നിന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് വിശ്വരൂപം കാട്ടിത്തന്നത്. നിനക്ക് ഭയവും ദുഃഖവും ഉണ്ടാവുന്നെങ്കില്‍, ഇതാ വിശ്വരൂപം മറച്ചേക്കാം. വാസ്തവത്തില്‍ ഈ വിശ്വരൂപം കാണാന്‍ ഭക്തന്മാര്‍ ആരും ഇതുവരെ ആവശ്യപ്പെട്ടില്ല. കുട്ടിക്കാലത്ത് യശോദാമ്മയ്ക്ക് എന്റെ വായയില്‍ വിശ്വരൂപം കാട്ടിയിരുന്നു. അത് ഞാന്‍ മനുഷ്യക്കുഞ്ഞല്ല എന്ന് മനസ്സിലാക്കിക്കൊള്ളിക്കട്ടെ എന്നു വിചാരിച്ചാണ്. പിന്നീട് കൗരവസഭയില്‍ സന്ധി സംഭാഷണത്തിനു പോയപ്പോഴായിരുന്നു. അവര്‍ എന്നെ ബന്ധനസ്ഥനാക്കാന്‍ ശ്രമിച്ച പ്പോള്‍ ''ഞാന്‍ ഒറ്റയ്ക്ക് ഒരു വ്യക്തിയല്ല'' എന്ന് കാട്ടിക്കൊടുക്കാനായിരുന്നു.
നിനക്ക് വിശ്വരൂപം കാട്ടിത്തന്നതും പ്രത്യേക ഉദ്ദേശ്യത്തോടെയാണ്. നീ കരുതിയതുപോലെ ഭീഷ്മരും ദ്രോണരും മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ധര്‍മ്മിഷ്ഠരുമല്ല. ഗുരുനാഥന്മാരുമല്ല; ദുശ്ശാസനന്‍ പാഞ്ചാലിയുടെ വസ്ത്രം അഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ ധര്‍മ്മിഷ്ഠന്മാര്‍ ഒരക്ഷരം മിണ്ടിയോ? നീ അത്തരക്കാര്‍ മരണപ്പെടുന്നതില്‍ ദുഃഖിതനാവരുത്. വാസ്തവത്തില്‍ അവരെ ഞാന്‍ പണ്ടേ തന്നെ പാഞ്ചജന്യധ്വനി മുഴക്കി ഹതപ്രായരാക്കിയിരുന്നു. അവരുടെ തലകള്‍ എന്റെ പല്ലുകള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞ് കുടുങ്ങിക്കിടക്കുന്നതും നീ കണ്ടല്ലോ?
നീ ഭയപ്പെടരുത്! സന്തോഷത്തോടെ ഇരിക്കൂ! നിനക്കു ഞാനീ കണ്ടുശീലിച്ച- നീ കാണാന്‍ കൊതിക്കുന്ന ചതുര്‍ഭുജരൂപം കാട്ടിത്തരാം. കണ്‍നിറയെ കണ്ടോളൂ!
സഞ്ജയന്‍ ആ സംഭവം
വിവരിക്കുന്നു (11-50)
പുരുഷോത്തമനായ ശ്രീകൃഷ്ണനെ വാസുദേവന്‍ എന്ന പേര്‍ ചൊല്ലിയും ഭക്തന്മാര്‍ വിളിക്കുന്നു. എല്ലാ പ്രപഞ്ചവും ഭഗവാനില്‍ വസിക്കുന്നതുകൊണ്ട് വാസു എന്നും സൃഷ്ടി സ്ഥിതി സംഹാര ലീലകള്‍ ചെയ്യുന്നതുകൊണ്ട് ദേവന്‍ എന്നും രണ്ടും കൂട്ടിച്ചേര്‍ത്ത് വാസുദേവന്‍ എന്ന പേര് സിദ്ധിച്ചു. ഇതാണ് ആദ്യം ഉണ്ടായിരുന്ന അര്‍ത്ഥം. പിന്നീട് കംസന്റെ കാരാഗൃഹത്തില്‍ വസുദേവന്റെ പുത്രനായി. നാലു കൈകളില്‍ ശംഖചക്ര ഗദാ പദ്മങ്ങള്‍ ധരിച്ച് അവതരിച്ചതു മുതലാണ് വസുദേവരുടെ പുത്രന്‍ എന്ന അര്‍ത്ഥവും കൂടി ആ നാമത്തിന് ഉണ്ടായത്.
ആ വാസുദേവന്‍ അര്‍ജ്ജുനനെ വിശ്വദര്‍ശനത്തിന്റെ പ്രയോജനം പറഞ്ഞു സമാധാനിപ്പിച്ചശേഷം തന്റെ ചതുര്‍ഭുജ രൂപം കാട്ടിക്കൊടുത്തു. ഭഗവാന്‍ പല സന്ദര്‍ഭത്തിലും നാലുകൈകള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ''ഓം നമോ ഭഗവതേ വാസുദേവായ''- എന്ന ദ്വാദശാക്ഷര മന്ത്രത്തിന്റെ ധ്യാനരൂപവും അതാണ് ഭഗവാന്‍ അര്‍ജ്ജുനനോടുകൂടി ഖാണ്ഡവവനം ദഹിപ്പിക്കാന്‍ വേണ്ടിയും മറ്റും സഞ്ചരിക്കുമ്പോള്‍ ഈ ചതുര്‍ഭുജരൂപമാണ് സ്വീകരിക്കാറു പതിവ്. ആ ചതുര്‍ഭുജ രൂപം കാണണമെന്നാണ് അര്‍ജ്ജുനന്‍ ആഗ്രഹിച്ചതും പ്രാര്‍ത്ഥിച്ചതും.
(11-46) അതിനാല്‍ ആ രൂപം
കാട്ടുക്കൊടുത്തു
ഭഗവാന്‍ മഹാത്മാവ് തന്നെയാണ്. അല്ലെങ്കില്‍ ഭഗവാന്‍ മാത്രമാണ് മഹാത്മാവ്. ഇതുപോലെ പരമകാരുണികനും ഭക്തവത്സലനുമായി വേറെ ആരുമില്ല. അതിനാല്‍ സൗമ്യമായ സോമനെപ്പോലെ ആകര്‍ഷകമായ ദേഹം സ്വീകരിച്ചു. മുന്‍പ് ഭയന്നുവിറച്ചുപോയ അര്‍ജ്ജുനനെ ഇങ്ങനെയാണ്, ശ്രീകൃഷ്ണന്‍ പരിപൂര്‍ണമായി ആശ്വസിപ്പിച്ചത്. ഈ സൗമ്യ വപുസ്സ് എങ്ങനെയുള്ളതായിരുന്നു എന്ന് അര്‍ജ്ജുനന്റെ വാക്കുകളിലൂടെ അടുത്ത ശ്ലോകത്തില്‍ നമുക്ക് വായിക്കാം.
''ദൃഷ്‌ട്വേദം മാനുഷ രൂപം തവ സൗമ്യം''
(=അങ്ങയുടെ ഇപ്പോഴത്തെ രൂപം സൗമ്യമാണ്. കൂടാതെ മനുഷ്യന്റെ രൂപംപോലെയുള്ളതുമാണ്.)
ഈ മനുഷ്യരൂപമാണ് ഭഗവാന്റെ യഥാര്‍ത്ഥവും എല്ലാ രൂപങ്ങളുടെയും ആവിര്‍ഭാവ കേന്ദ്രവുമായ സച്ചിദാനന്ദമയ മായാരൂപം.
janmabhumi
No comments:
Post a Comment