Sunday, February 25, 2018

സ്വാമി അഭയാനന്ദ
ഉപനിഷത്തിലൂടെ 84
Monday 26 February 2018 2:30 am IST
തൈത്തിരീയോപനിഷത്ത്-1
കൃഷ്ണയജുര്‍വേദത്തിലെ തൈത്തിരീയാരണ്യകത്തിന്റെ അവസാനമുള്ള 8, 9 അദ്ധ്യായങ്ങളാണ് തൈത്തിരീയോപനിഷത്ത്. ഗുരുവായ വൈശമ്പായനന്റെ നിര്‍ദ്ദേശപ്രകാരം ശിഷ്യനായ യാജ്ഞവല്‍ക്യന്‍ താന്‍ പഠിച്ച യജുര്‍വേദ മന്ത്രങ്ങളെ ഛര്‍ദ്ദിച്ച് ആശ്രമത്തില്‍ നിന്ന് പോയപ്പോള്‍ മറ്റ് ശിഷ്യന്മാര്‍ തിത്തിരിപ്പക്ഷികളുടെ രൂപത്തില്‍ യജുര്‍വേദ ഗണങ്ങളെ കൊത്തിതിന്നു. അതിനാല്‍ തൈത്തിരീയ ശാഖ പേരില്‍ കൃഷ്ണയജുര്‍വേദമായിത്തീര്‍ന്നു. ശിക്ഷാവല്ലി, ബ്രഹ്മാനന്ദവല്ലി, ഭൃഗുവല്ലി എന്നിങ്ങനെ മൂന്നായി തിരിച്ച് ആചാര്യസ്വാമികള്‍ ഭാഷ്യം രചിച്ചിരിക്കുന്നു തൈത്തിരീയോപനിഷത്തിന്. അദ്ദേഹത്തിന്റെ ശിഷ്യനായ സുരേശ്വരാചാര്യര്‍ 1027 കാരികകളോടെ തൈത്തിരീയത്തിന് വലിയ വാര്‍ത്തികം എഴുതിയിട്ടുണ്ട്. ബ്രഹ്മസൂത്രത്തില്‍ പലതവണ പരാമര്‍ശിക്കപ്പെട്ട തൈത്തിരീയം വേദമന്ത്ര ജപത്തില്‍ സുസ്വരമായി പാരായണം ചെയ്യാന്‍ കഴിയുന്നതു കൂടിയാണ്.
ശിക്ഷാവല്ലി വേദാന്ത പഠനത്തിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനും വിഷയത്തെ മനസ്സിലാക്കാനുമുള്ള തയ്യാറെടുപ്പിലാണ്. ബ്രഹ്മാനന്ദ വല്ലിയില്‍ ബ്രഹ്മതത്വമുള്‍പ്പെടെയുള്ള വേദാന്ത ജ്ഞാനത്തെ   വിശദീകരിക്കുന്നു. ഭൃഗുവല്ലിയില്‍ ബ്രഹ്മത്തെ നേടാനുള്ള മാര്‍ഗ്ഗങ്ങളെ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സ്ഥൂലവിഷയങ്ങളില്‍  ആസക്തമായവരുടെ മനസ്സിനെ സൂക്ഷ്മമായതിലേക്ക് കൊണ്ടുപോയി പരമാര്‍ത്ഥതത്വത്തിലേക്ക് എത്തിക്കുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
ദേവന്മാരോടുള്ള പ്രാര്‍ത്ഥനയായ ശാന്തിമന്ത്രത്തോടെയാണ് ശിക്ഷാവല്ലിയിലെ ഒന്നാം അനുവാകം തുടങ്ങുന്നത്. രണ്ടാം അനുവാകത്തില്‍ വര്‍ണം, സ്വരം, മാത്ര എന്നിങ്ങനെ മന്ത്ര ജപത്തില്‍ ശ്രദ്ധിക്കേണ്ടവയെ പറയുന്നു. അധിലോകം, അധിജ്യൗതിഷം തുടങ്ങി അഞ്ച് സാഹിതോപസനകളെ വിവരിക്കുന്നു മൂന്നാം അനുവാകത്തില്‍. കര്‍മ്മാനുഷ്ഠാനത്തില്‍നിന്ന് ഉപാസനയിലൂടെ സാധകനെ പരിശുദ്ധമാക്കാനാണിത്. ബുദ്ധി, ഓര്‍മ്മശക്തി എന്നിവയ്ക്കായുള്ള ജപം, ഹോമം എന്നിവയെപ്പറ്റി നാലാം അനുവാകത്തില്‍ പറയുന്നു. ഓങ്കാര സ്വരൂപമായ ബ്രഹ്മത്തെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു ഇവിടെ. വ്യാഹൃതി ഉപാസനയാണ് അഞ്ചാം അനുവാകം. ശിഷ്യരെ സൂക്ഷ്മകാര്യങ്ങള്‍ അറിയാന്‍ പ്രാപ്തമാക്കലാണ് ഇതിലൂടെ. ആറാം അനുവാകത്തില്‍ ബ്രഹ്മോപാസന, യോഗികളുടെ ജീവന്‍ വെടിയല്‍ തുടങ്ങിയവ. ഭൗതികവും ആദ്ധ്യാത്മികവും ഒരുമിച്ചു ചേര്‍ക്കുന്ന പാങ്ക്ത ഉപാസനയാണ് ഏഴില്‍. പ്രണമോപാസനയാണ് എട്ടില്‍ വിശദമാക്കുന്നത്. വേദഅധ്യയനം, അധ്യാപനം, സത്യം, തപസ്സ്, ശമം, ദമം          എന്നിവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒമ്പതാം അനുവാകത്തില്‍ വ്യക്തമാക്കുന്നു. ആത്മസാക്ഷാത്കാരം നേടിയ ത്രിശങ്കു മഹര്‍ഷിയുടെ അനുഭവത്തെ ഉദാഹരിക്കുന്നു.    ആചാര്യന്‍ ശിഷ്യന് നല്‍കുന്ന ഉപദേശമാണ് പതിനൊന്നാമത്തേതില്‍. ആദ്യത്തെ ശാന്തി പാഠം തന്നെയാണ് ഒന്നാം വല്ലിയുടെ അവസാനവും. ബ്രഹ്മവിദ്യ നേടാനുള്ള ജിജ്ഞാസയും ചിത്തശുദ്ധിയും അര്‍ഹതയും ഉണ്ടാകാന്‍ വേണ്ട സാധനകളെ ശിഷ്യന്‍ ഉപദേശിച്ചുകൊടുക്കുകയാണ് ഈ വല്ലിയില്‍.
ബ്രഹ്മാനന്ദവല്ലി തൈത്തിരീയത്തിലെ വളരെ സുപ്രധാനമായ ഭാഗമാണ്. 'സഹനാവവതു... എന്ന ശാന്തി മന്ത്രത്തോടെ ആരംഭിക്കുന്നതില്‍ ബ്രഹ്മവിദ്യയെയാണ് പ്രതിപാദിക്കുന്നത്. ബ്രഹ്മജ്ഞാനത്തിന്റെ ഫലവും നിര്‍ഗുണ നിരാകാര ബ്രഹ്മത്തിന്റെ ലക്ഷണവും വിവരിക്കുന്നു. നിരുപാധിക ബ്രഹ്മം ഉപാധിയോടുകൂടിയാകുന്നത്, പഞ്ചഭൂതങ്ങളുടെ ഉല്‍പത്തി, പഞ്ചകോശങ്ങളുടെ വിവരണം എന്നിവയാണ്  അഞ്ചാം അനുവാകംവരെ. ആറ്, ഏഴ് അനുവാകങ്ങളില്‍ ബ്രഹ്മപ്രാപ്തിയില്‍ ജ്ഞാനിയും അജ്ഞാനിയും തമ്മില്‍ വ്യത്യാസമുണ്ടകുമോ എന്ന് വിശകലനം ചെയ്യുന്നു. പ്രപഞ്ചത്തിലെ വിവിധ ആനന്ദങ്ങളുടെ തലങ്ങളെ ചര്‍ച്ച ചെയ്യുകയാണ് എട്ടില്‍. ബ്രഹ്മാനന്ദത്തെ ഏറ്റവും കേമമായി വര്‍ണിച്ചിരിക്കുന്നു ഇവിടെ. നാം ബ്രഹ്മാനന്ദം നേടുക തന്നെ വേണം. ആത്മസാക്ഷാത്കാരം നേടുന്നയാള്‍ക്ക് പുണ്യപാപങ്ങളും പുനര്‍ജന്മവുമില്ല എന്ന് ഒമ്പതാം അനുവാകം വ്യക്തമാക്കുന്നു. ഇതോടെ രണ്ടാം അധ്യായവും കഴിഞ്ഞു.
മൂന്നാമധ്യായത്തില്‍ ബ്രഹ്മത്തെ അറിയാനുള്ള അതിയായ താല്‍പര്യത്തോടെ 'ഭൃഗു' എന്നയാള്‍ അച്ഛനായ വരുണനെ സമീപിക്കുന്ന ചരിതം പറയുന്നു. ബ്രഹ്മത്തെ തപസ്സുകൊണ്ട് അറിയാന്‍ വരുണന്‍ ഉപദേശിക്കുന്നു. ഭൃഗു ഓരോ ഘട്ടമായി തപസ്സു ചെയ്ത് അന്നം, പ്രാണന്‍, മനസ്സ്, വിജ്ഞാനം, ആനന്ദം എന്നിങ്ങനെ പടിപടിയായി ഉയര്‍ന്ന് ബ്രഹ്മത്തെ വിവേചനം ചെയ്ത് അറിയുന്നു. ഓരോന്നിനേയും നിരാകരിച്ച് ആനന്ദസ്വരൂപമായ ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നു. പിന്നീട് അതിന്റെ മഹത്വത്തെക്കുറിച്ച് പറയുന്നു. അന്നത്തെ പലതരത്തില്‍ ഉപാസിച്ചാലുള്ള ഫലത്തെ പത്താം അനുവാകത്തില്‍ പറയുന്നു. സാക്ഷാത്കാരം കിട്ടിയ ജ്ഞാനി തന്റെ അനുഭൂതിയെ ഗാനം ചെയ്യുന്ന ഗാഥയോടെ ഉപനിഷത്ത് അവസാനിക്കുന്നു. 'സഹനാവവതു....' എന്ന ശാന്തി മന്ത്രം ആദ്യവും അവസാനവും ഉണ്ട്.

No comments:

Post a Comment