Wednesday, January 17, 2018

ആത്മാനുഭൂതിയുടേതായ സുഖം

Thursday 18 January 2018 2:45 am IST
പ്രശ്‌നോപനിഷത്തില്‍ സമാനനേയും ഉദാനനേയും കുറിച്ച് പറയുന്നു-
യദുച്ഛ്വാസ നിഃശ്വാസാവേതാവാഹുതീ സമം നയതീതി
സ സമാനഃ മനോഹവാവ യജമാനഃ ഇഷ്ടഫലമേവോദ്വനഃ
സ ഏനം യജമാനമഹരഹര്‍
ബ്രഹ്മഗമയതി
ഉച്ഛാസ നിശ്വാസങ്ങളാകുന്ന രണ്ട് ആഹുതികളെ സമമായി നയിക്കുന്നതിനാല്‍ സമാനന്‍ ഹോതാവാണ്. മനസ്സാണ് യജമാനന്‍. ഉദാനന്‍ ഇഷ്ടയാഗഫലം തന്നെ. ഉദാനന്‍ മനസ്സാകുന്ന യജമാനനെ ദിവസവും ബ്രഹ്മത്തിലെത്തിക്കുന്നു. അഗ്നിഹോത്ര ആഹുതികളെ ഹോതാവ് സമമായി നയിക്കുന്നതുപോലെ ഉച്ഛ്വാസ നിശ്വാസങ്ങളെ ഒരുപോലെ കൊണ്ടുപോകുന്നതിനാലാണ് സമാനന്‍ എന്ന പേര്‍ വന്നത്. സമാന യതി ഇതി സമാനഃ-സമമായി നയിക്കുന്നതിനാല്‍ സമാനന്‍-യാഗത്തിന്റെ ഫലം യജമാനന്‍ അനുഭവിക്കുന്നതുപോലെ സുഷുപ്തിയുടെ ഫലം അനുഭവിക്കുന്ന മനസ്സിനെ യജമാനന്‍ എന്നുവിളിക്കുന്നു. മനസ്സിനെ ദിവസവും സുഷുപ്തി കാലത്ത് സ്വപ്നത്തില്‍ നിന്നും നീക്കി ബ്രഹ്മത്തെ പ്രാപിക്കുന്നതിനാല്‍ ഉദാനന്‍ യാഗഫലമാണ്.
ജ്ഞാനിക്ക് സുഷുപ്തി അഗ്നിഹോത്രകര്‍മ്മം പോലെയാണ്. ജ്ഞാനിക്ക് കര്‍മ്മങ്ങള്‍ അനര്‍ത്ഥമുണ്ടാക്കുന്നില്ല. സുഷുപ്തിയില്‍ എല്ലാവരും ആത്മനിര്‍വൃതിയെ അനുഭവിക്കുന്നുണ്ട്. ജ്ഞാനിക്ക് ഇത് വ്യക്തമായി അറിയാം. അതിനാല്‍ ജ്ഞാനിയുടെ ഉറക്കം പോലും അഗ്നിഹോത്ര ഹവനമാണ്.
'ജ്ഞാനി ഉറങ്ങുമ്പോഴും അവന്റെ എല്ലാ ഭൂതങ്ങളും അഗ്നി ചയനം ചെയ്യുന്നു' എന്ന് വാജസനേയകത്തിലുണ്ട്.
ഏതു ദേവനാണ് സ്വപ്നങ്ങളെ കാണുന്നത് എന്നതിന്റെ ഉത്തരമാണ് ഇനി-
അത്രൈഷ ദേവഃ സ്വപ്‌നേ 
മഹിമാനമനുഭവതി
യദ്ദൃഷ്ടം ദൃഷ്ടമനുപശ്യതിശ്രുതം ശ്രുതമേവാര്‍ത്ഥം
അനുശൃണോതി ദേശദിഗന്തരൈശ്ച പ്രത്യനുഭൂതം
പുനഃ പുനഃ പ്രത്യനുഭവതി, 
ദൃഷ്ടം ചാദൃഷ്ടം ച
ശ്രുതം ചാശ്രുതം ചാനുഭൂതം 
ചാനനുഭൂതം ച
സച്ചാസച്ച സര്‍വ്വം പശ്യതി 
സര്‍വ്വഃ പശ്യതി
ഇന്ദ്രിയങ്ങളെല്ലാം അടങ്ങി ലയിച്ചിരിക്കുന്ന വേളയില്‍ മനസ്സ് സ്വയം പലതായിത്തീരുക എന്ന മഹിമാവിനെ അനുഭവിക്കുന്നതാണ് സ്വപ്നം. അപ്പോള്‍ മുന്‍പ് കണ്ടതിനെ കാണും കേട്ടതിനെ കേള്‍ക്കും അനുഭവിച്ചതിനെ അനുഭവിക്കും. ഈ ജന്മത്തില്‍ കണ്ടതിനേയും കാണുന്നതിനേയും കേട്ടതിനേയും കേള്‍ക്കാത്തതിനേയും അനുഭവിച്ചതിനേയും അനുഭവിക്കാത്തതിനേയും ഉള്ളതിനേയും ഇല്ലാത്തതിനേയും തുടങ്ങി എല്ലാറ്റിനേയും കാണും. എല്ലാമായിട്ട് കാണും. മനസ്സ് തന്നെ എല്ലാമായിത്തീര്‍ന്ന് അനുഭവിക്കുന്നു.
സ്വപ്നം കാണുന്ന ദേവന്‍ മനസ്സാണ് അല്ലെങ്കില്‍ മനസ്സാകുന്ന ഉപാധികളോടുകൂടിയ ജീവാത്മാവാണ് സ്വപ്നം കാണുന്നത്. മനസ്സില്‍ ലയിച്ചുകിടക്കുന്ന വാസനകളാണ് സ്വപ്നമായി മാറുന്നത്. ആ വാസനകള്‍ മുന്‍ ജന്മത്തെയോ ഇപ്പോഴത്തേയോ ആകാം. ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വാസനകള്‍ക്ക് രൂപം നല്‍കി സ്വയം അനുഭവിക്കാനും ആനന്ദിക്കുവാനും മനസ്സിന് കഴിയുന്നു. ജീവാത്മാവ് മനസ്സാകുന്ന ഉപാധിയുമായി താദാത്മ്യം പ്രാപിച്ചാണ് സ്വപ്നം കാണുന്നത്.
ഈ മന്ത്രത്തിന്റെ ഭാഷ്യത്തില്‍ സ്വപ്നവുമായി ബന്ധപ്പെട്ട പൂര്‍വ പക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് വളരെ ഗംഭീരമായാണ് ആചാര്യസ്വാമികള്‍ മറുപടി നല്‍കുന്നത്. 'ദേവന്‍' എന്നത് മനസ്സിനെ തന്നയാണ് പറഞ്ഞത്. ഇന്ദ്രിയങ്ങള്‍ മനസ്സില്‍ ലയിക്കുകയും മനസ്സ് ലയിക്കാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ മനോമയനായി സ്വപ്നങ്ങളെ കാണുന്നു എന്നത് ശരിതന്നെ. മനോവാസനകളാകുന്ന ഉപാധിയോടുകൂടി സര്‍വകരണ സ്വരൂപനായ മനോദേവന്‍ സ്വപ്നത്തില്‍ എല്ലാറ്റിനേയും കാണുന്നു. ഉറക്കത്തില്‍ സുഖം അനുഭവിക്കുന്നതിനെക്കുറിച്ച് പറയുന്നു. 
സ യദാ തേജസാഭിഭൂതോ ഭവതി
അത്രൈഷ ദേവഃ സ്വപ്നാന്‍ 
ന പശ്യത്യഥ
തദൈതസ്മിന്‍ ശരീര ഏതതം 
സുഖം ഭവതി
മനസ്സാകുന്ന ദേവന്‍ നാഡികളിലെ പിത്തമെന്ന സൗരതേജസ്സിനാല്‍ വാസനാദ്വാരങ്ങളെല്ലാം അടഞ്ഞവനായിത്തീരുന്നത് അപ്പോള്‍ സ്വപ്നങ്ങളെ കാണുന്നില്ല. ആ സമയത്ത് ശരീരത്തില്‍ വിഷയങ്ങളുടേതല്ലാത്തതും വിജ്ഞാനരൂപവുമായ സുഖം ഉണ്ടാകുന്നു. ഈ സുഖം ശരീരം മുഴുവന്‍ വ്യാപിക്കുന്നതും ഒരേ നിലയില്‍ സ്ഥിതിചെയ്യുന്നതുമാണ്. സുഷുപ്തിയില്‍ മനസ്സ് സ്വപ്നം കാണുന്നില്ല. പിന്നെ തേജസ്സിനാല്‍  വാസനാദ്വാരങ്ങളെല്ലാം അടയുന്നതിനാല്‍ മനസ്സ് പ്രവര്‍ത്തിക്കാതെ ആത്മസ്വരൂപത്തില്‍ ലയിച്ചിരിക്കുന്നു. അപ്പോള്‍ സുഖം അറിയുന്നുവെങ്കിലും ആത്മസ്വരൂപത്തെ അറിയാനാകുന്നില്ല. അതിനാലാണ് ഉറക്കമെഴുന്നേറ്റ് വരുന്നയാള്‍ 'സുഖമായി ഉറങ്ങി, ഒന്നുമറിഞ്ഞില്ല'  എന്നുപറയുന്നത്. ഉറക്കത്തിലെ സുഖം ആത്മാനുഭൂതിയുടേതാണ്. ഒന്നുമറിഞ്ഞില്ല എന്നത് അജ്ഞാനരൂപമായ മനസ്സിന്റെ അവസ്ഥ കാരണവുമാണ്. ആത്മാവ് ആനന്ദസ്വരൂപമായതിനാല്‍ ആ സുഖത്തെ നമുക്ക് ഉറക്കത്തില്‍ അനുഭവിക്കാം. പക്ഷേ മനസ്സ് അജ്ഞാന സ്വരൂപത്തില്‍ സൂക്ഷ്മാവസ്ഥയില്‍ ഇരിക്കുന്നതിനാല്‍ ഒന്നുമറിയുന്നില്ല എന്നു വേണം പറയാന്‍. ഇത് ജാഗ്രത്തിലേയും സ്വപ്നത്തിലേയും എല്ലാ പ്രവര്‍ത്തനങ്ങളും അടങ്ങിയതിനുശേഷം ഉണ്ടാകുന്ന വിശ്രമരൂപമായ സുഖം ആകുന്നു.
ഉപനിഷത്തിലൂടെ
സ്വാമി ധ്രുവചൈതന്യ

No comments:

Post a Comment