മുണ്ഡകോപനിഷത്ത്-11
അക്ഷരപുരുഷനില്‍നിന്ന് ഉണ്ടായവയെ ഇനിയും പറയുന്നു.
തസ്മാച്ചദേവാ ബഹുധാ സംപ്രസൂതാഃ
സാധ്യാ മനുഷ്യാഃ പശവോ വയാംസി
പ്രാണാപാനൗ വ്രീഹിയവൗ തപശ്ച
ശ്രദ്ധാ സത്യം ബ്രഹ്മചര്യം വിധിശ്ച
അക്ഷരപുരുഷനില്‍നിന്ന് പലതരത്തിലുള്ള ദേവന്മാരും സാധ്യന്മാരും മനുഷ്യരും മൃഗങ്ങളും പക്ഷികളും പ്രാണന്‍ അപാനന്‍ തുടങ്ങിയ വായുക്കളും നെല്ല്, യവം മുതലായ ധാന്യങ്ങളും തപസ്സും ശ്രദ്ധയും സത്യവും ബ്രഹ്മചര്യവും കര്‍മ്മാനുഷ്ഠാന വിധിയും ഉണ്ടായി.
വസുക്കള്‍ മുതലായവരാണ് പലതരത്തിലുള്ള ദേവഗണങ്ങള്‍. സാധ്യന്മാരും ദേവഭേദം തന്നെ. മൈഥുനം ചെയ്യാതിരിക്കുകയാണ് ബ്രഹ്മചര്യം. ഓരോന്നും എങ്ങനെയൊക്കെ ചെയ്യണമെന്നത് വിധി.
സപ്തപ്രാണാഃ പ്രഭവന്തി തസ്മാത്
സപ്താര്‍ച്ചിഷ സമിധഃ സപ്തഹോമാഃ
സപ്തഇമേ ലോകാ യേഷുചരന്തി പ്രാണാഃ
ഗുഹാശയാ നിഹിതാഃ സപ്ത സപ്ത
അക്ഷരപുരുഷനില്‍നിന്ന് ഏഴ് പ്രാണങ്ങളാകുന്ന ഇന്ദ്രിയങ്ങളും ഏഴ് പ്രകാശങ്ങളാകുന്ന ഇന്ദ്രിയശക്തികളും ഏഴ് സമിത്തുക്കളാകുന്ന ഇന്ദ്രിയവിഷയങ്ങളും ഏഴ് ഹോമങ്ങളാകുന്ന വിഷയാനുഭവങ്ങളും ഏഴ് ലോകങ്ങളാകുന്ന ഇന്ദ്രിയ സ്ഥാനങ്ങളും ഉണ്ടാകുന്നു. എല്ലാം ഏഴേഴായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.
പ്രാണന്മാര്‍ എന്ന് പറഞ്ഞത് തലയിലുള്ള ഏഴ് ഇന്ദ്രിയങ്ങളെയാണ്. കണ്ണ്, ചെവി, മുക്ക്, നാക്ക്, തൊലി, വാക്ക് മനസ്സ് എന്നിവയാണവ. (അല്ലെങ്കില്‍ 2 കണ്ണ്, 2 ചെവി, 2 നാസാദ്വാരം, ഒരു വായ) ഇന്ദ്രിയങ്ങളിലൂടെ പുറത്തേക്ക് പ്രകാശിച്ച് പുറമെയുള്ള വസ്തുക്കളെ അറിയുന്നവയാണ് ഏഴ് പ്രകാശങ്ങള്‍. സമിത്തുകള്‍ ഏഴ് ഇന്ദ്രിയവിഷയങ്ങളാണ് വിഷയ അനുഭവങ്ങളെ ഹോമങ്ങളായി പറഞ്ഞിരിക്കുന്നു. സാധാരണയായി ശരീരത്തിലോ ഉറങ്ങുമ്പോള്‍ ഹൃദയത്തിലോ ശയിക്കുന്നതിനാല്‍ ഗുഹാശയങ്ങളായ പ്രാണങ്ങളുടെ സഞ്ചാരസ്ഥലങ്ങളായ ഇന്ദ്രിയസ്ഥാനങ്ങളാണ് ഏഴ് ലോകങ്ങള്‍. എല്ലാ ജീവജാലങ്ങളിലും ഇവ ഏഴുവീതം ഉണ്ടാക്കപ്പെട്ടിടരിക്കുന്നു. അറിവുള്ളവര്‍ക്കും അറിവില്ലാത്തവര്‍ക്കും കര്‍മ്മവുമായി ബന്ധപ്പെട്ട എല്ലാം പരമപുരുഷനില്‍നിന്ന് ഉണ്ടായതാണ്.
അതഃ സമുദ്രാ ഗിരയശ്ച സര്‍വ്വേ
അസ്മാത് സ്യന്ദന്തേ സിന്ധവഃ സര്‍വ്വരൂപാഃ
അതശ്ച സര്‍വ്വാ ഓഷധയോ രസശ്ച
യേനൈഷ ഭൂതൈസ്തിഷ്ഠതേ ഹ്യന്തരാത്മാ
അക്ഷരപുരുഷനില്‍നിന്നാണ് എല്ലാ സമൂഹങ്ങളും പര്‍വതങ്ങളും എല്ലാവിധത്തിലുള്ള ഒഴുകുന്ന നദികളും എല്ലാ ഔഷധികളും രസങ്ങളും ഉണ്ടാകുന്നു. പഞ്ചഭൂതങ്ങളാല്‍ ചുറ്റപ്പെട്ട പുരുഷന്‍ അന്തരാത്മാവായി നിലകൊള്ളുന്നു.
ഉപ്പുരസമുള്ളത് ഉള്‍പ്പെടെയുള്ള എല്ലാ സമുദ്രങ്ങളും ഹിമവാന്‍ തുടങ്ങിയ പര്‍വതങ്ങളും ഗംഗാ തുടങ്ങിയ നദികളും നെല്ല്,യവം തുടങ്ങിയ ധാന്യങ്ങളും മധുരം തുടങ്ങിയ ആറ് രസങ്ങളും പുരുഷനില്‍നിന്ന് തന്നെ ഉണ്ടാകുന്നു. ആ രസങ്ങളാല്‍ ചുറ്റപ്പെട്ട സ്ഥൂലശരീരത്തിനുള്ളിലെ ലിംഗശരീരം അഥവാ സൂക്ഷ്മശരീരമായാണ് അന്തരാത്മാവായി ഇരിക്കുന്നത്. സൂക്ഷ്മശരീരം ആത്മാവിന്റെയും സ്ഥൂലശരീരത്തിന്റെയും ഇടയില്‍ ആത്മാവിനെപ്പോലെ ഇരിക്കുന്നതിനാലാണ് അന്തരാത്മാവ് എന്നുപറയുന്നത്. ഇത് മനസ്സിന്റെയും ബുദ്ധിയുടെയും തലയെന്ന് പറയാം.
ജീവജാലങ്ങള്‍ മാത്രമല്ല ജഡവസ്തുക്കളെന്ന് കരുതുന്നവര്‍ പോലും ഉണ്ടായത് ഒരേ പ്രഭവകേന്ദ്രത്തില്‍നിന്നാണ്.
പുരുഷ ഏവേദം വിശ്വം കര്‍മ്മ
തപോബ്രഹ്മ പരാമൃതം
ഏതദ് യോ വേദ നിഹിതം ഗുഹായാം
സോളവിദ്യാഗ്രന്ഥിം വികിത്തീഹ സോമ്യ
ഇതെല്ലാം അക്ഷര പുരുഷന്‍ തന്നെയാണ്. കര്‍മ്മവും തപസ്സും വളരെ ഉല്‍കൃഷ്ടവും അമൃതവുമായ ബ്രഹ്മം തന്നെ. ബ്രഹ്മത്തെ ഹൃദയഗുഹയില്‍ ഇരിക്കുന്നവനായി അറിയുന്നയാള്‍ ഇവിടെവച്ചുതന്നെ അവിദ്യയുടെ കെട്ടിനെ നശിപ്പിക്കുന്നു. സചേതനവും അചേതനവുമായ എല്ലാം ബ്രഹ്മം തന്നെ. കര്‍മ്മത്തേയും കര്‍മ്മഫലത്തേയും തപസ്സിനേയും അതിന്റെ ഫലമായ ജ്ഞാനത്തേയുമാണ്. പരാമൃതമായ ബ്രഹ്മം എന്നതുകൊണ്ട് വിവക്ഷിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ബ്രഹ്മത്തെ തന്റേയും എല്ലാറ്റിന്റേയും ഹൃദയഗുഹയില്‍ ഇരിക്കുന്നതായി സാക്ഷാത്കരിക്കണം. അയാളാണ് ബ്രഹ്മജ്ഞാനി.
പല പേരുകളിലും രൂപങ്ങളിലുമായി നേരത്തെ പറഞ്ഞവ എല്ലാം തന്നെ വാക്കുകളുടെ ഒരു കളിയാണ്. പുരുഷന്‍ മാത്രമാണ് സത്യം. ഈ വിശ്വമെല്ലാം പുരുഷന്‍ തന്നെ. പുരുഷനല്ലാതെ വിശ്വം വേറെ ഉണ്ടെന്ന് കരുതുന്നത് മണ്ടത്തരമാണ്. എല്ലാറ്റിനും കാരണമായ പരമാത്മാവായ പുരുഷനെ അറിഞ്ഞാല്‍ പുരുഷന്‍ തന്നെയാണ് ഈ വിശ്വമെന്നും വേറെ മറ്റൊന്നുമില്ലെന്നും ബോധ്യമാകും. അതുകൊണ്ട് അമൃതസ്വരൂപനായ ആ ബ്രഹ്മത്തെ നാം ജീവിച്ചിരിക്കുമ്പോള്‍ ഈ ലോകത്ത് വച്ചുതന്നെ അനുഭവമാക്കണം. എല്ലാം അറിവില്ലായ്മയുടെ കെട്ടുകളും നീങ്ങും. ആത്മസാക്ഷാത്കാരം നേടും.
No comments:
Post a Comment