്ള ബ്രഹ്മത്തെ വിവേകികളായ ധീരന്‍മാര്‍ അറിഞ്ഞ് സാക്ഷാത്കരിക്കണം. ഇതാണ് പരവിദ്യ.
(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)
No comments:
Post a Comment