Tuesday, February 20, 2018

നിരവധി വനവാസി ഗോത്രവിഭാഗങ്ങള്‍ നമ്മുടെ നാടിന്റെ നാനാഭാഗത്തും തലമുറകളായി കഴിഞ്ഞുവരുന്നു. ഓരോ ഗോത്രത്തിനും ഓരോരോ വിശ്വാസപദ്ധതികളാണുള്ളത്.
ആരണ്യകം ആണ് ഹിന്ദുപാരമ്പര്യത്തിന്റെ ആദ്യ ഘട്ടം. പ്രാചീനശിലായുഗകാലം മുതല്‍ മെസോലിത്തിക് കാലം വരെ നീളുന്ന ഘട്ടം ആണിത്. നമ്മുടെ പൂര്‍വ്വികര്‍ നായാടിയും ഫലമൂലാദികള്‍ തേടിയും മറ്റും ഈ ഉപഭൂഖണ്ഡത്തില്‍ സംഘങ്ങളായി, ഗോത്രങ്ങളായി വനാന്തരങ്ങളിലും പുല്‍മേടുകളിലും ഗിരികൂടങ്ങളിലും മേഞ്ഞു നടന്നിരുന്ന കാലം, ഗിരിഗഹ്വരങ്ങളില്‍ അന്തിയുറങ്ങിയിരുന്ന കാലം. ഈ കാലം തൊട്ടുതന്നെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് അവര്‍ രൂപം നല്‍കിത്തുടങ്ങിയിരുന്നു. അവയ്ക്ക് അവരുടേതായ യുക്തി അഥവാ തത്ത്വചിന്തയും അവര്‍ അന്ന് നല്‍കിക്കാണും. ഹോമോസാപ്പിയന്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ ആ കാലത്ത് ചിന്തയുടെ വിപ്ലവം ഉണ്ടായി എന്നു നാം കണ്ടു.
   അതായത് ഇന്നത്തെ വൈദികം, താന്ത്രികം, ബൗദ്ധം, ജൈനം തുടങ്ങിയ തലവാചകങ്ങളില്‍ അറിയപ്പെടുന്ന നിരവധി ഹിന്ദുവിശ്വാസപദ്ധതികളുടെ ആദ്യരൂപങ്ങള്‍ (പ്രോട്ടോടൈപ്) അന്നേ രൂപപ്പെട്ടു തുടങ്ങി എന്നര്‍ത്ഥം. മലബാറിലെ തെയ്യം, തിറ, മധ്യകേരളത്തിലെ പടയണി, തെക്കുഭാഗത്തെ മുടിയേറ്റ് മുതലായ അനുഷ്ഠാന കലകള്‍ ഈ ആരണ്യകത്തിലെ ചടങ്ങുകളുടെ പരിഷ്‌കൃത രൂപങ്ങളാണെന്നു കാണാമല്ലോ. ഇവയുടെയെല്ലാം ശാസ്ത്രീയത, ഫലദാനക്ഷമത എന്നിവയെപ്പറ്റി നമുക്ക് ഹിന്ദു ആദ്ധ്യാത്മികതയെന്ന വിഷയത്തില്‍ പിന്നീട് ചര്‍ച്ച ചെയ്യാം. ഹാരപ്പന്‍- കീഴടി നാഗരികതകളിലെ വിശ്വാസപദ്ധതികള്‍ ആ ആദിരൂപങ്ങളുടെ ഒരു പ്രധാനപരിഷ്‌കരണഘട്ടം മാത്രമാണ്. 
മരണാനന്തര ക്രിയകള്‍ നാടിന്റെ പല കോണുകളില്‍ കഴിഞ്ഞിരുന്ന ആ പൂര്‍വികര്‍ പല തരത്തില്‍ നടത്തിയിരുന്നതിന് തെളിവുകള്‍ ഉത്ഖനനത്തിലൂടെ നമുക്ക് ലഭിച്ചിട്ടുണ്ട്. ശവദാഹം, അതിനു ശേഷം എല്ലുകള്‍ വാരി മണ്‍കലത്തില്‍ ശേഖരിക്കല്‍ (സഞ്ചയനം) തുടങ്ങിയ ചടങ്ങുകള്‍ അവര്‍ ആചരിച്ചിരുന്നതായി ചക്രബര്‍ത്തി ചൂണ്ടിക്കാണിക്കുന്നു. പില്‍ക്കാലവൈദിക ബലിക്രിയകളുടെ തുടക്കം ഇതില്‍ കാണാം. ഹാരപ്പന്‍ നാഗരികതയില്‍ നിന്നും ഹോമകുണ്ഡങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശക്ത്യാരാധന അന്നേ നടന്നു വന്നിരുന്നു എന്നതിനും ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ ചക്രബര്‍ത്തി നല്‍കുന്നുണ്ട്. അതായത് പില്‍ക്കാല തന്ത്രമാര്‍ഗത്തിന്റെയും ബീജാവാപം അന്നേ ഇവിടെ നടന്നു കഴിഞ്ഞു.
നിരവധി വനവാസി ഗോത്രവിഭാഗങ്ങള്‍ നമ്മുടെ നാടിന്റെ നാനാഭാഗത്തും തലമുറകളായി കഴിഞ്ഞുവരുന്നു. ~ഓരോ ഗോത്രത്തിനും ഓരോരോ വിശ്വാസപദ്ധതികളാണുള്ളത്. അതിനു പ്രധാനകാരണം ജീവിതസാഹചര്യം തന്നെ.  ഓരോ ഗോത്രവും അതാതിന്റെ ഭൗതികസാഹചര്യത്തിനനുഗുണമായി- ഭൂപ്രകൃതി, കാലാവസ്ഥ, ഭക്ഷണത്തിന്റെ ലഭ്യത, പുറംലോകത്തെ ജീവജാലങ്ങളില്‍ നിന്നുള്ള വെല്ലുവിളി, ഭീഷണി തുടങ്ങിയവ- വിശ്വാസപദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. ഇത്രയും നീണ്ടകാലം അവ അതാതുഗോത്രങ്ങളുടെ ഗോത്രത്തനിമ നഷ്ടപ്പെടുത്താതെ സക്രിയമായി നിലനിന്നു എന്നത് ആ പദ്ധതികളുടെ കാര്യക്ഷമതയെ കാണിക്കുന്നു.   
അപ്പോള്‍ ഹിന്ദുസംസ്‌കൃതിയുടെ, ഹിന്ദു ആചാരാനുഷ്ഠാനങ്ങളുടെ ഉത്ഭവസ്ഥാനം, ആ പുണ്യഗംഗോത്രി  ഈ വനവാസി സംസ്‌കൃതിയാണ്, ഈ ആരണ്യകം ആണ് എന്നു കാണാന്‍ കഴിയും. വൈദേശികമതങ്ങളുടെയും ശാസ്ത്രീയ ഭൗതികത്തിന്റെയും കടന്നുകയറ്റം ഈ ആരണ്യകത്തെയും കാര്‍ന്നുതിന്നു കൊണ്ടിരിക്കുന്നു. അതിന്റെ രക്ഷ നമുക്കു പരമപ്രധാനമാവണം. നമ്മെ നാമാക്കിയ വനദേവതമാരാണ് നിഷ്‌കളങ്കരായ ആ വനവാസിസ്വജനങ്ങള്‍ എന്നു നാം തിരിച്ചറിയണം. ഇന്നു ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ കഴിയുന്ന വനവാസി ഗോത്രങ്ങളില്‍ നിലനില്‍ക്കുന്ന വിവിധ വിശ്വാസ പദ്ധതികളുടെ പശ്ചാത്തലത്തില്‍ ഈ വനവാസിഹിന്ദുപാരമ്പര്യവും പില്‍ക്കാലഹിന്ദുപാരമ്പര്യവുമായുള്ള നാഭീനാള (പൊക്കിള്‍ക്കൊടി) ബന്ധത്തെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണപഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. അതുവഴി ഈ പാരമ്പര്യത്തിന്റെ ഉല്‍ഭവ പരിണാമങ്ങളെപ്പറ്റി നമുക്കു കൂടുതല്‍ വ്യക്തത കൈവരും...vamanan

No comments:

Post a Comment