Sunday, February 04, 2018

ബ്രഹ്മം അനിര്‍ദ്ദേശ്യവും അവ്യക്തവും അചിന്ത്യവും മറ്റും ആകയാല്‍ ആ ബ്രഹ്മഭാവം പ്രാപിക്കുവാന്‍ പ്രയത്‌നിക്കുവാന്‍ ആരംഭിക്കുന്ന യോഗി, നേരിടുന്ന വിഷമം ആകാരമില്ലാത്തതിനെ, അചിന്ത്യമായതിനെ, എല്ലാവിധത്തിലും വ്യക്തമല്ലാത്തതിനെ മനസ്സില്‍ ചിന്തിക്കുക എന്നതുതന്നെയാണ്. പിന്നെയും വിഷമങ്ങളുണ്ട്. ഭൗതികസുഖം ഉപേക്ഷിക്കണം, ഇന്ദ്രിയങ്ങളെയും മനസ്സിനെയും നിയന്ത്രിക്കാന്‍ ശീലിക്കണം. ഭൗതികഭാവത്തെ ഉപേക്ഷിക്കണം, യോഗ്യനായ ഗുരുവിനെ കണ്ടെത്തണം, ഗുരുമുഖത്തില്‍നിന്ന് ബ്രഹ്മതത്വം കേള്‍ക്കണം, മനനം ചെയ്യണം ഓരോരോ സാധനങ്ങളും പ്രയാസമേറിയതാണ് (അവ്യക്താസക്ത ചേതസാംക്ലേശഃ അധികതരഃ)
ഗതിഃഅവ്യക്താ- ബ്രഹ്മത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗ്ഗംപോലും അവ്യക്തമാണ്; മാത്രമല്ല, കല്ലും മുള്ളും കുഴിയും പുല്ലും നിറഞ്ഞതുമാണ്. അവ്യക്തമായ പരമതത്വത്തെപ്പറ്റി, വേദോപനിഷത്തുകള്‍, ബ്രഹ്മസൂത്രം മുതലായവയില്‍നിന്ന് പഠിച്ച് അറിവുനേടണം. അപ്പോള്‍ ഭാഷ്യകാരന്മാരുടെ ഭിന്നാഭിപ്രായങ്ങള്‍ തടസ്സം സൃഷ്ടിക്കും. അതീന്ദ്രിയഭാവങ്ങളാഗ്രഹിക്കുകയും സാക്ഷാത്കരിക്കുകയും വേണം. സാധാരണ മനുഷ്യന് ഈ പ്രക്രിയകളെല്ലാം വളരെപ്രയാസമാണ്; പ്രത്യേകിച്ചും ഈ കലിയുഗത്തില്‍, ഈ ആധുനിക കാലത്തില്‍.
ദേഹവദ്ഭിഃ ദുഃഖം അവാപ്യതേ
ശരീരം സ്വീകരിച്ച ജീവന് ശരീരേന്ദ്രിയങ്ങളെയും മനസ്സിനെയും നിയന്ത്രിക്കാന്‍ പ്രയാസമാണ്. 6 ഉം 8 ഉം അധ്യായങ്ങളില്‍ ഈ വിഷമങ്ങള്‍ വിവരിച്ചതാണല്ലോ. ദേഹത്തോടും ഇന്ദ്രിയങ്ങളോടുമുള്ള സ്വാഭാവിക സ്‌നേഹം ഉപേക്ഷിക്കാന്‍ ശരീരം സ്വീകരിച്ച ഒരു ജീവാത്മാവിനും സാധ്യമല്ല. അതുകൊണ്ട് നിരാകാര ബ്രഹ്മസാക്ഷാത്കാരം നേടുക എന്നത് വളരെയധികം ക്ലേശകരമാണ്.
നേരെമറിച്ച്, ഭക്തിയോഗി നേരിട്ടു ഭഗവാനെ സേവിക്കുന്നു. ആ പ്രക്രിയ വളരെ ലളിതമാണ്. ''സതതം കീര്‍ത്തയന്തോ മാം'' (9-14) എന്നു തുടങ്ങുന്ന ശ്ലോകത്തിലും. ''പത്രം പുഷ്പം ഫലം തോയം'' ''യത്കരോഷീയ ദശ്‌നാസി'' എന്നുതുടങ്ങുന്ന ശ്ലോകത്തിലും (9-26, 27) ''മച്ചിത്താ മദ്ഗത പ്രാണാഃ'' (10-9) എന്നു തുടങ്ങുന്ന ശ്ലോകത്തിലും (10-9) ''മതകര്‍മ്മ കൃത്മത് പരമം'' -എന്നുതുടങ്ങുന്ന ശ്ലോകത്തിലും (11-55) പ്രതിപാദിച്ചിട്ടുള്ളത് ഭക്തിയോഗമാണ്.
സച്ചിദാനന്ദ സ്വരൂപനും നീലമേഘ ശ്യാമള വര്‍ണ, വേണുഗാനലോലനുമായ ശ്രീകൃഷ്ണ ഭഗവാനെ ധ്യാനിക്കാനും നാമകഥാകീര്‍ത്തനം ചെയ്യാനും ഭഗവാന്റെ വിഗ്രഹത്തില്‍ പൂജിക്കാനും പ്രദക്ഷിണം വയ്ക്കാനും നമസ്‌കരിക്കാനും, ഭക്തിയോടെ-സ്‌നേഹത്തോടെ-നിവേദ്യസാധനങ്ങള്‍ സമര്‍പ്പിക്കാനും വളരെ എളുപ്പമാണ്. ആര്‍ക്കും ചെയ്യാന്‍ കഴിയും. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹങ്ങള്‍ കല്ലോ മരമോ ലോഹമോ കൊണ്ടുനിര്‍മിച്ച വെറും പ്രതിമയല്ല. ഭക്തന്മാരോടുള്ള കാരുണ്യം മൂലം വിഗ്രഹങ്ങളില്‍ സ്വയം ആവിര്‍ഭവിച്ചിരിക്കയാണ്. ഭഗവാന്‍ ജലജീവികളായിട്ടും വന്യമൃഗങ്ങളായിട്ടും മനുഷ്യനായിട്ടും ദേവനായിട്ടും അവതരിച്ചതുപോലെ വിഗ്രഹമായിട്ടും അവതരിച്ചിരിക്കയാണ്. വിഗ്രഹത്തില്‍ നാം ചെയ്യുന്ന പുഷ്പാഞ്ജലി നിവേദ്യങ്ങളും ദീപാരാധനയും കീര്‍ത്തനങ്ങളും ഭഗവാന്‍ തന്റെ ലോകത്തില്‍ സ്ഥിതി ചെയ്തുകൊണ്ട് വിഗ്രഹങ്ങള്‍ വഴി സ്വീകരിക്കുന്നു. ഭഗവാന്റെ അര്‍ച്ചാവതാരങ്ങളാണ് വിഗ്രഹങ്ങള്‍ എന്ന് പുരാണങ്ങളില്‍ പറയുന്നുമുണ്ട്. അതിനാല്‍ ക്ലേശപൂര്‍ണമായ ബ്രഹ്മോപാസനാമാര്‍ഗ്ഗമല്ല, ശ്രീകൃഷ്ണ ഭഗവാന്റെ കരചരണാദവ്യ വയവയുക്തവും സുവ്യക്തവുമായ രൂപത്തെ ധ്യാനിച്ചും കീര്‍ത്തിച്ചും ശ്രവിച്ചും സുഗമവും ലളിതവും ആയ ഭക്തിമാര്‍ഗ്ഗത്തെ തന്നെയാണ് സാധാരണക്കാര്‍ക്ക് അഭികാമ്യം.

No comments:

Post a Comment