Wednesday, January 17, 2018

വിശേഷ ദിവസാചാരങ്ങളും-ശാസ്ത്രവും

Thursday 18 January 2018 2:45 am IST
മേടസംക്രാന്തി: മേടവിഷു ഭാരതീയരുടെ പ്രത്യേകിച്ച് കേരളീയരുടെ ഒരു പ്രധാന ആഘോഷമാണ്. ഈശ്വരീയ ചൈതന്യത്തിന്റെയും വിജയങ്ങളുടെയും, നന്മയുടെയും കഥകളുടെ പിന്‍ബലമതിനുണ്ട്. അതിലുപരി മേടസംക്രാന്തി എന്നത് ശാസ്ത്രീയ വിഷയമാണ്. സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ദീര്‍ഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലെ ഒന്നാം ബിന്ദുവാണ് വിഷുവദ് എന്ന മേടരാശിയിലേക്കുള്ള സൂര്യപ്രവേശം. ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ ലോക്കസ് എന്ന ഗണിതപ്രകാരം സൂര്യന്‍ മേടരാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണ് വിഷുവദ്. അത് ഏത് ദിവസം ഏത് സമയത്ത് സംഭവിക്കുന്നുവോ അതാണ് മേടസംക്രാന്തി സമയം. അന്നാണ് വിഷു എന്ന സുദിനം.
വിഷുക്കണി ചിലപ്പോള്‍ വ്യത്യസ്ത ദിനങ്ങളില്‍ വരുന്നതിനു കാരണമുണ്ട്. ചില ആചാരപ്രകാരം ഉച്ചയ്ക്കുശേഷമാണ് സൂര്യന്‍ മേടസംക്രാന്തി ബിന്ദു കടക്കുന്നതെങ്കില്‍ അടുത്ത ദിവസമായിരിക്കും വിഷു ആഘോഷം. അതായത് കണികാണുന്നത് അടുത്ത ദിവസം. (അതേ ദിവസം രാവിലെ കണികണ്ടാല്‍-സൂര്യന്‍ മീനരാശിയില്‍ തന്നെയായതുകൊണ്ട് അന്നേദിവസം സ്വീകാര്യമല്ല എന്നുമാത്രം. മറ്റു ചിലര്‍ക്ക് സൂര്യന്‍ (സമയമേതായാലും) രാശി മാറുന്ന ദിനമാണ് വിഷു ആഘോഷാരംഭം. അതിനാല്‍ വിഷു എന്നതും മേടസംക്രാന്തി എന്നതും ശുദ്ധജ്യോതിശാസ്ത്രത്തിലെ ശാസ്ത്രവിഷയമാണ്. അതിനെ നന്മയുടെ ആത്മീയതയുമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു എന്നതുകൊണ്ട് എല്ലാവര്‍ഷവും ഈ സുദിനം  ആഘോഷിക്കുന്നു.
സംക്രാന്തിപുണ്യകാലം: സൂര്യന്റെ (ഭൂമിയുടെ) ആംഗുലര്‍ വേഗമാകട്ടെ (ഏകോന്ന ഷഷ്ഠിലിപ്താ അഷ്ടൗ വിലിപ്താഃ) ഒരു ദിവസത്തില്‍ 59 മിനിറ്റ് എട്ട് സെക്കന്റ്. മേടരാശിയുടെ ആദ്യ ബിന്ദുവിലൂടെ സൂര്യന്‍ കടന്നുപോകുന്നതിനെടുക്കുന്ന സമയമാണ് സംക്രാന്തി പുണ്യകാലം. ആയിരത്താണ്ടുകള്‍ക്കു മുന്‍പ് ഭാരതീയര്‍ കൃത്യമായും ശാസ്ത്രീയമായും ദൈര്‍ഘ്യം ഗണിച്ചിരുന്നു എന്നത് അത്ഭുതമാണ്. വിഷുക്കണി കാണുന്നത്, ഭൂമിയുടെ സൂര്യ പ്രദക്ഷിണം ആരംഭിക്കുന്ന ദിവസം മുതല്‍ ഒരു ചക്രം പൂര്‍ത്തിയാകുന്നതുവരെയുള്ള ഒരു വര്‍ഷക്കാലം നന്മവരട്ടെ എന്ന വിശ്വാസവുമിതിലടങ്ങുന്നു. ഭൂഭ്രമണത്തിന്റെ പുതുവത്സരത്തിന് അതായത് നമ്മുടെ പുതുവത്സരത്തിന് ജ്യോതിശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടെന്ന് വ്യക്തം. മറ്റേതൊരു മതത്തിന്റെയും പുതുവത്സരം വ്യക്ത്യധിഷ്ഠിതമാണ്, ശാസ്ത്രാധിഷ്ഠിതമല്ല.
ഓണാഘോഷം: ഇതിനുമുണ്ട് ജ്യോതിശാസ്ത്രത്തിന്റെ പിന്‍ബലം സൂര്യന്‍, സ്വക്ഷേത്രമായ ചിങ്ങം രാശിയില്‍ വരികയും ചന്ദ്രന്‍, തിരുവോണം എന്ന നക്ഷത്ര സമൂഹത്തിലൂടെ കടന്നുപോകുകയും ചെയ്യുന്ന ദിവസമാണ് ചിങ്ങമാസത്തിലെ പൊന്നോണം. സൂര്യന്‍ മനുഷ്യ ശരീരത്തെയും ചന്ദ്രന്‍ മനസ്സിനെയും സ്വാധീനിക്കുന്നു. കര്‍ക്കടകം കഴിഞ്ഞ് പ്രകൃതി സസ്യസമൃദ്ധമായിരിക്കുന്നു. ജ്യോതിശാസ്ത്രത്തിന്റെയും പ്രകൃതിയുമായി ബന്ധപ്പെട്ട കാലാവസ്ഥയുടെയും അടിസ്ഥാനമാണിതിലുള്ളത്.
ഞാറ്റുവേലകള്‍: കാര്‍ഷിക വിളകളുമായി ബന്ധപ്പെട്ട സൂര്യചന്ദ്രന്മാര്‍ വ്യത്യസ്ത രാശിയില്‍-ജ്യോതിശാസ്ത്രപരമായി വരുന്ന സമയത്താണ് അതത് ഞാറ്റുവേലകളുടെ ആരംഭം. ഞാറ്റുവേല എന്ന പദത്തിന്റെ അര്‍ത്ഥം ഞാറുനടുന്ന ജോലിയുടെ (വേലയുടെ) ആരംഭമെന്നാണ്. ഇവിടെ കൃഷിയാരംഭം പോലും സൂര്യചന്ദ്രഭ്രമണമെന്ന ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ജന്മാഷ്ടമി: ശ്രീകൃഷ്ണ ജന്മദിനാഘോഷത്തിന് ജന്മനക്ഷത്രമാണ് (ജന്മദിനം) സ്വീകരിച്ചിരിക്കുന്നത്. വ്യക്തി ജനിച്ച ദിവസത്തിന് ശാസ്ത്രീയമായ പ്രത്യേകതയൊന്നുമില്ല. ഉദാഹരണത്തിന് ജനുവരി ഒന്ന് എന്ന ദിവസത്തിന് എന്തെങ്കിലും ജ്യോതിശാസ്ത്രപരമായ പ്രത്യേകതയുണ്ടോ എന്നു പരിശോധിച്ചാല്‍ ഒരു പ്രത്യേകതയുമില്ല എന്നു വ്യക്തമാകും. ജനുവരി ഒന്നിനുള്ള ഗ്രഹങ്ങളുടെ ഒന്നിന്റെയും സ്ഥാനം അടുത്ത ജനുവരി ഒന്നിന് അതുപോലെയായിരിക്കില്ല. പത്തുപതിനഞ്ചുവര്‍ഷം മുമ്പും പിമ്പുമുള്ള ഗ്രഹങ്ങളുടെ, ജനുവരി ഒന്നാം തീയതിയിലെ സ്ഥിതിപോലും വ്യത്യസ്തമായിരിക്കും. എന്നാല്‍ അതേ സ്ഥാനത്താണ് മനുഷ്യനെ ഏറ്റവുമധികം സ്വാധീനിക്കുന്ന സൂര്യന്‍, ജനന മാസത്തില്‍ അതേ രാശിയിലും, ചന്ദ്രന്‍ ജനന നക്ഷത്രത്തില്‍ അതേ നക്ഷത്ര സമൂഹത്തിലും, ബുധ-ശുക്രന്മാര്‍ ഏതാണ്ട് കൃത്യമായി അതേസ്ഥാനത്തും പിറന്നാള്‍ നക്ഷത്രത്തില്‍ എല്ലാ വര്‍ഷവും ഉണ്ടാകും. ജനിച്ച ദിവസം, ജനിച്ച സമയത്ത് മനുഷ്യനെ ഏറ്റവുമധികം സ്വാധീനിക്കുന്ന സൂര്യചന്ദ്രന്മാര്‍ എവിടെയുണ്ടായിരുന്നുവോ അവിടെത്തന്നെ ഓരോ വര്‍ഷവും ജന്മനക്ഷത്രത്തില്‍ വരുന്നു എന്ന് ശാസ്ത്രം. ജന്മാഷ്ടമി ദിവസം സൂര്യന്‍ ചിങ്ങംരാശിയിലും ചന്ദ്രന്‍ രോഹിണി എന്ന നക്ഷത്ര മണ്ഡലത്തിലുമായിരിക്കും. ജന്മാഷ്ടമിക്ക് അര്‍ഘ്യം കൊടുക്കുന്നതുപോലും ഗ്രഹങ്ങള്‍ക്കാണ്, ശ്രീകൃഷ്ണനല്ല.
ശശിനേ ചന്ദ്രദേവായ 
സൂര്യദേവായ ചേന്ദവേ
സൂര്യതിഥി ബിംബായ താരാനാഥായ തേ നമഃ
ഗൃഹാണാര്‍ഘ്യം മയാദത്തം രോഹിണ്യാ സഹിതോ ശശേ
രോഹിണീ സഹിതായ ചന്ദ്രമസേ ഇദമര്‍ഘ്യം ഇദമര്‍ഘ്യം
സൂര്യനും ചന്ദ്രനും, രോഹിണീ നക്ഷത്ര മണ്ഡലത്തിന്റെ നാഥനായ (ചന്ദ്രനും) ഇതാ ഞാന്‍ ശ്രീകൃഷ്ണ അവതാരമുണ്ടായ ഈ സുദിനത്തിലും സമയത്തിലും അര്‍ഘ്യമായി അര്‍പ്പിക്കുന്നു.
ശ്രീരാമജയന്തി: സൂര്യന്‍ മീനം രാശിയില്‍ നില്‍ക്കുമ്പോള്‍ കറുത്തവാവുകഴിഞ്ഞ് 9-ാം ദിവസമാണ് ശ്രീരാമജയന്തി വരുക. ചന്ദ്രന്‍ അപ്പോള്‍ പുണര്‍തം എന്ന നക്ഷത്ര സമൂഹത്തിലായിരിക്കും ഗ്രഹങ്ങളുടെ  ജ്യോതിശാസ്ത്രപരമായ സ്ഥാനമാണിവിടേയും അടിസ്ഥാനമാക്കുന്നത്.
ശ്രാവണപൗര്‍ണമി: ചിങ്ങമാസത്തില്‍ സൂര്യന്‍ എത്തിയാല്‍ ആദ്യം വരുന്ന വെളുത്തവാവാണ് ശ്രാവണപൗര്‍ണമി. സൂര്യന്‍ സ്വക്ഷേത്രത്തിലെത്തിയ ചൈതന്യവും. ചന്ദ്രന് പൂര്‍ണതയുടെ ചൈതന്യവും, ഒത്തുചേരുന്ന ദിവസം, മനസ്സും ശരീരവും ശാസ്ത്രീയമായി ചൈതന്യവത്താകുന്നു.
കര്‍ക്കടകവാവ്: സൂര്യന്‍ കര്‍ക്കടകത്തില്‍ 'ബലവാന'ല്ലാതെ നില്‍ക്കുന്നു. ചന്ദ്രനെ ദൃശ്യമാകുന്നതേയില്ല. അതേസമയം ചന്ദ്രന്‍ സ്വ ക്ഷേത്രമായ കര്‍ക്കടകത്തില്‍ ഇരുട്ട് വ്യാപിച്ച് ഭൂമിയോടടുത്തിരിക്കുന്നു. ഈ അമാവാസി ചന്ദ്രനില്‍ പിതൃക്കള്‍ വസിച്ച് ഭൂമിയിലെ തന്റെ തലമുറകളെ ഉറ്റുനോക്കുന്നു എന്നുവിശ്വാസം. മരിച്ചുപോയ ബന്ധുക്കളെ ഓര്‍മിക്കുവാനുംമുന്‍തലമുറ നമുക്ക് നല്‍കിയിട്ടുപോയ ഈ ശരീരത്തിന് നന്ദി പറയുവാനും അതിലൂടെ തലമുറ തലമുറയായുള്ള ബന്ധം ദൃഢീകരിക്കുവാനുമുള്ള ഒരു സാമൂഹ്യശാസ്ത്ര മനഃസ്ഥിതി ഇവിടെ ഉരുത്തിരിയുന്നു. ശുദ്ധശാസ്ത്രത്തിന് ഇവിടെ എന്താണ് പറയുവാനുള്ളതെന്നു വ്യക്തമല്ല.
പൗര്‍ണമി: മനുഷ്യമനസ്സിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഉപഗ്രഹമാണ് ചന്ദ്രന്‍. ചന്ദ്രന്‍ പൂര്‍ണമായിരിക്കുമ്പോഴാണ് മനുഷ്യനെയും ജന്തുസമൂഹത്തെയും ഏറ്റവുമധികം സ്വാധീനിക്കുന്നത്. പൗര്‍ണമി ദിവസത്തെ പ്രത്യേകമായി കണ്ട് ആചരിക്കുവാന്‍ കാരണമിതായിരിക്കാം. ചന്ദ്രന്റെ അധിദേവത ഭഗവതിയായതിനാല്‍ പൗര്‍ണമിദിനത്തില്‍ ഭഗവതി പൂജ നടത്താറുണ്ട്.
അമാവാസി: ഒരേ രേഖയിലല്ലെങ്കിലും ചന്ദ്രന്‍, സൂര്യനും ഭൂമിക്കുമിടക്ക് വരുന്നതിനാല്‍ ചന്ദ്രന്റെ പ്രകാശമേല്‍ക്കാത്ത ഭാഗമാണ് ഭൂമിക്കഭിമുഖമായി വരുന്നത്. ഇത് വിപരീതമായി ശരീരത്തെ സ്വാധീനിക്കുന്ന പ്രതിഭാസമായതിനാലാകാം അമാവാസി വ്രതം സ്വീകരിക്കുന്നത്. ആധുനിക ശാസ്ത്രത്തിന് ചന്ദ്രന്റെ ശാരീരിക മാനസിക സ്വാധീനം, കടലിലെ വേലിയേറ്റം, വേലിയിറക്കം എന്നീ പ്രതിഭാസംപോലെ വ്യക്തമാണ്.
ഗ്രഹണം: പുരാണകഥകളില്‍ മാത്രമുള്ള വിവരണമാണ് സൂര്യചന്ദ്രന്മാരെ രാഹുസര്‍പ്പം പിടിക്കുന്നു എന്നത്. ജ്യോതിശാസ്ത്രപരമായി വ്യക്തമായ ധാരണ ഗ്രഹണത്തെക്കുറിച്ചിവിടെ നിലനിന്നിരുന്നു. ഛാദയതി ശശിസൂര്യം ശശിനം മഹതി ച ഭൂച്ഛായ- ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നു. നിമിഷങ്ങളുടെ കൃത്യതയോടെ ഭൂമിയുടെ എവിടെനിന്നും ദൃശ്യമാകുന്ന ഗ്രഹണങ്ങളാണ് ഭാരതീയ ജ്യോതിശാസ്ത്രജ്ഞന്മാര്‍ ആധുനിക ശാസ്ത്രജ്ഞരെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഗണിച്ചെടുത്തിരുന്നത്.
ഗ്രഹണസൂര്യനെ നഗ്നനേത്രങ്ങളാല്‍ നോക്കരുത് എന്ന് ആധുനികശാസ്ത്രം. കണ്ണുകളുടെ ചൈതന്യം നശിക്കാതിരിക്കുവാന്‍ ഇന്ന് പ്രത്യേകതരം ഇരുണ്ട ഗ്ലാസുപയോഗിക്കുന്ന സ്ഥാനത്ത് പണ്ട് ചാണകവെള്ളം ഉപയോഗിച്ചിരുന്നു. ചാണകവെള്ളം ഇരുണ്ടഗ്ലാസുപോലെ അള്‍ട്രാവയലറ്റ് രശ്മിയെ തടയുന്നതിനാണെന്ന് വ്യക്തം. ഗ്രഹണശേഷമുള്ള ശുദ്ധീകരണം ശരീരമനസ്സുകളുടെ ശുദ്ധീകരണത്തിനാണെന്ന് വ്യാഖ്യാനിച്ചാല്‍പോലും അത് ദുര്‍വ്യാഖ്യാനമാകില്ല. എന്നാല്‍ ഗ്രഹണസമയത്ത് സൂര്യചന്ദ്രന്മാരെ സര്‍പ്പത്തില്‍ നിന്ന് മോചിപ്പിക്കുവാനാണെന്ന രീതിയിലുള്ള (ധാരാളം) അന്ധവിശ്വാസങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള അനാചാരങ്ങളും നിലവിലുണ്ട്.
ദക്ഷിണായന ഉത്തരായന സങ്കല്‍പം: ഭൂമിയുടെ സൂര്യഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരത്തില്‍ ഭൂമധ്യരേഖക്ക് ഉത്തരഭാഗത്തായി സൂര്യന്‍ വരുന്നത് ഉത്തരായണവും അത് അവസാന ബിന്ദുവിലെത്തി പിന്നീട് തെക്കോട്ടുള്ള പ്രയാണമാരംഭിക്കുന്നത് ദക്ഷിണായനവുമാണ്. സത്കര്‍മ്മങ്ങള്‍ക്ക് കാലം ഗണിച്ചെടുക്കുന്നത് ഭ്രമണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഉത്തരായണത്തില്‍ ഏതാണ്ട് പൂര്‍ണമായും മഴ അവസാനിച്ച് സൗകര്യപ്രദമായ കാലാവസ്ഥയായിരിക്കുമുണ്ടാകുക. ഫലവൃക്ഷാദികള്‍ സമൃദ്ധമായി കായ്ക്കുന്നതും ഇക്കാലഘട്ടത്തിലാണ്. ഏതാണ്ട് എല്ലാ ക്ഷേത്രോത്സവങ്ങളും ഉത്തരായണത്തിലാണ് നടത്തുക...janmabhumi dr. gopalakrishanan

No comments:

Post a Comment