Thursday, February 22, 2018

മാണ്ഡൂക്യോപനിഷത്ത്-7

ആദ്യപാദം, മാത്ര ഇവയെ അറിഞ്ഞാലുള്ള ഫലം-
ജാഗരിതസ്ഥാനോ 
വൈശ്വാനരോളകാരഃ
പ്രഥമാ മാത്രാ ആപ്‌തേരാ
ദിമത്ത്വാദ്വാപ്‌നോതി ഹവൈ
സര്‍വ്വാന്‍ കാമനാദിശ്ചഭവതി യ ഏവം വേദ
ജാഗ്രത്താകുന്ന സ്ഥാനങ്ങളോടുകൂടിയ വൈശ്വാനരന്‍ വ്യാപ്തി കാരണമായിട്ടോ ആദ്യത്തേതായതിനാലോ ഒന്നാമത്തെ മാത്രയായ അകാരമാകുന്നു. ഇപ്രകാരം അറിയുന്നയാള്‍ എല്ലാ ആഗ്രഹങ്ങളേയും നേടുന്നു. മഹാന്‍മാരില്‍ മുമ്പനായും മാറുന്നു.
ആത്മാവിന്റെ നാല് പാദങ്ങള്‍ ഓങ്കാരത്തിന്റെ നാല് മാത്രകളാണെന്ന് പറഞ്ഞതിനെ പ്രത്യേകം ഓരോന്നും വിവരിക്കുകയാണ്. ഈ മന്ത്രം മുതല്‍ ഉണര്‍ന്നിരിക്കുന്ന അവസ്ഥയായ ജാഗ്രത് അവസ്ഥയായ വൈശ്വാനരനാണ് ഒന്നാമത്തെ പാദം. ഓങ്കാരത്തില്‍ അതിന് തുല്യം ഒന്നാമത്തെ മാത്രയായ 'അ' എന്ന അക്ഷരമാണ്. ഇവ തമ്മിലുള്ള ബന്ധം അഥവാ സ്വാമന്യമായ കാര്യം ഏതാണെന്ന് പറയുന്നു. വൈശ്വാനരനാല്‍ ജഗത്ത് മുഴുവന്‍ വ്യാപ്തമായിരിക്കുന്നു. അതുപോലെ എല്ലാ വാക്കും 'അ' എന്ന അക്ഷരത്താല്‍ വ്യാപിച്ചിരിക്കുന്നു. 'അകാരോവൈ സര്‍വ വാക്'- അകാരം തന്നെയാണ് എല്ലാവാക്കും എന്ന് ശ്രുതി പറയുന്നത്. മറ്റ് രണ്ട് അവസ്ഥകളേയും അപേക്ഷിച്ച് ആദ്യമിരിക്കുന്നത് വൈശ്വാനരനാണ്. അതുപോലെ ഓങ്കാരത്തിലെ ഉ, മ എന്നീ അക്ഷരങ്ങളേക്കാള്‍ ആദ്യം ഉച്ചരിക്കുന്നത് 'അ' എന്ന അക്ഷരമാണ്. 'അക്ഷരാണാമകാരോസ്മി' എന്ന് ഗീതയില്‍ ഭഗവാന്റെ പ്രസ്താവനയുണ്ട്. ഭാഷയിലെ എല്ലാ ശബ്ദങ്ങളും ഉച്ചരിക്കുന്നത് വായ തുറന്നാണ്. വായ തുറന്നാല്‍ 'അ' എന്നതാണ് ആദ്യം പുറത്തുവരിക. അകാരത്തിന്റെ സഹായം കൂടാതെ ഒട്ടുമിക്ക അക്ഷരങ്ങളും വാക്കുകളും പറയാന്‍ പ്രയാസമാണ്. വ്യഞ്ജനാക്ഷരങ്ങളായ ക, ച, ട, ത, പ വര്‍ഗ്ഗങ്ങളും മറ്റും 'അ'യുടെ സഹായത്താലാണ് വേണ്ടവിധത്തില്‍ ആകുന്നത്. ക്+അ=ക, ച്+അ=ച, ട്+അ=ട, ത്+അ=ത, പ്+അ=പ എന്നിങ്ങനെ ഈ വര്‍ഗ്ഗങ്ങളിലെ എല്ലാം 'അ'കാരത്തിന്റെ സഹായം വേണ്ടവയാണ്. പ്രപഞ്ചത്തെപ്പറ്റി നമുക്ക് ആദ്യം അനുഭവമുണ്ടാകുന്നത് ജാഗ്രത്തില്‍നിന്നാണ്. ജാഗ്രത്തിലല്ലാതെ മറ്റ് രണ്ട് അവസ്ഥകളേയും അറിയാനും പറ്റില്ല. ഇങ്ങനെ ഇവ തമ്മില്‍ വളരെ സാമ്യമുള്ളതിനാല്‍ ആദ്യപാദമായ വൈശ്വാനരനും ഒന്നാം മാത്രയായ 'അ'കാരവും ഒന്നുതന്നെ. അകാരവും വൈശ്വാനരനും ഒന്നെന്ന് അറിഞ്ഞ് ഉപാസിക്കുന്നവന് ഈ ലോകത്തില്‍ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നു. അയാള്‍ മഹാന്‍മാരായ ആളുകളില്‍വച്ച് ഏറ്റവും കേമനായിത്തീരുകയും ചെയ്യുന്നു. പ്രശ്‌നോപനിഷത്തിലും ഓങ്കാര ഉപാസനയെക്കുറിച്ച് പറഞ്ഞ് ഇതുപോലെയുള്ള ഫലത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇനി രണ്ടാം പാദം, രണ്ടാം മാത്ര അതിന്റെ ഫലം-
സ്വപ്‌നസ്ഥാനസ്‌തൈജസ 
ഉകാരോ ദ്വിതീയാ മാത്രാ
ഉത്കര്‍ഷാദുഭയത്വാദ്വാ ഉത്കര്‍ഷതി 
ഹ വൈ
ജ്ഞാന സന്തതിം സമാനശ്ച 
ഭവതി, നാസ്വാ
ബ്രഹ്മവിത്കുലേ ഭവതി യ 
ഏവം വേദ
സ്വപ്നമാകുന്ന സ്ഥാനത്തോടുകൂടിയ തൈജസന്‍ ഉത്കര്‍ഷംകൊണ്ടോ രണ്ടു വശത്തും ചേരുന്നതിലോ രണ്ടാമത്തെ മാത്രയായ ഉകാരമാകുന്നു. ഇങ്ങനെ അറിയുന്നയാള്‍ വിജ്ഞാന സന്തതികളെ വര്‍ധിപ്പിക്കുന്നു. എല്ലാവര്‍ക്കും സമാനനായും തീരുന്നു. ഇയാളുടെ കുലത്തില്‍ ബ്രഹ്മജ്ഞാനമില്ലാത്തവന്‍ ഉണ്ടാകുകയില്ല.
ആത്മാവിന്റെ രണ്ടാം പാദമായ തൈജസനാണ് ഓങ്കാരത്തിലെ രണ്ടാം മാത്രയായ ഉകാരം. ഇവ രണ്ടും തമ്മിലുള്ള സാമാന്യധര്‍മ്മം ഉത്കര്‍ഷവും ഉദയത്വവുമാണ്. ആദ്യമുള്ളതിനേക്കാള്‍ രണ്ടാമത് വരുന്നതിന് വര്‍ധനവ് ഉണ്ടാകുമെന്നാണ് പൊതുനിയമം. അകാരത്തെക്കാള്‍ ഉകാരത്തിനും  വൈശ്വാനരനേക്കാള്‍ തൈജസിനും ഉത്കര്‍ഷം അഥവാ വര്‍ധനവുണ്ടെന്ന് പറയുന്നു. സ്വപ്നത്തില്‍ തന്നില്‍ തന്നെയാണ് ലോകത്തെ ഉണ്ടാക്കുന്നതും നിലനിര്‍ത്തുന്നതും ലയിപ്പിക്കുന്നതും. ജാഗ്രദവസ്ഥയില്‍ കണ്ടതും കേട്ടതും അറിഞ്ഞതുമൊക്കെ പല വിചിത്രരീതിയിലും സ്വപ്നത്തില്‍ അനുഭവപ്പെടുകയും ചെയ്യും. ഒരു തരത്തില്‍ ഇത് ഉത്കര്‍ഷമാണ്. ഉഭയത്വമെന്നാല്‍ രണ്ടു വശത്തും ചേരുകയെന്നതാണ്. തൈജസന്‍ വിശ്വന്റെയും പ്രാജ്ഞന്റെയും നടുവിലിരുന്ന് രണ്ടിനോടും ചേരുന്നതുപോലെയിരിക്കുന്നു. ഉകാരം ഇതുപോലെ അകാരത്തിന്റെയും മകാരത്തിന്റെയും നടുവിലായി രണ്ടുഭാഗത്തേക്കും കൂടുന്നു. രണ്ടാം പാദത്തേയും രണ്ടാം മാത്രയേയും ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ക്ക് വിജ്ഞാനം വര്‍ധിക്കും. എല്ലാവരോടും സമാധാനമായി പെരുമാറുന്നതിനാല്‍ ഏവര്‍ക്കും സ്വീകാര്യനായിരിക്കും. ഇയാള്‍ക്ക് നല്ല ശിഷ്യസമ്പത്ത് ഉണ്ടാകും. ഇദ്ദേഹത്തിന്റെ കുലത്തില്‍ എല്ലാവരും ബ്രഹ്മജ്ഞാനമുള്ളവരാകും. ശിഷ്യരും സന്തതികളും ആദ്ധ്യാത്മിക സാധനയില്‍ അതീവ തല്‍പരരുമായിരിക്കും.
(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍

No comments:

Post a Comment