സ്വാമി അദ്ധ്യാത്മാനന്ദ
ലക്ഷ്യവിചാരം 20
Wednesday 21 February 2018 2:30 am IST
ലഭിച്ച ജന്മം ജീവിച്ചു തീര്‍ക്കണം. എങ്ങിനയോ ജീവിച്ചു കൂട്ടുക എന്ന സ്ഥിതിയാവരുത്. അറിവു നേടാനുള്ള ബുദ്ധിശേഷിയെ സംസ്‌കരിച്ച് ഉപയോഗിച്ചാല്‍ മഹത്തായ ജ്ഞാനം സ്വന്തമാക്കാന്‍ സാധിക്കും. സ്വാത്മസ്വരൂപത്തെ പ്രപഞ്ച കാരണമായ സച്ചിദാനന്ദമായി അറിയുന്നതാകുന്നു ഉത്തമജ്ഞാനം.
മിഥ്യാധാരണകളെയും ,തെറ്റായ താദാത്മ്യങ്ങളേയും, വികലമായ അഭിമാനങ്ങളേയും തിരുത്തി സച്ചിദാനന്ദാവബോധം നേടാന്‍ ചെയ്യുന്ന സാധനകള്‍ ജീവിതത്തെ സാര്‍ത്ഥകമാക്കും. സാക്ഷാത്കാരം നേടിയ ജ്ഞാനി പരമാനന്ദിയായിരിക്കും. അറിയേണ്ടുന്ന സച്ചിദാനന്ദത്തിന്റെ ഒരു സമഗ്ര ചിത്രം ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല എന്ന പരിമിതിയുണ്ട്. കാരണം സച്ചിദാനന്ദമാണ് എല്ലാമായി തീര്‍ന്നിരിക്കുന്നത്. ബുദ്ധി ആ ആവിഷ്‌കാര പ്രകടന വൈവിധ്യങ്ങളില്‍ ഒന്നു മാത്രമാണ്. എന്നാല്‍ ബുദ്ധിയെന്ന ഉപാധിയെ ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ ബുദ്ധിശക്തിക്കും അപ്പുറത്ത്, യുക്തിക്ക് അതീതമായ സ്വരൂപ ജ്ഞാനം നേടാം. ജ്ഞാനം കര്‍മ്മഫലമല്ല എന്ന വസ്തുതയുണ്ടെങ്കിലും ബുദ്ധിയുടെ സംസ്‌കരണത്തിന് അഥവാ അന്തഃകരണ ശുദ്ധിക്ക് കര്‍മ്മാനുഷ്ഠാനം യോഗ ബുദ്ധ്യാ ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കില്‍ രാഗദ്വേഷം നിറഞ്ഞ അന്തഃകരണം കൊണ്ട് ശുദ്ധ തത്ത്വബോധം നേടുന്നത് അസാധ്യമാവും. നിഷ്‌ക്രിയരായിരുന്നാല്‍ ഓര്‍മ്മകളുടെ സമ്മര്‍ദ്ദ ശല്യം പ്രശ്‌നം സൃഷ്ടിക്കും.
'നഹി കശ്ചിത് ക്ഷണമപി ജാതു തിഷ്ഠത്യകര്‍മ്മകൃത്' ഒരാള്‍ക്കും ഒന്നും ചെയ്യാതിരിക്കാന്‍ സാധ്യമല്ല എന്ന് ഭഗവത് ഗീത അനുശാസിക്കുന്നു. എന്തു ചെയ്യണം എന്ന ചോദ്യത്തിന് ഈശ്വരാര്‍പ്പണമായി സ്വധര്‍മ്മാനുഷ്ഠാനം ചെയ്യണമെന്ന സുപരിചിത ഉത്തരമുണ്ട്. ഇതിനു പുറമെ ഞാന്‍ സച്ചിദാനന്ദ സ്വരൂപിയാണ് എന്ന നിലയിലും ഉത്തരം കണ്ടെത്താം.
ഞാന്‍ സത്താണ് അഥവാ ഉണ്‍മയാണ്. (സത് എന്നാല്‍ മൂന്നു കാലത്തിലും അനിഷേദ്ധ്യമായി, പരിണാമ വിധേയമല്ലാത്തതായി പരിലസിക്കുന്ന തത്ത്വം എന്നര്‍ത്ഥം). ഇത് പരിഗണിച്ചുകൊണ്ട് ലോകവ്യവഹാരത്തില്‍ എവിടെവിടെ നാം പോകുന്നുവോ അവിടെയൊക്കെ നാം നമ്മുടെ ഉണ്മയെ പ്രഖ്യാപിക്കണം. പുറംലോക വ്യവഹാരത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് അതിനുള്ള ഉപാധിയായി സ്വധര്‍മ്മത്തെ പരിഗണിക്കാം. പലേ പദാര്‍ത്ഥ ജാലങ്ങളുടേയും ജീവവിശേഷങ്ങളുടേയും ഒക്കെ മദ്ധ്യത്തില്‍ ഏറ്റവും പരിഗണനാര്‍ഹമായ തത്ത്വമായി നാം നമ്മെ ഗണിക്കണം. 'ഞാന്‍ ഉണ്ട് ' എന്ന് എപ്പോഴും ഓര്‍മ്മിച്ചു കൊണ്ട് വ്യവഹരിക്കുക. ആ ഞാന്‍ തന്നെയാണല്ലോ എല്ലാം എന്ന് അത്ഭുതപ്പെടുക. ' നീ സത്താണ് എന്ന് ഉപനിഷത് പറഞ്ഞു തന്നതിന്റെ ഒരു നന്ദി പ്രകടനമായിട്ട് ഞാന്‍ എന്നെ മറക്കാതിരിക്കേണ്ടതുണ്ട്. ഞാനാണ് എല്ലാത്തിനും ആധാരമായ സത്യം എന്നത് എനിക്കിപ്പോള്‍ ബോദ്ധ്യമായിട്ടില്ലെങ്കിലും ശാസ്ത്ര പാഠം അനുസ്മരിക്കണം. ഈ ഉണ്മക്ക് ഒരു ആരംഭമുണ്ടായിരുന്നല്ലോ എന്ന് ആലോചിച്ചു പോവാം. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്നതിനും മുമ്പുള്ള പ്രയാണ ചരിത്രം ചികഞ്ഞു നോക്കണം.
ഒടുവില്‍ ഉപനിഷത് ചിന്തയില്‍ എത്തിച്ചേരാം. 'സോളകാമയത, ബഹുസ്യാം പ്രജായേയേതി, സഃ തപോ തപ്യത, സ തപസ്തപ്ത്വാ ഇദം സര്‍വ്വമസൃജ്യത' എന്നിങ്ങനെ സമാരംഭ ചരിത്രം. ഞാനാണ് പലതായി തീരണമെന്ന് കാമിച്ചതും, ചിന്തയാകുന്ന തപം ചെയ്തതും പലതായതും. ഇക്കാര്യം ബോദ്ധ്യമാവുന്നതിനും, സത്യാനുഭവത്തിനും വേണ്ടി നമ്മുടെ സാന്നിധ്യത്തെ പ്രഖ്യാപനം ചെയ്യാന്‍ ശ്രദ്ധിക്കാം. പ്രപഞ്ചമായിത്തീര്‍ന്ന ഉണ്മക്ക് ഇനിയും ഏറെ സാധിക്കും എന്ന പ്രകാരത്തില്‍ കഴിവുകള്‍ കണ്ടെത്തി പ്രകാശിപ്പിക്കാം. ഒരു പാട്ടു പാടിയോ, നൃത്തം അവതരിപ്പിച്ചോ, അല്ലെങ്കില്‍ ഒരു ഭക്ഷണം ഭംഗിയായി പാകം ചെയ്തും സാധ്യതകളെ ആവിഷ്‌കരിക്കാം. ഒരു മായാജാലക്കാരന്‍ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഓരോ പദാര്‍ത്ഥ ജാലവും ഇല്ലാത്തിടത്തു നിന്ന് ഉണ്ടാക്കി പ്രകടിപ്പിക്കുന്നതായി കാണിക്കുന്നു. ഇതുപോലെ സര്‍ഗ്ഗസാധ്യതാ പ്രകടനം കൊണ്ട് നമുക്കും നിത്യവിസ്മയം തീര്‍ക്കാം.
No comments:
Post a Comment