Sunday, January 07, 2018

കൃതയുഗം കൃതകൃത്യതയ്ക്കു പേരുകേട്ടതായിരുന്നു. ത്രേതായുഗം വന്നതോടെ ഈ സ്ഥിതിക്കു മാറ്റം വന്നു. തമ്മില്‍ത്തമ്മില്‍ അവഗണനയും  അവജ്ഞയും മനുഷ്യരില്‍ നുഴഞ്ഞുകയറി. അപ്പോഴാണ് മഹര്‍ഷിമാര്‍ പൂജാരാധനയ്ക്കുവേണ്ടി സാളഗ്രാമം തുടങ്ങിയ പ്രതിമകളും പ്രതീകങ്ങളും ഏര്‍പ്പെടുത്തിയതെന്നു ഭാഗവതം പറയുമ്പോള്‍, ഇതു ചിന്തകന്മാരെ എത്ര കണ്ട് വിചാരബദ്ധരാക്കണം?
പ്രത്യക്ഷമായ ലോകത്തെ ഈശ്വരന്റെ വിലാസമായി കാണാന്‍ കഴിയാതെവരുമ്പോഴാണ്, ഈശ്വരാരാധനയ്ക്കായി വിഗ്രഹങ്ങളും പടങ്ങളും ആവശ്യമായി തോന്നുന്നത്. അടിസ്ഥാനപരമായ അജ്ഞതയും, തുടര്‍ന്നുണ്ടാകുന്ന മാത്സര്യനിന്ദാദി ഹീനഭാവങ്ങളുമാണ് ഇതിന്റെ പിന്നിലെന്നു സമ്മതിച്ചേ മതിയാവൂ. 
മനസ്സിനെ പവിത്രവും മംഗളകരവും ഉദാത്തവുമാക്കി സമത്വസുന്ദരമാക്കുന്നതാണ് ഏറ്റവും ഉത്തമമായ സാധന, തപസ്സ്, ആരാധന. ഇതു വയ്യെന്നു വരുമ്പോഴത്തെ ഒട്ടുസൂത്രങ്ങളാണ് മറ്റെന്തും.
ഇങ്ങനെ എന്താരാധന എത്ര കേമമായി നടത്തിയാലും, മനുഷ്യദ്വേഷികള്‍ക്ക് അതുകൊണ്ട് ഒരുനേട്ടവും ഉണ്ടാവില്ലെന്നും  ഭാഗവതം വിളിച്ചുപറയുന്നതു പ്രത്യേകം ശ്രദ്ധിച്ചു പ്രചരിപ്പിയ്‌ക്കേണ്ട തത്ത്വമാണ്.
ഉപാസത ഉപാസ്താപി
നാര്‍ഥദാ പുരുഷദ്വിഷാം (7.14.40)
ബ്രാഹ്മണ്യം സമാജഭദ്രതയ്ക്ക് അനിവാര്യം
മനുഷ്യരില്‍ സന്തോഷം, തപസ്സ്, വിദ്യ എന്നിവയാല്‍ ശ്രീഹരിശരീരമായ വേദത്തേയും ബ്രഹ്മവിദ്യയേയും ധരിയ്ക്കുന്നവനാണ് സര്‍വാദരണീയന്‍. ബ്രാഹ്മണര്‍ എങ്ങനെ ജീവിയ്ക്കുന്നുവോ അതനുസരിച്ചാകും സമാജത്തിന്റെ കെട്ടുറപ്പും മംഗളവും. ബ്രാഹ്മണശക്തിയും സ്വാധീനവും സ്ഥൂലമല്ല, സൂക്ഷ്മമാണ്. 
ബാഹ്യമായ 'വിഷയ'(ഓബ്‌ജെക്റ്റ്)ജ്ഞാനമല്ല ബ്രാഹ്മണനില്‍ പ്രകാശിക്കേണ്ടത്. മറിച്ച്, ആന്തരമായ 'വിഷയി'(സബ്‌ജെക്റ്റ്)ജ്ഞാനമാണ്. അറിവിനു പുറമെ തപസ്സും നിഷ്ഠയും ഗുണമൂല്യങ്ങളുമാണ് 'വിഷയി' ജ്ഞാനത്തിന്റെ ഘടകങ്ങള്‍.
ജന്മനാ ബ്രാഹ്മണരും, ഗുണയോഗ്യതകളാല്‍ ബ്രാഹ്മണത്വമുള്ളവരും ഈ തത്ത്വം ഗ്രഹിച്ച്, അതിനൊത്ത മഹിമകള്‍ കൈവരിക്കണം.  അതിന് അനുയോജ്യമായ ജീവിതചര്യ ശീലിച്ച്, സാധിച്ചാല്‍ പ്രചരിപ്പിയ്ക്കയും ചെയ്താല്‍മാത്രമേ തുടര്‍ന്നുപോകുന്ന സമാജം മൂല്യബദ്ധമാകൂ.
പണ്ടുതന്നെ ബ്രാഹ്മണര്‍ വിദ്യയില്‍മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളു. അതില്‍ വേണ്ടത്ര മികവും നൈപുണ്യവും കൈവന്നവര്‍ ആരുടേയും പ്രേരണയില്ലാതെ അധ്യാപനവൃത്തി ഏറ്റെടുത്തു, തേടിവരുന്ന വിദ്യാര്‍ഥികളെ പുത്രനിര്‍വിശേഷം സ്‌നേഹിച്ചു പഠിപ്പിച്ചുപോന്നു. ഇതില്‍ അവര്‍ സന്തുഷ്ടിയും സാഫല്യവും കണ്ടു. 
ഇത്തരം ബ്രാഹ്മണത്വമാണ് സംന്യാസത്തിലും കൊണ്ടെത്തിക്കുന്നത്. സംന്യാസനിഷ്ഠരിലും ചിലര്‍ ബ്രഹ്മവിദ്യ അഭ്യസിച്ചു സംതൃപ്തിയും ആപ്തകാമത്വവും കൈവരുമ്പോള്‍, അതു മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കാനും  സ്വയമേവ പ്രേരിതരാകുന്നു. കാലോചിതമായ കേന്ദ്രീയതയോടെ (ഫോക്കസ്സ്) ചിലര്‍ ഈ ഉദ്യമത്തിനുവേണ്ട പരിഷ്‌കാരങ്ങളും പരിവേഷങ്ങളും നല്കാന്‍ ശ്രദ്ധാലുക്കളുമായി.
ഇത്തരം ആത്മസമ്പന്നത, ആത്മബലം, ആത്മനിര്‍ബന്ധം അലങ്കരിയ്ക്കുന്ന വ്യക്തികളെക്കൊണ്ടുമാത്രമേ സനാതനധര്‍മം പ്രബലമായി സമാജത്തെ പുഷ്ടിപ്പെടുത്തി ശക്തമാക്കയുള്ളു.
ജ്ഞാനസമ്പന്നര്‍ കുറവേ ആകൂ
ധര്‍മചിന്തകരും  ധര്‍മപ്രവര്‍ത്തകരും ധാരാളമുണ്ടായിക്കൊള്ളണമെന്നില്ല, കുറച്ചുപേര്‍ ഉണ്ടാകാതെയും വരില്ല. അവരുടെ സംഖ്യ കുറഞ്ഞുവരുമ്പോള്‍, 'ഞങ്ങള്‍ പോരല്ലോ' എന്ന് ആരും വിചാരിച്ചുപോകരുത്.
ശ്രവണായാപി ബഹുഭിര്‍യോ ന ലഭ്യഃ
ശൃണ്വന്തോപിളബഹവോ യം ന വിദ്യുഃ
ആശ്ചര്യോ വക്താ കുശലോസ്യ ലബ്ധാ-
(ആ)ശ്ചര്യോ ജ്ഞാതാ കുശലാനുശിഷ്ടഃ (ക.ഉ.1.2.7)
ആത്മജ്ഞാനത്തെപ്പറ്റി കേള്‍ക്കാന്‍ ധാരാളംപേര്‍ക്കു സാധിച്ചെന്നുവരില്ല, കേള്‍ക്കുന്നവര്‍ പലരും കേട്ടതു മനസ്സിലാക്കിയെന്നും വരില്ല. ഇതു പറഞ്ഞുകൊടുക്കുന്നവന്‍ ആശ്ചര്യ വാനാണ്. അതു കേള്‍ക്കാന്‍ ഇടവരുന്നവനോ അതികുശലനും. അങ്ങനെ കേട്ടുഗ്രഹിച്ചു സാക്ഷാത്കരിയ്ക്കുന്നവനാകട്ടെ, അത്യാശ്ചര്യവാനും!
കഠോപനിഷത്തില്‍ അന്നേ പറഞ്ഞുവെച്ചിട്ടുള്ളതാണ് ധര്‍മപ്രതിപാദനം, ധര്‍മശ്രവണം, ധര്‍മഗ്രഹണം, ധര്‍മസാക്ഷാത്കാരം എന്നീ എല്ലാറ്റിന്റേയും അപൂര്‍വത. ഇത് അങ്ങനെത്തന്നെ  തുടര്‍ന്നുകൊള്ളട്ടെ. എന്നാലും ജിജ്ഞാസുക്കളുടേയും ജ്ഞാനികളുടേയും ദൗത്യത്തെ അതൊന്നും തെല്ലും ബാധിക്കുന്നില്ലെന്നു മനസ്സിലാക്കിയേ തീരൂ.
ബ്രഹ്മനിഷ്ഠന്മാരാകേണ്ടവരാണ് ബ്രാഹ്മണര്‍. ജഗദാത്മാവായ കൃഷ്ണന് അവര്‍ ഏറ്റവും ഇഷ്ടപ്പെട്ട ദൈവമാണത്രെ. സ്വന്തം പാദധൂളികൊണ്ട് ബ്രാഹ്മണര്‍ മൂന്നുലോകത്തേയും പവിത്രമാക്കുന്നുപോലും!
നന്വസ്യ ബ്രാഹ്മണാ രാജന്‍
കൃഷ്ണസ്യ ജഗദാത്മനഃ
പുനന്തഃ പാദരജസാ
ത്രിലോകീം ദൈവതം മഹത് (7.14.42)
പാദപ്പൂംപൊടിയാല്‍ മൂന്നുലോകങ്ങളേയും ശുദ്ധീകരിക്കുന്ന ബ്രാഹ്മണര്‍ ജഗദാത്മാവായ കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട ദൈവമാണുപോല്‍.
ഈ നിവേദനം കേട്ടു ബ്രാഹ്മണന്‍ അഭിമാനിക്കയാണോ, അതോ തന്റെ സ്ഥാനത്തേയും ദൗത്യത്തേയും കുറിച്ചു വേണ്ടത്ര  ഉദ്ബുദ്ധനായി, തക്ക ഗുണമൂല്യങ്ങള്‍ വരിക്കാനും പ്രകടമാക്കാനും നിതാന്തജാഗ്രത പുലര്‍ത്തുകയോ വേണ്ടത്?
പരമകല്യാണനിധിയായ ശ്രീഹരിയേയും കൃഷ്ണനേയും ഇടവിടാതെ പ്രകീര്‍ത്തിക്കുന്ന ശ്രീമദ്ഭാഗവതത്തില്‍ വ്യാസമഹര്‍ഷി ഇങ്ങനെ നിസ്തുലവും അതീവ ചിന്ത്യവുമായ മനുഷ്യവിവരണങ്ങള്‍ നല്കി ജനതയെ ചിന്തിപ്പിച്ച് ആത്മനിരീക്ഷണം ചെയ്യിക്കുന്ന രീതിയെ എങ്ങനെ വിലയിരുത്താനാണ്! 
പരമഹംസന്മാര്‍ക്കുമാത്രമേ ഇങ്ങനെ ഭഗവാനേയും മനുഷ്യരേയുമെ ടുത്ത് ഇച്ഛാനുസാരം അമ്മാനരാടി ആനന്ദിയ്ക്കാനും ആഹ്ലാദിപ്പിക്കാനും കഴിയൂ എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ.

No comments:

Post a Comment